കോഴിക്കോട് : വാക്കിന് വിലയില്ലാത്ത മുഖ്യമന്ത്രിയാണ് പിണറായി വിജയനെന്ന് മുസ്്‌ലിംലീഗ് സംസ്ഥാന സെക്രട്ടറി ഇന്‍ ചാര്‍ജ്ജ് പി.എം.എ സലാം. സി.എ.എ-എന്‍ആര്‍.സി വിഷയത്തിലെടുത്ത കേസുകള്‍ പിന്‍വലിക്കാമെന്നതുള്‍പ്പെടെ നിരവധി വാഗ്ദാനങ്ങള്‍ മുഖ്യമന്ത്രി മുസ്്‌ലിം ന്യൂനപക്ഷത്തിന് നല്‍കുകയുണ്ടായി. ഒന്നു പോലും പാലിച്ചില്ല. മുസ്്‌ലിം സമുദായത്തിന്റെ കെട്ടുറപ്പ് നശിപ്പിക്കാനാണ് പിണറായി വിജയനും സി.പി.എമ്മും ശ്രമിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു.

മുസ്്‌ലിംലീഗ് വഖഫ് സംരക്ഷണ റാലിയില്‍ സ്വാഗത പ്രസംഗം നടത്തുകയായിരുന്നു അദ്ദേഹം. മുസ്്‌ലിം സമുദായത്തെ ബാധിക്കുന്ന വിഷയങ്ങളില്‍ എന്തും ചെയ്യാം എന്ന നിലപാടാണ് സംസ്ഥാന സര്‍ക്കാറിനുള്ളത്. മുസ്്‌ലിം സമുദായത്തെ കബളിക്കാമെന്നത് വ്യാമോഹം മാത്രമാണ്. സമുദായ സംഘടനകളുട കോ-ഓര്‍ഡിനേഷന്‍ യോഗത്തിന് ശേഷം മുഖ്യമന്ത്രിയുടെ ഭാഗത്ത് നിന്നുള്ള പ്രതികരണമെന്താണെന്നറിയാന്‍ മുസ്്‌ലിംലീഗ് കാത്തു നിന്നു. എന്നാല്‍ ഒരു പ്രതികരണവുമുണ്ടായില്ല. തുടര്‍ന്നാണ് ശക്തമായ സമരവുമായി മുന്നോട്ടു പോകാന്‍ തീരുമാനിച്ചതെന്നും അദ്ദേഹം പറഞ്ഞു.

മഹല്ലുകള്‍ കേന്ദ്രീകരിച്ച് പ്രതിഷേധിക്കാനുള്ള ആഹ്വാനത്തെ സി.പി.എം തെറ്റിദ്ധരിപ്പിക്കുകയായിരുന്നു. വഖഫ് ബോര്‍ഡിലെ കാര്യങ്ങള്‍ നോക്കുന്ന ഉദ്യോഗസ്ഥന്‍ മത നിഷേധിയാവാന്‍ പാടില്ല. തീര്‍ത്തും വസ്തുതാപരമായ കാര്യങ്ങള്‍ പറയുമ്പോള്‍ അതിനെ വര്‍ഗീയമായാണ് ചിലര്‍ കണ്ടത്. മുസ്്‌ലിം ന്യൂനപക്ഷത്തിന്റെ അവകാശങ്ങളെ ബാധിക്കുന്ന വിഷയങ്ങളിലൊക്കെ പ്രതിലോമകരമായ നിലപാടുകളാണ് സംസ്ഥാന സര്‍ക്കാര്‍ കൈകൊള്ളുന്നത്. ഇതില്‍ അവസാനത്തേതാണ് വഖഫ് ബോര്‍ഡിലെ നിയമനങ്ങള്‍ പി.എസ്.സിക്ക് വിട്ടത്. നിയമം പിന്‍വലിക്കുന്നതു വരെ മുസ്്‌ലിംലീഗ് ശക്തമായ സമരവുമായി മുന്നോട്ടു പോകുമെന്നും പി.എം.എ സലാം പറഞ്ഞു.