തിരുവന്തപുരം: ലഹരിമരുന്ന് കച്ചവടം നടത്തിയ രണ്ട് പൊലീസുകാരെ സര്‍വീസില്‍നിന്ന് സസ്‌പെന്‍ഡ് ചെയ്തു. തിരുവനന്തപുരം റൂറല്‍ കണ്‍ട്രോള്‍ റൂമിലെ സിപിഒമാരായ അഭിന്‍ജിത്, രാഹുല്‍ എന്നിവരെയാണ് തിരുവനന്തപുരം റൂറല്‍ എസ്പി സസ്‌പെന്‍ഡ് ചെയ്തത്. തിരുവനന്തപുരം നാര്‍ക്കോട്ടിക്‌സ് സെല്‍ നടത്തിയ അന്വേഷണത്തിലാണ് പൊലീസുകാര്‍ ലഹരിക്കച്ചവടം നടത്തുന്നതായി കണ്ടെത്തിയത്. ഇരുവരും ലഹരി ഉപയോഗിക്കുന്നതായും കണ്ടെത്തി. ലഹരിക്കടത്ത് സംഘങ്ങളെ കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണത്തിലാണ് ഈ വിവരങ്ങള്‍ ലഭിച്ചത്.
തുടര്‍ന്ന് ഇരുവര്‍ക്കുമെതിരെ റിപ്പോര്‍ട്ട് കൈമാറുകയും നടപടി സ്വീകരിക്കുകയുമായിരുന്നു. ഇവര്‍ക്കെതിരെ അന്വേഷണം നടത്താനും ഉത്തരവുണ്ട്.
രണ്ട് ഉദ്യോഗസ്ഥരും ലഹരിക്കച്ചവടത്തില്‍ നേരിട്ട് പങ്കാളികളായെന്നാണ് നാര്‍ക്കോടിക് സെല്‍ ഡിവൈഎസ്പിയുടെ കണ്ടെത്തല്‍. നാര്‍ക്കോടിക് സെല്‍ ഡിവൈഎസ്പി സമര്‍പ്പിച്ച റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തിലാണ് റൂറല്‍ എസ്പി ഇരുവര്‍ക്കുമെതിരെ നടപടിയെടുത്തത്. ലഹരി വില്‍പ്പനയും ഉപയോഗവും കുറയ്ക്കുക എന്ന ലക്ഷ്യത്തോടെ നാര്‍ക്കോടിക് സെല്‍ തിരുവനന്തപുരത്ത് വ്യാപക പരിശോധന നടത്തി വരുന്നുണ്ട്. ഇതിന്റെ ഭാഗമായി ലഹരിക്കടത്ത് നടത്തുന്ന ആളുകളെ പിന്തുടരവെയാണ് രണ്ട് പൊലീസ് ഉദ്യോഗസ്ഥരും ലഹരി ഉപയോഗവും കച്ചവടവും നടത്തുന്നതായി കണ്ടെത്തിയത്.
നാര്‍ക്കോടിക് സെല്ലിന്റെയും മറ്റും പ്രധാന കണ്ടെത്തലുകളും മറ്റും വയര്‍ലെസ് സെറ്റുകള്‍ വഴി കണ്‍ട്രോള്‍ റൂമിലിരിക്കുന്ന അഭിന്‍ജിതിനും രാഹുലിനും അറിയാന്‍ കഴിയുമായിരുന്നു. ഇക്കാര്യങ്ങളെല്ലാം ലഹരി മാഫിയകള്‍ക്ക് ഇവര്‍ ചോര്‍ത്തി നല്‍കിയോ എന്ന കാര്യത്തിലും പരിശോധനയുണ്ടാകുമെന്നും ഉദ്യോഗസ്ഥ വൃത്തങ്ങള്‍ അറിയിച്ചു.