Connect with us

kerala

പി വി അന്‍വറും സികെ ജാനുവും യുഡിഎഫില്‍; അസോസിയേറ്റ് അംഗങ്ങളാക്കാന്‍ ധാരണ

തദ്ദേശതിരഞ്ഞെടുപ്പില്‍ യുഡിഎഫിമായി സഹകരിച്ചവരെയാണ് അസോസിയേറ്റ് അംഗങ്ങളാക്കാന്‍ തീരുമാനമായത്.

Published

on

കൊച്ചി: പി വി അന്‍വറും സികെ ജാനുവും യുഡിഎഫില്‍. അസോസിയേറ്റ് അംഗങ്ങളാക്കാന്‍ യുഡിഎഫ് യോഗത്തില്‍ ധാരണയായി. ഇവര്‍ യുഡിഎഫിന്റെ ഭാഗമാകുമെന്ന് പ്രതിപക്ഷ നേതാവ് വി ഡി സതീശന്‍ വാര്‍ത്താസമ്മേളനത്തില്‍ ഔദ്യോഗികമായി അറിയിച്ചു.
വിഷ്ണുപുരം ചന്ദ്രശേഖരന്റെ വിഎസ്ഡിപിയും യുഡിഎഫിന്റെ ഭാഗമാകും.

തദ്ദേശതിരഞ്ഞെടുപ്പില്‍ യുഡിഎഫിമായി സഹകരിച്ചവരെയാണ് അസോസിയേറ്റ് അംഗങ്ങളാക്കാന്‍ തീരുമാനമായത്. നിയമസഭാ തിരഞ്ഞെടുപ്പ് മുന്നോടിയായി യുഡിഎഫിന്റെ അടിത്തറ വിപുലീകരിക്കുക എന്ന ഉദ്ദേശത്തില്‍ കൂടിയാണിത്. തദ്ദേശ തിരഞ്ഞെടുപ്പില്‍ പൂര്‍ണമായും സഹകരിക്കുന്ന നിലപാടായിരുന്നു പി വി അന്‍വറിന്റെ ഭാഗത്ത് നിന്നുണ്ടായത്. വരുന്ന നിയമസഭാ തിരഞ്ഞെടുപ്പ് കൂടി മുന്നില്‍ കണ്ടുകൊണ്ടാണ് മുന്നണി ശക്തമാക്കുന്നതിനായുള്ള നിര്‍ണായക തീരുമാനം.

കേരള കോണ്‍ഗ്രസ് എം നിലപാട് പറയട്ടെയെന്നും യോഗം വ്യക്തമാക്കി. അങ്ങോട്ട് പോയി ചര്‍ച്ചയില്ലെന്നാണ് തീരുമാനം. വരാനിരിക്കുന്ന നിയമസഭ തെരഞ്ഞെടുപ്പില്‍ നേരത്തെ ഒരുങ്ങാനുള്ള തീരുമാനത്തിലാണ് യുഡിഎഫ്. സീറ്റ് വിഭജനം നേരത്തെ തീര്‍ക്കും. ജനുവരിയില്‍ സീറ്റ് വിഭജനം തീര്‍ക്കാന്‍ യോഗത്തില്‍ ധാരണയായിട്ടുണ്ട്.

സികെ ജാനുവും വിഷ്ണുപുരം ചന്ദ്രശേഖരനും എന്‍ഡിഎ ഘടക കക്ഷികളായിരുന്നു. തെരഞ്ഞെടുപ്പിന് ഒരുങ്ങാന്‍, നിയമസഭ സീറ്റ് വിഭജനം യുഡിഎഫ് ജനുവരിയില്‍ പൂര്‍ത്തിയാക്കുമെന്നും വി ഡി സതീശന്‍ വ്യക്തമാക്കി. മൂന്ന് പാര്‍ട്ടികളും യുഡിഎഫിനെ സമീപിച്ചവരാണെന്നും മൂവരും ഒരു ഉപാധിയും മുന്നോട്ട് വെച്ചിട്ടില്ലെന്നും സതീശന്‍ പറഞ്ഞു.. മറ്റൊരു പാര്‍ട്ടികളുമായി യുഡിഎഫ് ചര്‍ച്ചകള്‍ നടത്തുന്നില്ല. തദ്ദേശത്തില്‍ സിപിഎമ്മും ബിജെപിയുമായി ഒരു ധാരണയുമുണ്ടാക്കില്ല. യുഡിഎഫ് അടിത്തറ വിപുലീകരിക്കുമെന്നും പ്രതിപക്ഷ നേതാവ് കൂട്ടിച്ചേര്‍ത്തു.

 

kerala

‘സ്വര്‍ണ കവര്‍ച്ചയില്‍ തനിക്ക് പങ്കില്ല’; ജാമ്യഹര്‍ജിയില്‍ ബെല്ലാരിയിലെ ജ്വല്ലറി ഉടമ ഗോവര്‍ധന്‍

പാളികള്‍ സ്വര്‍ണം പൂശിയ ശേഷവും അന്നദാനത്തിനും പണം നല്‍കി. സ്വര്‍ണമാലയും അയ്യപ്പന് സമര്‍പിച്ചു. ഇതിന് ശേഷം തന്റെ കൈയില്‍ നിന്ന് 80 ലക്ഷം മൂല്യമുള്ള സ്വര്‍ണം എസ്‌ഐടി ഭീഷണിപ്പെടുത്തി വാങ്ങിയെന്ന് ഗോവര്‍ധന്‍ ആരോപിച്ചു.

Published

on

തിരുവനന്തപുരം: സ്വര്‍ണ കവര്‍ച്ചയില്‍ തനിക്ക് പങ്കില്ലെന്ന് ബെല്ലാരിയിലെ ജ്വല്ലറി ഉടമ ഗോവര്‍ധന്‍ ജാമ്യഹര്‍ജിയില്‍ വ്യക്തമാക്കി. അയ്യപ്പ ഭക്തനായ താന്‍ സ്വര്‍ണമായും പണമായും ശബരിമലയിലേക്കാണ് സംഭാവന നല്‍കിയത്. ഒരു കോടിയിലധികം രൂപ നല്‍കി. പാളികള്‍ സ്വര്‍ണം പൂശിയ ശേഷവും അന്നദാനത്തിനും പണം നല്‍കി. സ്വര്‍ണമാലയും അയ്യപ്പന് സമര്‍പിച്ചു. ഇതിന് ശേഷം തന്റെ കൈയില്‍ നിന്ന് 80 ലക്ഷം മൂല്യമുള്ള സ്വര്‍ണം എസ്‌ഐടി ഭീഷണിപ്പെടുത്തി വാങ്ങിയെന്ന് ഗോവര്‍ധന്‍ ആരോപിച്ചു. ഹൈക്കോടതിയിലാണ് ജാമ്യാപേക്ഷ നല്‍കിയത്. കണക്കുകളും ചെമ്പ് പാളിയുടെചിത്രങ്ങളും ഉള്‍പ്പെടെയാണ് ജാമ്യ ഹര്‍ജി.

അതിനിടയില്‍ ബെല്ലാരി ഗോവര്‍ദ്ധനെയും കസ്റ്റഡിയില്‍ വാങ്ങി ചോദ്യം ചെയ്യാന്‍ ഒരുങ്ങുകയാണ് എസ്‌ഐടി. റിമാന്‍ഡില്‍ കഴിയുന്ന സ്മാര്‍ട്ട് ക്രിയേഷന്‍സ് സിഇഒ പങ്കജ് ഭണ്ഡാരിയേയും എസ്‌ഐടി ചോദ്യം ചെയ്യും. രണ്ട് പേരെയും കസ്റ്റഡിയില്‍ ആവശ്യപ്പെട്ട് ഇന്ന് കൊല്ലം വിജിലന്‍സ് കോടതിയില്‍ അപേക്ഷ നല്‍കിയേക്കും. ശബരിമലയിലെ സ്വര്‍ണപാളികളില്‍ നിന്ന് വേര്‍തിരിച്ച് എടുത്ത സ്വര്‍ണം ആര്‍ക്ക് വിറ്റുവെന്ന് കണ്ടത്താനാണ് എസ്‌ഐടി ഇരുവരെയും കസ്റ്റഡിയില്‍ വാങ്ങുന്നത്. സ്വര്‍ണം വില്‍ക്കുന്നതിന് ഇടനിലക്കാരനായ കല്‍പ്പേഷിനെയും എസ്‌ഐടി വൈകാതെ ചോദ്യം ചെയ്യാന്‍ വിളിക്കും. അതോടൊപ്പം മുന്‍ ദേവസ്വം ബോര്‍ഡ് അംഗങ്ങളുടെ ചോദ്യം ചെയ്യലും വൈകാതെ ഉണ്ടാകും.

Continue Reading

kerala

പാലക്കാട് കരോള്‍ സംഘത്തിന് നേരെ ബിജെപി- ആര്‍എസ്എസ് പ്രവര്‍ത്തകരുടെ ആക്രമണം

സംഭവത്തില്‍ വധശ്രമത്തിന് ബിജെപി പ്രവര്‍ത്തകനെ പൊലീസ് അറസ്റ്റ് ചെയ്തു.

Published

on

പാലക്കാട് പുതുശ്ശേരിയില്‍ കരോള്‍ സംഘത്തിന് നേരെ ബിജെപി- ആര്‍എസ്എസ് പ്രവര്‍ത്തകരുടെ ആക്രമണം. സംഭവത്തില്‍ വധശ്രമത്തിന് ബിജെപി പ്രവര്‍ത്തകനെ പൊലീസ് അറസ്റ്റ് ചെയ്തു. പുതുശ്ശേരി കാളാണ്ടിത്തറ സ്വദേശി അശ്വിന്‍ രാജിനെയാണ് കസബ പൊലീസ് അറസ്റ്റ് ചെയ്തത്. പ്രതിയെ ഉടന്‍ കോടതിയില്‍ ഹാജരാക്കും. അശ്വിന്‍ രാജിനെതിരെ നേരത്തെ കാപ്പ ചുമത്തിയിരുന്നു.

ആക്രമണത്തില്‍ കൂടുതല്‍ ബിജെപി പ്രവര്‍ത്തകര്‍ ഉണ്ടെന്ന് നാട്ടുകാര്‍ ആരോപിച്ചു. ഇന്നലെ രാത്രിയാണ് പുതുശ്ശേരിയില്‍ വെച്ച് പ്രതി കുട്ടികള്‍ അടങ്ങുന്ന കരോള്‍ സംഘത്തെ ആക്രമിച്ചത്. പുതുശ്ശേരി സുരഭിനഗറില്‍ ഇന്നലെ രാത്രി 9.15നാണു സംഭവം. സംഭവത്തിനു പിന്നില്‍ ആര്‍എസ്എസ്– ബിജെപി പ്രവര്‍ത്തകരാണെന്ന് ആരോപിച്ച് കരോള്‍ സംഘം കസബ പൊലീസില്‍ പരാതി നല്‍കിയിട്ടുണ്ട്. കേസെടുത്ത പൊലീസ് സംഭവസ്ഥലം രാത്രി തന്നെ സന്ദര്‍ശിച്ചു. കാരോള്‍ സംഘത്തിന്റെ ബാന്‍ഡ് സെറ്റും സാമഗ്രികളും നശിപ്പിച്ചിട്ടുണ്ട്.

Continue Reading

kerala

കെഎസ്ആര്‍ടിസി ഡ്രൈവറെ മര്‍ദ്ദിച്ച കേസില്‍ നടപടി; ആര്യ രാജേന്ദ്രനും സച്ചിന്‍ ദേവിനും നോട്ടീസ്

കുറ്റപത്രത്തില്‍ നിന്ന് ഒഴിവാക്കിയതിനെതിരെ യദു പരാതി നല്‍കിയിരുന്നു. പിന്നാലെയാണ് നടപടി.

Published

on

തിരുവനന്തപുരം: കെഎസ്ആര്‍ടിസി ഡ്രൈവര്‍ യദുവിനെ മര്‍ദ്ദിച്ച സംഭവത്തില്‍ മുന്‍ മേയര്‍ ആര്യ രാജേന്ദ്രനും സച്ചിന്‍ ദേവ് എംഎല്‍എയ്ക്കും നോട്ടീസ് അയച്ച് കോടതി. കുറ്റപത്രത്തില്‍ നിന്ന് ഒഴിവാക്കിയതിനെതിരെ യദു പരാതി നല്‍കിയിരുന്നു. പിന്നാലെയാണ് നടപടി. തിരുവനന്തപുരം ഫസ്റ്റ് ക്ലാസ് മജിസ്‌ട്രേറ്റ് കോടതിയുടെതാണ് നടപടി. കേസില്‍ വിശദീകരണം നല്‍കാനാണ് കോടതി നോട്ടീസ് അയച്ചത്.

നേരത്തെ മേയര്‍ ആര്യ രാജേന്ദ്രനെയും ഭര്‍ത്താവ് സച്ചിന്‍ ദേവ് എംഎല്‍എയേയും കുറ്റപത്രത്തില്‍ നിന്നും ഒഴിവാക്കിയിരുന്നു. മേയറുടെ സഹോദരന്‍ അരവിന്ദ് മാത്രമാണ് കേസില്‍ പ്രതി. മേയറും എംഎല്‍എയും ഔദ്യോഗിക കൃത്യനിര്‍വ്വഹണം തടസ്സപ്പെടുത്തുകയോ അസഭ്യം പറയുകയോ ചെയ്തിട്ടില്ലെന്നുമായിരുന്നു കുറ്റപത്രത്തില്‍ പറഞ്ഞിരുന്നത്.

2024 ഏപ്രിലില്‍ ആയിരുന്നു കേസിനാസ്പദമായ സംഭവം. തിരുവനന്തപുരം പട്ടം പ്ലാമൂടുവെച്ച് മേയര്‍ ആര്യാ രാജേന്ദ്രനും കെഎസ്ആര്‍ടിസി ഡ്രൈവറും തമ്മില്‍ വാക്കുതര്‍ക്കമുണ്ടാവുകയായിരുന്നു. മേയറും കുടുംബവും സഞ്ചരിച്ചിരുന്ന സ്വകാര്യ വാഹനത്തിന് സൈഡ് നല്‍കാത്തതാണ് തര്‍ക്കത്തില്‍ കലാശിച്ചത്. മേയര്‍ക്കൊപ്പം ഭര്‍ത്താവ് സച്ചിന്‍ ദേവ് എംഎല്‍എയും വാഹനത്തിലുണ്ടായിരുന്നു.

അന്നുരാത്രിതന്നെ മേയര്‍ പോലീസില്‍ പരാതി നല്‍കിയിരുന്നു. അപകടകരമായ രീതിയില്‍ ബസ് ഓടിച്ചെന്ന് ചൂണ്ടിക്കാട്ടിയാണ് പരാതി നല്‍കിയത്. മേയര്‍ക്കും എംഎല്‍എ സച്ചിന്‍ദേവിനുമെതിരെ ഡ്രൈവര്‍ അശ്ലീല ആംഗ്യം കാണിച്ചതിനും കേസുണ്ട്. സംഭവത്തില്‍ കെഎസ്ആര്‍ടിസി ബസ് ഡ്രൈവര്‍ക്കെതിരേ പോലീസ് കേസെടുത്തിരുന്നു.

Continue Reading

Trending