ന്യൂഡല്‍ഹി: കേന്ദ്ര ധനമന്ത്രി അരുണ്‍ ജെയ്റ്റ്‌ലി പൊതുബജറ്റില്‍ ലയിപ്പിച്ച് അവതരിപ്പിച്ച ആദ്യ റെയില്‍വേ ബജറ്റില്‍ സുരക്ഷ ശക്തിപ്പെടുത്തുന്നതിനും ഡിജിറ്റല്‍ ഇടപാടുകള്‍ പ്രോത്സാഹിപ്പിക്കുന്നതിനും മുന്‍ഗണന. റെയില്‍വേ സുരക്ഷക്കായി ഒരു ലക്ഷം കോടി രൂപ നീക്കിവെച്ചു. പാത നവീകരണത്തിനും പാലങ്ങള്‍ ബലപ്പെടുത്താനുമാണ് പണം ചെലവഴിക്കുക. ട്രെയിന്‍ അപകടങ്ങള്‍ വര്‍ധിച്ചുവരുന്ന പശ്ചാത്തലത്തിലാണ് സുരക്ഷക്ക് മുന്‍തൂക്കം നല്‍കുന്നത്. ഓണ്‍ലൈന്‍ ടിക്കറ്റ് ബുക്കിങ് പ്രോത്സാഹിപ്പിക്കും.

ഇതിന്റെ ഭാഗമായി റെയില്‍വേയുടെ ഓണ്‍ലൈന്‍ ബുക്കിങ് സൈറ്റായ ഐ.ആര്‍.സി.ടി.സി വഴി ടിക്കറ്റ് ബുക്ക് ചെയ്യുന്നവരില്‍നിന്ന് സര്‍വീസ് ചാര്‍ജ് ഈടാക്കില്ല. നേരത്തെ സ്ലീപ്പര്‍ ക്ലാസുകള്‍ക്ക് 20 രൂപയും എസി ക്ലാസിന് 40 രൂപയും സര്‍വീസ് ചാര്‍ജ് ഈടാക്കിയിരുന്നു. സര്‍വീസ് ചാര്‍ജ് ഒഴിവാക്കുന്നതിലൂടെ റെയില്‍വേക്ക് പ്രതിദിനം രണ്ടു കോടി രൂപയുടെ നഷ്ടമുണ്ടാകും.

ടിക്കറ്റിങ് സേവനങ്ങള്‍ക്കായി പ്രത്യേക മൊബൈല്‍ ആപ്പ് ഏര്‍പ്പെടുത്തുമെന്നും ജെയ്റ്റ്‌ലി പറഞ്ഞു. 3,500 കിലോമീറ്റര്‍ പുതിയ റെയില്‍പാത കമ്മീഷന്‍ ചെയ്യും. 2000 സ്റ്റേഷനുകള്‍ സൗരോര്‍ജം ഉപയോഗിച്ച് പ്രവര്‍ത്തിക്കുന്ന രീതിയിലേക്ക് മാറ്റും. സോളാര്‍ വൈദ്യുതി ഉല്‍പാദനം ഏഴായിരം സ്റ്റേഷനുകളിലേക്ക് വ്യാപിപ്പിക്കും. 2019ഓടെ രാജ്യത്തെ എല്ലാ കമ്പാര്‍ട്ട്‌മെന്റുകളിലും ബയോ ടോയ്‌ലറ്റുകള്‍ നിലവില്‍വരും.

പ്രത്യേക വിനോദ സഞ്ചാര സോണുകളും പ്രഖ്യാപിക്കും. റെയില്‍വേയുമായി ബന്ധപ്പെട്ട പരാതികള്‍ പരിഹരിക്കാന്‍ മിത്ര കോച്ച് പദ്ധതി തുടങ്ങും. 2020ഓടെ ആളില്ല ലെവല്‍ ക്രോസുകള്‍ പൂര്‍ണമായും ഒഴിവാക്കും. 500 സ്റ്റേഷനുകളില്‍ ലിഫ്റ്റ് സൗകര്യമൊരുക്കും. ഈ സ്‌റ്റേഷനുകള്‍ ഭിന്നശേഷി സൗഹൃദമാക്കുകയാണ് സര്‍ക്കാര്‍ ലക്ഷ്യം. സീറ്റുകള്‍ സംബന്ധിച്ച പരാതികള്‍ പരിഹരിക്കാന്‍ സംവിധാനമില്ലാത്തതുമൂലം യാത്രക്കാര്‍ക്കുണ്ടാകുന്ന പ്രയാസങ്ങള്‍ പരിഹരിക്കുന്നതിന് ഏക ജാലക സംവിധാനമൊരുക്കുമെന്നും ബജറ്റില്‍ പ്രഖ്യാപനമുണ്ട്.

തീര്‍ത്ഥാടനത്തിനും വിനോദ സഞ്ചാരത്തിനുമായി പ്രത്യേക ട്രെയിനുകള്‍ ഓടും. റെയില്‍വേയുടെ അടിസ്ഥാന സൗകര്യ വികസനത്തിന് കൂടുതല്‍ പണം നീക്കിവെക്കും. ചരക്കു നീക്കം വര്‍ധിപ്പിക്കുന്നതിന് എന്‍ഡ് ടു എന്‍ഡ് സര്‍വീസുകള്‍ തുടങ്ങും. ട്രെയിനുകളില്‍ ബയോ ടോയ്‌ലറ്റുകള്‍ സ്ഥാപിക്കുമെന്നാണ് മറ്റൊരു പ്രഖ്യാപനം. യുവാക്കള്‍ക്ക് ജോലി അവസരങ്ങള്‍ ഒരുക്കുന്നതിന് പുതിയ മെട്രോ റെയില്‍ പദ്ധതിയെക്കുറിച്ചും സര്‍ക്കാര്‍ ആലോചിക്കുന്നുണ്ട്. റെയില്‍വേക്കായി 1,31,000 കോടി രൂപയാണ് ധനമന്ത്രി ബജറ്റില്‍ നീക്കിവെച്ചിരിക്കുന്നത്.