ന്യൂഡല്‍ഹി: പ്രണയദിനത്തില്‍ സദാചാര പൊലീസ് ചമഞ്ഞ് സംഘ്പരിവാര്‍ സംഘനകള്‍. ഒരുമിച്ചിരിക്കുന്ന യുവതീ-യുവാക്കളെ അടിച്ചോടിക്കാന്‍ തീവ്ര ഹിന്ദു നിലപാടുള്ള സംഘടനകള്‍ രംഗത്തെത്തുകയായിരുന്നു. ഗുജറാത്തിലും മുംബൈയിലും കമിതാക്കള്‍ക്ക് നേരെ ആക്രമണമുണ്ടായി.

ഗുജറാത്തില്‍ പ്രണയദിനം ഒരുമിച്ച് പങ്കിടാനെത്തിയവരെ ബജ്രംഗ്ദള്‍ പ്രവര്‍ത്തകര്‍ അടിച്ചോടിച്ചു. മുംബൈയില്‍ ഭാരത് ഹിന്ദു ഫ്രണ്ട് എന്ന സംഘടനയുടെ നേതൃത്വത്തിലായിരുന്നു പ്രണയദിനത്തിനെതിരെയുള്ള പ്രതിഷേധം അരങ്ങേറിയത്. ഒരു നായയേയും കഴുതയേയും തമ്മില്‍ വിവാഹം കഴിപ്പിക്കുന്നതായി കാണിച്ചായിരുന്നു ഇക്കൂട്ടരുടെ പ്രതിഷേധം. ഹൈദരാബാദിലും മംഗലാപുരത്തും പ്രണയ ദിനത്തിനെതിരെ ബജ്രംഗ്ദള്‍ പ്രതിഷേധം സംഘടിപ്പിച്ചു.

നേരത്തെ, വാലന്റയിന്‍സ് ഡേക്ക് പ്രതിഷേധം ഉണ്ടാവുമെന്ന് പ്രഖ്യാപിച്ച് സംഘ്പരിവാര്‍ സംഘടനകള്‍ രംഗത്തെത്തിയിരുന്നു. പ്രണയദിനത്തില്‍ കമിതാക്കളെ ഒരുമിച്ച് കണ്ടാല്‍ ബലമായി വിവാഹം കഴിപ്പിക്കും എന്നായിരുന്നു അവരുടെ മുന്നറിയിപ്പ്. എന്നാല്‍ ആര്‍.എസ്.എസ് നേതാവ് മോഹന്‍ഭാഗവത് പ്രണയദിനത്തെ അനുകൂലിച്ചായിരുന്നു പരാമര്‍ശം നടത്തിയിരുന്നത്.