തിരുവനന്തപുരം: ശബരിമല സ്വര്‍ണക്കൊള്ള കേസില്‍ നിര്‍ണായക വിവരങ്ങള്‍ പുറത്തുവരുന്നു. സ്വര്‍ണം വാങ്ങിയതിന് ജ്വല്ലറി ഉടമ ഗോവര്‍ധന്‍ ദേവസ്വം ബോര്‍ഡിന് 14.97 ലക്ഷം രൂപ നല്‍കിയതായി രേഖകള്‍ സ്ഥിരീകരിക്കുന്നു. എക്‌സിക്യുട്ടീവ് ഓഫീസര്‍ക്ക് ഡിമാന്‍ഡ് ഡ്രാഫ്റ്റായാണ് തുക കൈമാറിയതെന്ന് രേഖകളില്‍ വ്യക്തമാക്കുന്നു. 474 ഗ്രാം സ്വര്‍ണമാണ് ഗോവര്‍ധന്‍ വാങ്ങിയതെന്നും പണം കൈമാറിയതിന്റെയും ഇടപാടുകളുടെയും രേഖകള്‍ മാധ്യമങ്ങള്‍ക്ക് ലഭിച്ചിട്ടുണ്ട്.
അതേസമയം, ജാമ്യാപേക്ഷയുമായി ഗോവര്‍ധന്‍ ഹൈക്കോടതിയെ സമീപിച്ചു. താന്‍ നിരപരാധിയാണെന്നും അയ്യപ്പഭക്തന്‍ എന്ന നിലയിലാണ് ശബരിമലയ്ക്കായി സേവനങ്ങള്‍ ചെയ്തതെന്നുമാണ് ഹരജിയിലെ വാദം. തന്റെ സ്വത്തിന്റെയൊരു ഭാഗം ശബരിമലയ്ക്കായി മാറ്റിവെക്കാറുണ്ടെന്നും, ശ്രീകോവില്‍ കവാടം സ്വന്തം ചെലവില്‍ നിര്‍മിച്ച് നല്‍കിയിട്ടുണ്ടെന്നും ഗോവര്‍ധന്‍ ഹരജിയില്‍ പറയുന്നു.
ഉണ്ണികൃഷ്ണന്‍ പോറ്റി തന്നെ തെറ്റിദ്ധരിപ്പിച്ചുവെന്നും, ശബരിമലയിലെ കാര്യങ്ങള്‍ക്കായി പൂര്‍ണമായും പോറ്റിയെയാണ് ആശ്രയിച്ചിരുന്നതെന്നും ഗോവര്‍ധന്‍ വ്യക്തമാക്കുന്നു. ശ്രീകോവിലിലെ വാതിലുകള്‍ വെറും ചെമ്പുപാളികളാണെന്നും, അതിന് സ്വര്‍ണം പൂശുന്നത് വലിയ പുണ്യമാണെന്നുമാണ് പോറ്റി പറഞ്ഞതെന്നും ജാമ്യാപേക്ഷയില്‍ ചൂണ്ടിക്കാട്ടുന്നു. എസ്ഐടി സ്വര്‍ണം പിടിച്ചെടുത്തത് ഭീഷണിപ്പെടുത്തിയാണെന്നും, പിടിച്ചെടുത്തത് തത്തുല്യമായ സ്വര്‍ണമാണെന്നും ഗോവര്‍ധന്‍ ആരോപിക്കുന്നു.
ഇതിനിടെ, കേസില്‍ സ്മാര്‍ട്ട് ക്രിയേഷന്‍സ് സി.ഇ.ഒ പങ്കജ് ഭണ്ഡാരിയെയും ഗോവര്‍ധനെയും വീണ്ടും ചോദ്യം ചെയ്യാന്‍ പ്രത്യേക അന്വേഷണസംഘം (എസ്‌ഐടി) ഒരുങ്ങുകയാണ്. ഇരുവരെയും കസ്റ്റഡിയില്‍ ആവശ്യപ്പെട്ട് കൊല്ലം വിജിലന്‍സ് കോടതിയില്‍ അപേക്ഷ നല്‍കും. കേസുമായി ബന്ധപ്പെട്ട് കൂടുതല്‍ അറസ്റ്റുകള്‍ ഉടന്‍ ഉണ്ടാകുമെന്നും സൂചനയുണ്ട്. ദേവസ്വം ബോര്‍ഡ് അംഗങ്ങളായ എന്‍. വിജയകുമാറിനെയും കെ.പി. ശങ്കരദാസിനെയും വൈകാതെ ചോദ്യം ചെയ്യാനും എസ്‌ഐടി തീരുമാനിച്ചിട്ടുണ്ട്.