News
സന്ദീപ് സിങ് തുടരും, കൂടുതല്‍ താരങ്ങള്‍ ബ്ലാസ്റ്റേഴ്സ് വിടുന്നു
പ്രതിരോധം താരം സന്ദീപ് സിങിന്റെ കരാര്‍ 2025 വരെ നീട്ടി കേരള ബ്ലാസ്റ്റേഴ്സ്.
കൊച്ചി: പ്രതിരോധം താരം സന്ദീപ് സിങിന്റെ കരാര്‍ 2025 വരെ നീട്ടി കേരള ബ്ലാസ്റ്റേഴ്സ്. 2020 ഡിസംബറില്‍ ബ്ലാസ്റ്റേഴ്സില്‍ ചേര്‍ന്ന 27കാരന്, കഴിഞ്ഞ രണ്ട് ഐഎസ്എല്‍ സീസണുകളില്‍ ടീമിന്റെ ഭാഗമായിരുന്നു. മണിപ്പൂരില്‍ നിന്നുള്ള താരം, ഷില്ലോങ് ലജോങ് അക്കാദമിക്കൊപ്പമാണ് തന്റെ ഫുട്ബോള്‍ കരിയറിന് തുടക്കമിട്ടത്. 2014ല്‍ അവരുടെ സീനിയര്‍ ടീമിലേക്ക് സ്ഥാനക്കയറ്റം ലഭിച്ചു. തൊട്ടടുത്ത വര്‍ഷം പൂനെ എഫ്സിക്കെതിരെ അരങ്ങേറ്റ മത്സരവും കളിച്ചു. 2017ല്‍ ലാങ്സ്നിങ് എഫ്സിയില്‍ ചേര്‍ന്ന താരം, 2018-19 ഐഎസ്എല്‍ സീസണിന് വേണ്ടി ഐടികെ എഫ്സിയുമായി കരാറിലെത്തി. 2019-20 ഐ ലീഗ് സീസണിനായി ട്രാവു എഫ്സിയിലെത്തി, അവിടെ ചെറിയ കാലയളവില്‍ പന്തുതട്ടി. തുടര്‍ന്നാണ് ഈ വലങ്കാലന്‍ ഡിഫന്‍ഡര്‍ കേരള ബ്ലാസ്റ്റേഴ്സ് എഫ്സിയുടെ ഭാഗമായത്. 28 മത്സരങ്ങളില്‍ ബ്ലാസ്റ്റേഴ്സ് ജഴ്സിയണിഞ്ഞു.
ബിജോയ് വര്‍ഗീസ്, ജീക്സണ് സിങ്, മാര്‍ക്കോ ലെസ്കോവിച്ച്, പ്രഭ്സുഖന്‍ ഗില്‍, കരണ്‍ജിത് സിങ് എന്നിവരുടെ കരാറും നേരത്തെ ബ്ലാസ്റ്റേഴ്സ് പുതുക്കിയിരുന്നു.
അതിനിടെ, ഭൂട്ടാന് താരം ചെഞ്ചോ, ഗോള്‍കീപ്പര്‍ ആല്‍ബിനോ ഗോമസ്, വിങര്‍ സത്യസെന്‍ സിങ്, വിന്‍സി ബാരെറ്റോ, അല്‍വാരോ വാസ്ക്വസ് തുടങ്ങിയവര്‍ കഴിഞ്ഞ ദിവസങ്ങളിലായി ക്ലബ് വിട്ടു. ഗിവ്സണ് സിങ്, നിശുകുമാര്‍ തുടങ്ങിയവരും വരും ദിവസങ്ങളില്‍ ക്ലബ് വിടാന്‍ സാധ്യതയുണ്ട്. ബെംഗളൂരു എഫ്സിയില്‍ നിന്ന് റെക്കോഡ് തുകക്കാണ് രണ്ട് വര്‍ഷം മുമ്പ് നിഷു കുമാറിനെ കേരള ബ്ലാസ്റ്റേഴ്സ് സ്വന്തമാക്കിയത്. എന്നാല്‍ പരിക്കേറ്റതിനെ തുടര്‍ന്ന് രണ്ട് സീസണുകളിലും കാര്യമായ പ്രകടനം നടത്താന്‍ താരത്തിന് കഴിഞ്ഞിരുന്നില്ല. പൂട്ടിയയുടെ കരാര്‍ നീട്ടുന്നതിനൊപ്പം, നോര്‍ത്ത് ഈസ്റ്റിന്റെ മലയാളി താരം വി.പി സുഹൈറിനെ ടീമിലെത്തിക്കാനും ബ്ലാസ്റ്റേഴ്സ് ശ്രമങ്ങള്‍ നടത്തുന്നുണ്ടെന്നാണ് സൂചന.
india
ക്രൈസ്തവര്‍ക്കെതിരായ ആക്രമണം വര്‍ധിക്കുന്നു; പ്രധാനമന്ത്രിക്ക് കെ.സി. വേണുഗോപാലിന്റെ കത്ത്
ക്രൈസ്തവര്‍ക്കെതിരെ നടക്കുന്ന ആക്രമണങ്ങള്‍ ഒറ്റപ്പെട്ട സംഭവങ്ങളല്ലെന്നും, വിദ്വേഷം പ്രചരിപ്പിക്കാനുള്ള ബോധപൂര്‍വമായ ശ്രമത്തിന്റെ ഭാഗമാണെന്നും കത്തില്‍ ചൂണ്ടിക്കാട്ടി.
ന്യൂഡല്‍ഹി: രാജ്യത്ത് ക്രൈസ്തവ വിഭാഗത്തിനെതിരെ ആക്രമണങ്ങള്‍ വര്‍ധിച്ചു വരുന്ന പശ്ചാത്തലത്തില്‍ എ.ഐ.സി.സി ജനറല്‍ സെക്രട്ടറി കെ.സി. വേണുഗോപാല്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് കത്ത് അയച്ചു. ക്രൈസ്തവര്‍ക്കെതിരെ നടക്കുന്ന ആക്രമണങ്ങള്‍ ഒറ്റപ്പെട്ട സംഭവങ്ങളല്ലെന്നും, വിദ്വേഷം പ്രചരിപ്പിക്കാനുള്ള ബോധപൂര്‍വമായ ശ്രമത്തിന്റെ ഭാഗമാണെന്നും കത്തില്‍ ചൂണ്ടിക്കാട്ടി.
ഡല്‍ഹി, ഛത്തീസ്ഗഡ്, ഉത്തര്‍പ്രദേശ്, മധ്യപ്രദേശ് തുടങ്ങിയ സംസ്ഥാനങ്ങളില്‍ ക്രൈസ്തവര്‍ക്കെതിരെ നിരന്തരം ആക്രമണങ്ങള്‍ നടന്നതായി കത്തില്‍ പരാമര്‍ശിക്കുന്നു. കേരളത്തിലെ പാലക്കാട് ജില്ലയില്‍ കുട്ടികളുടെ കരോള്‍ സംഘത്തിന് നേരെയുണ്ടായ ആക്രമണവും ഉദാഹരണമായി ചൂണ്ടിക്കാട്ടി.
ഛത്തീസ്ഗഡില്‍ മതപരിവര്‍ത്തനാരോപണം ഉന്നയിച്ച് പള്ളികള്‍ക്ക് നേരെ ആക്രമണം ഉണ്ടായതായും, ഇത്തരം സംഭവങ്ങള്‍ രാജ്യത്തിന്റെ മതേതര മൂല്യങ്ങള്‍ക്ക് വെല്ലുവിളിയാണെന്നും കെ.സി. വേണുഗോപാല്‍ കത്തില്‍ വ്യക്തമാക്കി. പ്രധാനമന്ത്രിയുടെയും കേന്ദ്ര ഭരണകൂടത്തിന്റെയും മൗനം വിദ്വേഷം പ്രചരിപ്പിക്കുന്നവര്‍ക്കു ധൈര്യം നല്‍കുന്നതായും അദ്ദേഹം വിമര്‍ശിച്ചു.
പുതുവത്സര ആഘോഷങ്ങള്‍ അടുത്തിരിക്കെ ഇത്തരം ആക്രമണങ്ങള്‍ ആവര്‍ത്തിക്കാതിരിക്കാന്‍ സര്‍ക്കാര്‍ പരമാവധി മുന്‍കരുതലുകള്‍ സ്വീകരിക്കണമെന്നും, ക്രൈസ്തവ സമൂഹത്തിന്റെ സുരക്ഷ ഉറപ്പാക്കാന്‍ അടിയന്തര നടപടി സ്വീകരിക്കണമെന്നും കത്തില്‍ ആവശ്യപ്പെട്ടു.
News
‘ഒരു മനുഷ്യന്റെ ജീവൻ രക്ഷിക്കാനായിരുന്നു ലക്ഷ്യം’ — ബോണ്ടി ബീച്ച് വെടിവെപ്പിൽ തോക്കുധാരിയെ കീഴടക്കിയ അഹമ്മദ് അൽ അഹമ്മദ്
ബി.ബി.സി.യ്ക്ക് നൽകിയ പ്രത്യേക അഭിമുഖത്തിലാണ് നിർണായക നിമിഷങ്ങളെക്കുറിച്ച് അദ്ദേഹം തുറന്നുപറഞ്ഞത്.
മെൽബൺ: ഡിസംബർ 14ന് ഓസ്ട്രേലിയയിലെ ബോണ്ടി ബീച്ചിൽ നടന്ന ‘ഹനുക്ക’ ജൂത പരിപാടിക്കിടെയുണ്ടായ കൂട്ടവെടിവെപ്പിൽ 15 പേർ കൊല്ലപ്പെട്ട സംഭവത്തിൽ, ഒരു തോക്കുധാരിയെ ധീരമായി നേരിട്ട് കീഴടക്കിയ സിഡ്നി സ്വദേശിയായ കടയുടമ അഹമ്മദ് അൽ അഹമ്മദ് തന്റെ ഇടപെടലിന്റെ പിന്നിലെ മനോഭാവം പങ്കുവെച്ചു. ബി.ബി.സി.യ്ക്ക് നൽകിയ പ്രത്യേക അഭിമുഖത്തിലാണ് നിർണായക നിമിഷങ്ങളെക്കുറിച്ച് അദ്ദേഹം തുറന്നുപറഞ്ഞത്.
സിറിയയിൽ ജനിച്ചു വളർന്ന അഹമ്മദ്, ആക്രമണത്തിനിടെ രണ്ട് തോക്കുധാരികളിലൊരാളായ സാജിദ് അക്രത്തെ പിന്നിൽ നിന്ന് പിടികൂടി ആയുധം പിടിച്ചുപറിക്കുകയായിരുന്നു. ‘വലതുകൈ കൊണ്ട് അവനെ പിടിച്ച് തോക്ക് താഴെയിടാൻ ആവശ്യപ്പെട്ടു. നിരപരാധികൾ കൊല്ലപ്പെടാതിരിക്കാൻ ഒരു മനുഷ്യന്റെ ജീവൻ രക്ഷിക്കുക എന്നതായിരുന്നു എന്റെ ഏക ലക്ഷ്യം’ — അഹമ്മദ് പറഞ്ഞു.
ആ നിമിഷത്തെ മാനസികാവസ്ഥയെക്കുറിച്ച് വിശദീകരിച്ച അദ്ദേഹം, ‘എന്തോ ഒരു ശക്തി എന്റെ ശരീരത്തിലും തലച്ചോറിലും നിന്നു എന്നെ അതിന് പ്രേരിപ്പിച്ചു. എന്റെ മുന്നിൽ ആളുകൾ കൊല്ലപ്പെടുന്നത് കാണാൻ കഴിഞ്ഞില്ല. രക്തവും വെടിവെയ്പ്പിന്റെ ശബ്ദവും സഹിക്കാനായില്ല. സഹായത്തിനായി നിലവിളിക്കുന്നവരെ കാണാൻ എനിക്കാവില്ലായിരുന്നു. എന്റെ ആത്മാവാണ് എന്നോട് അങ്ങനെ ചെയ്യാൻ പറഞ്ഞത്’ എന്നും വ്യക്തമാക്കി.
രണ്ടാമത്തെ തോക്കുധാരിയിൽ നിന്ന് നിരവധി തവണ വെടിയേറ്റ് ചികിത്സയിൽ കഴിയുന്ന അഹമ്മദ്, തന്റെ ഇടപെടൽ പല ജീവനുകളും രക്ഷിച്ചുവെന്ന് വിശ്വസിക്കുന്നുവെങ്കിലും, ആക്രമണത്തിൽ ജീവൻ നഷ്ടപ്പെട്ടവരോടുള്ള ദുഃഖവും വേദനയും ഇപ്പോഴും മനസ്സിലുണ്ടെന്നും പറഞ്ഞു.
1996ന് ശേഷമുള്ള ഓസ്ട്രേലിയയിലെ ഏറ്റവും മാരകമായ കൂട്ടവെടിവെപ്പായ ഈ ആക്രമണത്തിൽ 15 പേർ കൊല്ലപ്പെടുകയും 40 പേർക്ക് പരിക്കേൽക്കുകയും ചെയ്തു. ജൂത സമൂഹത്തെ ലക്ഷ്യമിട്ട ഭീകരാക്രമണമാണെന്ന് പൊലീസ് സംഭവത്തെ സ്ഥിരീകരിച്ചു.
അഹമ്മദ് കീഴടക്കിയ സാജിദ് അക്രത്തെ പൊലീസ് വെടിവച്ചു കൊന്നു. ആക്രമണത്തിനു ശേഷം ആശുപത്രിയിൽ പ്രവേശിപ്പിച്ച മറ്റൊരു തോക്കുധാരിയായ നവീദിനെതിരെ 15 കൊലപാതക കുറ്റങ്ങൾ ഉൾപ്പെടെ ഒരു തീവ്രവാദ ആക്രമണവും ചേർത്ത് ആകെ 59 കുറ്റങ്ങൾ ചുമത്തിയിട്ടുണ്ട്.
local
വിവാഹം ഉറപ്പിച്ചതിന്റെ വൈരാഗ്യം; മലപ്പുറത്ത് നടുറോഡില്‍ യുവതിയെ കുത്തിക്കൊല്ലാന്‍ ശ്രമം
പാലക്കാട് നല്ലേപ്പിള്ളി സ്വദേശി പി.എസ്. അശ്വിന് എന്നയാളാണ് ആക്രമണം നടത്തിയത്.
മലപ്പുറം: മലപ്പുറത്ത് പട്ടാപ്പകല്‍ നടുറോഡില്‍ സ്കൂട്ടറില്‍ യാത്ര ചെയ്തിരുന്ന യുവതിയെ തടഞ്ഞുനിര്‍ത്തി കുത്തിക്കൊലപ്പെടുത്താന്‍ ശ്രമിച്ചു. പാലക്കാട് നല്ലേപ്പിള്ളി സ്വദേശി പി.എസ്. അശ്വിന് എന്നയാളാണ് ആക്രമണം നടത്തിയത്. ഇയാള്‍ സംഭവത്തിന് ശേഷം ബൈക്കില്‍ രക്ഷപ്പെടുകയായിരുന്നു. രാവിലെ പത്ത് മണിയോടെയാണ് മലപ്പുറം നഗരത്തിനോട് ചേര്‍ന്ന പെന്ഷന് ഭവന് റോഡില്‍ ആക്രമണം ഉണ്ടായത്. സ്കൂട്ടറില്‍ വരികയായിരുന്ന 28 കാരിയെ ബൈക്കിലെത്തിയ അശ്വിന് തടഞ്ഞുനിര്‍ത്തി കത്തി ഉപയോഗിച്ച് കുത്തുകയായിരുന്നു.
താഴെ വീണ യുവതിയുടെ ദേഹത്ത് കയറിയിരുന്ന് കഴുത്തില്‍ കുത്താന്‍ ശ്രമിച്ചെങ്കിലും അതുവഴി മറ്റ് യാത്രക്കാര്‍ എത്തിയതോടെ പ്രതി പെട്ടെന്ന് പിന്മാറി സ്ഥലത്ത് നിന്ന് രക്ഷപ്പെട്ടു. തലക്കും കൈക്കും പരിക്കേറ്റ യുവതിയെ മലപ്പുറം സഹകരണ ആശുപത്രിയില്‍ പ്രവേശിപ്പിച്ച് ചികിത്സ നല്കി. പരിക്കുകള്‍ ഗുരുതരമല്ലെന്ന് പൊലീസ് അറിയിച്ചു.
ആക്രമണത്തിന് ഉപയോഗിച്ച കത്തി സംഭവസ്ഥലത്ത് നിന്ന് കണ്ടെത്തിയിട്ടുണ്ട്. അശ്വിനും യുവതിയും മുന്‍പ് ഒരേ സ്വകാര്യ സ്ഥാപനത്തില്‍ ജോലി ചെയ്തിരുന്നവരാണെന്നും തുടര്‍ന്ന് ഇരുവരും പിണങ്ങിയതായും പൊലീസ് വ്യക്തമാക്കി. യുവതി മറ്റൊരു യുവാവുമായി വിവാഹം ഉറപ്പിച്ചതിനെ തുടര്‍ന്ന് അശ്വിന് ഫോണിലൂടെയും സന്ദേശങ്ങളിലൂടെയും ഭീഷണിപ്പെടുത്തിയിരുന്നു.
ഇതിനെ തുടര്‍ന്ന് യുവതി അശ്വിനെതിരെ പൊലീസില്‍ പരാതി നല്‍കിയതിനെ തുടര്‍ന്ന് ഇയാളെ വിളിപ്പിച്ച് ശല്യം ആവര്‍ത്തിക്കരുതെന്ന് പൊലീസ് താക്കീത് ചെയ്തിരുന്നു. ഇതിന് പിന്നാലെയാണ് കൊലപാതക ശ്രമം നടന്നത്. ആക്രമണ സമയത്ത് വഴിയാത്രക്കാര്‍ എത്തിയതിനാലാണ് യുവതിക്ക് രക്ഷപ്പെടാനായതെന്ന് പൊലീസ് പറഞ്ഞു. ആശുപത്രിയിലെത്തി യുവതിയുടെ മൊഴി പൊലീസ് രേഖപ്പെടുത്തി. പ്രതി കോഴിക്കോട് വരെ എത്തിയതായി സ്ഥിരീകരിച്ചിട്ടുണ്ടെന്നും ഉടന്‍ പിടികൂടുമെന്നും പൊലീസ് അറിയിച്ചു.
-
kerala1 day ago‘തോറ്റു തൊപ്പിയിട്ടിട്ടും കോണ്‍ഗ്രസിനെ പരിഹസിക്കാന്‍ വരുന്നു’; മുഖ്യമന്ത്രിയെ വിമര്‍ശിച്ച് വിഡി സതീശന്
-
india1 day agoപാവപ്പെട്ടവന്റെ അന്നം മുട്ടിക്കരുത്; തൊഴിലുറപ്പിനായി കോണ്‍ഗ്രസ് തെരുവിലേക്ക്
-
kerala2 days ago‘ജനാധിപത്യവും ഭരണഘടനയും നേരിടുന്നത് വലിയ പ്രതിസന്ധി’; കേന്ദ്രത്തിനെതിരെ ആഞ്ഞടിച്ച് മല്ലികാര്‍ജുന്‍ ഖര്‍ഗെ
-
kerala23 hours agoമുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞത് പോലെയൊന്നും കർണാടകയിൽ നടന്നിട്ടില്ല: വി.ഡി.സതീശൻ
-
india23 hours agoഎലഹങ്ക: മുസ് ലിം ലീഗ് നേതൃസംഘം മുഖ്യമന്ത്രിയുമായി കൂടിക്കാഴ്ച നടത്തി
-
kerala3 days ago‘സുരേഷ് ഗോപിയുടേത് ഔചിത്യമില്ലാത്ത സംഭാഷണം’; കെ കെ രാഗേഷ്
-
kerala1 day agoഎം.എസ്.എഫ് സംസ്ഥാന സമ്മേളനം ജനുവരി 31ന്
-
kerala2 days agoമുസ്ലിംകള്ക്കെതിരെ ഗറില്ല യുദ്ധത്തിന് ആഹ്വാനം ചെയ്ത് തെലങ്കാന എംഎല്‍എ ടി.രാജാ സിങ്
