അഷ്‌റഫ് വേങ്ങാട്ട്

റിയാദ് : കോവിഡ് വ്യാപനം വിജയകരമായി തടയുന്നതിൽ സഊദി അറേബ്യ അന്തിമഘട്ടത്തിലേക്ക്. പ്രതിദിന കോവിഡ് കേസുകൾ നൂറ്റി അമ്പതിലേക്ക് എത്തിയതോടെ കോവിഡ് കാലത്തെ ഏറ്റവും കുറഞ്ഞ രോഗബാധ ഇന്ന് രേഖപ്പെടുത്തി. 159 പേർക്കാണ് ഇന്നലെ കോവിഡ് ബാധ കണ്ടെത്തിയത്. ഇന്ന് 13 പേർ മരിച്ചു. ഇപ്പോൾ സഊദിയിൽ ആകെ ചികിത്സയിലുള്ള കോവിഡ് ബാധിതരുടെ എണ്ണം 3648 പേരാണ്. 6002 പേർ കോവിഡ് ബാധിച്ച് രാജ്യത്ത് മരണപെട്ടു.

ആകെ 359274 പേർക്ക് രോഗം ബാധിച്ചപ്പോൾ 349624 പേർ രോഗമുക്തരായി. 550 പേർ ഗുരുതരാവസ്ഥയിൽ കഴിയുന്നുണ്ട് . 10233590 പേർക്ക് ഇതുവരെ ടെസ്റ്റ് നടത്തി. കോവിഡ് വ്യാപനം തടയുന്നതിൽ രാജ്യം വൻ നേട്ടം കൈവരിച്ചതായി സഊദി ആരോഗ്യമന്ത്രി ഡോ. തൗഫീഖ് അൽ റബീഅ കഴിഞ്ഞ ദിവസം വ്യക്തമാക്കിയിരുന്നു.

തിരുഗേഹങ്ങളുടെ സേവകൻ സൽമാൻ രാജാവിന്റെയും കിരീടാവകാശി മുഹമ്മദ് ബിൻ സൽമാൻ രാജകുമാരന്റെയും കർശന നിരീക്ഷണവും ഇടപെടലുകളും ആരോഗ്യമേഖലക്കുള്ള ശക്തമായ പിന്തുണയുമാണ് പത്ത് മാസത്തിലെത്തി നിൽക്കുന്ന കോവിഡ് ഭീഷണിയെ ഇപ്പോഴത്തെ നിലയിലേക്ക് കൊണ്ടുവരാൻ സാധിച്ചത്.

രാജ്യത്തെ സ്വദേശികളും വിദേശികളും വിവിധ മന്ത്രാലയങ്ങളുടെ നിർദേശങ്ങൾ അച്ചടക്കത്തോടെ പാലിച്ചതും ആരോഗ്യമേഖലയിലെ ജീവനക്കാർ നടത്തിയ അഭിമാനകരമായ സേവനങ്ങളുമാണ് വ്യാപനം തടയുന്നതിൽ നിർണ്ണായകമായത്. അവസാനത്തെ കോവിഡ് രോഗിയും ഭേദമാകുന്നത് വരെ മുൻകരുതൽ നടപടികൾ കർശനമായി തുടരണമെന്ന് ആരോഗ്യ മന്ത്രാലയം ആവശ്യപെട്ടിട്ടുണ്ട്. ആരോഗ്യ മന്ത്രാലയത്തിന്റെ കോവിഡ് മുക്ത പ്രഖ്യാപനം ഉണ്ടായാൽ മാത്രമേ രാജ്യത്തേക്കുള്ള അന്താരാഷ്‌ട്ര വിമാന സർവീസുകൾ പൂർവ സ്ഥിതിയിലാവുകയുള്ളൂ എന്നാണ് കരുതുന്നത് .