ശബരിമല സ്വര്‍ണക്കൊള്ളയുമായി ബന്ധപ്പെട്ട കേസില്‍ സന്നിധാനത്ത് പ്രത്യേക അന്വേഷണ സംഘത്തിന്റെ പരിശോധന. പഴയ കൊടിമരം, ശ്രീകോവില്‍ വാതില്‍ എന്നിവയുമായി ബന്ധപ്പെട്ടാണ് അന്വേഷണസംഘം വീണ്ടും ശബരിമല സന്നിധാനത്ത് എത്തിയത്. തിരുവാഭരണം കമ്മീഷണറുടെ സാന്നിധ്യത്തില്‍ സ്‌ട്രോങ് റൂം തുറന്ന് സംഘം പരിശോധന നടത്തി.
പഴയ ശ്രീകോവില്‍ വാതിലിന്റെ സ്വര്‍ണ സാമ്പിളും ശേഖരിച്ചു. കൊടിമരത്തിന്റെ വിവിധ ഭാഗങ്ങള്‍ സ്‌ട്രോങ് റൂമിലുണ്ടോയെന്നും പരിശോധിച്ചു. ഇവയുടെ വിവരങ്ങളെല്ലാം രേഖപ്പെടുത്തുകയും ചെയ്തിട്ടുണ്ട്. പുതിയ കൊടിമരത്തിന്റെ നിര്‍മാണത്തിലും തട്ടിപ്പ് നടന്നെന്ന സംശയത്തിലാണ് എസ്.ഐ.ടി.
കേസിലെ ഒന്നാംപ്രതി ഉണ്ണികൃഷ്ണന്‍ പോറ്റി ശ്രീകോവിലിന് പുതിയ വാതില്‍ നിര്‍മിച്ച് നല്‍കിയപ്പോള്‍ പഴയ വാതില്‍ സ്‌ട്രോങ് റൂമിലേക്ക് മാറ്റിയെന്ന് ദേവസ്വം ബോര്‍ഡ് അറിയിച്ചിരുന്നു. ഇത് കൃത്യമാണെന്ന് ഉറപ്പാക്കുന്നതിനൊപ്പം ഇതിന്റെ അളവും എടുത്തു. പുതിയത് നിര്‍മിച്ചുനല്‍കിയതിന്റെ മറവില്‍ പഴയ വാതിലിലെ സ്വര്‍ണം പോറ്റി കവര്‍ന്നെന്നും സംശയിക്കുന്നുണ്ട്. ഇതില്‍ കൂടുതല്‍ അന്വേഷണം നടത്താനാണ് തീരുമാനം. ശാസ്ത്രീയ പരിശോധനയില്‍ തട്ടിപ്പ് കണ്ടെത്തിയാല്‍ പ്രത്യേക കേസ് രജിസ്റ്റര്‍ ചെയ്യുമെന്നാണ് സൂചന. ശ്രീകോവിലിലെ അയ്യപ്പചരിതം കൊത്തിയ സ്വര്‍ണപ്പാളികളുടെ സാമ്പിളുകളും എടുത്തിട്ടുണ്ട്.
ഹൈകോടതി നിര്‍ദേശപ്രകാരമാണ് എസ്.പി ശശിധരന്റെ നേതൃത്വത്തിലുള്ള പത്തംഗസംഘം ചൊവ്വാഴ്ച മല കയറിയത്. തിങ്കളാഴ്ച രാത്രി മൂന്നംഗ എസ്.ഐ.ടി സംഘം സന്നിധാനത്തെത്തി മുന്നൊരുക്കം നടത്തിയിരുന്നു. വിദഗ്ധരും സംഘത്തിലുണ്ടായിരുന്നു.