ലക്‌നൗ: രഹസ്യമായി മൊബൈല്‍ ഫോണ്‍ ഉപയോഗിച്ചെന്ന സംശയത്തെ തുടര്‍ന്ന് ഭാര്യയെ കഴുത്തുഞെരിച്ച് കൊലപ്പെടുത്തി മൃതദേഹം വീടിന് പിന്നില്‍ കുഴിച്ചുമൂടിയ ഭര്‍ത്താവിനെ പൊലീസ് അറസ്റ്റ് ചെയ്തു. ഉത്തര്‍പ്രദേശിലെ ഗോരഖ്പൂരിലാണ് ഞെട്ടിക്കുന്ന സംഭവം നടന്നത്.
ഗോരഖ്പൂര്‍ സ്വദേശി അര്‍ജുന്‍ ആണ് ഭാര്യ ഖുഷ്ബുവിനെ കൊലപ്പെടുത്തിയത്. ഡിസംബര്‍ 21നായിരുന്നു സംഭവം. ലുധിയാനയില്‍ ജോലി ചെയ്യുന്ന അര്‍ജുന്‍ അന്നേ ദിവസം രാത്രി വീട്ടിലെത്തിയപ്പോള്‍ ഭാര്യ മൊബൈല്‍ ഫോണ്‍ ഉപയോഗിക്കുന്നത് കണ്ടു. ഭര്‍ത്താവില്‍ നിന്ന് മറച്ചു വെച്ചിരുന്ന ഫോണ്‍ ഉപയോഗിച്ചതിനെച്ചൊല്ലി ഇരുവരും തമ്മില്‍ കടുത്ത വാക്കുതര്‍ക്കമുണ്ടായി. ഇതിന് പിന്നാലെ അര്‍ജുന്‍ ഭാര്യയെ കഴുത്തുഞെരിച്ച് കൊലപ്പെടുത്തുകയായിരുന്നുവെന്ന് പൊലീസ് അറിയിച്ചു.
കൊലപാതകത്തിന് ശേഷം മൃതദേഹം മടക്കാവുന്ന കട്ടിലിനൊപ്പം വീടിന് പിന്നില്‍ ഏകദേശം ആറടി ആഴത്തില്‍ കുഴിയെടുത്ത് മൂടുകയായിരുന്നു. പിന്നീട് ഭാര്യ വീട്ടില്‍ നിന്ന് പുറത്തേക്ക് പോയെന്ന രീതിയില്‍ കുടുംബാംഗങ്ങളെ ഇയാള്‍ തെറ്റിദ്ധരിപ്പിച്ചു. ഖുഷ്ബുവിനെ കണ്ടെത്താനായി കുടുംബം ദിവസങ്ങളോളം തിരച്ചില്‍ നടത്തിയെങ്കിലും ഫലമുണ്ടായില്ല.
ഇതിനിടെ, യുവതിയുടെ പിതാവ് പൊലീസില്‍ പരാതി നല്‍കി. മകളെ അര്‍ജുന്‍ കൊലപ്പെടുത്തിയിരിക്കാമെന്ന സംശയമാണ് പരാതിയില്‍ അറിയിച്ചത്. തുടര്‍ന്ന് പൊലീസ് വീട്ടിലെത്തി അര്‍ജുനെ കസ്റ്റഡിയിലെടുത്ത് ചോദ്യം ചെയ്തു. ചോദ്യം ചെയ്യലിനിടെ ഭാര്യ ആത്മഹത്യ ചെയ്‌തെന്നും മൃതദേഹം നദിയില്‍ എറിഞ്ഞെന്നുമാണ് ഇയാള്‍ പൊലീസിനോട് പറഞ്ഞത്. ഇതിന്റെ അടിസ്ഥാനത്തില്‍ പൊലീസ് നദിയിലും പരിസര പ്രദേശങ്ങളിലും തിരച്ചില്‍ നടത്തിയെങ്കിലും മൃതദേഹം കണ്ടെത്താനായില്ല.
ഇതിന് ശേഷം വീണ്ടും നടത്തിയ വിശദമായ ചോദ്യം ചെയ്യലിലാണ് അര്‍ജുന്‍ സത്യം സമ്മതിച്ചത്. താന്‍ ഭാര്യയെ കൊലപ്പെടുത്തി വീടിന് പിന്നില്‍ കുഴിച്ചുമൂടിയെന്ന് ഇയാള്‍ വെളിപ്പെടുത്തി. തുടര്‍ന്ന് മൃതദേഹം കുഴിയില്‍ നിന്നു പുറത്തെടുത്തതായി പൊലീസ് അറിയിച്ചു.
അവിഹിത ബന്ധം സംശയിച്ചാണ് കൊലപാതകം നടത്തിയതെന്നും പൊലീസ് വ്യക്തമാക്കി. രണ്ട് വര്‍ഷം മുന്‍പാണ് അര്‍ജുന്‍ഖുഷ്ബു ദമ്പതികള്‍ വിവാഹിതരായത്. ഖുഷ്ബുവിന്റെ മൃതദേഹം പോസ്റ്റ്‌മോര്‍ട്ടത്തിനായി അയച്ചിട്ടുണ്ട്.