എ.പി അബ്ദുള്ള ആരിഫ് ഹാശിമി കളത്തൂർ
ഇന്നത്തെ വിദ്യാഭ്യാസ രംഗം വലിയ മാറ്റങ്ങളിലൂടെ കടന്നുപോകുന്ന ഘട്ടത്തിലാണ്. സിലബസുകളും പരീക്ഷാരീതികളും സാങ്കേതികവിദ്യയും എല്ലാം പുതുക്കപ്പെടുമ്പോഴും, കുട്ടികളുടെ അടിസ്ഥാന വളർച്ചയ്ക്ക് ഏറ്റവും ആവശ്യമായ ചില ശീലങ്ങൾ പിന്നിലേക്കു പോകുന്നുവെന്നത് ഒരു വസ്തുതയാണ്. അവയിൽ ഏറ്റവും പ്രധാനപ്പെട്ട ഒന്നാണ് വായന. പാഠപുസ്തകങ്ങളിലൊതുങ്ങുന്ന പഠനരീതിക്കപ്പുറം, പത്രവും പുസ്തകവും കുട്ടികളുടെ ജീവിതത്തിന്റെ ഭാഗമാക്കേണ്ട സമയം അതിക്രമിച്ചിരിക്കുന്നു.
സ്കൂളുകളിൽ പത്രവും പുസ്തകവും വായിക്കാൻ പ്രത്യേക ഒരു പിരീഡ് അനുവദിച്ചാൽ, അത് കുട്ടികളുടെ അറിവിൽ മാത്രമല്ല, അവരുടെ ചിന്താശേഷിയിലും ഭാഷാപരമായ കഴിവുകളിലും വലിയ മാറ്റങ്ങൾ ഉണ്ടാക്കും. വായന ദിനത്തിൽ മാത്രം ഓർമ്മിക്കുന്ന ഒരു ചടങ്ങായി വായനയെ ചുരുക്കാതെ, കുട്ടികളുടെ ദിനചര്യയുടെ ഭാഗമാക്കേണ്ടതുണ്ട്.കാരണം, വായന ഒരു ദിനാഘോഷമല്ല; അത് ജീവിതം മുഴുവൻ കൂട്ടായി നിൽക്കുന്ന ഒരു ശീലമാണ്.ഒരു കുട്ടി പത്രം വായിക്കുമ്പോൾ, അവൻ ചുറ്റുപാടുകളിൽ നടക്കുന്ന സംഭവങ്ങളെ കുറിച്ച് ബോധവാനാകുന്നു. വാർത്തകളിലൂടെ സമൂഹത്തിലെ പ്രശ്നങ്ങളും നേട്ടങ്ങളും അവൻ തിരിച്ചറിയുന്നു. അതുവഴി അവനിൽ വിമർശനാത്മകമായ ചിന്തയും അഭിപ്രായങ്ങൾ രൂപപ്പെടുത്താനുള്ള കഴിവും വളരുന്നു. ഇത് ജനാധിപത്യ സമൂഹത്തിന് ആവശ്യമായ ഉത്തരവാദിത്വമുള്ള പൗരന്മാരെ സൃഷ്ടിക്കുന്നതിൽ വലിയ പങ്ക് വഹിക്കുന്നു.
പുസ്തകവായനയാകട്ടെ, കുട്ടികളുടെ മാനസികവും മാനുഷികവുമായ വളർച്ചയ്ക്ക് അനിവാര്യമാണ്. കഥകളും കവിതകളും നോവലുകളും കുട്ടികളുടെ മനസ്സിൽ കരുണയും സഹാനുഭൂതിയും സ്നേഹവും വളർത്തുന്നു. മറ്റുള്ളവരുടെ ജീവിതാനുഭവങ്ങൾ വായനയിലൂടെ മനസ്സിലാക്കുന്ന കുട്ടി, സമൂഹത്തിൽ കൂടുതൽ മാനുഷിക സമീപനം സ്വീകരിക്കുന്ന വ്യക്തിയായി വളരുന്നു. ഇത് പരീക്ഷമാർക്കുകളിൽ അളക്കാൻ കഴിയാത്ത, പക്ഷേ ജീവിതത്തിൽ ഏറെ വിലമതിക്കപ്പെടുന്ന ഒരു നേട്ടമാണ്. ഇന്നത്തെ കാലത്ത് കുട്ടികൾ കൂടുതലായി മൊബൈൽ ഫോണുകളുടെയും സോഷ്യൽ മീഡിയയുടെയും ലോകത്താണ്. അവിടെ നിന്നും ലഭിക്കുന്ന വിവരങ്ങൾ പലപ്പോഴും അസ്ഥിരവും ആഴമില്ലാത്തതുമാണ്. എന്നാൽ വായനയിലൂടെ ലഭിക്കുന്ന അറിവ് ക്രമബദ്ധവും ചിന്തയെ ഉണർത്തുന്നതുമാണ്. ദിവസേന കുറച്ചുസമയം വായനയ്ക്കായി മാറ്റിവെച്ചാൽ, കുട്ടികളുടെ ഭാഷാപരമായ കഴിവുകളും ആശയവിനിമയ ശേഷിയും സ്വാഭാവികമായി മെച്ചപ്പെടും.
സ്കൂളുകളിൽ വായനയ്ക്കായി ഒരു പിരീഡ് നിശ്ചയിക്കുന്നത് പഠനസമയം നഷ്ടപ്പെടുത്തുന്നതായി കാണേണ്ടതില്ല. മറിച്ച്, അത് പഠനത്തെ കൂടുതൽ അർത്ഥവത്താക്കുന്ന ഒരു നടപടിയായാണ് കാണേണ്ടത്. വായനയിലൂടെ ലഭിക്കുന്ന ബോധ്യവും ചിന്താശേഷിയും എല്ലാ വിഷയങ്ങളിലെയും പഠനത്തിന് സഹായകരമാണ്. അതുകൊണ്ടുതന്നെ, വായന പാഠ്യപദ്ധതിക്ക് പുറത്തുള്ള ഒരു അധികപ്രവർത്തനമല്ല; വിദ്യാഭ്യാസത്തിന്റെ അവിഭാജ്യഘടകമാണ്.വായന ദിനങ്ങളിൽ പുസ്തകപ്രദർശനങ്ങളും പ്രസംഗങ്ങളും സംഘടിപ്പിക്കുന്നത് നല്ല കാര്യമാണ്. എന്നാൽ ആ ഒരുദിവസത്തെ ആവേശം പിന്നീട് നിലനിൽക്കാതെ പോകുന്ന സാഹചര്യം പല സ്കൂളുകളിലും കാണാം.
വായന ഒരു ദിനത്തിൽ ഒതുങ്ങുമ്പോൾ, അതിന്റെ യഥാർത്ഥ ലക്ഷ്യം നഷ്ടപ്പെടുന്നു. വായന ദിനങ്ങൾ ഓർമ്മപ്പെടുത്തലുകൾ മാത്രമാകണം; വായന കുട്ടികളുടെ സ്ഥിരശീലമാകണം. അതിനാൽ, ഓരോ സ്കൂളിലും ഓരോ ക്ലാസ്സിലും ആഴ്ചയിൽ കുറച്ചെങ്കിലും ഒരു പിരീഡ് പത്രത്തിനും പുസ്തകത്തിനുമായി മാറ്റിവെക്കേണ്ടതുണ്ട്. കുട്ടികൾക്ക് ഇഷ്ടമുള്ള പുസ്തകങ്ങൾ തിരഞ്ഞെടുക്കാൻ അവസരം നൽകുകയും, അധ്യാപകർ വായനയ്ക്ക് പ്രചോദനമാകുകയും ചെയ്താൽ, അതിന്റെ ഫലം വർഷങ്ങൾക്കിപ്പുറം സമൂഹം അനുഭവിക്കും.
വായന ദിനത്തിൽ മാത്രം കുട്ടികളെ വായനയ്ക്ക് പ്രോത്സാഹിപ്പിച്ചാൽ മതിയാവില്ല. വായന അവരെ പരീക്ഷ വിജയത്തിനുള്ള ഉപകരണമല്ല, ജീവിതത്തെ മനസ്സിലാക്കാനുള്ള വഴിയാണെന്ന് പഠിപ്പിക്കണം. സ്കൂളുകളിൽ വായന ഒരു പിരീഡാകുമ്പോൾ, അറിവുള്ളതും ബോധമുള്ളതുമായ ഒരു തലമുറ വളർന്നു വരും.