Article
യു.എം; വിജ്ഞാനത്തിന്റെ അക്ഷയഖനി
സുന്നത്ത് ജമാഅത്തിന്റെ പൈതൃക വഴിയില്‍ നിലകൊള്ളുകയും അതിനായി വാദിക്കുകയും പ്രവര്‍ത്തിക്കുകയും ചെയ്ത സമസ്ത കേരള ജംഇയത്തുല്‍ ഉലമയുടെ ഉപാധ്യക്ഷന്‍.
സയ്യിദ് സാദിഖലി ശിഹാബ് തങ്ങള്‍
വൈജ്ഞാനികമായി ഉന്നത ശ്രേണിയിലായിരിക്കുമ്പോഴും സാധാരണക്കാരായ വിശ്വാസികളിലേക്ക് കുളിര്‍തെന്നല്‍ പോലെ വീശിയടിച്ച പണ്ഡിത ശ്രേഷ്ഠനായിരുന്നു യു.എം അബ്ദുറഹിമാന് മുസ്ലിയാര്. സുന്നത്ത് ജമാഅത്തിന്റെ പൈതൃക വഴിയില്‍ നിലകൊള്ളുകയും അതിനായി വാദിക്കുകയും പ്രവര്‍ത്തിക്കുകയും ചെയ്ത സമസ്ത കേരള ജംഇയത്തുല്‍ ഉലമയുടെ ഉപാധ്യക്ഷന്‍.
ദര്‍സ് വിദ്യാര്‍ത്ഥികളിലേക്കെന്ന പോലെ തന്നെ ദീനീപാഠങ്ങള്‍ സാധാരണക്കാരിലേക്കെത്തിക്കുന്നതും അദ്ദേഹത്തിന്റെ പ്രവര്‍ത്തന രീതിയായിരുന്നു. അനവധി ദര്‍സുകളില്‍ വിദ്യാര്‍ത്ഥികള്‍ക്ക് പാഠമോതിക്കൊടുക്കുന്നതിനോടൊപ്പം അങ്ങേയറ്റം വിനയത്തോടെ ജനങ്ങളിലേക്കിറങ്ങി. അവരോട് സംസാരിച്ചും സംശയങ്ങള്‍ ദൂരീകരിച്ചും ഇസ്ലാമിക മതമൂല്യങ്ങള്‍ പകര്‍ന്ന് നല്കി. വേദികളില്‍ നിന്നും വേദികളിലേക്ക് പകര്‍ന്ന് അദ്ദേഹം വടക്കന്‍ കേരളത്തില്‍ അറിവിന്റെ ജ്ഞാനത്തോപ്പുകള്‍ സൃഷ്ടിച്ചു. മതപ്രബോധന രംഗത്തെ നക്ഷത്രത്തിളക്കമായിരുന്നു മഹാനവര്കള്. അറിവ് സമ്പാദനത്തിനായി അദ്ദേഹം തെന്നിന്ത്യയിലൂടെ സഞ്ചരിച്ചു. സ്കൂള്‍ വിദ്യാഭ്യാസത്തിനു ശേഷം 1963 – 1964 കാലഘട്ടത്തില്‍ മൗലവി ഫാളില്‍ ബാഖവി വിദ്യാഭ്യാസം നേടി. തുടര്‍ന്ന് മംഗളൂരു പറങ്കിപേട്ട ജുമാമസ്ജിദ്, മംഗളൂരു അസ്ഹരിയ്യ കോളജ്, കരുവന്തിരുത്തി, പടന്ന ജുമാമസ്ജിദ്, കൊണ്ടോട്ടി പഴയങ്ങാടി ജുമാമസ്ജിദ്, വെല്ലൂര്‍ ബാഖിയാത്തുസ്വാലിഹാത്ത് എന്നിവിടങ്ങളില്‍ അറിവന്വേഷിച്ച് സഞ്ചരിച്ചു.
തേടിപ്പിടിച്ച അറിവിന് രത്നങ്ങള്‍ സമൂഹത്തിലേക്ക് അദ്ദേഹം പകര്‍ന്നു നല്കി. അവയുടെ തിളക്കം പ്രസരണം ചെയ്യാന്‍ നിരവധി ശിഷ്യരെയും അദ്ദേഹം സൃഷ്ടിച്ചു. പ്രഗത്ഭരും പ്രമുഖരുമായി ശിഷ്യഗണങ്ങളെ സമ്മാനിച്ചാണ് യു.എം അബ്ദുറഹിമാന് മുസ്ലിയാരുടെ മടക്കം. പാണക്കാട്ട് വെച്ചും കാസര്‍കോട് വെച്ചും ദാറുല്‍ ഹുദായുടെ പരിപാടികളിലും അദ്ദേഹവുമായി ഇടപെട്ടു. കാസര്‍കോട്ടെ സുന്നത്ത് ജമാഅത്തിന്റെ വേദികളില്‍ നിറസാന്നിധ്യമായിരുന്നു. മനസ്സ് നിറക്കുന്ന സ്നേഹപൂര്‍ണ്ണമായ ഇടപെടലായിരുന്നു അദ്ദേഹത്തിന്റെ പ്രത്യേകത. അദ്ദേഹവുമായി പതിറ്റാണ്ടുകള്‍ നീണ്ടുനില്‍ക്കുന്ന ബന്ധമായിരുന്നുണ്ടായിരുന്നത്.
പാണക്കാട് കുടുംബവുമായി അങ്ങേയറ്റത്തെ സ്നേഹം കാത്തുസൂക്ഷിച്ചു. ആ സ്നേഹത്തിന്റെ പ്രതീകമായി മകന് അദ്ദേഹം മുഹമ്മദലി ശിഹാബ് എന്ന് പേര് വെച്ചു. കാസര്‍കോട് പോകുമ്പോള്‍ മിക്കവാറും കാണുന്നൊരു മുഖമായിരുന്നു അദ്ദേഹത്തിന്റേത്. ആ ബന്ധം വലിയ സുകൃതമായാണ് കാണുന്നത്.
അറിവിന്റെ ഒടുങ്ങാത്ത തിരയായിരുന്നു പ്രിയപ്പെട്ട അബ്ദുറഹിമാന് മുസ്ലിയാര്. കരയെ തൊടുന്ന തിരപോലെ, അദ്ദേഹം മനുഷ്യരെ തൊട്ട് തലോടി. അടിഞ്ഞുകൂടിയ അശുദ്ധികളില്‍ അറിവിന്റെ തിരയടിച്ചു വൃത്തിയാക്കി. ഇഹലോകത്ത് അദ്ദേഹത്തിന്റെ നിയോഗം പൂര്‍ത്തിയായിട്ടുണ്ടാകും. എങ്കിലും സമസ്ത കേരള ജംഇയ്യത്തുല്‍ ഉലമയുടെ നൂറാം വാര്‍ഷികം കാസര്‍കോട് നടക്കുമ്പോള്‍ അദ്ദേഹമുണ്ടായിരുന്നെങ്കിലെന്ന് ആഗ്രഹിച്ചുപോകുന്നു. അല്ലാഹു പരലോകത്തും മഹാനവര്‍കള്‍ക്ക് ഉന്നത സ്ഥാനം നല്കട്ടെ. ആമീന്‍.
Article
അതിര് കടക്കുന്ന കേന്ദ്ര അവഗണന
ജനങ്ങളുടെ ജീവിതാവശ്യങ്ങള്‍ക്ക് വിനിയോഗിക്കേണ്ട പണം കേന്ദ്ര സര്‍ക്കാര്‍ നിഷേധിക്കുന്നതാണ് കേരളം നേരിടുന്ന ഏറ്റവും വലിയ വെല്ലുവിളി.
കെ എന്‍ ബാലഗോപാല്‍
ജനങ്ങളുടെ ജീവിതാവശ്യങ്ങള്‍ക്ക് വിനിയോഗിക്കേണ്ട പണം കേന്ദ്ര സര്‍ക്കാര്‍ നിഷേധിക്കുന്നതാണ് കേരളം നേരിടുന്ന ഏറ്റവും വലിയ വെല്ലുവിളി. സംസ്ഥാനത്തിന് അര്‍ഹതപ്പെട്ട വിവിധ മേഖലകളിലെ തുകകള്‍ വെട്ടിക്കുറക്കുന്ന കേന്ദ്ര നിലപാട് മുമ്പെല്ലാം ചര്‍ച്ച ചെയ്തിട്ടുള്ളതാണ്. ഇതിന്റെ അവസാനത്തെ ഉദാഹരണമാണ് ഈ ജനുവരി മുതല്‍ മാര്‍ച്ചുവരെ മൂന്നുമാസക്കാലയളവില്‍ സംസ്ഥാനത്തിന് വിനിയോഗിക്കാന്‍ ലഭിക്കേണ്ട തുകയുടെ പകുതിയിലധികം വെട്ടിക്കുറച്ച കേന്ദ്ര സര്‍ക്കാര്‍ തീരുമാനം. ഓരോ വര്‍ഷവും നമുക്ക് ആകെ എടുക്കാവുന്ന വായ്പത്തുക വര്‍ഷാദ്യം കേന്ദ്ര സര്‍ക്കാര്‍ തീരുമാനിക്കുകയും ആദ്യത്തെ ഒമ്പതുമാസം എടുക്കാവുന്ന തുക സംബന്ധിച്ച തീരുമാനം ഏപ്രിലില്‍ത്തന്നെ സംസ്ഥാനത്തെ അറിയിക്കുന്നതുമാണ് രീതി.
അവസാനത്തെ മൂന്നുമാസത്തേക്ക് എടുക്കാവുന്ന തുകക്ക് പിന്നീട് അറിയിപ്പുവരും. ഇതനുസരിച്ച് ഈ സാമ്പത്തിക വര്‍ഷത്തിന്റെ അവസാനത്തെ മൂന്നുമാസത്തേക്ക് 12,000 കോടി രൂപയാണ് ലഭിക്കേണ്ടിരുന്നത്. തനത് വരുമാനങ്ങള്‍ക്കു പുറമെ ഈ വായ്പയും കൂടി എടുത്താണ് അവസാന മാസത്തെ ചെലവുകള്‍ നിര്‍വഹിക്കേണ്ടത്. ഇതിലാണ് 5,900 കോടി രൂപയുടെ വെട്ടിക്കുറവ് വരുത്തിയിരിക്കുന്നത്. കിഫ്ബിക്കും പെന്ഷന് കമ്പനിക്കുമായി ബജറ്റിനു പുറത്തെടുത്ത വായ്പകളുടെ പേരിലാണ് കടാനുമതിയില്‍ വെട്ടിക്കുറവ് വരുത്തിയിട്ടുള്ളതെന്നാണ് ഡിസംബര്‍ 17 ന് കേന്ദ്ര സര്‍ക്കാരില്‍ നിന്ന് ലഭിച്ച കത്തില്‍ പറയുന്നത്. ഇത് ശമ്പളവും പെന്‍ഷനും നിര്‍മ്മാണ പ്രവര്‍ത്തനങ്ങളുടെയടക്കം ബില്ലുകള്‍ മാറി നല്കല് ഉള്‍പ്പെടെയുള്ള സര്‍ക്കാരിന്റെ വര്‍ഷാന്ത്യ ചെലവുകളെ തടസപ്പെടുത്താനാണെന്ന് വ്യക്തമാണ്.
ഈവര്‍ഷംമാത്രം സംസ്ഥാന സര്‍ക്കാരിന് അനുവദനീയമായ കടത്തില്‍നിന്ന് 17,000 കോടി രൂപയാണ് കുറയുന്നത്. കേന്ദ്ര സര്‍ക്കാര്‍ അംഗീകരിച്ച കണക്കിന്റെ അടിസ്ഥാനത്തില്‍ എല്ലാ സംസ്ഥാനങ്ങളും കടമെടുക്കുന്നുണ്ട്. സംസ്ഥാനത്തിന്റെ അഭ്യന്തര വരുമാനത്തിന്റെ മൂന്ന് ശതമാനമാണ് ഇത്തരത്തില്‍ കടമെടുക്കാന്‍ അനുവദിച്ചിട്ടുള്ളത്. ധന ഉത്തരവാദിത്ത നിയമവും ധനകാര്യ കമ്മീഷന്റെ ശുപാര്‍ശയും പരിഗണിച്ച് കേന്ദ്ര സര്‍ക്കാര്‍ അംഗീകരിക്കുന്ന വായ്പാ പരിധിക്കുള്ളില്‍ നിന്ന് ആര്.ബി.ഐയുടെ അനുമതിയോടെയാണ് ഇത്തരത്തില്‍ കടമെടുക്കുന്നത്. ഈ വ്യവസ്ഥകളെല്ലാം പാലിച്ചുതന്നെയാണ് കേരളം കടമെടുക്കുന്നത്. അത്തരത്തില്‍ അനുവദിച്ചിട്ടുള്ള കടത്തില്‍ നിന്നാണ് ഒരുവര്‍ഷം 17,000 കോടി രൂപ വെട്ടിക്കുറച്ചിരിക്കുന്നത്. ഇത് സംസ്ഥാന സര്‍ക്കാരിന്റെ പ്രവര്‍ത്തനങ്ങളെ തടസപ്പെടുത്താന്‍ മനപൂര്‍വം ചെയ്യുന്നതാണെന്ന് വ്യക്തമാണ്.
സംസ്ഥാന സര്‍ക്കാരിന്റെ സാമ്പത്തിക പ്രവര്‍ത്തനങ്ങള്‍ മെച്ചപ്പെട്ട നിലയിലാണ് എന്നതില്‍ കേന്ദ്ര സര്‍ക്കാരിനും എതിരാഭിപ്രായമൊന്നുമില്ല. സാമ്പത്തിക ചിട്ടപ്പെടുത്തലിന്റെ കാര്യത്തില്‍ ഏറ്റവും മുന്നില്‍നില്‍ക്കുന്ന അഞ്ച് സംസ്ഥാനങ്ങളിലൊന്നാണ് കേരളമെന്നത് റിസര്‍വ് ബാങ്കിന്റെയും സി & എ.ജിയുടെയും റിപ്പോര്‍ട്ടുകളില്‍ വ്യക്തമാക്കുന്നു. സംസ്ഥാനത്തിന്റെ ആളോഹരി വരുമാനം ഇക്കാലയളവില്‍ ഇരട്ടിയായി വര്‍ധിച്ചിട്ടുണ്ട്. 2016 ല്‍ 1,66,246 രൂപയായിരുന്ന ആളോഹരി വരുമാനം കഴിഞ്ഞ വര്‍ഷം 3,08,338 കോടി രൂപയായതായി ആര്.ബി.ഐ വ്യക്തമാക്കിയിട്ടുണ്ട്. സംസ്ഥാനത്തിന്റെ അഭ്യന്തര ഉല്പാദനവും ഇരട്ടിയായതായി ആര്.ബി.ഐ വ്യക്തമാക്കിയിട്ടുണ്ട്. 2015-16 ല്‍ 5.62 ലക്ഷം കോടി രൂപയായിരുന്ന അഭ്യന്തര ഉല്പാദനം കഴിഞ്ഞ വര്‍ഷം 12.49 ലക്ഷം കോടി രൂപയായി ഉയര്‍ന്നു. കേരളത്തിന് ശരാശരി 12 ശതമാനം സാമ്പത്തിക വളര്‍ച്ച നേടാന്‍ സാധിക്കുന്നു.
സംസ്ഥാനത്തിന്റെ മൊത്തം തനതുവരുമാനം ഒരു ലക്ഷം കോടി രൂപയെന്ന നാഴികകല്ല് പിന്നിട്ടിരിക്കുന്നു. 2015-16 ലെ 54,000 കോടി രൂപയില്‍നിന്ന് കഴിഞ്ഞവര്‍ഷം ഇത് 1,03,240 കോടി രൂപയായി ഉയര്‍ന്നു. കഴിഞ്ഞ കുറേ കാലത്തിനിടയില്‍ കടത്തിന്റെ വര്‍ധനനിരക്ക് കുറഞ്ഞുനില്‍ക്കുന്നതായാണ് കണക്കുകള്‍ വ്യക്തമാക്കുന്നത്. സംസ്ഥാനത്തിന്റെ പൊതുകടവും അഭ്യന്തര ഉല്പാദനവും തമ്മിലുള്ള അനുപാതം ദേശീയ ശരാശരിയേക്കാള്‍ താഴെയാണെന്ന് സി&എ.ജിയുടെ കഴിഞ്ഞ ദിവസം പ്രസിദ്ധീകരിച്ച സ്റ്റേറ്റ് ഫിനാന്‍സെസ് 2023-24 റിപ്പോര്‍ട്ട് ചൂണ്ടികാട്ടുന്നു. നമ്മുടെ പൊതുകടം ജി.എസ്.ഡി.പി അനുപാതം 24.88 ശതമാനമാണ്. ദേശീയ ശരാശരി 26.11 ശതമാനവും. മൂന്ന് ശതമാനത്തില്‍ കൂടുതല്‍ ധനകമ്മിയുള്ള 18 സംസ്ഥാനങ്ങളുണ്ടെന്ന് സി&എ.ജിയുടെ റിപ്പോര്‍ട്ടില്‍ വ്യക്തമാക്കിയിട്ടുണ്ട്. കേരളത്തിന്റെ ധനകമ്മി 3.02 ശതമാനമാണ്. ബാക്കി 17 സംസ്ഥാനങ്ങള്‍ക്കും കേരളത്തേക്കാള്‍ ഉയര്‍ന്ന ധനകമ്മിയാണുള്ളത്. ബീഹാര്‍, ആന്ധ്രാപ്രദേശ് ഉള്‍പ്പെടെയുള്ള സംസ്ഥാനങ്ങളുടെ ധനകമ്മി നാല് ശതമാനത്തിനുമുകളിലാണ്. സംസ്ഥാനത്തിന്റെ ആകെ ബാധ്യതയും ജി.എസ്.ഡി.പിയും തമ്മിലുള്ള അനുപാതം കോവിഡുകാലത്ത് 38.47 ശതമാനത്തിലേയ്ക്ക് ഉയര്‍ന്നിരുന്നു. ഇപ്പോഴത് 34.2 ശതമാനമായി കുറയ്ക്കാനായിട്ടുണ്ടെന്നതും ശ്രദ്ധേയമായ കാര്യമാണ്.
കേരളം സാമ്പത്തിക ദൃഢീകരണ മേഖലയില്‍ ഉണ്ടാക്കുന്ന നേട്ടങ്ങളെ അംഗീകരിക്കാന്‍ തയ്യാറാകാതെ സംസ്ഥാനത്തെ ശ്വാസംമുട്ടിക്കുന്ന നടപടികളാണ് കേന്ദ്ര സര്‍ക്കാര്‍ സ്വീകരിക്കുന്നത്. ഉദാഹരണത്തിന് സംസ്ഥാനത്തിന്റെ റവന്യൂ വരുമാനത്തിന്റെ 25 ശതമാനത്തോളം മാത്രമാണ് കേന്ദ്ര നികുതി വിഹിതവും മറ്റ് ഗ്രാന്റുകളും അടക്കമുള്ളത്. ബാക്കി 75 ശതമാനവും സംസ്ഥാനത്തിന്റെ തനത് വരുമാനമാണ്. എന്നാല്‍, ഇന്ത്യയിലെ ഇതര സംസ്ഥാനങ്ങളുടെ ആകെ വരുമാനത്തിന്റെ 53 ശതമാനവും കേന്ദ്ര സര്‍ക്കാരില്‍നിന്ന് ലഭിക്കുന്ന നികുതി വിഹിതവും ഗ്രാന്റുകളുമാണ്. ചില സംസ്ഥാനങ്ങള്‍ക്ക് റവന്യൂ വരുമാനത്തിന്റെ 73 ശതമാനംവരെ കേന്ദ്ര വിഹിതമായി കിട്ടുന്നുണ്ട്. എന്നാല്‍, കേരളത്തിന് ലഭിക്കുന്ന തുച്ഛമായ വിഹിതത്തില്‍ പ്രതിഫലിക്കുന്നത് കേന്ദ്ര സര്‍ക്കാരിന്റെ ഈ സംസ്ഥാനത്തോടുള്ള സമീപനമാണ്.
ഇതിനൊപ്പം ഗ്രാന്റുകളും മറ്റ് ആനുകൂല്യങ്ങളുമെല്ലാം വെട്ടിക്കുറക്കപ്പെടുകയാണ്. കേന്ദ്രാവിഷ്കൃത പദ്ധതികളില്‍ ഈ വര്‍ഷം ഏതാണ്ട് 5,784 കോടി രൂപയാണ് കിട്ടാനുള്ളത്. മറ്റ് പല സംസ്ഥാനങ്ങള്‍ക്കും ലഭിക്കുന്ന വിഹിതം നമുക്ക് കിട്ടുന്നില്ല. പല കാര്യങ്ങളിലും മുന്നിട്ടുനില്ക്കുന്ന എന്നതിനാലാണ് നമുക്ക് അര്‍ഹതപ്പെട്ട പദ്ധതി വിഹിതങ്ങള്‍ നിഷേധിക്കുന്നത്. നല്ല സ്കൂളും ആശുപത്രിയും റോഡുകളുമൊക്കെ നമ്മള് ഉണ്ടാക്കിയതിനാല്‍, അതിന്റെപേരില്‍ നമ്മേ ശിക്ഷിക്കുന്ന നിലപാടാണ് കേന്ദ്ര സര്‍ക്കാര്‍ സ്വീകരിക്കുന്നത്. പി.എം- ശ്രീ, എന്‍.എച്ച്.എം, സമഗ്ര ശിക്ഷ കേരള ഉള്‍പ്പെടെ പല പദ്ധതികള്‍ക്കും ബ്രാന്‍ഡിംഗിന്റെയും മറ്റും പേരുപറഞ്ഞ് നമ്മുടെ പദ്ധതി വിഹിതം വെട്ടിക്കുറക്കുന്നു.ഇതിനുപുറമെയാണ് തൊഴിലുറപ്പ് പദ്ധതി ഇല്ലാതാക്കുന്ന കേന്ദ്ര തീരുമാനവും വന്നിട്ടുള്ളത്. ഗ്രാമീണ ജനങ്ങളുടെ ദുരിതവും തൊഴിലില്ലായ്മയും പരിഹരിക്കാന്‍ ആരംഭിച്ച പദ്ധതി ബി.ജെ.പി സര്‍ക്കാര്‍ തകര്‍ത്തുക്കഴിഞ്ഞു. ഇതുവഴി ഏതാണ്ട് 3,000 കോടിയോളം രൂപയുടെ അധിക ബാധ്യതകൂടി സംസ്ഥാനത്തിന്റെ ചുമലിലായിട്ടുണ്ട്.
കേരളത്തിലെ മൂന്നര കോടി ജനങ്ങള്‍ക്ക് അര്‍ഹതപ്പെട്ട പണം ഏകപക്ഷീയമായി തടയുന്ന നിലപാടാണ് കേന്ദ്ര സര്‍ക്കാര്‍ സ്വീകരിക്കുന്നത്. ഇതിനെതിരായി ഒറ്റക്കെട്ടായ സമീപനം സ്വീകരിച്ചേ മതിയാകൂ. തദ്ദേശ സ്വയംഭരണസ്ഥാപനങ്ങള്‍തൊട്ട് പാര്‍ലമെന്റുവരെ വ്യത്യസ്തമായ പാര്‍ട്ടികള്‍ക്ക് പങ്കാളിത്തമുള്ള സംസ്ഥാനമാണ് കേരളം. എല്ലാ രാഷ്ട്രീയ പാര്‍ട്ടികളിലുംപ്പെട്ട കേരളീയര്‍ക്ക് അവകാശപ്പെട്ട പണമാണ് നിഷേധിക്കപ്പെടുന്നത്. മറ്റ് പല സംസ്ഥാനങ്ങള്‍ക്കും വിപുലമായ ആനുകൂല്യങ്ങള്‍ കിട്ടുമ്പോള്‍ കേരളത്തിന് അര്‍ഹമായതുകൂടി നിഷേധിക്കപ്പെടുന്ന സ്ഥിതിയാണുള്ളത്. കേരളത്തിന്റെ മുഖ്യമന്ത്രിയും ധനകാര്യ മന്ത്രിയും പലതവണ കേന്ദ്ര ഭരണാധികാരികളെകണ്ട് ഈ വിഷയങ്ങളെല്ലാം ബോധ്യപ്പെടുത്തിയിട്ടുള്ളതാണ്.
ഡിസംബര്‍ 24ന് കേന്ദ്ര ധനകാര്യ മന്ത്രിയെ നേരില്‍ക്കണ്ട് നിവേദനം സമര്‍പ്പിച്ചതുമാണ്. ദേശീയപാത വികസനത്തിന് ഭൂമിയേറ്റെടുക്കലിന് കേരളം നല്കിയ 6,000 കോടി രൂപയ്ക്ക് പകരം വായ്പ എടുക്കാന്‍ അനുവദിക്കണമെന്നും ഐ.ജി.എസ്.ടി റിക്കവറി എന്നപേരില്‍ പിടിച്ച 965 കോടി രൂപ സംസ്ഥാനത്തിന് തിരിച്ചുതരണമെന്നും ഗ്യാരണ്ടി നിക്ഷേപത്തിന്റെ പേരില്‍ വെട്ടിക്കുറച്ച 3,300 കോടി രൂപയുടെ വായ്പക്ക് അനുമതി ലഭ്യമാക്കണമെന്നതും അടക്കമുള്ള ആവശ്യങ്ങളും മുന്നോട്ടുവച്ചിരുന്നു. എന്നിട്ടും അനുകൂലമായ ഒരു നിലപാടും ഉണ്ടായിട്ടില്ല. സര്‍ക്കാര്‍ ഇക്കാര്യത്തില്‍ ശക്തമായ നിലപാടുകള്‍ തന്നെയാണ് സ്വീകരിച്ചിട്ടുള്ളത്. നമ്മുടെ അവകാശങ്ങള്‍ക്കു വേണ്ടി സംസ്ഥാന സര്‍ക്കാര്‍ മുഖ്യമന്ത്രിയുടെ നേതൃത്വത്തില്‍ ഡല്‍ഹിയില്‍ സമരം നടത്തി. സുപ്രീം കോടതിയെ സമീപിച്ചു. നമ്മുടെ ആവശ്യങ്ങളില്‍ വസ്തുത ഉണ്ടെന്നുകണ്ട സുപ്രീം കോടതി ഹര്‍ജി ഭരണഘടനാ ബെഞ്ചിന് വിട്ടിരിക്കുകയാണ്.
Article
മരവിച്ച രാത്രികളില്‍ സ്നേഹത്തിന്റെ പുതപ്പ്
ഡിസംബര്‍, ജനുവരി മാസങ്ങള്‍ നമുക്ക് നല്ലൊരു കാലാവസ്ഥയുടെ സമയമാണെങ്കില്‍, ഉത്തരേന്ത്യയിലെ ദശലക്ഷക്കണക്കിന് മനുഷ്യര്‍ക്ക് അത് മരണവുമായുള്ള പോരാട്ടത്തിന്റെ കാലമാണ്.
ഇ.ടി മുഹമ്മദ് ബഷീര്‍
കൊടുംതണുപ്പില്‍ വിറങ്ങലിച്ചു നില്ക്കുന്ന ഉത്തരേന്ത്യന്‍ തെരുവുകളിലൂടെ ഒരിക്കലെങ്കിലും യാത്ര ചെയ്തവര്‍ക്ക് ആ കാഴ്ചകള്‍ മറക്കാനാവില്ല. കീറിപ്പറിഞ്ഞ പ്ലാസ്റ്റിക് ഷീറ്റുകള്‍ക്ക് താഴെ, വെറും തറയില്‍ ചുരുണ്ടുകൂടി കിടക്കുന്ന പിഞ്ചുകുഞ്ഞുങ്ങളും വയോധികരുടെയും കാഴ്ചകള്‍ നമ്മുടെ ഉറക്കം കെടുത്തുന്ന ദൃശ്യങ്ങളാണ്. ഓരോ വര്‍ഷവും ഡിസംബര്‍ പിറക്കുമ്പോള്‍ ഭീതിയോടെയാണ് ഈ മനുഷ്യര്‍ ആകാശത്തേക്ക് നോക്കുന്നത്. അവിടെ തണുപ്പ് കേവലം ഒരു കാലാവസ്ഥയല്ല, നിശബ്ദനായി കടന്നുവരുന്ന ഒരു കൊലയാളി പോലുമാണ്. കാരണം നിരവധി പേര് ഈ കൊടും ശൈത്യത്തില്‍ മരണത്തിന് പോലും കീഴടങ്ങുന്നുണ്ടെന്നതാണ് യാഥാര്‍ത്ഥ്യം.
ഡിസംബര്‍, ജനുവരി മാസങ്ങള്‍ നമുക്ക് നല്ലൊരു കാലാവസ്ഥയുടെ സമയമാണെങ്കില്‍, ഉത്തരേന്ത്യയിലെ ദശലക്ഷക്കണക്കിന് മനുഷ്യര്‍ക്ക് അത് മരണവുമായുള്ള പോരാട്ടത്തിന്റെ കാലമാണ്. ഔദ്യോഗിക രേഖകള്‍ പരിശോധിച്ചാല്‍ ഈ ദുരന്തത്തിന്റെ തീവ്രത നമുക്ക് ബോധ്യപ്പെടും. നാഷണല്‍ ഹ്യൂമന്‍ റൈറ്റ്സ് കമ്മീഷന് പുറത്തുവിട്ട റിപ്പോര്‍ട്ടുകള്‍ പ്രകാരം, ഡല്‍ഹിയില്‍ മാത്രം കഴിഞ്ഞ ശൈത്യകാലത്തെ വെറും 56 ദിവസത്തിനുള്ളില്‍ (2024 ഡിസംബര്‍ 15 മുതല്‍ 2025 ജനുവരി 10 വരെ) 474 പേര് തണുപ്പേറ്റു മരിച്ചു എന്നാണ് കണക്കാക്കപ്പെടുന്നത്.
ഇതില്‍ 80 ശതമാനവും തിരിച്ചറിയപ്പെടാത്ത മൃതദേഹങ്ങളാണ്; അതായത് തെരുവുകളില്‍ അഭയമില്ലാതെ കഴിഞ്ഞിരുന്ന പാവപ്പെട്ട മനുഷ്യര്‍. നാഷണല്‍ െ്രെകം റെക്കോര്‍ഡ്സ് ബ്യൂറോയുടെ കണക്കുകള്‍ പ്രകാരം, 2019 മുതല്‍ 2023 വരെയുള്ള കാലയളവില്‍ ഇന്ത്യയില്‍ 3,639 പേര് ശീതതരംഗം മൂലം മരണത്തിനു കീഴടങ്ങിയിട്ടുണ്ട്. ഉത്തര്‍പ്രദേശ്, ബീഹാര്‍, ഡല്‍ഹി തുടങ്ങിയ സംസ്ഥാനങ്ങളില്‍ താപനില പൂജ്യം ഡിഗ്രിയിലേക്ക് താഴുമ്പോള്‍ മതിയായ വസ്ത്രമോ പുതപ്പോ ഇല്ലാത്തതിനാല്‍ ഓരോ ദിവസവും ശരാശരി 8 മുതല്‍ 10 വരെ മരണങ്ങള് റിപ്പോര്‍ട്ട് ചെയ്യപ്പെടുന്നുണ്ട്.
മരണം കാത്തുനില്ക്കുന്ന രാത്രികള്‍
ഉത്തര്‍പ്രദേശ്, ബീഹാര്‍, ഡല്‍ഹി തുടങ്ങിയ ഇടങ്ങളില്‍ താപനില പൂജ്യം ഡിഗ്രി സെല്‍ഷ്യസിലേക്ക് താഴുമ്പോള്‍ ജീവിതം അക്ഷരാര്‍ത്ഥത്തില്‍ മരവിച്ചുപോകുന്നു. വീടുകളില്ലാത്തവര്‍ക്ക് പുറമെ, ചേരികളിലും മറ്റും വസിക്കുന്ന ദരിദ്ര മനുഷ്യര്‍ക്ക് ശൈത്യത്തെ പ്രതിരോധിക്കാന്‍ യാതൊരു മാര്‍ഗവുമില്ല. ഔദ്യോഗിക കണക്കുകള്‍ പ്രകാരം ശൈത്യകാലത്ത് ഹൃദയാഘാതവും ശ്വാസകോശ സംബന്ധമായ അസുഖങ്ങളും 30 ശതമാനത്തോളം വര്‍ദ്ധിക്കുന്നു. ന്യൂമോണിയ ബാധിച്ച് പിഞ്ചുകുഞ്ഞുങ്ങള്‍ മരിക്കുന്നത് ഉത്തരേന്ത്യയില്‍ പതിവ് കാഴ്ചയാണ്. നമുക്ക് ഒരു പുതപ്പ് കേവലമൊരു വസ്ത്രം മാത്രമാണെങ്കില്‍, ആ ജനതക്ക് കമ്പിളിപ്പുതപ്പുകള്‍ ചില സമയങ്ങളില്‍ ജീവന് രക്ഷാ കവചം കൂടിയാണ്. മരണത്തിന് വിട്ടുകൊടുക്കാതെ ഈ സഹോദരങ്ങളെ ചേര്‍ത്തുപിടിക്കുക എന്നത് വലിയൊരു ദൗത്യമായി നമ്മുടെ മുന്നിലുണ്ട്. കൊടുംതണുപ്പില്‍ വിറയ്ക്കുന്നവരുടെ അരികിലെത്തി, സ്നേഹത്തോടെ അവരെ പുതപ്പിക്കുമ്പോള്‍ ആ മുഖങ്ങളില്‍ വിരിയുന്ന ആശ്വാസം കാണുമ്പോഴാണ് ‘മനുഷ്യത്വം’ എന്ന വാക്കിന് അര്‍ത്ഥമുണ്ടാകുന്നത്.
ലാഡര്‍ ഫൗണ്ടേഷന്റെ കരുതലോടെയുള്ള ഇടപെടല്‍
ഈ വലിയ ജീവകാരുണ്യ ദൗത്യത്തിന് മുസ്ലിം ലീഗ് ദേശീയ കമ്മിറ്റിയുടെ ആശീര്‍വാദത്തില്‍ പ്രവര്‍ത്തിക്കുന്ന ‘ലാഡര്‍ ഫൗണ്ടേഷന് ഓഫ് ഇന്ത്യ യാണ് നേതൃത്വം നല്‍കുന്നത്. കേവലം ഒരു സന്നദ്ധ സംഘടന എന്നതിനപ്പുറം, ഇന്ത്യയിലെ ഏറ്റവും പിന്നാക്കം നില്ക്കുന്ന ഗ്രാമങ്ങളില്‍ വിദ്യാഭ്യാസവും ആരോഗ്യവും എത്തിക്കാന്‍ പരിശ്രമിക്കുന്ന കൂട്ടായ്മയാണിത്. ദുരന്തമുഖങ്ങളില്‍ ഓടിയെത്താനും പാര്‍ശ്വവല്‍ക്കരിക്കപ്പെട്ടവര്‍ക്ക് കൈത്താങ്ങാവാനും ലാഡര്‍ ഫൗണ്ടേഷന് മുന്‍പന്തിയിലുണ്ട്. കഴിഞ്ഞ വര്‍ഷങ്ങളില്‍ ഫൗണ്ടേഷന് നടത്തിയ ബ്ലാങ്കറ്റ് വിതരണം ആയിരക്കണക്കിന് കുടുംബങ്ങള്‍ക്കാണ് ആശ്വാസമായത്. ഉത്തര്‍പ്രദേശിലെയും ബീഹാറിലെയും ഉള്‍ഗ്രാമങ്ങളില്‍ ഫൗണ്ടേഷന്റെ വളണ്ടിയര്‍മാര്‍ നേരിട്ടെത്തിയാണ് പുതപ്പുകള്‍ വിതരണം ചെയ്യുന്നത്. ഗുണനിലവാരമുള്ള പുതപ്പുകള്‍ ഏറ്റവും കുറഞ്ഞ നിരക്കില്‍ ഫാക്ടറികളില്‍ നിന്നും നേരിട്ട് ശേഖരിച്ച് അര്‍ഹരായവരുടെ കൈകളില്‍ എത്തുന്നു എന്ന് ലാഡര്‍ ഫൗണ്ടേഷന് ഉറപ്പു വരുത്തുന്നുണ്ട്.
നമുക്കും പങ്കാളികളാകാം
പ്രിയപ്പെട്ടവരെ, ഈ വര്‍ഷത്തെ ബ്ലാങ്കറ്റ് വിതരണ പദ്ധതിക്ക് ലാഡര്‍ ഫൗണ്ടേഷന് തുടക്കം കുറിച്ചു കഴിഞ്ഞു. ആയിരക്കണക്കിന് മനുഷ്യര്‍ ഇപ്പോഴും ഉത്തരേന്ത്യന്‍ തെരുവുകളില്‍ വിറങ്ങലിച്ചു നില്‍ക്കുന്നുണ്ട്. അവരിലേക്ക് സ്നേഹത്തിന്റെ ചൂടേകാന്‍ നിങ്ങളോരോരുത്തരുടെയും സഹായം ആവശ്യമാണ്. നമ്മള് മാറ്റിവെക്കുന്ന ചെറിയൊരു തുക മതിയാകും ഒരു മനുഷ്യന്റെ ജീവന് നിലനിര്‍ത്താന്‍. ‘സേവനമാണ് ഏറ്റവും വലിയ ആരാധന’ എന്ന് നാം വിശ്വസിക്കുന്നു. അതിരുകളില്ലാത്ത ഈ മാനുഷിക പ്രവൃത്തിയില്‍ പങ്കാളികളാകുന്നത് ഒരു വലിയ പുണ്യമാണ്. നമ്മുടെ സുരക്ഷിതമായ വീടുകളില്‍ ഉറങ്ങുമ്പോള്‍, തണുപ്പില്‍ വിറയ്ക്കുന്ന ആ സഹോദരങ്ങളെയും നമുക്ക് ഓര്‍ക്കാം. നിങ്ങളുടെ ഓരോ പുതപ്പും ഓരോ ജീവനാണ്.
Article
വന്ദേമാതരവും സംഘപരിവാറും
വന്ദേമാതരത്തിന്റെ നൂറ്റിഅമ്പതാം വാര്‍ഷികത്തോട് അനുബന്ധിച്ച് പാര്‍ലമെന്റില്‍ കേന്ദ്രഭരണകൂടം നടത്തിയ ചര്‍ച്ചയുടെ ലക്ഷ്യം അനാവശ്യ വിവാദങ്ങളുയര്‍ത്തി രാജ്യത്തിന്റെ സമാധാനം ഇല്ലാതാക്കുകയെന്നതു മാത്രമാണ്.
ഡോ.എം.കെ മുനീര്‍
വന്ദേമാതരത്തിന്റെ നൂറ്റിഅമ്പതാം വാര്‍ഷികത്തോട് അനുബന്ധിച്ച് പാര്‍ലമെന്റില്‍ കേന്ദ്രഭരണകൂടം നടത്തിയ ചര്‍ച്ചയുടെ ലക്ഷ്യം അനാവശ്യ വിവാദങ്ങളുയര്‍ത്തി രാജ്യത്തിന്റെ സമാധാനം ഇല്ലാതാക്കുകയെന്നതു മാത്രമാണ്. ഭാഗികമായി നോക്കിയാല്‍ പ്രത്യക്ഷത്തില്‍ ഇതൊരു ദേശഭക്തി ഗാനമായി തോന്നുമെങ്കിലും വന്ദേമാതരവും അതിന്റെ മാതൃസ്ഥാനമായ ആനന്ദമഠം നോവലും പരിശോധിച്ചാലാണ് സംഘപരിവാറിന്റെ ഇക്കാര്യത്തിലെ നവസ്നേഹവും അമിതാവേശവും വ്യക്തമാകുക.
കഴിഞ്ഞ നവംബര്‍ ഏഴിന് വന്ദേമാതരത്തിന്റെ നൂറ്റമ്പതാം വാര്‍ഷികത്തോടനുബന്ധിച്ച് പാര്‍ലമെന്റില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദി നടത്തിയ പരാമര്‍ശങ്ങള്‍ ചരിത്രത്തെ പാടെ തമസ്കരിച്ച് വര്‍ത്തമാനകാല വിദ്വേഷ രാഷ്ട്രീയത്തിന്റെ വ്യാപനത്തിനുള്ള വാചകമടിയായി ചുരുങ്ങി. ഗാന്ധിജിയെയും അഹിംസയെയും പിന്തള്ളാന് ദേശീയ ഗാനമായ ജനഗണമനയെയും ടാഗോറിനെയുമെല്ലാം താഴ്ത്തിക്കെട്ടാന്‍ സംഘപരിവാറിന് ബങ്കിംചന്ദ്ര ചാറ്റര്‍ജി ഒരു ഉപകരണമാണ്. ബങ്കിംചന്ദ്ര ചാറ്റര്‍ജിയെയും ആനന്ദമഠമെന്ന നോവലിനെയും ശരിയായി മനസിലാക്കുന്നതില്‍ മതേതര ചേരിയിലുള്ളവര്‍പോലും പരാജയപ്പെടുമ്പോഴാണ് വന്ദേമാതരമൊരു രാഷ്ട്രീയ ആയുധമായി മൂര്‍ച്ചകൂട്ടപ്പെടുന്നത്.
യഥാര്‍ത്ഥത്തില്‍ ബങ്കിംചന്ദ്ര ചാറ്റര്‍ജിയുടെ ‘ആനന്ദമഠം’ എന്ന കൃതിയില്‍ ഉള്‍ച്ചേര്‍ത്തിട്ടുള്ള ‘വന്ദേമാതരം’ എന്ന ഗാനം ആദ്യ വിമര്‍ശനത്തിന് വിധേയമായത് അദ്ദേഹത്തിന്റെ ജീവിതകാലത്ത് തന്നെയാണ്. ദേശീയ ഐക്യബോധം എന്ന സങ്കല്പത്തെ ശിഥിലമാക്കിക്കൊണ്ട് രചിക്കപ്പെട്ട ഗാനമായി അത് പല കോണില്‍ നിന്നും പ്രതിഷേധത്തിന് വിധേയമായി. ‘ആനന്ദമഠം’ വളരെയേറെ മാറ്റത്തിരുത്തലുകള്‍ക്ക് വിധേയമായ ഒരു നോവലാണ്. ബങ്കിംചന്ദ്ര ചാറ്റര്‍ജി ജീവിച്ചിരിക്കുമ്പോള്‍ തന്നെ വെട്ടിയും തിരുത്തിയും മുറിച്ചും കൂട്ടിച്ചേര്‍ത്തും മൂലകൃതിയില്‍ സമൂലമായ മാറ്റങ്ങള്‍ വരുത്തിയിട്ടുണ്ട്. ദേശീയ പ്രസ്ഥാനത്തിന്റെ മുഖ്യധാരയില്‍ അണിചേര്‍ന്നവര്‍, ജാതിമതഭേദമന്യ ആദ്യത്തെ പ്രതി ഷേധമുയര്‍ത്തിയപ്പോഴും, പിന്നീട് ഇംഗ്ലീഷുകാരന്റെ ഇംഗിതത്തെ മാനിച്ച് പലവുരുവും ആനന്ദമാഠം എന്ന സൃഷ്ടി പുനര്‍ജനിച്ചു.
കോണ്‍ഗ്രസിന്റെ ദേശീയ സമിതിയിലും ഈ ഗ്രന്ഥം അമര്‍ഷത്തിന്റെ വേനല്‍ ചൂടേറ്റു. അവരുടെ കൂട്ടായ എതിര്‍പ്പുകള്‍ക്കിടയില്‍ ന്യൂനപക്ഷസമുദായത്തിന്റെ ശബ്ദവുമുണ്ടായിരുന്നു എന്നുമാത്രം. എന്നാല്‍ ഇന്ന് സംഘ്പരിവാറിന്റെ ദൃഷ്ടിയില് ദേശീയബോധമുയര്‍ത്തുന്ന ഒരു ഗാനത്തിനെതിരെ ന്യൂനപക്ഷസമുദായത്തിന്റെ രാഷ്ട്രവിരുദ്ധമായ ശബ്ദം മാത്രമാണ് കേള്‍ക്കുന്നത്. ഈ കഥയുടെ പ്രചാരണത്തിലൂടെ ഒരു ധ്രുവീകരണത്തിന് വേണ്ടിയുള്ള കഠിന പ്രയത്നം അവര്‍ നടത്തുന്നു. ഇവിടെ വര്‍ഗീയ പ്രശ്നമായി നാം ഇതിനെ കാണരുത്.
മതേതര മൂല്യങ്ങള്‍ക്കായി നിലകൊള്ളുന്ന ജനമനസുകളില്‍ തീപ്പൊരി വാരിയിടാതെ, തികച്ചും നിഷ്പക്ഷമായ കോണിലൂടെ നമുക്ക് ഈ ഗ്രന്ഥത്തെ ഒന്ന് വിലയിരുത്താം. അതിനായി നമുക്കാശ്രയിക്കാനുള്ളത് പ്രഗത്ഭരായ ഗ്രന്ഥകാരന്മാരെത്തന്നെയാണ്. ജവഹര്‍ലാല്‍ നെഹ്റു, ബിപിന്‍ ചന്ദ്ര, റൊമിളാ ഥാപ്പര്‍, ഡോ. ഭീമീബൊരി മജൂംദാര്‍, താനികാ സര്‍ക്കാര്‍, പ്രൊഫ.വി. അരവിന്ദാക്ഷന് തുടങ്ങിയവര്‍ ‘ആനന്ദമഠ’ത്തെക്കുറിച്ച് നടത്തിയിട്ടുള്ള പരാമര്‍ശങ്ങളെ അവലംബമായി സ്വീകരിച്ചുകൊണ്ട് തികച്ചും നീതിയുക്തമായി നമുക്ക് ബങ്കിംചന്ദ്ര ചാറ്റര്‍ജിയുടെ സര്‍ഗ സൃഷ്ടിയുടെ ആഴങ്ങളിലേക്കൊന്നു മുങ്ങിനോക്കാം.
മാറ്റിത്തിരുത്തലിന്റെ നാള്‍വഴികള്‍ ബിപിന്‍ ചന്ദ്ര ഇീാാൗിമഹശമൊ ശി ങീറലൃി കിറശമ എന്ന കൃതിയില്‍ വിശദമായി രേഖപ്പെടുത്തിയിട്ടുണ്ട്. ആദ്യ വന്ദേമാതരം രചിക്കപ്പെട്ടപ്പോള്‍ സപ്ത കോടി കണ്ഠകളകളനിനാദകരാളേ എന്നായിരുന്നു. ഏഴുകോടി പ്രാര്‍ത്ഥനാനിര്‍ഭരമായ്… എന്നു പറയുന്നത് ഇന്ത്യയുടെ ജനസംഖ്യ ആയിരുന്നില്ല. ഹിന്ദുക്കളുടേതുമായിരുന്നില്ല. ബംഗാളികളുടേത് പോലുമായിരുന്നില്ല. അത് ബ്രിട്ടീഷുകാര്‍ സമകാലികമായുണ്ടാക്കിയ ഒറിയക്കാരും ആാസാമികളും, ബീഹാറികളുമെല്ലാമടങ്ങുന്ന ബംഗാള്‍ ‘പ്രസി ഡന്‍സി’യിലെ ജനസംഖ്യയായിരുന്നു. ഈ ‘കപടബോധം’ അധികനാള്‍ പിടിച്ചു നിറുത്താന്‍ സാധിച്ചില്ല ബങ്കിംചന്ദ്ര ചാറ്റര്‍ജിക്ക് നേരെ പ്രതിഷേധം ഇരമ്പി.
‘പ്രസിഡന്‍സി പാട്രിയോട്ടിസം.’ ഏഴുകോടി ശബ്ദമുയര്‍ന്നു എന്നത് ‘ഇരുപത് കോടി ശബ്ദം’ എന്നു മാറ്റിയെഴുതി. എന്നിട്ടും ഇന്ത്യന്‍ ദേശീയതയുടെ അതിര്‍വരമ്പുകള്‍ക്കപ്പുറമാണ് ‘രാജഭരണപ്രദേശങ്ങള്‍’ എന്ന സ്ഥിതിവന്നു. രോഷാഗ്നിയില്‍ തിളച്ച ദേശസ്നേഹികള്‍ ചാറ്റര്‍ജിക്ക് നേരെ ശരവര്‍ഷമായി. പിന്നീട് രാജഭരണ പ്രദേശത്തില്‍ ഉള്ളവരെക്കൂടെ ഇന്ത്യയിലെ ജനതയുടെ ഭാഗമായി കൂട്ടിച്ചേര്‍ത്തത് 1930ലെ ജനകീയ മുന്നേറ്റത്തെത്തുടര്‍ന്നാണ്, ‘കോടികോടി കണ്ഠകളകള നിനാദകരാളേ കോടികോടി ഭുജൈധ്യത ഖരകരവാളേ…’ എന്നായത്.
അതുകൊണ്ട് ആര്.എസ്.എസ് ആദ്യകാലത്ത് ‘വന്ദേ മാതരത്തോട്’ മാനസികമായി പൊരുത്തപ്പെട്ട് പോയിരുന്നില്ല. ആനന്ദമഠത്തിനെതിരെ ശബ്ദമുയര്‍ന്നു തുടങ്ങിയപ്പോള്‍ കോണ്‍ഗ്രസ് നേതൃത്വത്തിന് അതിലെ വര്‍ഗീയ പശ്ചാത്തലവും ഇംഗ്ലീഷ് പ്രീണനവും ബോധ്യമായി. പക്ഷേ അത് പരിഹരിക്കുന്നതിന് വേണ്ടിയുള്ള പൂര്‍ണമായ ശ്രമം അവര്‍ നടത്തിയില്ല. വന്ദേ മാതരത്തിനെതിരെ ശക്തമായ എതിര്‍പ്പ് വന്നപ്പോള്‍ ഇതിനെ സംബന്ധിച്ച് പഠിക്കാന്‍ ഇന്ത്യന്‍ നാഷണല്‍ കോണ്‍ഗ്രസ് ഒരു കമ്മറ്റി രൂപീകരിച്ചു.
അതില്‍ ജവഹര്‍ലാല്‍ നെഹ്റു, മൗലാനാ അബ്ദുള്‍കലാം ആസാദ്, സുഭാഷ് ചന്ദ്രബോസ്, ആചാര്യ നരേന്ദ്രദേവ് എന്നിവര്‍ അംഗങ്ങളായിരുന്നു. രവീന്ദ്രനാഥ ടാഗോറിന്റെ ഉപദേശം തേടാനും കമ്മറ്റിയോട് ആവശ്യപ്പെട്ടു. ഇതു സംബന്ധിച്ച പ്രമേയം രൂപപ്പെടുത്തിയത് നെഹ്റുവാണ്. 1939 ല്‍ ആദ്യ രണ്ട് പദ്യഭാഗവും നിലനിറുത്തിക്കൊണ്ട് മറ്റുള്ളവ ഉപേക്ഷിക്കാന്‍ കോണ്‍ഗ്രസ് തീരുമാനിച്ചു. എങ്കിലും വന്ദേമാതരത്തിനെതിരെയുള്ള വിമര്‍ശനം കോണ്‍ഗ്രസിന കത്ത് തുടര്‍ന്നുകൊണ്ടേയിരുന്നു.
ഒരുവിഭാഗം കോണ്‍ഗ്രസുകാരുടെ സമ്മര്‍ദ്ദമായിരുന്നു ഇതിനു കാരണം. എന്നാല്‍ 1947 ല്‍ സ്വാതന്ത്ര്യത്തിനുശേഷം പൂര്‍ണ ഭേദഗതി വരുത്താന്‍ കോണ്‍ഗ്രസ് തയാറായി. 1950 ജനുവരി 24ന് കോണ്‍സ്റ്റിസ്റ്റ്യുവന്റ് അസംബ്ലി കൂടിയപ്പോള്‍ ‘ജന ഗണമന’യെ ദേശീയഗാനമായി അംഗീകരിച്ചു. നെഹ്റു ഒരിക്കല്‍ സുബാഷ് ചന്ദ്രബോസിനെഴുതി. (1937 ഒക്ടോബറിലായിരുന്നു അത്) ‘ആനന്ദമഠം വായിച്ചശേഷം അതിലെ ഗാനത്തിന്റെ പശ്ചാത്തലം’ മുസ്ലിംകളെ ചൊടിപ്പിക്കാന്‍ സാധ്യതയുണ്ട് എന്നു തോന്നുന്നു. വന്ദേമാതരത്തിനെതിരെയുള്ള ആക്രോശം വലിയ അളവോളം വര്‍ഗീയ ശക്തികളുടെ സൃഷ്ട്ടിയാണ്. പക്ഷേ അതേ സമയം അല്പം കാമ്പും ഇല്ലാതില്ല. വര്‍ഗീയമായ ചായ്വുള്ളവരില്‍ അത് വല്ലാതെ പ്രശ്നമുണ്ടാക്കും.
ബങ്കിംചന്ദ്ര ചാറ്റര്‍ജിയുടെ ‘ആനന്ദമഠം’ ‘ബംഗദര്‍ശനം’ എന്ന സാഹിത്യ പത്രികയില്‍ ആണ് ആദ്യമായി പ്രസിദ്ധീകരിച്ചു വന്നത്. അതില്‍ ‘സന്ന്യാസികളുടെ പോരാട്ട’ത്തെക്കുറിച്ച് പറഞ്ഞപ്പോള്‍ അത് നടന്ന സ്ഥലങ്ങളുടെ പേരുകളും വര്‍ഷവും കാലവും എല്ലാം രേഖപ്പെ ടുത്തിയിരുന്നു. അന്ന് ബങ്കിം ചന്ദ്ര ചാറ്റര്‍ജി ബ്രിട്ടീഷുകാര്‍ക്ക് കീഴിലുള്ള ഒരു ഡപ്യൂട്ടി കലക്ടറായിരുന്നു. ‘ബംഗദര്‍ശന’ത്തില്‍ വന്ന ആദ്യനോവലില്‍ ബ്രിട്ടീഷുകാര്‍ക്കെതിരെയുള്ള സമരം കൂടിയാണ് സന്ന്യാസികള്‍ നടത്തുന്നതെന്ന് വരുന്ന തരത്തിലായിരുന്നു കഥ. അപ്പോഴാണ് ബ്രിട്ടീഷുകാര്‍ക്ക് കീഴെ ജോലിചെയ്യുന്ന ഒരു ഉദ്യോഗസ്ഥന് തന്റെ സ്ഥാനമാനങ്ങളെ ദുരുപയോഗം ചെയ്ത് സാഹിത്യ രചന നടത്തിയാല്‍ ആ പദവിക്ക് ഏല്ക്കാന് സാധ്യതയുള്ള ആഘാതത്തെ ക്കുറിച്ച് സുഹൃത്തുക്കള്‍ ബങ്കിംചന്ദ്ര ചാറ്റര്‍ജിക്ക് മുന്നറിയിപ്പ് നല്കി.
വളരെ കൃത്യമായി ചാറ്റര്‍ജി ബ്രിട്ടീഷുകാരുടെ പേരുകള്‍ തന്റെ അടുത്ത പതിപ്പില്‍ നിന്ന് നീക്കംചെയ്തുകൊണ്ട് സ്വസ്ഥനായി. പകരം നവാബിന്റെ കീഴിലുള്ള മുസ്ലിം ഉദ്യോഗസ്ഥരെ വില്ലന്മാരാക്കി അവരോട് ദേശാഭിമാനത്തോടെ പൊരുതുന്ന പടയാളികളുടെ പുതിയ വ്യാഖ്യാനം പുറത്തിറക്കി. ആര്.എസ്.എസിന്റെ സൈദ്ധാന്തികന്‍ മനല്‍ക്കാനി തന്നെ ഇത് വ്യക്തമാക്കിയിട്ടുണ്ട്. ത്രിവര്‍ണ പതാകക്ക് പകരം കാവിക്കൊടിയെ ദേശീയ പതാകയാക്കി മനസില്‍ ധ്യാനിക്കുന്ന ‘സംഘ്പരിവാര്‍ കുടുംബം’ വന്ദേമാതരം കൂടുതല്‍ ദേശീയത തുളുമ്പുന്ന ഗാനമായി ഗണിച്ചുപോരുന്നതിന് പിന്നിലെ ചേതോവികാരം നിഷ്പക്ഷമതികള്‍ ചികഞ്ഞുനോക്കേണ്ടതുണ്ട്.
ബ്രിട്ടീഷുകാരുടെ കാരുണ്യത്തിനായി ‘സര്‍ഗസൃഷ്ടിയെ’ വെട്ടിയും കുത്തിയും ശിഥിലമാക്കി പുനര്‍ രചനയ്ക്ക് വിധേയമാക്കിയ ബങ്കിം ചന്ദ്ര ചാറ്റര്‍ജിയുടെ നോവലിനേക്കാള്‍ കലാസൗഷ്ഠവം രവീന്ദ്രനാഥ ടാഗോറിന്റെയും അല്ലാമാ ഇഖ്ബാലിന്റെയും രചനകള്‍ക്കില്ല എന്നു പറയുന്ന സംഘ്പരിവാര്‍, ഗീബത്സിന്റെ ശിഷ്യഗണങ്ങളില്‍പ്പെടുന്നു. രവീന്ദ്രനാഥ ടാഗോറിന്റെ ‘ജനഗണമന’ ഉപേക്ഷിക്കണമെന്നുപോലും അവര്‍ രഹസ്യ പ്രചാരണം നടത്തുന്നു. ജോര്‍ജ്ജ് അഞ്ചാമനെ പാടിപ്പുകഴ്ത്തുന്ന സ്തുതിഗാനമായി മാത്രമേ അതിനെ പരിഗണിക്കാന്‍ പാടുള്ളൂ എന്ന ആശ്ചര്യജനകമായ പുതിയ വ്യാഖ്യാനം നല്‍കാനും അവര്‍ തയ്യാറായിരിക്കുന്നു.
( അവസാനിക്കുന്നില്ല )
-
kerala2 days agoകേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ തിരുവനന്തപുരത്ത്
-
News2 days agoഎക്സിലെ അശ്ലീല ഉള്ളടക്കം; കേന്ദ്ര നടപടിക്ക് പിന്നാലെ തെറ്റ് സമ്മതിച്ച് കമ്പനി, അക്കൗണ്ടുകള്‍ ഡിലീറ്റ് ചെയ്തു
-
kerala2 days ago‘ജയിപ്പിച്ച ജനങ്ങളോടുള്ള ഉത്തരവാദിത്തം കോണ്‍ഗ്രസ് നിറവേറ്റി’: വി ഡി സതീശന്
-
News2 days agoഎഫ്എ കപ്പില്‍ നിന്ന് ക്രിസ്റ്റല്‍ പാലസിനെ പുറത്താക്കി ആറാം ഡിവിഷന് ടീം
-
News2 days agoദക്ഷിണാഫ്രിക്കന്‍ കടലില്‍ ‘ബ്രിക്സ് പ്ലസ്’ നാവിക അഭ്യാസം തുടങ്ങി ചൈന, റഷ്യ, ഇറാന്
-
GULF2 days agoനാല്പതു തവണ ഹജ്ജ് കര്‍മം നിര്‍വഹിച്ചു; സൗദിയിലെ ഏറ്റവും പ്രായംകൂടിയ വ്യക്തി അന്തരിച്ചു;
-
kerala2 days agoദേശീയപാത 66: വെങ്ങളം-രാമനാട്ടുകര റീച്ചിലെ ടോള്‍ പിരിവിന് വിജ്ഞാപനം; ടോള്‍ പിരിവ് ചൊവ്വാഴ്ച തുടങ്ങിയേക്കും
-
kerala2 days agoപേരിലേ ബാലനുള്ളൂ, വർഗീയതയിൽ മൂത്തോൻ; എ.കെ. ബാലനെതിരെ ഷാഫി പറമ്പിൽ
