കരിപ്പൂർ: കരിപ്പൂർ വിമാനത്താവളത്തിൽ ഇന്ന് 40 സർവീസുകൾ റദ്ദാക്കി. കരിപ്പൂരിൽ നിന്ന് പുറപ്പെടേണ്ട 20 സർവീസുകളും ഇവിടെ എത്തേണ്ട 20 സർവീസുകളും ഉൾപ്പെടുന്നതാണ് റദ്ദാക്കലുകൾ. ഫ്ളൈനാസ് (റിയാദ്), സലാം എയർ (മസ്‌കറ്റ്) എന്നിവ പതിവ് സർവീസ് നടത്തി.
അതേസമയം ഗൾഫ് രാജ്യങ്ങളിൽ കുടുങ്ങിക്കിടക്കുന്ന യാത്രക്കാരെ തിരിച്ചെത്തിക്കാനുള്ള ആശ്വാസ സർവീസുകൾ തുടരുമെന്ന് അധികൃതർ അറിയിച്ചു. ഏകദേശം 15ഓളം സർവീസുകൾ കൊച്ചിയിലെത്തുമെന്നാണ് സൂചന. സന്ദർശകരായി എത്തി വിസ കാലാവധി അവസാനിക്കാറായവരെയും മറ്റ് അടിയന്തിര സാഹചര്യങ്ങളിൽ കുടുങ്ങിയവരെയും തിരിച്ചെത്തിക്കാനുള്ള പ്രത്യേക സർവീസുകളാണ് നടത്തുന്നത്. വിവിധ രാജ്യങ്ങൾ അവരുടെ പൗരന്മാരെ തിരിച്ചെത്തിക്കാൻ അയക്കുന്ന വിമാനങ്ങളും സർവീസ് നടത്തും.
എമിറേറ്റ്സ്, ഇത്തിഹാദ്, ഫ്ലൈദുബായ്, എയർ ഇന്ത്യ, ഇൻഡിഗോ, ആകാശ എയർ തുടങ്ങിയ കമ്പനികൾ കൊച്ചി, ഡൽഹി, മുംബൈ, ബംഗളൂരു, ചെന്നൈ എന്നിവിടങ്ങളിലേക്ക് ഇതിനകം ആശ്വാസ സർവീസുകൾ നടത്തിയിട്ടുണ്ട്. ഇത് തുടരുമെന്നും അറിയിച്ചു. സുരക്ഷാ അനുമതികൾക്ക് വിധേയമായി നടത്തുന്ന ഈ സർവീസുകളിൽ അർഹരായ യാത്രക്കാരെ നേരിട്ട് അറിയിക്കും. അറിയിപ്പ് ലഭിക്കാത്തവർ വിമാനത്താവളത്തിൽ എത്തരുതെന്നും അധികൃതർ മുന്നറിയിപ്പ് നൽകി.
സാധാരണ സർവീസുകൾ പൂർണമായി പുനരാരംഭിക്കാൻ വ്യോമമേഖല ശാന്തമാകുന്നതുവരെ കാത്തിരിക്കേണ്ടിവരും. ഫെബ്രുവരി 28 മുതൽ മാർച്ച് 10 വരെ യാത്ര ചെയ്യേണ്ടവർക്ക് അധിക നിരക്ക് ഈടാക്കാതെ തീയതി മാറ്റാനും ആവശ്യമെങ്കിൽ പണം തിരികെ ലഭിക്കാനും നടപടിയുണ്ടാകുമെന്ന് ഇത്തിഹാദും ഖത്തർ എയർവേസും അറിയിച്ചു.
ഇന്നലെ ഗൾഫ് രാജ്യങ്ങളുമായി ഏകോപിപ്പിച്ച് യുഎഇ ആകാശപാതകൾ തുറന്നിരുന്നു. മണിക്കൂറിൽ 48 വിമാനങ്ങൾ കൈകാര്യം ചെയ്യാനുള്ള ശേഷി ഈ പാതകൾക്കുണ്ടെന്ന് യുഎഇ ടൂറിസം മന്ത്രി അറിയിച്ചു. ഘട്ടംഘട്ടമായി സർവീസുകൾ വർധിപ്പിക്കുമെന്നും വരും ദിവസങ്ങളിൽ കൂടുതൽ അടിയന്തിര സർവീസുകൾ പ്രതീക്ഷിക്കാമെന്നും അധികൃതർ അറിയിച്ചു.