india

ഉന്നാവോ കേസ്; ഹൈക്കോടതി ഉത്തരവ് സ്റ്റേ ചെയ്യണം സിബിഐ സുപ്രീം കോടതിയില്‍

By webdesk17

December 28, 2025

ന്യൂഡല്‍ഹി ഉന്നാവ് ബലാത്സംഗക്കേസില്‍ ഉത്തര്‍പ്രദേശ് മുന്‍ എം. എല്‍.എ കുല്‍ദീപ് സിങ് സേംഗറിന്റെ ശിക്ഷ മരവിപ്പിച്ച് ജാമ്യം അനുവദിച്ച ഡല്‍ഹി ഹൈക്കോടതി വിധിക്കെതിരെ സി.ബി.ഐ സുപ്രീംകോടതിയില്‍ അപ്പീല്‍ നല്‍കി. അതിജീവിത സുപ്രീംകോടതിയെ സമീപിക്കാനിരിക്കെയാണ് സി.ബി.ഐയുടെ നീക്കം. പീഡനത്തിലെ ഇര പ്രതിപക്ഷ നേതാവ് രാഹുല്‍ ഗാന്ധിയെയും കോണ്‍ഗ്രസ് നേതാവ് സോണിയ ഗാന്ധിയെയും സന്ദര്‍ശിച്ചതിനെ തുടര്‍ന്നാണ് സി.ബി.ഐ തീരുമാനം. ഡല്‍ഹി ഹൈക്കോടതി ഉത്തരവ് അടിയന്തരമായി സ്റ്റേ ചെയ്യണമെന്നും അപ്പിലില്‍ സിബിഐ ആവശ്യപ്പെട്ടിട്ടുണ്ട്. വിധി യുക്തിഹീനവും നിയമവിരു ദ്ധവുമാണ്. ഹൈക്കോടതിയുടെ ഉത്തരവ് അതിജീവിതയുടെയും കുടുംബത്തിന്റെയും ക്ഷേമവും സുരക്ഷയും അപകടത്തിലാക്കുമെന്നും സിബിഐ ചൂണ്ടിക്കാട്ടി. സാങ്കേതികവാദം ഉയര്‍ത്തിയാണ് സെംഗാറിന് കോടതി ജാമ്യം നല്‍കിയത്. ഹൈകോടതിയുടെ തീരുമാനം പോക്സോ നിയമത്തിന്റെ സംരക്ഷണ ചട്ടക്കൂടിനെ ദുര്‍ബലപ്പെടുത്തിയെന്ന് സി.ബി.ഐ അഭിപ്രായപ്പെട്ടു. കുറ്റകൃത്യത്തിന്റെ ഗൗരവം വെച്ചുനോക്കുമ്പോള്‍ അത് നിയമപരമായി നിലനില്‍ക്കുന്നതല്ലെന്നും സി.ബി.ഐ ഹരജിയില്‍ അഭിപ്രായപ്പെട്ടു.

ശിക്ഷയില്‍ ഇളവ് വരുത്തുന്നതിന് മുമ്പ്, കുറ്റകൃത്യത്തിന്റെ ഗൗരവം, കുറ്റം ചെയ്ത വിധം, പ്രതിക്ക് അതിലുള്ള പങ്ക്, ഇരക്ക് നിലനില്‍ക്കുന്ന ഭീഷണി സാധ്യത എന്നിങ്ങനെയുള്ള നിരവധി ഘടകങ്ങള്‍ കണക്കിലെടുക്കണമെന്ന് സുപ്രീംകോടതി അടിവരയിട്ട് വ്യക്തമാക്കിയിട്ടുണ്ട്. ഈ കാര്യങ്ങള്‍ വേണ്ടവിധം പരിഗണിക്കാന്‍ കോടതിക്ക് കഴിഞ്ഞില്ലെന്നും ഹരജി ചൂണ്ടിക്കാട്ടുന്നു. 2019ലാണ് സേംഗറെ കോടതി ജീവപര്യന്തം ശിക്ഷിച്ചത്. സി.ബി.ഐ ആയിരുന്നു കേസ് അന്വേഷിച്ചത്. കേസ് സൂപ്രീം കോടതി തിങ്കളാഴ്ച പരിഗണിക്കും.