ന്യൂയോര്‍ക്ക്/മോസ്‌കോ: രാസായുധ പ്രയോഗത്തിന് മറുപടിയായി സിറിയയെ ആക്രമിക്കുമെന്ന് അമേരിക്കയുടെ നേതൃത്വത്തിലുള്ള പാശ്ചാത്യ ശക്തികളും സൈനിക നടപടിയുണ്ടായാല്‍ ശക്തമായി തിരിച്ചടിക്കുമെന്ന് റഷ്യയും വ്യക്തമാക്കിയതോടെ പശ്ചിമേഷ്യ യുദ്ധഭീതിയില്‍. എന്തു വിലകൊടുത്തും സിറിയയെ ആക്രമണത്തില്‍നിന്ന് സംരക്ഷിക്കുമെന്ന് റഷ്യ പ്രഖ്യാപിച്ച സാഹചര്യത്തില്‍ അമേരിക്ക നിലപാട് മയപ്പെടുത്തിയിട്ടുണ്ട്.

സൈനിക നടപടി സംബന്ധിച്ച് അന്തിമ തീരുമാനമെടുത്തിട്ടില്ലെന്ന് വൈറ്റ്ഹൗസ് വക്താവ് സാറ സാന്‍ഡേഴ്‌സ് അറിയിച്ചു. എന്ത് നടപടിയാണ് ഉണ്ടാവുകയെന്ന് അമേരിക്ക കൃത്യമായി പറഞ്ഞിട്ടില്ലെന്നും സാന്‍ഡേഴ്‌സ് കൂട്ടിച്ചേര്‍ത്തു. യു.എസ് മിസൈലുകളെ നേരിടാന്‍ സജ്ജമായിക്കൊളൂ എന്ന് റഷ്യയെ ഭീഷണിപ്പെടുത്തിയ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപും പുതിയ ട്വീറ്റില്‍ കരുതലോടെയാണ് സംസാരിച്ചത്. സിറിയയെ എപ്പോള്‍ ആക്രമിക്കുമെന്ന് താന്‍ ഒരിക്കലും വ്യക്തമാക്കിയിട്ടില്ലെന്ന് അദ്ദേഹം പറഞ്ഞു. ആക്രമണം ഉണ്ടാവുകയോ ഇല്ലാതിരിക്കുകയോ ചെയ്യാം. ഐ.എസിനെ തുരത്തുകയെന്ന ജോലി എന്റെ ഭരണകൂടത്തിനുകീഴില്‍ അമേരിക്ക നിര്‍വഹിച്ചിട്ടുണ്ട്-ട്രംപ് പറഞ്ഞു. മുന്‍ ട്വീറ്റുകളില്‍ വീമ്പിളക്കിയതുപോലെ സിറിയയെ തൊടാന്‍ അമേരിക്കക്ക് പേടിയുണ്ടെന്നാണ് പുതിയ പ്രസ്താവന വ്യക്തമാക്കുന്നത്.

അമേരിക്കയും ഫ്രാന്‍സും സൈനിക നടപടിക്ക് മുതിര്‍ന്നാല്‍ എന്ത് ചെയ്യണമെന്ന് തീരുമാനിക്കാന്‍ ബിട്ടീഷ് പ്രധാനമന്ത്രി തെരേസ മേയ് മന്ത്രിസഭയുടെ അടിയന്തര യോഗം വിളിച്ചുചേര്‍ത്തിരുന്നു. ഈസ്റ്റര്‍ അവധിയില്‍ പോയ മന്ത്രിമാരെ തിരിച്ചുവിളിച്ചാണ് മേയ് ചര്‍ച്ച നടത്തിയത്.
സിറിയന്‍ തലസ്ഥാനമായ ദമസ്‌കസിന് സമീപം ദൂമയില്‍ സ്ത്രീകളും കുട്ടികളുമടക്കം 70ലേറേ പേര്‍ കൊല്ലപ്പെട്ട രാസാക്രമണത്തിന് മറുപടി നല്‍കണമെന്നാണ് യൂറോപ്യന്‍ രാജ്യങ്ങളുടെ നിലപാട്. എന്നാല്‍ സൈനിക നടപടിയുണ്ടായാല്‍ റഷ്യയുമായി നേരിട്ട് ഏറ്റുമുട്ടേണ്ടിവരുമോ എന്ന ഭയം യൂറോപ്യന്‍ രാജ്യങ്ങള്‍ക്കുമുണ്ട്. ഫ്രഞ്ച് പ്രസിഡന്റ് ഇമ്മാനുവല്‍ മക്രോണും സിറിയക്കെതിരെ എന്ത് നടപടി വേണമെന്ന കാര്യത്തില്‍ ഉടന്‍ തീരുമാനം പ്രഖ്യാപിക്കാന്‍ തയാറായിട്ടില്ല. സിറിയയില്‍ രാസാക്രമണം നടന്നതിന് തെളിവുണ്ടെന്ന് മക്രോണ്‍ ഇന്നലെയും അറിയിച്ചു. മേഖലയുടെ സ്ഥിരതയെ തന്നെ അപകടപ്പെടുത്തുന്ന വിധം സംഘര്‍ഷം വഷളാകാന്‍ അനുവദിക്കില്ലെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. സിറിയക്കെതിരെ വരുന്ന മിസൈല്‍ തകര്‍ക്കുമെന്നും അവ വിക്ഷേപിച്ച കേന്ദ്രങ്ങളില്‍ ആക്രമണം നടത്തുമെന്നുമാണ് റഷ്യയുടെ പ്രഖ്യാപനം. സിറിയയില്‍ സംഘര്‍ഷങ്ങള്‍ വര്‍ധിപ്പിക്കുന്ന ഏത് നീക്കവും തടയേണ്ടത് അനിവാര്യമാണെന്ന് റഷ്യന്‍ വക്താവ് ദിമിത്രി പെസ്‌കോവ് പറഞ്ഞു. ട്വിറ്റര്‍ നയതന്ത്രത്തിന് റഷ്യ ഇല്ലെന്നും ട്രംപിനെ പരിഹസിച്ചുകൊണ്ട് അദ്ദേഹം വ്യക്തമാക്കി.

റഷ്യക്കെതിരെ പുതിയ, സ്മാര്‍ട്ട് മിസൈലുകള്‍ അയക്കുമെന്ന ട്രംപിന്റെ ഭീഷണിക്ക് റഷ്യന്‍ വിദേശകാര്യ മന്ത്രാലയ വക്താവ് മറിയ സഖറോവ തള്ളിക്കളഞ്ഞു. സിറിയയിലെ ഭീകരവാദികള്‍ക്കുനേരെയാണ് സ്മാര്‍ട്ട് മിസൈലുകള്‍ പറത്തേണ്ടതെന്നും നിയമപരമായി തെരഞ്ഞെടുക്കപ്പെട്ട സിറിയന്‍ ഭരണകൂടത്തിനെതിരെ അല്ലന്നും അവര്‍ പറഞ്ഞു. രാസാക്രമണം നടത്തിയിട്ടില്ലെന്ന് റഷ്യയും സിറിയയും വ്യക്തമാക്കിയിട്ടുണ്ട്. ദൂമയില്‍ സന്ദര്‍ശനം നടത്തി പരിശോധന നടത്തുമെന്ന് അന്താരാഷ്ട്ര രാസായുധ വിരുദ്ധ സംഘടന(ഒ.പി.സി.ഡബ്ല്യു) അറിയിച്ചിട്ടുണ്ടെങ്കിലും എപ്പോഴാണ് അതുണ്ടാവുകയെന്നോ ഏത് തെളിവാണ് പരിശോധിക്കുകയെന്നോ വ്യക്തമല്ല.