ന്യൂയോർക്ക്: വെനസ്വേലൻ പ്രസിഡന്റ് നിക്കോളാസ് മദുറോയെ യു.എസ്. സൈന്യം ന്യൂയോർക്കിലെത്തിച്ചതായി റിപ്പോർട്ട്. മദുറോ ഇനി യുഎസിലെ കോടതിയിൽ വിചാരണ നേരിടേണ്ടിവരുമെന്നാണ് അറിയിപ്പ്. ലഹരിക്കടത്ത് കേസിലാണ് മദുറോയെയും ഭാര്യയെയും വിചാരണയ്ക്ക് വിധേയമാക്കുന്നതെന്ന്പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് വ്യക്തമാക്കി.
അധികാര കൈമാറ്റം യാഥാർഥ്യമാകുന്നതുവരെ വെനസ്വേലയെ അമേരിക്ക ഭരിക്കുമെന്ന് ട്രംപ് ഇന്നലെ പ്രഖ്യാപിച്ചിരുന്നു. യുഎസ് നടപടി “തികച്ചും സാധാരണമായ ആക്രമണം” മാത്രമാണെന്നായിരുന്നു ട്രംപിന്റെ വാദം. ചെറിയ സമയത്തിനുള്ളിൽ വെനസ്വേലൻ സൈന്യത്തെ നിരായുധരാക്കിയെന്നും, ഒരു രാജ്യത്തിനും സ്വന്തമാക്കാനാവാത്ത നേട്ടമാണ് യുഎസ് സൈന്യം കൈവരിച്ചതെന്നും അദ്ദേഹം മാധ്യമങ്ങളോട് പറഞ്ഞു.
അതേസമയം, വെനസ്വേലയിലെ വിവിധ നഗരങ്ങളിൽ യുഎസ് വിരുദ്ധ പ്രതിഷേധങ്ങൾ ശക്തമായി തുടരുകയാണ്. അധിനിവേശ ലക്ഷ്യങ്ങൾ തുറന്നുപറഞ്ഞ ട്രംപ്, യുഎസ് എണ്ണക്കമ്പനികൾ വെനസ്വേലയിലെത്തുമെന്നും, ആവശ്യമെങ്കിൽ ഇനിയും ആക്രമണം തുടരുമെന്നും മുന്നറിയിപ്പ് നൽകി.
ഇതിനിടെ, നിക്കോളാസ് മദുറോയുടെ ചിത്രം ട്രംപ് പുറത്തുവിട്ടു. യുഎസ് യുദ്ധക്കപ്പലിൽ നിന്നെടുത്തതാണെന്ന് അവകാശപ്പെടുന്ന ചിത്രമാണിത്.