News

ഗസ്സയുടെ ‘സമാധാന സമിതി’യില്‍ ചേര്‍ന്ന് യുദ്ധക്കുറ്റവാളി നെതന്യാഹു

By webdesk17

January 21, 2026

‘സമാധാന സമിതി’യില്‍ ചേരാനുള്ള അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപിന്റെ ക്ഷണം സ്വീകരിച്ച് ഇസ്രാഈല്‍ പ്രധാനമന്ത്രി ബെഞ്ചമിന്‍ നെതന്യാഹു. ഗസ്സയിലെ യുദ്ധക്കുറ്റങ്ങള്‍ക്ക് അറസ്റ്റ് ചെയ്യാന്‍ അന്താരാഷ്ട്ര ക്രിമിനല്‍ കോടതി (ഐസിസി) വാറണ്ട് പുറപ്പെടുവിച്ചിട്ടും നെതന്യാഹു ഈ സംരംഭത്തില്‍ ചേരുമെന്ന് ഇസ്രാഈല്‍ നേതാവിന്റെ ഓഫീസ് ബുധനാഴ്ച സമൂഹ മാധ്യമത്തിലൂടെ അറിയിച്ചു. ഗസ്സയ്ക്കെതിരായ ഇസ്രാഈലിന്റെ വംശഹത്യ യുദ്ധം അവസാനിപ്പിക്കാന്‍ ഹമാസുമായുള്ള വെടിനിര്‍ത്തല്‍ കരാറിന്റെ രണ്ടാം ഘട്ടത്തിന്റെ ഭാഗമായാണ് ‘ബോര്‍ഡ് ഓഫ് പീസ്’ അനാവരണം ചെയ്തത്.

നിരവധി ലോക നേതാക്കളെ ബോഡിയില്‍ ചേരാന്‍ ക്ഷണിച്ചിട്ടുണ്ട്, ‘ഭരണശേഷി വര്‍ദ്ധിപ്പിക്കല്‍, പ്രാദേശിക ബന്ധങ്ങള്‍, പുനര്‍നിര്‍മ്മാണം, നിക്ഷേപ ആകര്‍ഷണം, വലിയ തോതിലുള്ള ഫണ്ടിംഗ്, മൂലധന സമാഹരണം’ എന്നിവയ്ക്ക് മേല്‍നോട്ടം വഹിക്കുമെന്ന് ട്രംപ് വിഭാവനം ചെയ്യുന്നു. എന്നിരുന്നാലും, നെതന്യാഹുവിന്റെ പങ്കാളിത്തം ബോര്‍ഡിന്റെ വസ്തുനിഷ്ഠതയെക്കുറിച്ചുള്ള ആശങ്കകള്‍ വര്‍ദ്ധിപ്പിക്കാനാണ് സാധ്യത. എന്നാല്‍ തുര്‍ക്കി ഖത്തര്‍ ഉള്‍പ്പെടെയുള്ള രാഷ്ട്രങ്ങള്‍ സമിതിയില്‍ ചേരുന്നതില്‍ നെതന്യാഹു എതിര്‍പ്പ് പ്രകടിപ്പിച്ചു. ഗസ്സയിലെ ഭരണത്തിനുള്ള സമിതിയുടെ ഘടനയെക്കുറിച്ച് അമേരിക്കയുമായി അഭിപ്രായവ്യത്യാസമുണ്ടെന്നും ഗസ്സയില്‍ ഒരു വിദേശ സൈന്യത്തെയും പ്രവേശിപ്പിക്കില്ലെന്നും നെതന്യാഹു ഇന്നലെ ഇസ്രാഈല്‍ നെസറ്റ് പ്ലീനത്തില്‍ പറഞ്ഞു. നെതന്യാഹുവിന്റെ തലക്ക് മുകളിലൂടെ അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് ഗസ്സയിലെ ഭരണസമിതിയുടെ ഘടന പ്രഖ്യാപിച്ചുവെന്ന് പ്രതിപക്ഷ നേതാവ് യെയര്‍ ലാപിഡ് വിമര്‍ശിച്ചു.

യുഎഇ, മൊറോക്കോ, വിയറ്റ്‌നാം, ബെലാറസ്, ഹംഗറി, കസാക്കിസ്താന്‍, അര്‍ജന്റീന എന്നീ രാജ്യങ്ങള്‍ ബോര്‍ഡ് അംഗങ്ങളാണ്. യുണൈറ്റഡ് കിങ്ഡം, യൂറോപ്യന്‍ യൂണിയന്‍ ഉള്‍പ്പെടെയുള്ള രാജ്യങ്ങളെയും ബോര്‍ഡിലേക്ക് ക്ഷണിച്ചിരുന്നെന്നെങ്കിലും ഇതുവരെ പ്രതികരിച്ചിട്ടില്ല.