News

‘750 കോടിക്ക് സര്‍ക്കാര്‍ എന്താണ് വയനാട്ടില്‍ ചെയ്യുന്നത്?; ഊരാളുങ്കല്‍ ലേബര്‍ സൊസൈറ്റിക്ക് നല്‍കിയതിന്റെ ടെന്‍ഡര്‍ രേഖ പുറത്തുവിടണം’

By webdesk17

January 20, 2026

വയനാട് പുനരധിവാസ പദ്ധതി ഊരാളുങ്കല്‍ ലേബര്‍ സൊസൈറ്റിക്ക് നല്‍കിയതിന്റെ ടെന്‍ഡര്‍ രേഖ സര്‍ക്കാര്‍ പുറത്തുവിടണമെന്ന് യൂത്ത് കോണ്‍ഗ്രസ് നേതാവ് അബിന്‍ വര്‍ക്കി. ഇക്കഴിഞ്ഞ ഒമ്പതര വര്‍ഷത്തിനുളളില്‍ ഒരു ടെന്‍ഡര്‍ പോലുമില്ലാതെ കേരളത്തില്‍ സര്‍ക്കാര്‍ ഊരാളുങ്കലിന് കൊടുത്ത പ്രൊജക്ടുകളുടെ എണ്ണം എത്രയാണെന്ന് വ്യക്തമാക്കണമെന്നും അബിന്‍ വര്‍ക്കി പറഞ്ഞു. വയനാട് പുനരധിവാസ പദ്ധതിയില്‍ എത്ര കോടി രൂപയുടെ പദ്ധതിയാണ് ഊരാളുങ്കലിന് കൊടുത്തത് എന്ന് പറയാന്‍ സര്‍ക്കാര്‍ തയ്യാറാകണമെന്നും അബിന്‍ ആവശ്യപ്പെട്ടു.

അതേസമയം വയനാടിന്റെ പുനരധിവാസ പദ്ധതി ഊരാളുങ്കല്‍ ലേബര്‍ സൊസൈറ്റിക്ക് കൊടുത്തത് ഏത് ടെന്‍ഡറിന്റെ അടിസ്ഥാനത്തിലാണെന്ന് അബിന്‍ ചോദിച്ചു. വയനാട്ടില്‍ കോണ്‍ഗ്രസ് 100 വീടും, ലീഗ് 100 വീടും പണിയുന്നുണ്ടെന്നും, 100 വീടിനുളള തുക കര്‍ണാടക സര്‍ക്കാര്‍ കൊടുത്തെന്നും അബിന്‍ പറഞ്ഞു. 750 കോടി രൂപയ്ക്ക് സര്‍ക്കാര്‍ എന്താണ് വയനാട്ടില്‍ ചെയ്യാന്‍ പോകുന്നതെന്നും ഊരാളുങ്കലിന് ഏത് ടെന്‍ഡറിന്റെ അടിസ്ഥാനത്തിലാണ് പദ്ധതി കൊടുത്തതെന്ന് വ്യക്തമാക്കണമെന്നും അദ്ദേഹം പറഞ്ഞു.

വയനാടുമായി ബന്ധപ്പെട്ട ആദ്യ ഗഡു കൈമാറിയെന്നും ഒരുകോടി അഞ്ച് ലക്ഷം രൂപ കെപിസിസിയുടെ ഫണ്ടിലേക്ക് കൊടുത്തെന്നും അബിന്‍ സൂചിപ്പിച്ചു. അടുത്ത ഘട്ടത്തില്‍ അതിന്റെ തുടര്‍പ്രവര്‍ത്തനങ്ങള്‍ക്കുളള പണവും നല്‍കുമെന്നും അദ്ദേഹം വ്യക്തമാക്കി. കെപിസിസി സ്ഥലം കണ്ടെത്തി അവിടെ രജിസ്ട്രേഷന്‍ നടപടികള്‍ പൂര്‍ത്തീകരിച്ചു. ഉടന്‍ തന്നെ തറക്കല്ലിടല്‍ ചടങ്ങുകളും ഉണ്ടാകുന്നതാണ്. വയനാടുമായി ബന്ധപ്പെട്ട് ഞങ്ങള്‍ നല്‍കിയ ഉറപ്പ് നിറവേറ്റുമെന്നും അബിന്‍ പറഞ്ഞു. ഞങ്ങള്‍ 100 വീടുകള്‍ പറഞ്ഞു, ആ നൂറ് വീടുകള്‍ പൂര്‍ത്തീകരിക്കും. അതില്‍ യൂത്ത് കോണ്‍ഗ്രസിന്റെ വീടുകളുമുണ്ടാകും’, അബിന്‍ കൂട്ടിച്ചേര്‍ത്തു.

അതേസമയം സര്‍ക്കാരിന്റെ വീട് പണി എന്തായെന്ന് ചോദിച്ചാല്‍ അത് നടക്കുന്നെന്ന ഉത്തരം മാത്രമാണുളളതെന്നും അബിന്‍ കുറ്റപ്പെടുത്തി.