News

‘സെറ്റിലെത്തിയപ്പോള്‍ ഞാനാകെ അമ്പരന്നു’; അക്ഷയ് ഖന്നയെക്കുറിച്ച് പ്രിയദര്‍ശന്‍

By webdesk17

January 13, 2026

സോഷ്യല്‍ മീഡിയയില്‍ ഈ ദിവസങ്ങളില്‍ ഏറ്റവും കൂടുതല്‍ ചര്‍ച്ച ചെയ്യപ്പെടുന്ന പേരുകളില്‍ ഒന്നാണ് അക്ഷയ് ഖന്ന. രണ്‍വീര്‍ സിങ്ങിനെ നായകനാക്കി ആദിത്യ ധര്‍ സംവിധാനം ചെയ്ത ‘ധുരന്ദര്‍’ എന്ന സിനിമയില്‍ അക്ഷയ് ഖന്ന അവതരിപ്പിച്ച കഥാപാത്രം പ്രേക്ഷകരുടെ വന്‍ കയ്യടിയാണ് നേടുന്നത്. ചിത്രത്തിലെ അദ്ദേഹത്തിന്റെ പ്രകടനവും പ്രത്യേകിച്ച് ഒരു ഡാന്‍സ് രംഗവും സോഷ്യല്‍ മീഡിയയില്‍ ആഘോഷമായി മാറിയിരിക്കുകയാണ്. ‘ധുരന്ദര്‍’ തിയേറ്ററുകളില്‍ മികച്ച പ്രതികരണങ്ങളോടെ മുന്നേറുകയാണ്. ആഗോളതലത്തില്‍ ചിത്രം 1000 കോടി ക്ലബ്ബില്‍ ഇടം നേടിയതായി റിപ്പോര്‍ട്ടുകളുണ്ട്. ഇതോടൊപ്പം സിനിമയ്ക്ക് വമ്പന്‍ ഒടിടി ഡീല്‍ ലഭിച്ചതായും റിപ്പോര്‍ട്ട് ചെയ്യപ്പെടുന്നു. 285 കോടി രൂപയ്ക്ക് ധുരന്ദര്‍യുടെ ഒടിടി റൈറ്റ്‌സ് നെറ്റ്ഫ്‌ളിക്‌സ് സ്വന്തമാക്കിയെന്നാണ് വിവരം. അങ്ങനെ ആയാല്‍ ഒരു ബോളിവുഡ് സിനിമയ്ക്ക് ലഭിക്കുന്ന ഏറ്റവും വലിയ ഒടിടി ഡീല്‍ ആകുമിത്.

സിനിമയുടെ രണ്ടാം ഭാഗത്തിനായുള്ള കാത്തിരിപ്പിലാണ് ആരാധകര്‍. ഹിന്ദി, തെലുങ്ക്, കന്നഡ, മലയാളം, തമിഴ് ഭാഷകളിലായി 2026 മാര്‍ച്ച് 19ന് ചിത്രം തിയേറ്ററുകളില്‍ എത്തുമെന്നാണ് പ്രഖ്യാപനം. കേരളത്തിലും സിനിമയ്ക്ക് മികച്ച വരവേല്‍പ്പാണ് ലഭിച്ചത്. ഇതിനിടെയാണ് അക്ഷയ് ഖന്നയെക്കുറിച്ച് സംവിധായകന്‍ പ്രിയദര്‍ശന്‍ പങ്കുവെച്ച അനുഭവങ്ങള്‍ ശ്രദ്ധ നേടുന്നത്. അക്ഷയ് ഖന്നയെ നായകനാക്കി തന്റെ ആദ്യ ഹിന്ദി ചിത്രം സംവിധാനം ചെയ്ത അനുഭവമാണ് പ്രിയദര്‍ശന്‍ ഓര്‍ത്തെടുത്തത്. ഡോളി സജാ കെ രഖ്‌നാ എന്ന ചിത്രത്തിലേക്ക് അക്ഷയ് ഖന്നയെ നായകനാക്കാന്‍ തീരുമാനിച്ചപ്പോള്‍ പലരും തന്നെ എതിര്‍ത്തിരുന്നുവെന്നാണ് പ്രിയദര്‍ശന്റെ വെളിപ്പെടുത്തല്‍. ‘അദ്ദേഹം വളരെ മൂഡ് സ്വിങ്‌സുള്ള ആളാണെന്ന് പലരും പറഞ്ഞു. പക്ഷേ സെറ്റിലെത്തിയപ്പോള്‍ അതിന്റെ നേരെ എതിര്‍സ്വഭാവമുള്ളയാളെയാണ് ഞാന്‍ കണ്ടത്. ആദ്യ സിനിമ മുതല്‍ തന്നെ അദ്ദേഹത്തോട് എനിക്ക് വലിയ ബഹുമാനം തോന്നി,’ പ്രിയദര്‍ശന്‍ പറയുന്നു.

‘രാവിലെ 5 മണിക്ക് സെറ്റില്‍ എത്താന്‍ പറഞ്ഞാല്‍ കൃത്യസമയത്ത് തന്നെ അദ്ദേഹം അവിടെയുണ്ടാകും. ഞങ്ങള്‍ ആറു സിനിമകളില്‍ ഒരുമിച്ച് പ്രവര്‍ത്തിച്ചു. അതിനിടയില്‍ ഒരിക്കല്‍ പോലും കയ്‌പേറിയ അനുഭവം ഉണ്ടായിട്ടില്ല. വിമര്‍ശനങ്ങള്‍ അദ്ദേഹത്തെ അലട്ടാറുമില്ല,’ എന്നും പ്രിയദര്‍ശന്‍ കൂട്ടിച്ചേര്‍ത്തു. അതേസമയം, ധുരന്ദര്‍യുടെ വിജയത്തിന് പിന്നാലെ അക്ഷയ് ഖന്നയെ ചുറ്റിപ്പറ്റി ചില വിവാദങ്ങളും ഉയര്‍ന്നിരുന്നു. ദൃശ്യം 3യുടെ ഹിന്ദി പതിപ്പില്‍ നിന്ന് അക്ഷയ് ഖന്ന പിന്മാറിയെന്നും പ്രതിഫലത്തെച്ചൊല്ലിയുള്ള തര്‍ക്കമാണ് ഇതിന് കാരണമെന്നുമായിരുന്നു റിപ്പോര്‍ട്ടുകള്‍. സിനിമയുടെ ചിത്രീകരണം ആരംഭിക്കാന്‍ പത്ത് ദിവസം മാത്രം ശേഷിക്കെ അക്ഷയ് ഖന്ന പിന്മാറിയെന്നാണ് നിര്‍മാതാവും സംവിധായകനും ആരോപിച്ചത്. അദ്ദേഹത്തിന്റെ പെരുമാറ്റം പ്രൊഫഷണല്‍ അല്ലെന്നും ടോക്‌സിക്കാണെന്നും അവര്‍ വിമര്‍ശിച്ചിരുന്നു. ഈ വിഷയത്തില്‍ നിര്‍മ്മാണകമ്പനിയുടെ ഭാഗത്തുനിന്ന് നിലവില്‍ കൂടുതല്‍ അപ്‌ഡേറ്റുകള്‍ ഒന്നും പുറത്തുവന്നിട്ടില്ല. അതേസമയം, വിവാദങ്ങള്‍ക്കപ്പുറം ധുരന്ദര്‍യിലെ പ്രകടനത്തിലൂടെ അക്ഷയ് ഖന്ന വീണ്ടും പ്രേക്ഷക മനസ്സ് കീഴടക്കുകയാണ്.