ഗുവാഹത്തി: അസമിലെ സംഘര്‍ഷഭൂമിയില്‍ കണ്ട ഹൃദയഭേദകമായ രംഗങ്ങള്‍ പങ്കുവെച്ച് യൂത്ത്‌ലീഗ് പ്രതിനിധി സംഘം. യൂത്ത് ലീഗ് ദേശീയ പ്രസിഡണ്ട് ആസിഫ് അന്‍സാരി, ദേശീയ ജനറല്‍ സെക്രട്ടറി സികെ സുബൈര്‍ എന്നിവരുടെ നേതൃത്വത്തിലുള്ള പ്രതിനിധി സംഘമാണ് സന്ദര്‍ശനം നടത്തിയത്. അസം- മിസോറം അതിര്‍ത്തിയിലെ സംഘര്‍ഷ ബാധിത പ്രദേശമായ കച്ചാര്‍തര്‍ ഗ്രാമത്തിലാണ് സന്ദര്‍ശനം നടത്തിയത്. കലാപ ബാധിതര്‍ക്ക് അടിയന്തര സഹായം എന്ന നിലയ്ക്ക് സംഘം ഭക്ഷ്യവസ്തുക്കള്‍ അടങ്ങിയ കിറ്റ് വിതരണം ചെയ്തു. അസമിലെ വര്‍ഗീയ അക്രമണങ്ങളെക്കുറിച്ച് കഴിഞ്ഞ ദിവസം ഇ ടി മുഹമ്മദ് ബഷീര്‍ പാര്‍ലമെന്റില്‍ സംസാരിച്ചിരുന്നു. ഇതെ തുടര്‍ന്നാണ് യൂത്ത് ലീഗ് പ്രതിനിധി സംഘം അസമിലെത്തിയത്.

സികെ സുബൈറിന്റെ ഫേസ്ബുക്ക് പോസ്റ്റ്

അസമിലെ സംഘര്‍ഷഭൂമിയില്‍ കണ്ട കാഴ്ച്ചകള്‍ ഹൃദയഭേദകമായിരുന്നു. യൂത്ത് ലീഗ് ദേശീയ പ്രസിഡണ്ട് ആസിഫ് അന്‍സാരിയോടൊപ്പമാണ് അസം മിസോറം അതിര്‍ത്തിയിലെ സംഘര്‍ഷ ബാധിത പ്രദേശമായ കച്ചാര്‍തര്‍ ഗ്രാമത്തില്‍ സന്ദര്‍ശനം നടത്തിയത്. കലാപകാരികള്‍ ചുട്ടെരിച്ച ഗ്രാമങ്ങളില്‍ സര്‍വ്വസ്വവും നഷ്ടമായ കുറേ മനുഷ്യര്‍.ഹൈ ലാകണ്ടി ജില്ലയിലെ കട്ടില്‍ച്ചെറ റവന്യൂ സര്‍ക്കിള്‍ രാംനാഥ് പുര്‍ പോലീസ് സ്‌റ്റേഷന്‍ പരിധിയിലാണ് കച്ചര്‍തര്‍ ഗ്രാമം . കഴിഞ്ഞ ദിവസങ്ങളില്‍ നടന്ന അക്രമണങ്ങളില്‍ നൂറില്‍ പരം വീടുകളാണ് ഇവിടെ ചുട്ടെരിച്ചത്.20 ലധികം പേര്‍ ഗുരുതരമായി പരിക്കേറ്റ് ചികിത്സയിലാണ്. അസം മിസോറം അതിര്‍ത്തിയിലെ ഗ്രാമങ്ങളില്‍ താമസിക്കുന്നവര്‍ക്കിടയില്‍ 1996 മുതല്‍ നില നില്‍ക്കുന്ന അതിര്‍ത്തി തര്‍ക്കങ്ങളെ തുടര്‍ന്ന് സംഘര്‍ഷങ്ങള്‍ പലപ്പോഴും നടക്കാറുണ്ട്.ഇത് പരിഹരിക്കുന്നതില്‍ സംസ്ഥാന സര്‍ക്കാര്‍ സമ്പൂര്‍ണമായും പരാജയപ്പെട്ടതിനെ തുടര്‍ന്നാണ് പ്രദേശത്ത് സംഘര്‍ഷം ഉടലെടുക്കുന്നത്. കഴിഞ്ഞ കുറച്ച് കാലങ്ങളായി സ്ഥിതിഗതികള്‍ ശാന്തമായിരുന്നു. പൊടുന്നനെ സംഘടിച്ചെത്തിയ അക്രമികള്‍ വീടുകള്‍ ചുട്ടെരിക്കുകയായിരുന്നു.എന്‍ ആര്‍ സി യില്‍ പൗരത്വ രേഖകള്‍ ഹാജരാക്കി പൗരത്വ രജിസ്റ്ററില്‍ ഇടം നേടിയവരുടെ തിരിച്ചറിയല്‍ രേഖകള്‍ തിരഞ്ഞുപിടിച്ച് കത്തിച്ചത് സംഭവത്തിനു പിന്നിലെ ഗൂഡാലോചന വ്യക്തമാക്കുന്നതായി നാട്ടുകാര്‍ ഞങ്ങളോട് പറഞ്ഞു. കലാപബാധിതര്‍ക്ക് അടിയന്തിര സഹായം എന്ന നിലക്ക് ഭക്ഷ്യവസ്തുക്കള്‍ അടങ്ങിയ കിറ്റുകള്‍ വിതരണം ചെയ്തു. ഒരായുസ് കൊണ്ട് നിര്‍മ്മിച്ച വീടുകളും അസ്തിത്വം തെളിയിക്കുന്ന രേഖകളും ഒരു പിടി ചാരമായി മാറിയതിന്റെ നടുക്കത്തിലാണ് നാട്ടുകാര്‍.

ഇപ്പോഴും സംഘര്‍ഷഭരിതമായ അന്തരീക്ഷം നിലനില്‍ക്കുന്നതിനാല്‍ അസം പോലീസിന്റെയും സി ആര്‍ പി എഫിന്റെയും സുരക്ഷാവലയത്തിലാണ് ഞങ്ങളവിടെ എത്തിയത്.പട്ടാള നിരീക്ഷണത്തിലുള്ള ചില പ്രദേശങ്ങളിലേക്ക് പോകാന്‍ ഞങ്ങള്‍ക്ക് അനുമതി നിഷേധിച്ചു. ഏതു നിമിഷവും ഒരു അക്രമം പ്രതീക്ഷിച്ച് ഭയചകിതരായി കഴിയുന്ന ഗ്രാമവാസികളുമായി സംസാരിക്കുമ്പോള്‍ അവരുടെ ശബ്ദത്തില്‍ കേട്ട ഭയം ഭീകരമായിരുന്നു.
പരിക്കേറ്റ് സില്‍ച്ചര്‍ മെഡിക്കല്‍ കോളജില്‍ ചികിത്സയില്‍ കഴിയുന്നവരെ സന്ദര്‍ശിച്ചു.പോലീസ് അധികാരികളുമായും ചര്‍ച്ച നടത്തി.ഡി വൈ എസ് പി നോബോമിത ദാസിനെ നേരില്‍ കണ്ട് അക്രമികള്‍ക്കെതിരെ കര്‍ശന നടപടി വേണമെന്നും പ്രദേശത്ത് താമസിക്കുന്ന ഇരകളുടെ കുടുംബങ്ങള്‍ക്ക് സുരക്ഷ ഉറപ്പാക്കണമെന്നും ആവശ്യപ്പെട്ടിട്ടുണ്ട്. സംഭവത്തില്‍ പ്രധിക്ഷേധിച്ച് സമീര റെയില്‍വേ ലൈനില്‍ പ്രാദേശിക സംഘടനകളുടെ നേതൃത്വത്തില്‍ നടന്ന ട്രെയിന്‍ തടയല്‍ സമരത്തിലും പങ്കെടുത്തു. അസം മുസ്ലിം ലീഗ് കോഡിനേറ്റര്‍ അഡ്വ: ബുര്‍ഹാനുദീന്‍ ബര്‍ വയ്യ, എം എസ് എഫ് അസം സംസ്ഥാന പ്രസിഡണ്ട് തൗസീഫ് അഹമ്മദ്, ദാഹര്‍ ഖാന്‍, സുഹൈല്‍ ഹുദവി എന്നിവരും ഉണ്ടായിരുന്നു.

കലാപത്തില്‍ വീടുകള്‍ നഷ്ടമായവര്‍ക്ക് അര്‍ഹമായ നഷ്ട പരിഹാരം ഉറപ്പാക്കാന്‍ മുസ്ലിം ലീഗ് രംഗത്ത് വരും, തിരിച്ചറിയല്‍ രേഖകള്‍ നഷ്ടമായവര്‍ക്ക് അടിയന്തിരമായി രേഖകള്‍ ലഭ്യമാക്കാന്‍ വേണ്ട നിയമ സഹായവും പാര്‍ട്ടി നല്‍കും.സര്‍വ്വസമ്പാദ്യങ്ങളും ജീവിച്ചിരിക്കുന്നു എന്നതിന്റെ രേഖകളും നഷ്ടമായ മനുഷ്യരെ പരമാവധി നാം ചേര്‍ത്ത് പിടിക്കും.അസമിലെ വര്‍ഗീയ അക്രമണങ്ങളെക്കുറിച്ച് കഴിഞ്ഞ ദിവസം ഇ ടി മുഹമ്മദ് ബഷീര്‍ പാര്‍ലമെന്റില്‍ സംസാരിച്ചിരുന്നു. ഇതെ തുടര്‍ന്നാണ് യൂത്ത് ലീഗ് പ്രതിനിധി സംഘം അസമിലെത്തിയത്.