News
പതിറ്റാണ്ടുകളുടെ കാത്തിരിപ്പ്, ഒരൊറ്റ പൂക്കാലം; ‘ സിക്കിം സുന്ദരി ‘യെ പരിചയപ്പെടുത്തി ആനന്ദ് മഹീന്ദ്ര
വര്‍ഷങ്ങള്‍ക്കുശേഷം ഏകദേശം രണ്ട് മീറ്റര്‍ വരെ ഉയരത്തില്‍ വളരുന്ന സിക്കിം സുന്ദരി മനോഹരമായി പൂവിടുന്നു. എന്നാല്‍, ഒരിക്കല്‍ പൂവിട്ട് വിത്തുകള്‍ ഉല്‍പ്പാദിപ്പിച്ചാല്‍ അതോടെ ഈ സസ്യം പൂര്‍ണമായി നശിച്ചുപോകും
ന്യൂഡല്‍ഹി: പ്രകൃതിയുടെ അത്ഭുതങ്ങളില്‍ ഒന്നായ അപൂര്‍വ സസ്യമായ ‘ സിക്കിം സുന്ദരി ‘ (Sikkim Sundari)യെ സോഷ്യല്‍ മീഡിയയിലൂടെ ലോകത്തിന് പരിചയപ്പെടുത്തി പ്രമുഖ വ്യവസായിയും മഹീന്ദ്ര ഗ്രൂപ്പ് ചെയര്‍മാനുമായ ആനന്ദ് മഹീന്ദ്ര. ഹിമാലയന്‍ മലനിരകളില്‍ മാത്രം കാണപ്പെടുന്ന ഈ സസ്യത്തിന്റെ ദൃശ്യങ്ങള്‍ @@GoNorthEastIN പങ്കുവെച്ച വീഡിയോയിലൂടെയാണ് അദ്ദേഹം പരിചയപ്പെടുത്തിയത്.
‘ ക്ഷമയുടെ മാസ്റ്റര്‍ക്ലാസ് ‘ (Masterclass in patience) എന്നാണ് ഈ സസ്യത്തെ മഹീന്ദ്ര വിശേഷിപ്പിച്ചത്. വര്‍ഷങ്ങളോളം, ചിലപ്പോള്‍ പതിറ്റാണ്ടുകളോളം മണ്ണിനടിയില്‍ ചെറിയ ഇലകളുടെ കൂട്ടമായി മാത്രം നിലനില്‍ക്കുന്ന ഈ ചെടി, ഒരിക്കല്‍ മാത്രം അതിശയകരമായി പൂവിടുകയും അതോടെ അതിന്റെ ജീവിതം അവസാനിക്കുകയും ചെയ്യുന്നു.
‘ Rheum Nobile ‘ എന്നാണ് സിക്കിം സുന്ദരിയുടെ ശാസ്ത്രീയ നാമം. സമുദ്രനിരപ്പില്‍ നിന്ന് 4,000 മുതല്‍ 4,800 മീറ്റര്‍ വരെ ഉയരത്തിലുള്ള അതീവ ദുഷ്കരമായ കാലാവസ്ഥയിലാണ് ഇത് വളരുന്നത്. സുതാര്യമായ ഇലകളുള്ളതിനാല്‍ ‘ ഗ്ലാസ് ഹൗസ് പ്ലാന്റ് ‘ (Glasshouse Plant) എന്ന പേരിലും ഇത് അറിയപ്പെടുന്നു. ഇലകള്‍ സൂര്യപ്രകാശം ഉള്ളിലേക്ക് കടത്തിവിടുകയും അപകടകരമായ അള്‍ട്രാവയലറ്റ് കിരണങ്ങളെ തടയുകയും ചെയ്യുന്നു. മഞ്ഞുമലകള്‍ക്കിടയില്‍ തിളങ്ങുന്ന ഒരു ഗോപുരം പോലെ ഈ സസ്യം ദൃശ്യമായിരിക്കും.
വര്‍ഷങ്ങള്‍ക്കുശേഷം ഏകദേശം രണ്ട് മീറ്റര്‍ വരെ ഉയരത്തില്‍ വളരുന്ന സിക്കിം സുന്ദരി മനോഹരമായി പൂവിടുന്നു. എന്നാല്‍, ഒരിക്കല്‍ പൂവിട്ട് വിത്തുകള്‍ ഉല്‍പ്പാദിപ്പിച്ചാല്‍ അതോടെ ഈ സസ്യം പൂര്‍ണമായി നശിച്ചുപോകും – ഇതാണ് അതിന്റെ ഏറ്റവും വ്യത്യസ്തമായ പ്രത്യേകത. ഇത്രയും അപൂര്‍വവും സവിശേഷതകളുമുള്ള ഒരു ഇന്ത്യന്‍ സസ്യത്തെക്കുറിച്ച് നമ്മുടെ പാഠപുസ്തകങ്ങളില്‍ പരാമര്‍ശമില്ലെന്നതും മഹീന്ദ്ര ചൂണ്ടിക്കാട്ടി. ഇന്നത്തെ പാഠ്യപദ്ധതിയില്‍ ഇത്തരം പ്രകൃതി അത്ഭുതങ്ങള്‍ ഉള്‍പ്പെടുന്നുണ്ടോയെന്ന ചോദ്യം അദ്ദേഹം ചൂണ്ടിക്കാണിച്ചു.
ഔഷധഗുണങ്ങള്‍ ഏറെ ഉള്ള ഈ സസ്യം പ്രാദേശിക ഗോത്രവര്‍ഗ്ഗക്കാര്‍ക്കിടയില്‍ ‘ ചുക്ക ‘ (Chukka) എന്ന പേരിലാണ് അറിയപ്പെടുന്നത്. ദഹനസംബന്ധമായ പ്രശ്നങ്ങള്‍ക്കും കരള്‍ രോഗങ്ങള്‍ക്കും ഇത് പരമ്പരാഗത ഔഷധമായി ഉപയോഗിക്കാറുണ്ടെന്ന് റിപ്പോര്‍ട്ടുകള്‍ പറയുന്നു. ഹിമാലയന്‍ മലനിരകളിലെ ഈ അപൂര്‍വ സുന്ദരിയുടെ ദൃശ്യങ്ങള്‍ ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ വലിയ ശ്രദ്ധ നേടുകയാണ്.
kerala
വെര്‍ച്വല്‍ അറസ്റ്റിലൂടെ വന്‍ തട്ടിപ്പ്; തൃശൂര്‍ സ്വദേശിയുടെ ഒന്നര കോടി കവര്‍ന്ന കേസില്‍ നിര്‍ണായക നീക്കവുമായി സിബിഐ
തട്ടിപ്പ് പണം കൈമാറിയതായി കണ്ടെത്തിയ വിവിധ ബാങ്ക് അക്കൗണ്ടുകളുടെ ഉടമകളുടെ വീടുകളിലും സ്ഥാപനങ്ങളിലുമാണ് പരിശോധന നടത്തി
തിരുവനന്തപുരം: തൃശൂര്‍ സ്വദേശിയില്‍ നിന്ന് വെര്‍ച്വല്‍ അറസ്റ്റിലൂടെ ഒന്നര കോടി രൂപ തട്ടിയെടുത്ത കേസില്‍ നിര്‍ണായക നീക്കവുമായി സിബിഐ. രാജ്യത്തെ വിവിധ സംസ്ഥാനങ്ങളിലായി 22 സ്ഥലങ്ങളില്‍ സിബിഐ സംഘം റെയ്ഡ് നടത്തി. തിരുവനന്തപുരം സിബിഐ യൂണിറ്റ് എസ്പിയുടെ നേതൃത്വത്തിലായിരുന്നു പരിശോധന. രാജസ്ഥാന്, മഹാരാഷ്ട്ര, ഒഡീഷ, മധ്യപ്രദേശ് എന്നീ സംസ്ഥാനങ്ങളിലാണ് റെയ്ഡ് നടന്നത്.
തട്ടിപ്പ് പണം കൈമാറിയതായി കണ്ടെത്തിയ വിവിധ ബാങ്ക് അക്കൗണ്ടുകളുടെ ഉടമകളുടെ വീടുകളിലും സ്ഥാപനങ്ങളിലുമാണ് പരിശോധന നടത്തിയത്. മൂന്ന് ദിവസത്തിനുള്ളിലാണ് സംഘം തൃശൂര്‍ സ്വദേശിയില്‍ നിന്ന് ഒന്നര കോടി രൂപ തട്ടിയെടുത്തതെന്നാണ് അന്വേഷണത്തില്‍ കണ്ടെത്തിയത്. ആദ്യം കേസ് അന്വേഷിച്ചത് തൃശൂര്‍ സൈബര്‍ പൊലീസായിരുന്നു.
എന്നാല്‍ അന്വേഷണത്തില്‍ തൃപ്തിയില്ലെന്ന പരാതിയുമായി ഹൈക്കോടതിയെ സമീപിച്ചതോടെ കേസ് സിബിഐയ്ക്ക് കൈമാറുകയായിരുന്നു. നിലവില്‍ തിരുവനന്തപുരം സിബിഐ യൂണിറ്റാണ് അന്വേഷണം നടത്തുന്നത്. തട്ടിപ്പ് പണം പല അക്കൗണ്ടുകള്‍ വഴി വിവിധ സ്ഥലങ്ങളിലേക്ക് കൈമാറിയതായാണ് കണ്ടെത്തല്‍. യഥാര്‍ത്ഥ പ്രതികളിലേക്കും തട്ടിപ്പിന് പിന്നിലെ ശൃംഖലയിലേക്കും എത്താനുള്ള അന്വേഷണം ഊര്‍ജിതമായി തുടരുകയാണെന്ന് സിബിഐ അറിയിച്ചു.
News
മക്കളെ അമ്മയ്ക്കൊപ്പം വിടാന്‍ കോടതി ഉത്തരവ്; രാമന്തളിയില്‍ കുടുംബ കൂട്ടമരണം
കുട്ടികളുടെ ചിരിയും കളിയും ഇനിയും കണ്ണില്‍ നിന്ന് മായുന്നില്ലെന്ന് സമീപവാസികളും ബന്ധുക്കളും കണ്ണീരോടെ പറയുന്നു
കണ്ണൂര്‍: കുടുംബ കോടതിയുടെ വിധിയെ തുടര്‍ന്ന് മക്കളെ ഭാര്യയ്ക്കൊപ്പം വിട്ടുനല്‍കേണ്ട മാനസിക വിഷമത്തില്‍ കുടുംബത്തിലെ 4 പേര് ആത്മഹത്യ ചെയ്തു. രാമന്തളി ഗ്രാമത്തെയും പയ്യന്നൂരിനെയും കണ്ണീരിലാഴ്ത്തി, പാചക തൊഴിലാളിയായ കലാധരനും അമ്മയും രണ്ട് പിഞ്ചുമക്കളും മരിച്ച നിലയില്‍ കണ്ടെത്തിയ സംഭവത്തില്‍ അന്വേഷണം പുരോഗമിക്കുകയാണ്. തിങ്കളാഴ്ച രാത്രി ഒന്‍പതരയോടെയാണ് രാമന്തളി സെന്‍ട്രല്‍ വടക്കുമ്പാട് റോഡിന് സമീപത്തെ വീട്ടില്‍ കലാധരന്‍ (36), അമ്മ ഉഷ (56), മക്കളായ ഹിമ (6), കണ്ണന് (2) എന്നിവരെ മരിച്ച നിലയില്‍ കണ്ടെത്തിയത്.
വീട്ടിലെത്തിയ ഉഷയുടെ ഭര്‍ത്താവും ഓട്ടോറിക്ഷ ഡ്രൈവറുമായ ഉണ്ണികൃഷ്ണന് വീട് അടച്ച നിലയിലും, വീടിന് മുന്നില്‍ ഒരു കത്ത് എഴുതി വെച്ചതായും കണ്ടതിനെ തുടര്‍ന്ന് പൊലീസ് സ്റ്റേഷനില്‍ വിവരം അറിയിക്കുകയായിരുന്നു. പൊലീസ് വീടു തുറന്ന് പരിശോധിച്ചപ്പോള്‍, കിടപ്പുമുറിയില്‍ കലാധരനും ഉഷയും തൂങ്ങിമരിച്ച നിലയിലും, രണ്ട് കുട്ടികള്‍ നിലത്ത് കമിഴ്ന്ന് വീണ് മരിച്ച നിലയിലുമായിരുന്നു. കുട്ടികള്‍ക്ക് വിഷം നല്‍കിയതിന് ശേഷം കലാധരനും അമ്മയും ജീവനൊടുക്കിയതാകാമെന്നാണ് പൊലീസിന്റെ പ്രാഥമിക നിഗമനം. മൃതദേഹങ്ങള്‍ പോസ്റ്റ്മോര്‍ട്ടത്തിനായി പരിയാരം മെഡിക്കല്‍ കോളേജ് ആശുപത്രി മോര്‍ച്ചറിയിലേക്ക് മാറ്റി.
രാമന്തളിയിലും പയ്യന്നൂരിലും ഏറെ സുപരിചിതനായ വ്യക്തിയായിരുന്നു കലാധരന്‍. സൗമ്യസ്വഭാവക്കാരനും നര്‍മ്മത്തോടെ സംസാരിക്കുന്നയാളുമായിരുന്ന കലാധരന്‍, കല്യാണങ്ങളിലെയും പൊതുപരിപാടികളിലെയും വിഭവസമൃദ്ധമായ സദ്യകളിലൂടെ നാടിനകത്തും പുറത്തും അറിയപ്പെട്ട പാചക തൊഴിലാളിയായിരുന്നു. സാമ്പത്തിക ബുദ്ധിമുട്ടുകളൊന്നും ഇല്ലായിരുന്നെങ്കിലും, ദാമ്പത്യത്തിലെ പൊരുത്തക്കേടുകള്‍ അദ്ദേഹത്തിന്റെ മനസമാധാനം തകര്‍ത്തിരുന്നതായി അടുത്തവരൊക്കെ പറയുന്നു.
കഴിഞ്ഞ കുറേ മാസങ്ങളായി കലാധരനും ഭാര്യ നയന്‍താരയും വേര്‍പിരിഞ്ഞു ജീവിച്ചു വരികയായിരുന്നു. വിവാഹമോചന കേസ് കുടുംബ കോടതിയില്‍ തുടരുന്നതിനിടെയാണ്, കുട്ടികളെ അമ്മയ്ക്കൊപ്പം വിട്ടുനല്‍കണമെന്ന് കോടതി വിധി വന്നത്. അവധി ദിവസങ്ങളില്‍ കുട്ടികള്‍ പിതാവിനൊപ്പം കഴിയുകയായിരുന്നു. കുട്ടികളെ ഉടന്‍ വിട്ടുനല്കണമെന്നാവശ്യപ്പെട്ട് ഭാര്യയും ബന്ധുക്കളും പൊലീസിനെ സമീപിച്ചിരുന്നുവെന്നും, ഈ മാനസിക സമ്മര്‍ദ്ദമാണ് ദുരന്തത്തിലേക്ക് നയിച്ചതെന്നും പൊലീസ് വിലയിരുത്തുന്നു.
കുട്ടികളുടെ ചിരിയും കളിയും ഇനിയും കണ്ണില്‍ നിന്ന് മായുന്നില്ലെന്ന് സമീപവാസികളും ബന്ധുക്കളും കണ്ണീരോടെ പറയുന്നു. സൗഹൃദവും സ്നേഹവും നിറഞ്ഞിരുന്ന ഒരു കുടുംബത്തിന്റെ അപ്രതീക്ഷിത വിടവാങ്ങല്‍, രാമന്തളി ഗ്രാമത്തെ അക്ഷരാര്‍ത്ഥത്തില്‍ നടുക്കിയിരിക്കുകയാണ്.
kerala
സ്വന്തം പ്രതിച്ഛായ ഉയര്‍ത്താനാണ് ആര്യ ശ്രദ്ധിച്ചത്, ഭരണം ശ്രദ്ധിച്ചില്ല; CPIM ജില്ലാകമ്മിറ്റി യോഗത്തില്‍ വിമര്‍ശനം
മേയറായിരുന്ന ആര്യാ രാജേന്ദ്രന് സ്വന്തം വ്യക്തിപ്രഭാവം നോക്കിയപ്പോള്‍ പാര്‍ട്ടിക്ക് പ്രഭാവം നഷ്ടമായെന്ന് നേതാക്കള്‍ വിമര്‍ശനം ഉന്നയിച്ചു.
തിരുവനന്തപുരം: തദ്ദേശ തെരഞ്ഞെടുപ്പില്‍ തിരുവനന്തപുരം കോര്പ്പറേഷന് നഷ്ടപ്പെട്ടതില്‍ സിപിഎമ്മില്‍ പൊട്ടിത്തെറി. 14 വാര്‍ഡുകളില്‍ സംഘടനാപരമായി ഗുരുതര വീഴ്ച്ചയുണ്ടായതായി ജില്ലാ കമ്മിറ്റിയില്‍ വിമര്‍ശനം. മേയറായിരുന്ന ആര്യാ രാജേന്ദ്രന് സ്വന്തം വ്യക്തിപ്രഭാവം നോക്കിയപ്പോള്‍ പാര്‍ട്ടിക്ക് പ്രഭാവം നഷ്ടമായെന്ന് നേതാക്കള്‍ വിമര്‍ശനം ഉന്നയിച്ചു. പാര്‍ട്ടിയെ ഒറ്റക്കെട്ടായി കൊണ്ടുപോകുന്നതില്‍ ജില്ലാ സെക്രട്ടറിയ്ക്ക് വീഴ്ച്ചയുണ്ടായതീയും വിമര്‍ശനം ഉയര്‍ന്നു.
അതേസമയം ശബരിമല സ്വര്‍ണക്കവര്‍ച്ച കേസില്‍ അറസ്റ്റിലായ സിപിഎം നേതാവ് എ. പത്മകുമാറിനെതിരെ നടപടി എടുക്കാത്തത് എന്തുകൊണ്ടാണെന്ന് അംഗങ്ങള്‍ ചോദിച്ചപ്പോള്‍ കുറ്റക്കാരനാണെന്ന് തെളിയാതെ നടപടി എടുക്കാനാവില്ലെന്ന നിലപാടാണ് സംസ്ഥാന സെക്രട്ടറി എംവി ഗോവിന്ദന് സ്വീകരിച്ചത്.
ഇന്നലെ ചേര്‍ന്ന ജില്ലാ കമ്മിറ്റി യോഗത്തിലാണ് നേതാക്കള്‍ക്കെതിരെ വിമര്‍ശനമുയര്‍ന്നത്. ആര്യാ രാജേന്ദ്രനെതിരെ മുന്‍ മേയറും വട്ടിയൂര്‍ക്കാവ് എംഎല്‍എയുമായ വി.കെ പ്രശാന്തും ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് വി.കെ മധുവും ജില്ലാ കമ്മിറ്റി അംഗങ്ങളായ എസ് എ സുന്ദറും എസ് പി ദീപക്കും രൂക്ഷവിമര്‍ശനം ഉന്നയിച്ചു.
സ്വന്തം പ്രതിച്ഛായ ഉയര്‍ത്താന്‍ മാത്രമാണ് ആര്യ ശ്രദ്ധിച്ചതെന്നും ഭരണം ശ്രദ്ധിച്ചില്ലെന്നും അതുകൊണ്ട് ഭരണം നഷ്ടപ്പെട്ടുവന്നുമായിരുന്നു വിമര്‍ശനം.
തിരുവനന്തപുരം ജില്ലാ സെക്രട്ടറി വി ജോയ് ആണെങ്കിലും വി ശിവന്‍കുട്ടിയും കടകംപളളി സുരേന്ദ്രനും ജില്ലാ സെക്രട്ടറിയുടെ റോളിലാണ് പ്രവര്‍ത്തിക്കുന്നത്. അവരുടെ പിടിവാശിയാണ് പല വാര്‍ഡുകളിലും പരാജയപ്പെടാന്‍ കാരണമെും ജില്ലാ കമ്മിറ്റി അംഗങ്ങള്‍ വിമര്‍ശിച്ചു.
-
kerala22 hours agoപെരിന്തൽമണ്ണ മുസ്ലിം ലീഗ് ഓഫീസ് അക്രമം: 5 പേർ അറസ്റ്റിൽ
-
kerala2 days agoകളിച്ചുകൊണ്ടിരിക്കുന്നതിനിടയില്‍ കുഴഞ്ഞുവീണു; പാലക്കാട് 14കാരന് ദാരുണാന്ത്യം
-
kerala2 days agoവയനാട്ടില്‍ ജനവാസമേഖലയില്‍ വീണ്ടും കടുവയിറങ്ങി
-
kerala2 days agoവാളയാറിലെ ആള്‍ക്കൂട്ടക്കൊല; പ്രതികള്‍ക്ക് ശിക്ഷ ഉറപ്പാക്കണം മുഖ്യമന്ത്രിക്ക് കത്ത് നല്കി വി.ഡി സതീശന്
-
kerala23 hours agoവാളയാര്‍ ആള്‍ക്കൂട്ടക്കൊല; നാല് പേര് ബിജെപി അനുഭാവികളെന്ന് സ്പെഷ്യല്‍ ബ്രാഞ്ച് റിപ്പോര്‍ട്ട്
-
india2 days agoകാശ്മീരില്‍ ആദ്യ മഞ്ഞുവീഴ്ച; ‘ചില്ലൈ കലാന്’ ആരംഭിച്ചു
-
kerala2 days agoവാളയാറിലെ ആള്‍ക്കൂട്ട കൊലപാതകം; നഷ്ടപരിഹാരം പ്രഖ്യാപിക്കുന്നത് വരെ മൃതദേഹം ഏറ്റെടുക്കില്ലെന്ന് കുടുംബം
-
india2 days agoനാല് വയസുകാരിയെ ബലാത്സംഗം ചെയ്ത പ്രതിയെ വെടിവച്ച് വീഴ്ത്തി പൊലീസ് ഉദ്യോഗസ്ഥ
