Connect with us

Football

അത്‌ലറ്റികോ മാഡ്രിഡിനെ തകര്‍ത്തെറിഞ്ഞ് ബാഴ്സ

കൂളേഴ്‌സിന്റെ മുന്നേറ്റങ്ങള്‍ക്ക് മുന്നില്‍ ദയനീയമായി തകര്‍ന്നടിഞ്ഞ ഗ്രീസ്മാനെയും സംഘത്തെയും കണ്ടുനില്‍ക്കാനായിരുന്നു അവരുടെ വിധി.

Published

on

അത്‌ലോറ്റക്കായുടെ മൈതാനമായ മെട്രോപൊളിറ്റാനോ സ്റ്റേഡിയത്തില്‍ ഇന്നലെ ആരാധകര്‍ക്ക് നിരാശയുടെ രാത്രിയാരുന്നു. കൂളേഴ്‌സിന്റെ മുന്നേറ്റങ്ങള്‍ക്ക് മുന്നില്‍ ദയനീയമായി തകര്‍ന്നടിഞ്ഞ ഗ്രീസ്മാനെയും സംഘത്തെയും കണ്ടുനില്‍ക്കാനായിരുന്നു അവരുടെ വിധി. എതിരില്ലാത്ത 3 ഗോളുകള്‍ക്കാണ് സ്വന്തം തട്ടകത്തില്‍ അത്ലറ്റിക്കോ തകര്‍ന്ന് തരിപ്പണമായത്.

ജാവോ ഫെലിക്സും റോബര്‍ട്ട് ലെവന്‍ഡോവ്സ്‌കിയും ഫെര്‍മിന്‍ ലോപസുമാണ് ബാഴ്സക്കായി വലകുലുക്കിയത്. രണ്ട് അസിസ്റ്റും ഒരു ഗോളുമായി കളം നിറഞ്ഞ ലെവന്‍ഡോവ്‌സ്‌കിയായിരുന്നു ബാഴ്‌സയുടെ ഹീറോ. ജയത്തോടെ ജിറോണയെ മറികടന്ന് ബാഴ്‌സലോണ ലാലിഗ പോയിന്റ് പട്ടികയില്‍ രണ്ടാം സ്ഥാനത്തേക്ക് കയറി.

മത്സരത്തിന്റെ ആദ്യ മിനിറ്റുകളില്‍ മുന്നേറ്റങ്ങളുമായി കളം പിടിച്ചത് അത്ലറ്റിക്കോ മാഡ്രിഡായിരുന്നു. എന്നാല്‍ 38ാം മിനിറ്റില്‍ മുന്‍ ക്ലബ്ബായ അത്‌ലറ്റിക്കോയെ ജാവോ ഫെലിക്സ് ഞെട്ടിച്ചു. മൈതാനത്തിന്റെ ഇടതുവിങ്ങിലൂടെ കുതിച്ചു കയറിയ ലെവന്‍ഡോവ്സ്‌കി നല്‍കിയ പന്തിനെ ഗോള്‍വലയിലേക്ക് തിരിച്ചു വിടേണ്ട പണി മാത്രമായിരുന്നു ഫെലിക്സിന്. സ്‌കോര്‍ 1-0

രണ്ടാം പകുതിയാരംഭിച്ച് രണ്ട് മിനിറ്റ് പിന്നിടും മുമ്പേ ലെവന്‍ഡോവ്സ്‌കിയുടെ ഗോളുമെത്തി. അത്ലറ്റിക്കോ മിഡ്ഫീല്‍ഡര്‍ റോഡ്രിഗോ ഡീ പോളിന്റെ കാലില്‍ നിന്ന് പന്ത് റാഞ്ചി റഫീഞ്ഞ ലെവന്‍ഡോവ്സ്‌കിക്ക് നല്‍കുന്നു. വലതു വിങ്ങിലൂടെ പാഞ്ഞ് പെനാല്‍ട്ടി ബോക്സിലേക്ക് കയറി ലെവന്‍ഡോവ്സ്‌കി ഷോട്ടുതിര്‍ത്തു. ലക്ഷ്യം തെറ്റാതെ പന്ത് വലയിലേക്ക് പതിച്ചു.

രണ്ട് ഗോളിന് പിന്നിലായതോടെ അത്ലറ്റിക്കോ ഗോള്‍ മടക്കാനുള്ള കൊണ്ടുപിടിച്ച ശ്രമങ്ങളാരംഭിച്ചു. 52ാം മിനിറ്റില്‍ അത്‌ലറ്റിക്കോ താരങ്ങള്‍ക്ക് ലഭിച്ചൊരു സുവര്‍ണാവസരം ബാഴ്‌സ ഗോള്‍കീപ്പര്‍ ടെര്‍സ്റ്റഗന്റെ നിശ്ചയദാര്‍ഢ്യത്തിന് മുന്നില്‍ നിഷ്പ്രഭമായി.

65ാം മിനിറ്റില്‍ ഫെറാന്‍ ലോപസ് അത്ലറ്റിക്കോയുടെ പെട്ടിയിലെ അവസാന ആണിയടിച്ചു. ഇക്കുറിയും ലെവന്‍ഡോവ്സ്‌കിയാരുന്നു ഗോളിന് വഴിതുറന്നത്. വലതു വിങ്ങില്‍ നിന്ന് പാസ് സ്വീകരിച്ച് ലെവ ഗോള്‍മുഖത്തേക്ക് നീട്ടിയടിച്ച ക്രോസ് മനോഹരമായൊരു ഹെഡ്ഡറിലൂടെ ലോപസ് വലയിലാക്കി.

മത്സരത്തിന്റെ 94ാം മിനിറ്റില്‍ അപകടകരമായൊരു ഫൗളിന് അത്ലറ്റിക്കോ താരം നാഹ്വല്‍ മൊളീന ചുവപ്പ് കാര്‍ഡ് കണ്ട്പുറത്തായി. ആദ്യ പകുതിയില്‍ മാച്ച് ഒഫീഷ്യലുകളോട് കയര്‍ത്തതിന് ബാഴ്സലോണ കോച്ച് ചാവി ഹെര്‍ണാണ്ടസും ചുവപ്പ് കാര്‍ഡ് കണ്ടിരുന്നു.

 

Football

ഫ്രഞ്ച് കപ്പ് പി.എസ്.ജിക്ക്; എംബാപ്പെയ്ക്ക് കിരീടത്തോടെ മടക്കം

ഒന്നിനെതിരെ രണ്ട് ഗോളുകള്‍ക്കായിരുന്നു പിഎസ്ജിയുടെ വിജയം.

Published

on

ഫ്രഞ്ച് കപ്പില്‍ മുത്തമിട്ട് പി.എസ്.ജി. ശനിയാഴ്ച നടന്ന ഫൈനലില്‍ ലിയോണിനെ തകര്‍ത്താണ് പിഎസ്ജി ചാമ്പ്യന്മാരായത്. ഒന്നിനെതിരെ രണ്ട് ഗോളുകള്‍ക്കായിരുന്നു പിഎസ്ജിയുടെ വിജയം.

ആദ്യപകുതിയിലാണ് പിഎസ്ജിയുടെ രണ്ട് ഗോളുകളും പിറന്നത്. 22-ാം മിനിറ്റില്‍ വിംഗര്‍ ഒസ്മാന്‍ ഡെംബെലെയാണ് പിഎസ്ജിക്ക് വേണ്ടി ആദ്യം വല കുലുക്കിയത്. 34-ാം മിനിറ്റില്‍ ഫാബിയാന്‍ റൂയിസിലൂടെ പിഎസ്ജി സ്‌കോര്‍ ഇരട്ടിയാക്കിയത്. രണ്ടാം പകുതിയില്‍ 55-ാം മിനിറ്റില്‍ ജെയ്ക് ഓബ്രിയാനിലൂടെ ലിയോണ്‍ തിരിച്ചടിച്ചെങ്കിലും അത് ആശ്വാസഗോള്‍ മാത്രമായി മാറി.

പിഎസ്ജിയുടെ 15-ാം ഫ്രഞ്ച് കപ്പാണിത്. ഇതിന് മുന്‍പ് 2021ലാണ് പിഎസ്ജി അവസാനമായി ഫ്രഞ്ച് കപ്പ് ഉയര്‍ത്തിയത്. പിഎസ്ജി കുപ്പായത്തില്‍ അവസാന മത്സരം കളിക്കുന്ന സൂപ്പര്‍ താരം കിലിയന്‍ എംബാപ്പെയ്ക്ക് കിരീടത്തോടെ മടങ്ങാം. എംബാപ്പെ ്ആഗ്രഹിക്കുന്നത് റയലില്‍ പന്തുതട്ടാനാണ്.

Continue Reading

Football

ലെവര്‍കൂസന് അട്ടിമറി തോല്‍വി; യൂറോപ്പലീഗ് കിരീടം അറ്റ്‌ലാന്റക്ക്

യൂറോപ്പ ലീഗ് കലാശപ്പോരില്‍ ഇറ്റാലിയന്‍ ക്ലബ്ബായ അറ്റ്ലാന്റയാണ് ബയര്‍ ലെവര്‍കൂസനെ തകര്‍ത്തെറിഞ്ഞത്.

Published

on

ഡബ്ലിന്‍: യൂറോപ്പില്‍ ഒരു വര്‍ഷത്തോളമായി അപരാജിത കുതിപ്പ് തുടര്‍ന്നിരുന്ന സാബി അലോണ്‍സോയും സംഘവും ഒടുവില്‍ അടിയറിവ് വെച്ചു. യൂറോപ്പ ലീഗ് കലാശപ്പോരില്‍ ഇറ്റാലിയന്‍ ക്ലബ്ബായ അറ്റ്ലാന്റയാണ് ബയര്‍ ലെവര്‍കൂസനെ തകര്‍ത്തെറിഞ്ഞത്. എതിരില്ലാത്ത മൂന്ന് ഗോളിനായിരുന്നു അറ്റ്ലാന്റയുടെ വിജയം. അറ്റ്‌ലാന്റക്കായി ഹാട്രിക്കുമായി കളംനിറഞ്ഞ നൈജിരീയന്‍ അഡെമോല ലൂക്മാനാണ് ലെവര്‍കൂസന്റെ പടയോട്ടത്തിന് ഫുള്‍ സ്റ്റോപ്പിട്ടത്.

2023 മെയിന്‍ ബുണ്ടസ് ലീഗയില്‍ വി.എഫ്.എല്‍ ബോച്ചമിനോട് തോറ്റ ശേഷം ഇന്നലെ വരെ ലെവര്‍കൂസണ്‍ പരാജയമെന്താന്നാണ് അറിഞ്ഞിരുന്നില്ല. 51 മത്സരങളില്‍ തോല്‍വിയറിയാതെ നടത്തിയ കുതിപ്പിനാണ് ഇതോടെ വിരാമമായത്. ഇതാദ്യമായാണ് അറ്റ്ലാന്റ യൂറോപ്പ ലീഗ് കിരീടത്തില്‍ മുത്തമിടുന്നത്. സീസണിലെ രണ്ടാം കിരീടത്തിനായിരുന്നു ലെവര്‍കൂസന്‍ ഇറങ്ങിയത്. ഡി.എഫ്.ബി പൊകല്‍ ഫൈനലും ലെവര്‍കൂസന്‍ കളിക്കുന്നുണ്ട്.

Continue Reading

Football

വിരമിക്കല്‍ പ്രഖ്യാപിച്ച് ടോണി ക്രൂസ്‌

അടുത്ത മാസം ജര്‍മനി ആതിഥേയത്വം വഹിക്കുന്ന യൂറോ കപ്പായിരിക്കും ദേശീയ കുപ്പായത്തിലെ അവസാന മത്സരം.

Published

on

ദേശീയ,ക്ലബ് ഫുട്ബോളില്‍ നിന്ന് വിരമിക്കല്‍ പ്രഖ്യാപിച്ച് ജര്‍മന്‍ സ്‌നൈപര്‍ താരം ടോണി ക്രൂസ്. ഇന്‍സ്റ്റഗ്രാം വഴിയാണ് 34 കാരന്‍ കളിമതിയാക്കുന്നതായി അറിയിച്ചത്. അടുത്ത മാസം ജര്‍മനി ആതിഥേയത്വം വഹിക്കുന്ന യൂറോ കപ്പായിരിക്കും ദേശീയ കുപ്പായത്തിലെ അവസാന മത്സരം. ചാമ്പ്യന്‍സ് ലീഗ് ഫൈനലായിരിക്കും റയല്‍ മാഡ്രിഡിനൊപ്പമുള്ള അവസാന മാച്ച്. നേരത്തെ ജര്‍മന്‍ ടീമില്‍ നിന്ന് വിരമിച്ച താരത്തെ പരിശീലകന്‍ ജൂലിയന്‍ നെഗ്ളസ്മാന്റെ താല്‍പര്യപ്രകാരം യൂറോ സംഘത്തിലേക്ക് മടക്കികൊണ്ടുവരികയായിരുന്നു.

അതേസമയം, റയല്‍ മാഡ്രിഡിനൊപ്പം വര്‍ഷങ്ങളായി തുടരുന്ന ക്രൂസ് ചാമ്പ്യന്‍സ് ലീഗടക്കം പ്രധാന കിരീടങ്ങളെല്ലാം ക്ലബിനൊപ്പം സ്വന്തമാക്കി. മധ്യനിരയില്‍ മോഡ്രിച്-ക്രൂസ് കൂട്ടുകെട്ട് സ്പാനിഷ് ക്ലബിന്റെ കരുത്തായിരുന്നു. ലോക ഫുട്ബോളിലെതന്നെ ഏറ്റവും മികച്ച മധ്യനിരതാരമായാണ് ജര്‍മന്‍ താരത്തെ വിശേഷിപ്പിക്കുന്നത്.

വിരമിക്കല്‍ കുറിപ്പില്‍ വികാരഭരിതമായാണ് താരം പ്രതികരിച്ചത്. തുറന്ന ഹൃദയത്തോടെ സ്വാഗതം ചെയ്യുകയും വിശ്വാസമര്‍പ്പിക്കുകയും ചെയ്ത റയലിനോടുള്ള നന്ദിയും കടപ്പാടും കുറിപ്പില്‍ വ്യക്തമാക്കി. റയല്‍ മാഡ്രിഡാണ് എന്റെ അവസാന ക്ലബ്ബ്. കരിയറിലെ മികച്ച ഫോമില്‍ നില്‍ക്കുമ്പോള്‍ കളി നിര്‍ത്തണമെന്നതാണ് ആഗ്രഹം. ഇതാണ് ശരിയായ സമയമെന്ന് കരുതുന്നു-ക്രൂസ് ഇന്‍സ്റ്റയില്‍ കുറിച്ചു. 2014ലാണ് താരം ബയേണ്‍ മ്യൂണികില്‍ നിന്ന് റയലിലേക്ക് ചുവട് മാറുന്നത്. റയലിനായി 305 മാച്ചില്‍ 22 ഗോളുകള്‍ സ്‌കോര്‍ ചെയ്തു.2010 മുതല്‍ ജര്‍മന്‍ സീനിയര്‍ ടീം അംഗമായ ക്രൂസ് 108 മത്സരത്തിലാണ് കളത്തിലിറങ്ങിയത്. 17 ഗോളുകളും നേടി.

Continue Reading

Trending