Connect with us

GULF

മതം മാറ്റം സ്വന്തം ഇഷ്ടപ്രകാരം, നുണക്കഥ പ്രചരിപ്പിച്ച് ചിലര്‍ വിദ്വേഷമുണ്ടാക്കുന്നു- ആയിഷ എന്ന ആതിര മോഹന്‍

ലൗ ജിഹാദില്‍ പെട്ടെന്നും സിറിയയില്‍ കൊണ്ടുപോവുകയാണെന്നും പ്രചരിപ്പിക്കുന്നു ഇതില്‍ യാതൊരു വാസ്തവവും ഇല്ല

Published

on

പഠനത്തിന്റെ അടിസ്ഥാനത്തിലാണ് തന്റെ മതംമാറ്റമെന്നും അതിന്റെ പേരില്‍ നുണക്കഥകള്‍ പ്രചരിപ്പിച്ച് വിദ്വേഷമുണ്ടാക്കാനാണ് ചിലര്‍ ശ്രമിക്കുന്നതെന്നും ആയിഷയായി മാറിയ തൃശൂര്‍ ചേറ്റുപുഴ സ്വദേശി ആതിര മോഹന്‍.

ജിദ്ദയില്‍ വാര്‍ത്ത സമ്മേളനത്തില്‍ സംസാരിക്കുകയായിരുന്നു അവര്‍. മലയാളത്തിലെ ചില ഓണ്‍ലൈന്‍ ചാനലുകളാണ് തനിക്കെതിരെ കളവ് പ്രചരിപ്പിക്കുന്നത്. ലൗ ജിഹാദില്‍ പെട്ടെന്നും സിറിയയില്‍ കൊണ്ടുപോവുകയാണെന്നും പ്രചരിപ്പിക്കുന്നു. ഇതില്‍ യാതൊരു വാസ്തവവും ഇല്ല. തന്റെ മുന്‍ഭര്‍ത്താവ് ബെന്നി ആന്റണി പൊലീസിനും മുഖ്യമന്ത്രിക്കും കൊടുത്ത പരാതിയില്‍ പറയുന്നതെല്ലാം നുണയാണ്.

2013ല്‍ പ്രണയവിവാഹം നടത്തിയെങ്കിലും അതിന് ശേഷം ഇയാള്‍ നിരന്തരമായി എന്നെ ഉപദ്രവിക്കുകയായിരുന്നു. മദ്യപിച്ചു വീട്ടില്‍ വന്ന് നിരന്തരം മര്‍ദിക്കുമായിരുന്നു. ഇത് സഹിക്കവയ്യാതെയാണ് താന്‍ സൗദിയില്‍ ജോലി തേടിയെത്തിയത്. ജിദ്ദയിലെത്തിയ ശേഷവും കുഞ്ഞിന്റെ ചെലവിനായി കിട്ടുന്ന ശമ്പളത്തിന്റെ നല്ലൊരു പങ്ക് ഇയാള്‍ക്ക് അയച്ചു കൊടുക്കാറുണ്ടായിരുന്നു. ഇയാള്‍ മദ്യപാനത്തിനും മറ്റു അനാവശ്യ കാര്യങ്ങള്‍ക്കും ഈ പണം ധൂര്‍ത്തടിക്കുകയായിരുന്നു. പല പ്രാവശ്യം പറഞ്ഞിട്ടും ഇതൊന്നും മാറ്റാന്‍ തയാറായില്ല. അതിനാല്‍ കഴിഞ്ഞ നാല് വര്‍ഷമായി ഞങ്ങള്‍ തമ്മില്‍ നല്ല ബന്ധത്തില്‍ അല്ല.

രണ്ടുവര്‍ഷത്തില്‍ ഏറെയായി ഞങ്ങള്‍ തമ്മില്‍ യാതൊരു ബന്ധവുമില്ല. കുട്ടിയെ അയാള്‍ വിട്ടു തരാത്തതാണ്. ഞാന്‍ വേണ്ടെന്ന് വെച്ചതല്ല. ഭര്‍ത്താവിന്റെ പീഡനം സഹിക്കവയ്യാതെയാണ് ബന്ധം ഉപേക്ഷിച്ചത്. ഞാന്‍ വിവാഹമോചനത്തിന് നോട്ടീസ് അയച്ചിട്ട് കുറേ ആയി. അതിന്റെ നടപടികള്‍ നടന്നുവരികയാണ്.

ധൂര്‍ത്തടിക്കാന്‍ പണം കിട്ടാത്തതിനാല്‍ അയാള്‍ പല വഴിക്കും എന്നെ പാട്ടിലാക്കാന്‍ ശ്രമിച്ചിരുന്നു. കുട്ടിയെ അതിനായി ഉപയോഗിക്കുകയാണ്. അങ്ങനെയാണ് ഞാന്‍ മതം മാറാന്‍ തീരുമാനിച്ചത്. ഇതില്‍ ഓണ്‍ലൈന്‍ മാധ്യമങ്ങള്‍ പ്രചരിപ്പിക്കുന്നത് പോലെ ഞാന്‍ ജോലി ചെയ്യുന്ന ജിദ്ദയിലെ ക്ലിനിക്ക് അധികൃതര്‍ക്കോ മറ്റാര്‍ക്കെങ്കിലുമോ ഒരു പങ്കുമില്ല. ആരും പ്രേരിപ്പിച്ചിട്ടില്ല. ചില സുഹൃത്തുക്കള്‍ സഹായിച്ചിട്ടുണ്ട്. താന്‍ ജോലി ചെയ്യുന്ന സ്ഥാപനത്തിലെ അധികൃതര്‍ക്ക് ഏതെങ്കിലും തരത്തില്‍ മനസറിവുപോലുമുള്ള കാര്യമല്ല ഇതെന്നും ആയിഷ പറഞ്ഞു.

ബെന്നി ആന്റണി ഓണ്‍ലൈന്‍ ന്യൂസിനോട് പറഞ്ഞത് മുഴുവനും കളവാണ്. താന്‍ മയക്കുമരുന്ന് ഉപയോഗിക്കുന്നുവെന്നും മറ്റും പ്രചരിപ്പിച്ച് തന്നെ കരിവാരിത്തേക്കാന്‍ ഇയാള്‍ ശ്രമിക്കുകയാണ്. ഞാന്‍ ഇതുവരെ വേറെ വിവാഹം കഴിച്ചിട്ടില്ല. ഭാവി കാര്യങ്ങള്‍ തീരുമാനിച്ചിട്ടില്ല. റാബിഖ് എന്ന സ്ഥലത്ത് വെച്ചാണ് മതം മാറിയത്. ഇസ്ലാമിനെ കുറിച്ച് പഠിച്ച ശേഷം സ്വന്തം ഇഷ്ടപ്രകാരമാണ് ഞാന്‍ മാറിയതെന്നും ആയിഷ പറഞ്ഞു. ആശുപത്രി മാനേജ്‌മെന്റിനെതിരെ വളരെ മോശമായാണ് ബെന്നി ദുഷ്പ്രചാരണം നടത്തുന്നത്. ജോലി ചെയ്തിരുന്ന ആശുപത്രിക്ക് ഇതുമായി യാതൊരു ബന്ധവുമില്ല. എന്നിട്ടും ബെന്നിയും കൂട്ടരും ആശുപത്രിക്ക് നേരെ തിരിഞ്ഞിരിക്കുന്നു. പൊലീസില്‍ കൊടുത്ത പരാതിയില്‍ ആശുപത്രി അധികൃതര്‍ തന്റെ ഭാര്യയെ അനാവശ്യമായി ഉപദ്രവിച്ചു, ദുരുപയോഗം ചെയ്തു തുടങ്ങിയ നുണകള്‍ എഴുതിച്ചേര്‍ത്തിട്ടുണ്ട്. ഇതെല്ലാം പൂര്‍ണമായും തെറ്റാണെന്നും നിഷേധിക്കുന്നുവെന്നും ആയിഷ പറഞ്ഞു.

 

GULF

കാറ്റ്, ഭൂകമ്പ കെട്ടിട പ്രകമ്പനമറിയിക്കും സെന്‍സര്‍

അടിസ്ഥാന സൗകര്യത്തിലേക്ക്
കുവൈറ്റിന്റെ നൂതനാവിഷ്‌ക്കാരം

Published

on

കുവൈറ്റ്: ഭാവികാലത്തിന് ഉപകരിക്കുന്ന സാങ്കേതിക വിദ്യകള്‍ മുതല്‍ക്കൂട്ടാകും. അടിസ്ഥാന സൗകര്യങ്ങളുടെ വികസനത്തിന് സൗകര്യങ്ങളുടെ മികവില്‍ സംവിധാനങ്ങളുടെ വളര്‍ച്ചയും ലക്ഷ്യമാക്കി കുവൈറ്റ് ഒരുങ്ങുന്നു നൂതനാവിഷ്‌ക്കാരങ്ങളിലേക്ക്.

കാറ്റിലും ഭൂകമ്പത്തിലും കെട്ടിടത്തിന്റെ പ്രകമ്പനം അളക്കാനാകുന്ന സെന്‍സര്‍ ഉള്‍പ്പെടെ ഫലപ്രദമെന്ന കണ്ടെത്തലോടെയാണ് പദ്ധതികള്‍ നടപ്പാക്കുന്നത്. പദ്ധതികള്‍ പരിചയപ്പെടുത്തി കുവൈറ്റ് ഫൗണ്ടേഷന്‍ ഫോര്‍ ദി അഡ്വാന്‍സ്‌മെന്റ് ഓഫ് സയന്‍സസ്-കെ.എഫ്.എ.എസ് അല്‍ ഹംറ റിയല്‍ എസ്റ്റേറ്റ് കമ്പനിയുടെയും കുവൈത്ത് ഇന്‍സ്റ്റിറ്റ്യൂട്ട് ഫോര്‍ സയന്റിഫിക് റിസര്‍ച്ചിന്റെയും സഹകരണത്തോടെ കഴിഞ്ഞ ദിവസമായിരുന്നു സെമിനാര്‍. ‘അല്‍ ഹംറ ബിസിനസ് ടവറിന്റെ ഘടനാപരമായ ആരോഗ്യ നിരീക്ഷണം’ വിഷയത്തില്‍ സംഘടിപ്പിച്ച സെമിനാറില്‍ കുവൈറ്റ് യൂണിവേഴ്‌സിറ്റി, കുവൈറ്റ് ഇന്‍സ്റ്റിറ്റ്യൂട്ട് ഫോര്‍ സയന്റിഫിക് റിസര്‍ച്ച്, മുനിസിപ്പല്‍ കൗണ്‍സില്‍, പൊതുമരാമത്ത് മന്ത്രാലയം, കുവൈറ്റ് മുനിസിപ്പാലിറ്റി, പബ്ലിക് അതോറിറ്റി ഫോര്‍ ഹൗസിംഗ് വെല്‍ഫെയര്‍, എന്‍വയോണ്‍മെന്റ് പബ്ലിക് അതോറിറ്റി, സ്വകാര്യ മേഖലയിലെ കമ്പനികളുടെ പ്രതിനിധികള്‍ എന്നിവരുള്‍പ്പെടെ നിരവധി ഗവേഷകര്‍, അക്കാദമിക് വിദഗ്ധര്‍, എഞ്ചിനീയര്‍മാര്‍, ആര്‍ക്കിടെകറ്റും ഉള്‍പ്പെടെ വിവിധ മേഖലയിലെ പ്രതിനിധികളും ഉദ്യോഗസ്ഥരുമാണ് പങ്കെടുത്തത്.

മസാച്യുസെറ്റ്‌സ് ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ടെക്‌നോളജി-എംഐടിയുമായി സഹകരിച്ച് കെ.ഐ.എസ്.ആര്‍, കുവൈറ്റ് സര്‍വകലാശാലയും നടപ്പാക്കിയ മുന്‍ ഗവേഷണത്തിന്റെ തുടര്‍ച്ചയാണ് ഈ പദ്ധതി. കുവൈറ്റ് ഇന്‍സ്റ്റിറ്റ്യൂട്ട് ഫോര്‍ സയന്റിഫിക് റിസര്‍ച്ച് അല്‍ ഹംറ ബിസിനസ് ടവറില്‍ നടപ്പാക്കിയ ‘ഗ്രൗണ്ട് മോഷന്‍ മോഡലിംഗും ഉയര്‍ന്ന കെട്ടിടങ്ങളുടെ ഘടനാപരമായ നിരീക്ഷണവും’ ഗവേഷണ പദ്ധതി ഫലങ്ങള്‍ പ്രചരിപ്പിക്കുകയാണ് സെമിനാര്‍ ലക്ഷ്യം. പദ്ധതിയുടെ ഭാഗമായ ടവറിന് ഉയര്‍ന്ന കൃത്യതയില്‍ കമ്പ്യൂട്ടേഷണല്‍ മോഡല്‍ തന്നെ വികസിപ്പിച്ചെടുത്തിരുന്നു. ഇത് മുഖേന ഘടനാപരമായ സുരക്ഷയുടെ തുടര്‍ച്ചയായ നിരീക്ഷണത്തിലൂടെ കെട്ടിടത്തിന്റെ ഘടനാപരമായ സിസ്റ്റത്തില്‍ ഉണ്ടായേക്കാവുന്ന തകര്‍ച്ചയും മാറ്റങ്ങളും കണ്ടെത്താനാണ് ഉപയോഗിച്ചത്.

കെ.ഐ.എസ്.ആര്‍ എനര്‍ജി ആന്റ് ബില്‍ഡിംഗ് റിസര്‍ച്ച് സെന്ററിന് കീഴിലെ സസ്‌റ്റൈനബിലിറ്റി ആന്റ് റിലയബിലിറ്റി ഓഫ് ഇന്‍ഫ്രാസ്ട്രക്ചര്‍-എസ്.ആര്‍.ഐ പ്രോഗ്രാമിന്റെ ഭാഗമാണ് പദ്ധതി. കുവൈറ്റിലെ ഏറ്റവും ഉയരം കൂടിയ കെട്ടിടം അല്‍ ഹംറ ബിസിനസ് ടവറിലാണ് ഈ സാങ്കേതികവിദ്യ വിജയകരമായി നടപ്പാക്കിയത്. നൂതന സെന്‍സര്‍ സാങ്കേതിക വിദ്യയുടെയും യഥാര്‍ഥ ഡാറ്റയുടെയും പിന്തുണയില്‍ സുസ്ഥിര സ്മാര്‍ട്ട് സിറ്റികള്‍ വികസിപ്പിക്കാന്‍ ആവശ്യമായ സുപ്രധാന ചുവടുവെപ്പിനെ പ്രതിനിധീകരിക്കുന്ന കുവൈറ്റിലെ കെട്ടിടങ്ങളില്‍ നൂതന നിരീക്ഷണ സാങ്കേതികവിദ്യ പ്രയോഗിക്കുന്നത് ആദ്യമാണ്.

ഡോ.ഹസന്‍ കമാല്‍, ഡോ.ഷെയ്ഖ അല്‍ സനദ്, ഡോ.ജാഫറലി പാറോല്‍ എന്നിവരുടെ നേതൃത്വത്തിലാണ് അല്‍ ഹംറ ടവറില്‍ സാങ്കേതികവിദ്യ നടപ്പാക്കിയത്. നേരത്തെ കുവൈറ്റിലെ ബ്രിഡ്ജസില്‍ ഡോ.ജാഫറലി പാറോലിന്റെ നേതൃത്വത്തില്‍ സമാനമായ സാങ്കേതികവിദ്യ നടപ്പാക്കിയിരുന്നു. അടിസ്ഥാന സൗകര്യ സുരക്ഷ സംബന്ധിച്ചും അടിയന്തിര സാഹചര്യങ്ങളില്‍ കൂടുതല്‍ ബാധിക്കാവുന്ന പ്രദേശങ്ങളെക്കുറിച്ചും സാങ്കേതികവിദ്യ കൃത്യമായ വിവരങ്ങള്‍ നല്‍കുന്നുണ്ടെന്ന് ഡോ.ജാഫറലി പാറോല്‍ പറഞ്ഞു. ഭരണ കാര്യാലയങ്ങള്‍ക്ക് കാര്യക്ഷമവും ഫലപ്രദവുമായ ദുരന്ത നിവാരണം പ്രാപ്തമാക്കുമെന്നും അദ്ദേഹം വ്യക്തമാക്കി. ഈ സാങ്കേതികവിദ്യ പാലങ്ങള്‍, ഊര്‍ജ ഇന്‍ഫ്രാസ്ട്രക്ചര്‍ പോലെ മറ്റ് നിര്‍ണായക സംവിധാനങ്ങളിലും പ്രയോഗിക്കാനാകും.

Continue Reading

GULF

കനത്ത മഴ: ദുബൈയിലേക്കും തിരിച്ചുമുള്ള 13 വിമാനങ്ങൾ റദ്ദാക്കി, 5 വിമാനങ്ങൾ വഴിതിരിച്ചുവിട്ടു

Published

on

കനത്ത മഴ തുടരുന്ന സാഹചര്യത്തിൽ ദുബൈയിലേക്കും തിരിച്ചുമുള്ള നിരവധി വിമാന സർവീസുകൾ റദ്ദാക്കി. 13 വിമാനങ്ങളാണ് ഇന്ന് റദ്ദാക്കിയത്. അഞ്ച് വിമാനങ്ങൾ വഴിതിരിച്ചുവിട്ടു. ദുബൈയിലേക്ക് എത്തുന്ന ഒമ്പത് വിമാനങ്ങളും ദുബൈയിൽ നിന്ന് പുറപ്പെടേണ്ട നാല് വിമാനങ്ങളുമാണ് റദ്ദാക്കിയത്

മഴയും അതുകാരണമുള്ള ഗതാഗത കുരുക്കും പ്രതീക്ഷിക്കുന്നതിനാൽ യാത്രക്കാർ അതിനനുസരിച്ചുള്ള തയ്യാറെടുപ്പുകൾ നടത്തണമെന്ന് ദുബൈ വിമാനത്താവള അധികൃതരും വിമാന കമ്പനികളും ആവശ്യപ്പെട്ടു.

യാത്രക്കാർ അതാത് വിമാനക്കമ്പനികളുമായി ബന്ധപ്പെട്ട് സർവീസുകളുടെ സ്ഥിതി പരിശോധിക്കണം. കാലാവസ്ഥ കാരണമായുണ്ടാകുന്ന അസാധാരണ സാഹചര്യങ്ങളോ നീണ്ട ക്യൂവോ യാത്രയെ ബാധിക്കാതിരിക്കാൻ സാധാരണയേക്കാൾ അൽപ്പം കൂടി നേരത്തെ എത്തണമെന്നും അറിയിപ്പിൽ പറയുന്നു.

Continue Reading

GULF

ശക്തമായ മഴയുണ്ടാകുമെന്ന് മുന്നറിയിപ്പ്: യുഎഇയില്‍ മുന്‍കരുതല്‍ സജീവം

മെയ് രണ്ട്, മൂന്ന് തിയ്യതികളില്‍ ശക്തമായ മഴയും ഇടിമിന്നലും ഉണ്ടാകുമെന്ന മുന്നറിയിപ്പ് ഏതാനും ദിവസങ്ങള്‍ക്കുമുമ്പുതന്നെ അധികൃതര്‍ അറിയിച്ചിരുന്നു

Published

on

അബുദാബി: യുഎഇയില്‍ വ്യാഴം, വെള്ളി ദിവസങ്ങളില്‍ ശക്തമായ മഴയുണ്ടാകുമെന്ന കാലാവസ്ഥാ നിരീക്ഷകരുടെ മുന്നറിയിപ്പിനെത്തുടര്‍ന്ന് വിവിധ ഭാഗങ്ങളില്‍ വിപലുമായ മുന്‍കരുതലുകള്‍ പൂര്‍ത്തിയാക്കി.

മെയ് രണ്ട്, മൂന്ന് തിയ്യതികളില്‍ ശക്തമായ മഴയും ഇടിമിന്നലും ഉണ്ടാകുമെന്ന മുന്നറിയിപ്പ് ഏതാനും ദിവസങ്ങള്‍ക്കുമുമ്പുതന്നെ അധികൃതര്‍ അറിയിച്ചിരുന്നു. ഇതേതുടര്‍ന്ന് സര്‍വ്വമേഖലകളിലും സുരക്ഷാ ക്രമീകരണങ്ങള്‍ക്കുള്ള ഒരുക്കങ്ങള്‍ ഇതിനകം പൂര്‍ത്തീകരിച്ചിട്ടുണ്ട്.

സ്‌കൂളുകുള്‍ രണ്ടുദിവസം ഓണ്‍ലൈന്‍ ക്ലാസായിരിക്കുമെന്ന് ബന്ധപ്പെട്ടവര്‍ വ്യക്തമാക്കി. റോഡ് സുരക്ഷ ഉറപ്പാക്കുന്നതിനും വാഹനഗതാഗതം സുഗമമാക്കുന്നതിനും പൊലീസ് കര്‍ശനമായ നിര്‍ദ്ദേശങ്ങള്‍ നല്‍കിയിട്ടുണ്ട്. ഇതിന്റെ ഭാഗമായി വെള്ളക്കെട്ട് ഉണ്ടാവാനിടയുള്ള പ്രദേശങ്ങളും റോഡുകളും അടച്ചിടും. പൊതുജനങ്ങള്‍ ജാഗ്രത പാലിക്കണമെന്ന് അബുദാബി പൊലീസ് അറിയിച്ചു.

ഏതാനും ദിവസംമുമ്പുണ്ടായ ശക്തമായ മഴയില്‍ യുഎഇയുടെ വിവിധ ഭാഗങ്ങളില്‍, വിശിഷ്യാ വടക്കന്‍ എമിറേറ്റുകളില്‍ കനത്ത നാശനഷ്ടങ്ങള്‍ സംഭവിച്ചിരുന്നു. ഇതിന്റെ പശ്ചാത്തലത്തില്‍ കൂടുതല്‍ കരുതലുമായാണ് അധികൃതര്‍
എല്ലാമേഖലയിലും ശ്രദ്ധ ചെലുത്തുന്നത്.

Continue Reading

Trending