News
ലക്ഷത്തിലേക്ക് കുതിച്ച് സ്വര്‍ണം; പവന് 99,000 കടന്നു
പവന്റെ വിലയില്‍ 800 രൂപയുടെ വര്‍ധനയുണ്ടായി, പവന്‍ 99,200 രൂപയ്ക്കാണ് ഇന്ന് വ്യാപാരം നടക്കുന്നത്
കൊച്ചി: സംസ്ഥാനത്ത് സ്വര്‍ണവില വീണ്ടും ഉയര്‍ന്നു. ദിവസങ്ങള്‍ക്ക് ശേഷം ഇന്ന് രേഖപ്പെടുത്തിയ വര്‍ധനയോടെ സ്വര്‍ണം ലക്ഷത്തിനടുത്തെത്തി. റെക്കോഡ് നിരക്ക് മറികടന്നില്ലെങ്കിലും നിലവില്‍ പവന്റെ വില 99,000 രൂപയ്ക്ക് മുകളിലാണ്. ഇന്ന് ഗ്രാമിന് 100 രൂപയുടെ വര്‍ധനയാണ് രേഖപ്പെടുത്തിയത്.
ഇതോടെ ഒരു ഗ്രാം സ്വര്‍ണത്തിന്റെ വില 12,400 രൂപയായി. പവന്റെ വിലയില്‍ 800 രൂപയുടെ വര്‍ധനയുണ്ടായി, പവന്‍ 99,200 രൂപയ്ക്കാണ് ഇന്ന് വ്യാപാരം നടക്കുന്നത്.അതേസമയം, ആഗോള വിപണിയില്‍ സ്വര്‍ണം റെക്കോഡ് നിരക്കിലാണ് വ്യാപാരം നടത്തുന്നത്. സ്‌പോട്ട് ഗോള്‍ഡ് വില ഔണ്‍സിന് 4,383 ഡോളറായി ഉയര്‍ന്നു. യു.എസ് കേന്ദ്രബാങ്കായ ഫെഡറല്‍ റിസര്‍വ് വായ്പ പലിശനിരക്കുകള്‍ കുറച്ചതോടെ നിക്ഷേപകര്‍ സ്വര്‍ണത്തെ സുരക്ഷിത നിക്ഷേപമായി പരിഗണിക്കുന്നതാണ് വിലക്കയറ്റത്തിന് പ്രധാന കാരണമായി വിലയിരുത്തുന്നത്.
ഇതിനൊപ്പം ഡോളര്‍ ഇന്‍ഡക്‌സിലുണ്ടായ ഇടിവും സ്വര്‍ണവിലയെ സ്വാധീനിച്ചിട്ടുണ്ട്. സ്വര്‍ണത്തോടൊപ്പം വെള്ളിയുടെ വിലയും ഉയരുകയാണ്. ഇതുവരെ 138 ശതമാനം വര്‍ധനയാണ് വെള്ളിക്ക് രേഖപ്പെടുത്തിയിട്ടുള്ളത്.
kerala
ശബരിമല സ്വര്‍ണക്കൊള്ള: ജ്വല്ലറി ഉടമ ഗോവര്‍ധന്‍ ദേവസ്വം ബോര്‍ഡിന് പണം നല്‍കിയതായി രേഖകള്‍
എക്‌സിക്യുട്ടീവ് ഓഫീസര്‍ക്ക് ഡിമാന്‍ഡ് ഡ്രാഫ്റ്റായാണ് തുക കൈമാറിയതെന്ന് രേഖകളില്‍ വ്യക്തമാക്കുന്നു.
തിരുവനന്തപുരം: ശബരിമല സ്വര്‍ണക്കൊള്ള കേസില്‍ നിര്‍ണായക വിവരങ്ങള്‍ പുറത്തുവരുന്നു. സ്വര്‍ണം വാങ്ങിയതിന് ജ്വല്ലറി ഉടമ ഗോവര്‍ധന്‍ ദേവസ്വം ബോര്‍ഡിന് 14.97 ലക്ഷം രൂപ നല്‍കിയതായി രേഖകള്‍ സ്ഥിരീകരിക്കുന്നു. എക്‌സിക്യുട്ടീവ് ഓഫീസര്‍ക്ക് ഡിമാന്‍ഡ് ഡ്രാഫ്റ്റായാണ് തുക കൈമാറിയതെന്ന് രേഖകളില്‍ വ്യക്തമാക്കുന്നു. 474 ഗ്രാം സ്വര്‍ണമാണ് ഗോവര്‍ധന്‍ വാങ്ങിയതെന്നും പണം കൈമാറിയതിന്റെയും ഇടപാടുകളുടെയും രേഖകള്‍ മാധ്യമങ്ങള്‍ക്ക് ലഭിച്ചിട്ടുണ്ട്.
അതേസമയം, ജാമ്യാപേക്ഷയുമായി ഗോവര്‍ധന്‍ ഹൈക്കോടതിയെ സമീപിച്ചു. താന്‍ നിരപരാധിയാണെന്നും അയ്യപ്പഭക്തന്‍ എന്ന നിലയിലാണ് ശബരിമലയ്ക്കായി സേവനങ്ങള്‍ ചെയ്തതെന്നുമാണ് ഹരജിയിലെ വാദം. തന്റെ സ്വത്തിന്റെയൊരു ഭാഗം ശബരിമലയ്ക്കായി മാറ്റിവെക്കാറുണ്ടെന്നും, ശ്രീകോവില്‍ കവാടം സ്വന്തം ചെലവില്‍ നിര്‍മിച്ച് നല്‍കിയിട്ടുണ്ടെന്നും ഗോവര്‍ധന്‍ ഹരജിയില്‍ പറയുന്നു.
ഉണ്ണികൃഷ്ണന്‍ പോറ്റി തന്നെ തെറ്റിദ്ധരിപ്പിച്ചുവെന്നും, ശബരിമലയിലെ കാര്യങ്ങള്‍ക്കായി പൂര്‍ണമായും പോറ്റിയെയാണ് ആശ്രയിച്ചിരുന്നതെന്നും ഗോവര്‍ധന്‍ വ്യക്തമാക്കുന്നു. ശ്രീകോവിലിലെ വാതിലുകള്‍ വെറും ചെമ്പുപാളികളാണെന്നും, അതിന് സ്വര്‍ണം പൂശുന്നത് വലിയ പുണ്യമാണെന്നുമാണ് പോറ്റി പറഞ്ഞതെന്നും ജാമ്യാപേക്ഷയില്‍ ചൂണ്ടിക്കാട്ടുന്നു. എസ്ഐടി സ്വര്‍ണം പിടിച്ചെടുത്തത് ഭീഷണിപ്പെടുത്തിയാണെന്നും, പിടിച്ചെടുത്തത് തത്തുല്യമായ സ്വര്‍ണമാണെന്നും ഗോവര്‍ധന്‍ ആരോപിക്കുന്നു.
ഇതിനിടെ, കേസില്‍ സ്മാര്‍ട്ട് ക്രിയേഷന്‍സ് സി.ഇ.ഒ പങ്കജ് ഭണ്ഡാരിയെയും ഗോവര്‍ധനെയും വീണ്ടും ചോദ്യം ചെയ്യാന്‍ പ്രത്യേക അന്വേഷണസംഘം (എസ്‌ഐടി) ഒരുങ്ങുകയാണ്. ഇരുവരെയും കസ്റ്റഡിയില്‍ ആവശ്യപ്പെട്ട് കൊല്ലം വിജിലന്‍സ് കോടതിയില്‍ അപേക്ഷ നല്‍കും. കേസുമായി ബന്ധപ്പെട്ട് കൂടുതല്‍ അറസ്റ്റുകള്‍ ഉടന്‍ ഉണ്ടാകുമെന്നും സൂചനയുണ്ട്. ദേവസ്വം ബോര്‍ഡ് അംഗങ്ങളായ എന്‍. വിജയകുമാറിനെയും കെ.പി. ശങ്കരദാസിനെയും വൈകാതെ ചോദ്യം ചെയ്യാനും എസ്‌ഐടി തീരുമാനിച്ചിട്ടുണ്ട്.
kerala
ഷൈന്‍ ടോം ചാക്കോക്കെതിരായ ലഹരി കേസ്: പൊലീസിന് കനത്ത തിരിച്ചടി
കഴിഞ്ഞ ദിവസമാണ് ഫോറന്‍സിക് റിപ്പോര്‍ട്ട് പുറത്തുവന്നത്.
കൊച്ചി: നടന്‍ ഷൈന്‍ ടോം ചാക്കോക്കെതിരായ ലഹരി കേസില്‍ പൊലീസിന് കനത്ത തിരിച്ചടി. ഷൈന്‍ ടോം ചാക്കോ ലഹരി ഉപയോഗിച്ചുവെന്ന് ഫോറന്‍സിക് പരിശോധനയില്‍ തെളിയിക്കാനായില്ല. കഴിഞ്ഞ ദിവസമാണ് ഫോറന്‍സിക് റിപ്പോര്‍ട്ട് പുറത്തുവന്നത്. സംസ്ഥാനത്ത് വലിയ കോളിളക്കം സൃഷ്ടിച്ച കേസായിരുന്നു ഇത്.
ഹോട്ടല്‍ മുറിയെടുത്ത് ഷൈനും സുഹൃത്തും ലഹരി ഉപയോഗിച്ചുവെന്നായിരുന്നു പൊലീസിന്റെ കേസ്. ഡാന്‍സാഫ് സംഘം പരിശോധനയ്ക്കെത്തിയപ്പോള്‍ ഷൈന്‍ ടോം ചാക്കോ ഹോട്ടല്‍ മുറിയില്‍ നിന്ന് ഇറങ്ങി ഓടിയത് വിവാദമായിരുന്നു. സംഭവദിവസം നടനെ മണിക്കൂറുകളോളം പൊലീസ് ചോദ്യം ചെയ്തിരുന്നു.
കഴിഞ്ഞ ഏപ്രിലില്‍, ‘ഓപ്പറേഷന്‍ ഡി ഹണ്ട്’ന്റെ ഭാഗമായി എറണാകുളം നോര്‍ത്തില്‍ നടത്തിയ ലഹരി പരിശോധനയ്ക്കിടെയാണ് സംഭവം. ഷൈന്‍ ടോം ചാക്കോയുടെ ഹോട്ടല്‍ മുറിയില്‍ ലഹരി ഉപയോഗം നടക്കുന്നതായി രഹസ്യവിവരം ലഭിച്ചതിനെ തുടര്‍ന്നാണ് ഡാന്‍സാഫ് സംഘം കൊച്ചിയിലെ സ്വകാര്യ ഹോട്ടലിലെത്തിയത്. പൊലീസ് സംഘം ഹോട്ടലിന്റെ താഴെയെത്തിയ വിവരം അറിഞ്ഞതോടെ, മൂന്നാം നിലയിലെ മുറിയില്‍ നിന്ന് ജനല്‍ വഴി ഇറങ്ങി നടന്‍ രക്ഷപ്പെട്ടുവെന്നായിരുന്നു പൊലീസിന്റെ വിശദീകരണം.
എന്നാല്‍, കേസില്‍ ശേഖരിച്ച സാമ്പിളുകളുടെ ഫോറന്‍സിക് പരിശോധനയില്‍ ലഹരി ഉപയോഗം സ്ഥിരീകരിക്കാന്‍ കഴിഞ്ഞിട്ടില്ല. റിപ്പോര്‍ട്ട് പുറത്തുവന്നതോടെ കേസിന്റെ തുടര്‍നടപടികള്‍ എന്താകുമെന്നതില്‍ നിയമപരമായ ചര്‍ച്ചകള്‍ സജീവമായിരിക്കുകയാണ്.
kerala
ശബരിമല സ്വർണക്കൊള്ള: കെ.പി. ശങ്കരദാസിനും എൻ. വിജയകുമാറിനും കുരുക്ക് മുറുകുന്നു
കേസിലെ മുഖ്യപ്രതി പോറ്റിയുടെ മൊഴിയിൽ, സ്വർണ്ണവുമായി ബന്ധപ്പെട്ട എല്ലാ ഇടപാടുകളും ബോർഡിന്റെ അറിവോടെയായിരുന്നുവെന്നും പത്മകുമാറിന്റെ തീരുമാനത്തെ ഇരുവരും അംഗീകരിച്ചുവെന്നും വ്യക്തമാക്കിയിട്ടുണ്ട്.
തിരുവനന്തപുരം: ശബരിമല സ്വർണക്കൊള്ള കേസിൽ ദേവസ്വം ബോർഡ് മുൻ അംഗങ്ങളായ കെ.പി. ശങ്കരദാസിനും എൻ. വിജയകുമാറിനും എതിരായ അന്വേഷണം ശക്തമാകുന്നു. കേസിലെ മുഖ്യപ്രതി പോറ്റിയുടെ മൊഴിയിൽ, സ്വർണ്ണവുമായി ബന്ധപ്പെട്ട എല്ലാ ഇടപാടുകളും ബോർഡിന്റെ അറിവോടെയായിരുന്നുവെന്നും പത്മകുമാറിന്റെ തീരുമാനത്തെ ഇരുവരും അംഗീകരിച്ചുവെന്നും വ്യക്തമാക്കിയിട്ടുണ്ട്. ഇതിന്റെ അടിസ്ഥാനത്തിൽ ശങ്കരദാസിനെയും വിജയകുമാറിനെയും കേസിൽ പ്രതിചേർക്കാനുള്ള നീക്കത്തിലാണ് പ്രത്യേക അന്വേഷണസംഘം (എസ്ഐടി). ഇരുവരെയും ഉടൻ ചോദ്യം ചെയ്യാൻ സാധ്യതയുണ്ടെന്നാണ് സൂചന.
സ്വർണക്കൊള്ള കേസിലെ അന്വേഷണം ഉന്നതരിലേക്കു വ്യാപിപ്പിക്കാനാണ് എസ്ഐടി ഒരുങ്ങുന്നത്. അന്വേഷണം മന്ദഗതിയിലായതിൽ ഹൈക്കോടതി കഴിഞ്ഞ ദിവസം എസ്ഐടിക്കെതിരെ രൂക്ഷ വിമർശനം ഉന്നയിച്ചിരുന്നു. കഴിഞ്ഞ മാസം അഞ്ചിന് ശേഷം അന്വേഷണത്തിൽ കാര്യമായ പുരോഗതിയില്ലെന്നും പത്മകുമാറിന്റെ അറസ്റ്റിന് ശേഷം തുടർനടപടികൾ ഉണ്ടായില്ലെന്നും കോടതി ചൂണ്ടിക്കാട്ടി. ദേവസ്വം ബോർഡ് അംഗങ്ങളായിരുന്ന ശങ്കരദാസിനെയും വിജയകുമാറിനെയും ഇതുവരെ പ്രതിചേർക്കാത്തത് എന്തുകൊണ്ടാണെന്നും ഹൈക്കോടതി ചോദിച്ചിരുന്നു.
ട്രസ്റ്റ് അംഗങ്ങൾക്ക് ഉത്തരവാദിത്തത്തിൽ നിന്ന് ഒഴിഞ്ഞുമാറാനാവില്ലെന്ന നിലപാടും കോടതി വ്യക്തമാക്കിയിട്ടുണ്ട്. നേരത്തെ ചോദ്യം ചെയ്യലിൽ, പത്മകുമാർ ഒറ്റയ്ക്ക് തീരുമാനങ്ങൾ എടുത്തതാണെന്നും തങ്ങൾക്ക് കേസുമായി ബന്ധമില്ലെന്നുമായിരുന്നു ശങ്കരദാസിന്റെയും വിജയകുമാറിന്റെയും വിശദീകരണം. എന്നാൽ കോടതി പരാമർശങ്ങളുടെ പശ്ചാത്തലത്തിൽ എസ്ഐടി തുടർനടപടികളുമായി മുന്നോട്ടുപോകുമെന്നാണ് വിവരം.
-
kerala14 hours agoകളിച്ചുകൊണ്ടിരിക്കുന്നതിനിടയില്‍ കുഴഞ്ഞുവീണു; പാലക്കാട് 14കാരന് ദാരുണാന്ത്യം
-
kerala15 hours agoവയനാട്ടില്‍ ജനവാസമേഖലയില്‍ വീണ്ടും കടുവയിറങ്ങി
-
kerala15 hours agoവാളയാറിലെ ആള്‍ക്കൂട്ടക്കൊല; പ്രതികള്‍ക്ക് ശിക്ഷ ഉറപ്പാക്കണം മുഖ്യമന്ത്രിക്ക് കത്ത് നല്കി വി.ഡി സതീശന്
-
kerala17 hours agoവാളയാറിലെ ആള്‍ക്കൂട്ട കൊലപാതകം; നഷ്ടപരിഹാരം പ്രഖ്യാപിക്കുന്നത് വരെ മൃതദേഹം ഏറ്റെടുക്കില്ലെന്ന് കുടുംബം
-
india14 hours agoനാല് വയസുകാരിയെ ബലാത്സംഗം ചെയ്ത പ്രതിയെ വെടിവച്ച് വീഴ്ത്തി പൊലീസ് ഉദ്യോഗസ്ഥ
-
india23 hours agoഅനധികൃത വിദേശ കുടിയേറ്റക്കാര്‍ക്ക് ജോലി നല്കി; റിസോര്‍ട്ട് ഉടമയായ യുവമോര്‍ച്ച നേതാവിനെതിരെ കേസ്
-
india16 hours agoട്രെയിന്‍ യാത്രയ്ക്ക് ഇനി മുതല്‍ ചെലവേറും; നിരക്കുകളില്‍ വര്‍ധന
-
india3 days agoജി റാം ജി ബില്‍; തൊഴിലുറപ്പ് പദ്ധതിയുടെ അവകാശങ്ങള്‍ കവര്‍ന്നെടുക്കുന്നു: ഹാരിസ് ബീരാന് എംപി
