Connect with us

News

ഇടത് കാല്‍മുട്ടിന് വീണ്ടും ശസ്ത്രക്രിയ: 2026 ലോകകപ്പ് ലക്ഷ്യമിട്ട് നെയ്മര്‍, ഇപ്പോള്‍ വിശ്രമത്തില്‍

ആരോഗ്യം വീണ്ടെടുത്ത് 2026ല്‍ നടക്കാനിരിക്കുന്ന ലോകകപ്പില്‍ ബ്രസീലിന് വേണ്ടി കളിക്കണമെന്ന ആഗ്രഹത്തിലാണ് നെയ്മര്‍.

Published

on

ബ്രസീല്‍ സൂപ്പര്‍ താരം നെയ്മര്‍ ജൂനിയര്‍ വീണ്ടും ശസ്ത്രക്രിയയ്ക്ക് വിധേയനായി. ബ്രസീല്‍ ഫുട്‌ബോള്‍ ലീഗില്‍ സാന്‌റോസിനായി കളിക്കുന്ന 33കാരനായ താരത്തിന്റെ ഇടത് കാല്‍മുട്ടിലാണ് ഇത്തവണ ശസ്ത്രക്രിയ നടത്തിയത്. ഇടത് കാല്‍മുട്ടിലെ മീഡിയല്‍ മെനിസ്‌കസുമായുള്ള പ്രശ്‌നം പരിഹരിക്കുന്നതിനായി ആര്‍ത്രോസ്‌കോപ്പിക് ശസ്ത്രക്രിയയാണ് നടത്തിയത്. നോവ ലിമയിലെ മാറ്റര്‍ ഡി ആശുപത്രിയില്‍ നടന്ന ശസ്ത്രക്രിയ വിജയകരമായിരുന്നുവെന്ന് ശസ്ത്രക്രിയയ്ക്ക് നേതൃത്വം നല്‍കിയ ഡോ. റോഡ്രിഗോ ലാസ്മാര്‍ വ്യക്തമാക്കി.

ബ്രസീല്‍ ദേശീയ ഫുട്‌ബോള്‍ ടീമിന്റെ ഡോക്ടറാണ് ലാസ്മര്‍. ശസ്ത്രക്രിയ പൂര്‍ത്തിയായതോടെ നെയ്മര്‍ ഇപ്പോള്‍ വിശ്രമത്തിലാണെന്നും അടുത്ത ദിവസങ്ങളില്‍ ഫിസിയോതെറാപ്പി ആരംഭിക്കുമെന്നും മെഡിക്കല്‍ ബുള്ളറ്റിനില്‍ പറയുന്നു. രണ്ട് വര്‍ഷം മുമ്പ് നെയ്മറിന്റെ കണംങ്കാലിന് ഗുരുതരമായ പരിക്ക് സംഭവിച്ചപ്പോഴും ശസ്ത്രക്രിയ നടത്തിയത് ഡോ. ലാസ്മറായിരുന്നു. പരിക്ക് പൂര്‍ണമായും ഭേദമാകാതെയാണ് നെയ്മര്‍ വീണ്ടും കളത്തിലിറങ്ങി തന്റെ ക്ലബ്ബായ സാന്‌റോസിനെ തരംതാഴ്ത്തല്‍ ഭീഷണിയില്‍ നിന്ന് രക്ഷിച്ചത്. ബ്രസീല്‍ ഫുട്‌ബോള്‍ ലീഗില്‍ സാന്‌റോസിന്റെ നിലനില്‍പ്പിന് നിര്‍ണായകമായ പ്രകടനമാണ് താരം കാഴ്ചവച്ചത്.

ആരോഗ്യം വീണ്ടെടുത്ത് 2026ല്‍ നടക്കാനിരിക്കുന്ന ലോകകപ്പില്‍ ബ്രസീലിന് വേണ്ടി കളിക്കണമെന്ന ആഗ്രഹത്തിലാണ് നെയ്മര്‍. രണ്ട് വര്‍ഷം മുമ്പാണ് താരം അവസാനമായി ബ്രസീല്‍ ദേശീയ ടീമിനായി മത്സരിച്ചത്. ബ്രസീലിന്റെ എക്കാലത്തെയും മികച്ച ഗോള്‍വേട്ടക്കാരില്‍ ഒരാളായ നെയ്മര്‍ 128 അന്താരാഷ്ട്ര മത്സരങ്ങളില്‍ നിന്ന് 79 ഗോളുകള്‍ നേടിയിട്ടുണ്ട്. ചികിത്സ പൂര്‍ത്തിയാക്കി നെയ്മര്‍ എപ്പോള്‍ മൈതാനത്തേക്ക് മടങ്ങുമെന്ന് ഇതുവരെ ഔദ്യോഗികമായി വ്യക്തമാക്കിയിട്ടില്ല. എന്നാല്‍ പൂര്‍ണ വിശ്രമവും തുടര്‍ച്ചയായ ഫിസിയോതെറാപ്പിയും അനിവാര്യമാണ്. പരിക്ക് ഭേദമായി ലോകകപ്പ് സ്‌ക്വാഡില്‍ ഇടം നേടുക എന്നതാണ് നിലവില്‍ നെയ്മറിന്റെ പ്രധാന ലക്ഷ്യം.

kerala

ശബരിമല സ്വര്‍ണ്ണക്കൊള്ള; ഗോവര്‍ദ്ധന്റെ റൊദ്ദം ജ്വല്ലറിയില്‍ എസ്‌ഐടി പരിശോധന നടത്തും

വേര്‍തിരിച്ചെടുത്ത സ്വര്‍ണം കല്‍പേഷ് എന്ന ഇടനിലക്കാരന്‍ മുഖേന ഗോവര്‍ദ്ധന് വിറ്റുവെന്ന് എസ്എഐടി കണ്ടെത്തിയിരുന്നു.

Published

on

പത്തനംതിട്ട: ശബരിമല സ്വര്‍ണ്ണക്കൊള്ള കേസിലെ പ്രതി സ്വര്‍ണ വ്യാപാരി ഗോവര്‍ദ്ധന്റെ റൊദ്ദം ജ്വല്ലറിയില്‍ എസ്‌ഐടി പരിശോധന നടത്തും. ശബരിമലയില്‍ നിന്നു കടത്തിക്കൊണ്ട് പോയ സ്വര്‍ണം ചെന്നൈയിലെ സ്മാര്‍ട്ട് ക്രിയേഷന്‍സില്‍ വച്ചായിരുന്നു വേര്‍തിരിച്ചെടുത്തത്. ഇത്തരത്തില്‍ വേര്‍തിരിച്ചെടുത്ത സ്വര്‍ണം കല്‍പേഷ് എന്ന ഇടനിലക്കാരന്‍ മുഖേന ഗോവര്‍ദ്ധന് വിറ്റുവെന്ന് എസ്എഐടി കണ്ടെത്തിയിരുന്നു.

800 ഗ്രാമില്‍ അധികം സ്വര്‍ണം നേരത്തെ ഗോവര്‍ദ്ധന്റെ ജ്വല്ലറിയില്‍ നിന്നും എസ്ഐടി കണ്ടെത്തിയിരുന്നു. അന്വേഷണത്തിനിടെ തന്ത്രിയുടെ മൊഴിയിലും ഗോവര്‍ദ്ധന്റെ പങ്ക് സംബന്ധിച്ച് പരാമര്‍ശങ്ങള്‍ ഉണ്ടായിരുന്നു. സ്വര്‍ണ്ണക്കൊള്ള കേസിലെ പത്താംപ്രതി ഗോവര്‍ദ്ധന്റെ ജാമ്യാപേക്ഷയില്‍ പ്രത്യേക അന്വേഷണ സംഘത്തിനോട് കോടതി മറുപടി തേടി. മുപ്പതാം തീയതി ജാമ്യ ഹര്‍ജി പരിഗണിക്കും. ശബരിമല സ്വര്‍ണ്ണക്കൊള്ള കേസില്‍ കോടതി പറഞ്ഞാല്‍ അന്വേഷിക്കാന്‍ തയാറെന്ന് സിബിഐ അറിയിച്ചു.

Continue Reading

kerala

പച്ചമരുന്നിന്റെ വേര് മോഷ്ടിച്ചുവെന്ന ആരോപണം: അട്ടപ്പാടിയില്‍ ആദിവാസി യുവാവിന് ക്രൂര മര്‍ദനം, തലയോട്ടി തകര്‍ന്നു

ബലം പ്രയോഗിച്ച് മണികണ്ഠനെ ഒഴിഞ്ഞ മുറിയിലേക്ക് കൊണ്ടുപോയ ശേഷമാണ് മര്‍ദനമുണ്ടായതെന്ന് പരാതിയുണ്ട്

Published

on

പാലക്കാട്: അട്ടപ്പാടിയില്‍ മോഷണക്കുറ്റം ആരോപിച്ച് ആദിവാസി യുവാവിന് ക്രൂര മര്‍ദനം. പാലൂര്‍ സ്വദേശിയായ മണികണ്ഠന്‍ (26) ആണ് ആക്രമണത്തിനിരയായത്. പച്ചമരുന്നിന് ഉപയോഗിക്കുന്ന മരുന്നിന്റെ വേര് മോഷ്ടിച്ചുവെന്നാരോപിച്ചായിരുന്നു ഈ മാസം ഏഴാം തീയതി രാമരാജ് എന്നയാള്‍ മണികണ്ഠനെ ക്രൂരമായി മര്‍ദിച്ചത്. ബലം പ്രയോഗിച്ച് മണികണ്ഠനെ ഒഴിഞ്ഞ മുറിയിലേക്ക് കൊണ്ടുപോയ ശേഷമാണ് മര്‍ദനമുണ്ടായതെന്ന് പരാതിയുണ്ട്.

സംഭവത്തിന് രണ്ട് ദിവസം ശേഷം കോഴിക്കോട്ടേക്ക് പോയ മണികണ്ഠന്‍ തലകറങ്ങി വീണതോടെയാണ് പരിക്കിന്റെ ഗൗരവം പുറത്തറിയുന്നത്. ആശുപത്രിയിലെത്തിച്ച് പരിശോധിച്ചപ്പോഴാണ് തലയോട്ടി തകര്‍ന്നതായി കണ്ടെത്തിയത്. തുടര്‍ന്ന് കോഴിക്കോട് മെഡിക്കല്‍ കോളജില്‍ അടിയന്തര ശസ്ത്രക്രിയ നടത്തി. നിലവില്‍ മണികണ്ഠന്‍ അട്ടപ്പാടി കൊട്ടത്തറ സര്‍ക്കാര്‍ ആശുപത്രിയില്‍ ചികിത്സയിലാണ്. സംഭവത്തില്‍ മര്‍ദനം നടത്തിയ പാലൂര്‍ സ്വദേശി രാമരാജിനെതിരെ കേസ് രജിസ്റ്റര്‍ ചെയ്തിട്ടുണ്ടെങ്കിലും തുടര്‍ നടപടികള്‍ ഉണ്ടാകുന്നില്ലെന്നതാണ് കുടുംബത്തിന്റെ പരാതി.

Continue Reading

News

മണ്ഡലപൂജ 27ന്; ശബരിമല സന്നിധാനത്ത് വീണ്ടും ഭക്തജനത്തിരക്ക് കുത്തനെ വര്‍ധിച്ചു

തിരക്ക് കൂടിയതോടെ പതിനെട്ടാംപടിയില്‍ കയറുന്നവരുടെ എണ്ണത്തിലും വന്‍ വര്‍ധനവുണ്ടായി

Published

on

ശബരിമല മണ്ഡലപൂജ അടുത്തതോടെ സന്നിധാനത്ത് ഒരിടവേളയ്ക്ക് ശേഷം വീണ്ടും ഭക്തജനത്തിരക്ക് ഉയര്‍ന്നു. തിങ്കളാഴ്ച ദര്‍ശനം നടത്തിയ തീര്‍ത്ഥാടകരുടെ എണ്ണം ഒരു ലക്ഷം കടന്നു. ഞായറാഴ്ച അര്‍ധരാത്രി മുതല്‍ തിങ്കളാഴ്ച രാത്രി 12 മണിവരെ 1,05,738 പേരാണ് ദര്‍ശനം നടത്തിയത്. അവധി ദിവസമായിരുന്ന ഞായറാഴ്ച തിരക്ക് താരതമ്യേന കുറവായിരുന്നു. ആ ദിവസം 61,576 പേരാണ് ശബരിമലയില്‍ എത്തിയത്. സീസണ്‍ ആരംഭിച്ച ആദ്യ ദിവസങ്ങളില്‍ ശരാശരി ഒരു ലക്ഷം ഭക്തരാണ് പ്രതിദിനം ദര്‍ശനത്തിനെത്തിയിരുന്നത്. എന്നാല്‍ രണ്ടാഴ്ച പിന്നിട്ടതോടെ തിരക്ക് കുറഞ്ഞിരുന്നു.

ഇപ്പോഴാണ് വീണ്ടും ദിനംപ്രതി എത്തുന്നവരുടെ എണ്ണം ഒരു ലക്ഷം പിന്നിടുന്നത്. തിരക്ക് കൂടിയതോടെ പതിനെട്ടാംപടിയില്‍ കയറുന്നവരുടെ എണ്ണത്തിലും വന്‍ വര്‍ധനവുണ്ടായി. ഞായറാഴ്ച മണിക്കൂറില്‍ ശരാശരി 1,800ലധികം പേര്‍ പതിനെട്ടാംപടി കയറിയിരുന്നുവെങ്കില്‍, തിങ്കളാഴ്ച അത് മണിക്കൂറില്‍ 3,500ലധികമായി. ചൊവ്വാഴ്ച പുലര്‍ച്ചെ മുതല്‍ തന്നെ പമ്പയില്‍ നിന്ന് ഭക്തരുടെ ഒഴുക്ക് ശക്തമായി തുടരുകയായിരുന്നു. ഇതോടെ മരക്കൂട്ടം മുതല്‍ പൊലീസ് നിയന്ത്രണം ഏര്‍പ്പെടുത്തി. ക്യൂ കോംപ്ലക്‌സുകളില്‍ ഏറെ നേരം കാത്തിരുന്ന ശേഷമാണ് ഭക്തര്‍ക്ക് സന്നിധാനത്ത് പ്രവേശിക്കാന്‍ കഴിഞ്ഞത്.

ചൊവ്വാഴ്ച ഉച്ചയ്ക്ക് ഒരു മണിവരെ 53,400 പേര്‍ ദര്‍ശനത്തിനായി എത്തിയതായി അധികൃതര്‍ അറിയിച്ചു. എല്ലുമേട് വഴിയും ശബരിമലയിലേക്ക് എത്തുന്ന ഭക്തരുടെ എണ്ണത്തില്‍ വര്‍ധനവുണ്ടായി. എന്നാല്‍ പുല്‍മേട് വഴി ഒരു ദിവസം പരമാവധി 5,000 പേരെ മാത്രമാണ് കയറ്റിവിട്ടത്. ഈ സീസണില്‍ ഇതുവരെ പുല്‍മേട് വഴി സന്നിധാനത്ത് എത്തിയ ഭക്തരുടെ എണ്ണം ഒരു ലക്ഷം പിന്നിട്ടിട്ടുണ്ട്.

Continue Reading

Trending