Connect with us

News

യുഎസില്‍ ഇന്ത്യന്‍ വംശജ കുത്തേറ്റ് കൊല്ലപ്പെട്ടു; മുന്‍ കാമുകന്‍ ഇന്ത്യയിലേക്ക് കടന്നതായി സംശയം

യുവതിയെ മുന്‍ കാമുകന്റെ അപ്പാര്‍ട്ടുമെന്റില്‍ കുത്തേറ്റ് മരിച്ച നിലയില്‍ കണ്ടെത്തി.

Published

on

ന്യൂയോര്‍ക്ക്: അമേരിക്കയില്‍ പുതുവത്സരദിനത്തില്‍ കാണാതായ ഇന്ത്യന്‍ വംശജ യുവതിയെ മുന്‍ കാമുകന്റെ അപ്പാര്‍ട്ടുമെന്റില്‍ കുത്തേറ്റ് മരിച്ച നിലയില്‍ കണ്ടെത്തി. എല്ലിക്കോട്ട് സിറ്റിയിലെ താമസക്കാരിയും ഡേറ്റ ആന്‍ഡ് സ്ട്രാറ്റജി അനലിസ്റ്റുമായ നികിത ഗോഡിശാല (27)യാണ് കൊല്ലപ്പെട്ടത്.

നികിതയുടെ മുന്‍ കാമുകനായ അര്‍ജുന്‍ ശര്‍മയുടെ (26) മെരിലാന്‍ഡിലെ അപ്പാര്‍ട്ടുമെന്റില്‍ നിന്നാണ് മൃതദേഹം കണ്ടെത്തിയത്. നികിതയെ കൊലപ്പെടുത്തിയ ശേഷം അര്‍ജുന്‍ ഇന്ത്യയിലേക്ക് കടന്നുകളഞ്ഞതായി ഹോവാര്‍ഡ് കൗണ്ടി പൊലീസ് സംശയിക്കുന്നു.

നികിതയെ കാണാനില്ലെന്നു കാണിച്ച് ജനുവരി രണ്ടിന് അര്‍ജുന്‍ തന്നെയാണ് പൊലീസില്‍ പരാതി നല്‍കിയത്. 2025 ഡിസംബര്‍ 31ന് രാത്രി നികിതയെ തന്റെ അപ്പാര്‍ട്ടുമെന്റില്‍ കണ്ടിരുന്നുവെന്നും പിന്നീട് വിവരമില്ലെന്നുമായിരുന്നു പരാതിയില്‍ വ്യക്തമാക്കിയിരുന്നത്. പരാതി നല്‍കിയതിന് പിന്നാലെ അര്‍ജുന്‍ ഡാലസ് ഇന്റര്‍നാഷണല്‍ വിമാനത്താവളത്തില്‍ നിന്ന് ഇന്ത്യയിലേക്ക് യാത്ര ചെയ്തതായും പൊലീസ് അറിയിച്ചു.

പരാതിയുടെ അടിസ്ഥാനത്തില്‍ അന്വേഷണം ആരംഭിച്ച പൊലീസ് ജനുവരി മൂന്നിന് അര്‍ജുന്റെ അപ്പാര്‍ട്ടുമെന്റില്‍ നടത്തിയ പരിശോധനയിലാണ് കുത്തേറ്റ് രക്തത്തില്‍ കുളിച്ച നിലയില്‍ നികിതയുടെ മൃതദേഹം കണ്ടെത്തിയത്. ഡിസംബര്‍ 31ന് വൈകിട്ട് ഏഴ് മണിയോടെയാണ് കൊലപാതകം നടന്നതെന്നാണ് പൊലീസിന്റെ പ്രാഥമിക കണ്ടെത്തല്‍. കൊലപാതകത്തിന്റെ കാരണം ഇതുവരെ വ്യക്തമായിട്ടില്ല.

കേസില്‍ അന്വേഷണം പുരോഗമിക്കുകയാണെന്ന് ഹോവാര്‍ഡ് കൗണ്ടി പൊലീസ് അറിയിച്ചു. അര്‍ജുനെ കണ്ടെത്താനും അറസ്റ്റ് ചെയ്യാനും യുഎസ് ഫെഡറല്‍ നിയമ നിര്‍വഹണ ഏജന്‍സികളുമായി ചേര്‍ന്ന് നടപടികള്‍ ആരംഭിച്ചതായും പൊലീസ് വ്യക്തമാക്കി. ഇന്റര്‍പോളിന്റെ സഹായത്തോടെ ഇന്ത്യയിലെ ബന്ധപ്പെട്ട ഉദ്യോഗസ്ഥരെ വിവരമറിയിക്കുകയും അര്‍ജുനെ യുഎസിലേക്ക് തിരികെ എത്തിച്ച് അറസ്റ്റ് ചെയ്യുകയുമാണ് ലക്ഷ്യമിടുന്നതെന്ന് പൊലീസ് പറഞ്ഞു.

നികിതയുടെ കുടുംബവുമായി ബന്ധപ്പെട്ട് ആവശ്യമായ എല്ലാ നയതന്ത്ര സഹായങ്ങളും നല്‍കുന്നുണ്ടെന്ന് വാഷിങ്ടണ്‍ ഡി.സിയിലെ ഇന്ത്യന്‍ എംബസി എക്‌സില്‍ പോസ്റ്റുചെയ്ത പ്രസ്താവനയില്‍ അറിയിച്ചു. പ്രാദേശിക അധികാരികളുമായി സഹകരിച്ച് വിഷയത്തില്‍ തുടര്‍ നടപടികള്‍ സ്വീകരിക്കുന്നുണ്ടെന്നും എംബസി വ്യക്തമാക്കി.

2022ലാണ് നികിത അമേരിക്കയിലെത്തിയത്. കൊളംബിയ, മെരിലാന്‍ഡ് എന്നിവിടങ്ങളിലെ ‘വ്‌ഹേദ ഹെല്‍ത്ത്’ എന്ന സ്ഥാപനത്തില്‍ ഡേറ്റ ആന്‍ഡ് സ്ട്രാറ്റജി അനലിസ്റ്റായി ജോലി ചെയ്തുവരികയായിരുന്നു. 2025 ഫെബ്രുവരിയില്‍ ഈ സ്ഥാപനത്തില്‍ ജോലിയില്‍ പ്രവേശിച്ച നികിത, ഒരു വര്‍ഷത്തിനുള്ളില്‍ മികച്ച പ്രകടനത്തിന് ‘ഓള്‍ഇന്‍ അവാര്‍ഡ’് നേടിയിരുന്നു.

ഇതിന് മുന്‍പ് ‘മാനേജ്‌മെന്റ് സയന്‍സസ് ഫോര്‍ ഹെല്‍ത്ത’ എന്ന സ്ഥാപനത്തില്‍ ഡേറ്റ അനാലിസിസ് ആന്‍ഡ് വിസ്വലൈസേഷന്‍ സ്‌പെഷ്യലിസ്റ്റ് (ടെക്‌നിക്കല്‍ അഡൈ്വസര്‍) ആയി ഒരു വര്‍ഷത്തിലധികം ജോലി ചെയ്തിട്ടുണ്ട്. മെരിലാന്‍ഡ് യൂണിവേഴ്‌സിറ്റിയുടെ ബാള്‍ട്ടിമോര്‍ കാമ്പസില്‍ നിന്നാണ് നികിത മാസ്‌റ്റേഴ്‌സ് ബിരുദം നേടിയത്.

 

Continue Reading
Advertisement
Click to comment

Leave a Reply

Your email address will not be published. Required fields are marked *

local

മലപ്പുറം വഴിക്കടവില്‍ പത്തൊന്‍പതുകാരി കുഴഞ്ഞുവീണു മരിച്ചു; മരണകാരണം വ്യക്തമല്ല

കസേരയില്‍ ഇരിക്കുകയായിരുന്ന രിഫാദിയ പൊടുന്നനെ കുഴഞ്ഞുവീഴുകയായിരുന്നു.

Published

on

മലപ്പുറം: വഴിക്കടവില്‍ പത്തൊന്‍പതുകാരി കുഴഞ്ഞുവീണ് മരിച്ചു. കെട്ടുങ്ങല്‍ മഞ്ഞക്കണ്ടന്‍ ജാഫര്‍ഖാന്റെ മകള്‍ രിഫാദിയയാണ് മരിച്ചത്. ഞായറാഴ്ച ഉച്ചയ്ക്ക് രണ്ടരയോടെയാണ് സംഭവം.

കസേരയില്‍ ഇരിക്കുകയായിരുന്ന രിഫാദിയ പൊടുന്നനെ കുഴഞ്ഞുവീഴുകയായിരുന്നു. ഉടന്‍തന്നെ ബന്ധുക്കള്‍ ചേര്‍ന്ന് പാലാടിലെ സ്വകാര്യ ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. മരണകാരണം എന്താണെന്ന് വ്യക്തമായിട്ടില്ല. മൃതദേഹം മഞ്ചേരി മെഡിക്കല്‍ കോളേജ് മോര്‍ച്ചറിയിലേക്ക് മാറ്റിയിട്ടുണ്ട്. പോസ്റ്റ്‌മോര്‍ട്ടത്തിന് ശേഷം ബന്ധുക്കള്‍ക്ക് വിട്ടുനല്‍കും. നൂര്‍ജഹാനാണ് രിഫാദിയയുടെ മാതാവ്. സഹോദരി റിസ്വാന.

Continue Reading

News

തൃശൂര്‍ റെയില്‍വേ സ്‌റ്റേഷന്‍ തീപിടിത്തം: വൈദ്യുതി ലൈനല്ല കാരണമെന്ന് റെയില്‍വേ

പാര്‍ക്കിങ് കേന്ദ്രത്തിലെ ഒരു വാഹനത്തില്‍ നിന്നാണ് തീ ആരംഭിച്ചതെന്നും പിന്നീട് അത് പടര്‍ന്നുപിടിക്കുകയായിരുന്നുവെന്നുമാണ് റെയില്‍വേയുടെ വിശദീകരണം.

Published

on

തൃശൂര്‍: തൃശൂര്‍ റെയില്‍വേ സ്‌റ്റേഷനിലെ പാര്‍ക്കിങ് ഷെഡില്‍ ഉണ്ടായ തീപിടിത്തം റെയില്‍വേയുടെ വൈദ്യുതി ലൈനില്‍ നിന്നുണ്ടായതല്ലെന്ന് റെയില്‍വേ അധികൃതര്‍ വ്യക്തമാക്കി. പാര്‍ക്കിങ് കേന്ദ്രത്തിലെ ഒരു വാഹനത്തില്‍ നിന്നാണ് തീ ആരംഭിച്ചതെന്നും പിന്നീട് അത് പടര്‍ന്നുപിടിക്കുകയായിരുന്നുവെന്നുമാണ് റെയില്‍വേയുടെ വിശദീകരണം.

ചട്ടം ലംഘിച്ച് പാര്‍ക്കിങ് ഷെഡ് നിര്‍മിച്ചതിനെതിരെ തൃശൂര്‍ കോര്‍പറേഷന്‍ നോട്ടീസ് നല്‍കിയെന്ന ആരോപണവും റെയില്‍വേ നിഷേധിച്ചു. തങ്ങള്‍ക്ക് ഇതുവരെ ഒരു നോട്ടീസും ലഭിച്ചിട്ടില്ലെന്നും, റെയില്‍വേയുടെ സ്ഥലത്തുള്ള നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ക്ക് കോര്‍പറേഷന്‍ അനുമതി ആവശ്യമില്ലെന്നും അധികൃതര്‍ അറിയിച്ചു.

റെയില്‍വേയുടെ വൈദ്യുതി ലൈനില്‍ നിന്നുള്ള തീപ്പൊരിയാണ് അപകടകാരണമെന്ന വാദം അടിസ്ഥാനരഹിതമാണെന്ന് റെയില്‍വേ വ്യക്തമാക്കി. സംഭവസ്ഥലത്ത് സി.സി.ടി.വി ക്യാമറകള്‍ ഉണ്ടായിരുന്നെങ്കിലും തീപിടിത്തത്തില്‍ അവ നശിച്ചതായും, അവ ഫോറന്‍സിക് പരിശോധനയ്ക്കായി അയച്ചിട്ടുണ്ടെന്നും അധികൃതര്‍ പറഞ്ഞു.

തീപിടിത്തത്തില്‍ റെയില്‍വേയുടെ ടവര്‍ വാഗണ്‍ കേടുപാടുകള്‍ നേരിട്ടിരുന്നു. ഇത് ഉടന്‍ തന്നെ സ്ഥലത്ത് നിന്ന് മാറ്റിയിട്ടുണ്ട്. യാത്രക്കാരുടെ സുരക്ഷ ഉറപ്പാക്കുന്നതിനായി റെയില്‍വേയും റെയില്‍വേ പോലീസും സമയബന്ധിതമായി ഇടപെട്ടതായും അധികൃതര്‍ വിശദീകരിച്ചു.

സംഭവത്തില്‍ റെയില്‍വേയും പോലീസും സംയുക്തമായി അന്വേഷണം നടത്തിവരികയാണ്. അന്വേഷണം തുടരുകയാണെന്നും അധികൃതര്‍ അറിയിച്ചു.ഞായറാഴ്ച രാവിലെ ആറരയോടെയാണ് തൃശൂര്‍ റെയില്‍വേ സ്‌റ്റേഷന്റെ രണ്ടാം ഗേറ്റിന് സമീപമുള്ള ബൈക്ക് പാര്‍ക്കിങ് ഷെഡില്‍ തീപിടിത്തമുണ്ടായത്. ഷെഡില്‍ നിന്ന് പുക ഉയരുന്നത് കണ്ടതോടെയാണ് വിവരം പുറത്ത് വന്നത്. ഏകദേശം 200ലധികം ബൈക്കുകള്‍ പാര്‍ക്ക് ചെയ്തിരുന്നതായാണ് റിപ്പോര്‍ട്ട്.

ശക്തമായ കാറ്റ് വീശിയതിനെ തുടര്‍ന്ന് മിനിറ്റുകള്‍ക്കുള്ളില്‍ തീ വ്യാപിക്കുകയും സമീപത്തെ ഒരു മരത്തിലേക്കും നിര്‍ത്തിയിട്ടിരുന്ന എന്‍ജിനിലേക്കും പടരുകയും ചെയ്തു. തീപിടിത്തത്തിനിടെ പൊട്ടിത്തെറി ഉണ്ടായതിനാല്‍ ആളുകള്‍ക്ക് ഷെഡിന് സമീപത്തേക്ക് എത്താന്‍ കഴിയാതെ പോയി.

മൂന്ന് യൂണിറ്റ് അഗ്നിരക്ഷാസേന സംഘം സ്ഥലത്തെത്തി തീ നിയന്ത്രണവിധേയമാക്കി.

Continue Reading

News

ബംഗ്ലാദേശ് പിന്‍മാറുന്നു; ടി20 ലോകകപ്പ് മത്സരങ്ങള്‍ ഇന്ത്യക്ക് പുറത്തേക്ക് മാറ്റാന്‍ ഐസിസി നീക്കം

ബംഗ്ലാദേശ് ടീമിന്റെ മത്സരങ്ങള്‍ നിഷ്പക്ഷ വേദിയിലേക്ക് മാറ്റണമെന്ന ആവശ്യത്തെ തുടര്‍ന്നാണ് ഷെഡ്യൂളില്‍ മാറ്റം പരിഗണിക്കുന്നത്.

Published

on

ധാക്ക: ടി20 ലോകകപ്പ് മത്സരങ്ങള്‍ കളിക്കാന്‍ ഇന്ത്യയിലേക്കില്ലെന്ന ബംഗ്ലാദേശിന്റെ നിലപാടിന് പിന്നാലെ, ടൂര്‍ണമെന്റിന്റെ പുതിയ മത്സരക്രമം തയ്യാറാക്കാന്‍ ഐസിസി നടപടികള്‍ ആരംഭിച്ചതായി റിപ്പോര്‍ട്ട്. ബംഗ്ലാദേശ് ടീമിന്റെ മത്സരങ്ങള്‍ നിഷ്പക്ഷ വേദിയിലേക്ക് മാറ്റണമെന്ന ആവശ്യത്തെ തുടര്‍ന്നാണ് ഷെഡ്യൂളില്‍ മാറ്റം പരിഗണിക്കുന്നത്.

നിലവിലെ ഷെഡ്യൂള്‍ പ്രകാരം കൊല്‍ക്കത്തയില്‍ മൂന്ന് മത്സരങ്ങളും മുംബൈയില്‍ ഒരു മത്സരവും ഉള്‍പ്പെടെ നാല് മത്സരങ്ങളാണ് ബംഗ്ലാദേശിന് ഇന്ത്യയില്‍ നിശ്ചയിച്ചിട്ടുള്ളത്. എന്നാല്‍ ഈ മത്സരങ്ങള്‍ ശ്രീലങ്കയിലേക്ക് മാറ്റാനാണ് ഐസിസി ആലോചിക്കുന്നതെന്നാണ് ഇന്ത്യന്‍ എക്‌സ്പ്രസ് റിപ്പോര്‍ട്ട് ചെയ്യുന്നത്. ടൂര്‍ണമെന്റ് ആരംഭിക്കാന്‍ ഒരു മാസം മാത്രം ബാക്കി നില്‍ക്കെ പുതിയ ഷെഡ്യൂള്‍ തയ്യാറാക്കുന്നത് വലിയ വെല്ലുവിളിയാണെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു.

ഐസിസി ചെയര്‍മാന്‍ ഖുര്‍ഷിദ് ഷാ ബംഗ്ലാദേശിന്റെ ആവശ്യത്തോട് അനുഭാവപൂര്‍ണമായ സമീപനം സ്വീകരിച്ചേക്കുമെന്ന സൂചനകളും പുറത്തുവരുന്നുണ്ട്. ഇന്ത്യ-പാകിസ്താന്‍ മത്സരങ്ങള്‍ നിഷ്പക്ഷ വേദിയില്‍ നടത്തുന്നതുപോലെ ബംഗ്ലാദേശിന്റെ മത്സരങ്ങളും മാറ്റണമെന്നതാണ് ധാക്കയുടെ ആവശ്യം. ഐപിഎലില്‍ നിന്ന് ബംഗ്ലാദേശ് പേസ് ബൗളര്‍ മുസ്താഫിസുര്‍ റഹ്മാനെ ഒഴിവാക്കിയതോടെയാണ് വിവാദങ്ങള്‍ക്ക് തുടക്കം.

ബിസിസിഐയുടെ നിര്‍ദേശത്തെ തുടര്‍ന്ന് കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സ് താരത്തെ ഒഴിവാക്കിയ നടപടി ബംഗ്ലാദേശ് ക്രിക്കറ്റ് ബോര്‍ഡിനെയും സര്‍ക്കാരിനെയും രോഷാകുലമാക്കി. പിന്നാലെ മുസ്താഫിസുറിന് ഐപിഎലില്‍ കളിക്കാനുള്ള എന്‍ഒസി ബംഗ്ലാദേശ് ക്രിക്കറ്റ് ബോര്‍ഡ് പിന്‍വലിച്ചു. ഇതോടെ, ഭാവിയില്‍ തീരുമാനം മാറിയാലും മുസ്താഫിസുറിന് ഐപിഎലില്‍ കളിക്കാനാകില്ല.

രാഷ്ട്രീയ സാഹചര്യങ്ങളും വിഷയം കൂടുതല്‍ സങ്കീര്‍ണ്ണമാക്കുന്നു. 2024ല്‍ ഷെയ്ഖ് ഹസീന സര്‍ക്കാരിനെ പുറത്താക്കിയ ജനകീയ പ്രക്ഷോഭത്തിന് ശേഷം ഇന്ത്യ-ബംഗ്ലാദേശ് ബന്ധം വഷളായി. ഹസീനയ്ക്ക് ഇന്ത്യ അഭയം നല്‍കിയതും, തുടര്‍ന്ന് ബംഗ്ലാദേശില്‍ ഇന്ത്യക്കാര്‍ക്ക് നേരെയുണ്ടായ ആക്രമണങ്ങളും ക്രിക്കറ്റ് വിവാദത്തിന് പശ്ചാത്തലമായി.

‘ ഞങ്ങള്‍ക്ക് കളിയേക്കാള്‍ വലുതാണ് ബംഗ്ലാദേശ് കളിക്കാരുടെ ആത്മാഭിമാനം. കരാറുണ്ടായിട്ടും ഒരു താരത്തിന് ഇന്ത്യയില്‍ കളിക്കാനാകുന്നില്ലെങ്കില്‍, ലോകകപ്പില്‍ ഇന്ത്യയില്‍ കളിക്കുന്നതും ഉചിതമല്ല,’ എന്നാണ് ബംഗ്ലാദേശ് സര്‍ക്കാരിന്റെ കായിക ഉപദേഷ്ടാവ് ആസിഫ് നസ്രുള്‍ പ്രതികരിച്ചത്. ഐപിഎല്‍ സംപ്രേഷണം ബംഗ്ലാദേശില്‍ നിര്‍ത്തിവയ്ക്കുന്നതും സര്‍ക്കാര്‍ പരിഗണിക്കുന്നുണ്ട്.ഇതെല്ലാം കണക്കിലെടുത്ത് ഐസിസി എന്ത് തീരുമാനമെടുക്കുമെന്നതാണ് ഇപ്പോള്‍ ക്രിക്കറ്റ് ലോകം ഉറ്റുനോക്കുന്നത്.

Continue Reading

Trending