News
തൃശൂര്‍ റെയില്‍വേ സ്റ്റേഷന് തീപിടിത്തം: വൈദ്യുതി ലൈനല്ല കാരണമെന്ന് റെയില്‍വേ
പാര്‍ക്കിങ് കേന്ദ്രത്തിലെ ഒരു വാഹനത്തില്‍ നിന്നാണ് തീ ആരംഭിച്ചതെന്നും പിന്നീട് അത് പടര്‍ന്നുപിടിക്കുകയായിരുന്നുവെന്നുമാണ് റെയില്‍വേയുടെ വിശദീകരണം.
തൃശൂര്‍: തൃശൂര്‍ റെയില്‍വേ സ്റ്റേഷനിലെ പാര്‍ക്കിങ് ഷെഡില്‍ ഉണ്ടായ തീപിടിത്തം റെയില്‍വേയുടെ വൈദ്യുതി ലൈനില്‍ നിന്നുണ്ടായതല്ലെന്ന് റെയില്‍വേ അധികൃതര്‍ വ്യക്തമാക്കി. പാര്‍ക്കിങ് കേന്ദ്രത്തിലെ ഒരു വാഹനത്തില്‍ നിന്നാണ് തീ ആരംഭിച്ചതെന്നും പിന്നീട് അത് പടര്‍ന്നുപിടിക്കുകയായിരുന്നുവെന്നുമാണ് റെയില്‍വേയുടെ വിശദീകരണം.
ചട്ടം ലംഘിച്ച് പാര്‍ക്കിങ് ഷെഡ് നിര്‍മിച്ചതിനെതിരെ തൃശൂര്‍ കോര്പറേഷന് നോട്ടീസ് നല്‍കിയെന്ന ആരോപണവും റെയില്‍വേ നിഷേധിച്ചു. തങ്ങള്‍ക്ക് ഇതുവരെ ഒരു നോട്ടീസും ലഭിച്ചിട്ടില്ലെന്നും, റെയില്‍വേയുടെ സ്ഥലത്തുള്ള നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ക്ക് കോര്പറേഷന് അനുമതി ആവശ്യമില്ലെന്നും അധികൃതര്‍ അറിയിച്ചു.
റെയില്‍വേയുടെ വൈദ്യുതി ലൈനില്‍ നിന്നുള്ള തീപ്പൊരിയാണ് അപകടകാരണമെന്ന വാദം അടിസ്ഥാനരഹിതമാണെന്ന് റെയില്‍വേ വ്യക്തമാക്കി. സംഭവസ്ഥലത്ത് സി.സി.ടി.വി ക്യാമറകള്‍ ഉണ്ടായിരുന്നെങ്കിലും തീപിടിത്തത്തില്‍ അവ നശിച്ചതായും, അവ ഫോറന്‍സിക് പരിശോധനയ്ക്കായി അയച്ചിട്ടുണ്ടെന്നും അധികൃതര്‍ പറഞ്ഞു.
തീപിടിത്തത്തില്‍ റെയില്‍വേയുടെ ടവര്‍ വാഗണ്‍ കേടുപാടുകള്‍ നേരിട്ടിരുന്നു. ഇത് ഉടന്‍ തന്നെ സ്ഥലത്ത് നിന്ന് മാറ്റിയിട്ടുണ്ട്. യാത്രക്കാരുടെ സുരക്ഷ ഉറപ്പാക്കുന്നതിനായി റെയില്‍വേയും റെയില്‍വേ പോലീസും സമയബന്ധിതമായി ഇടപെട്ടതായും അധികൃതര്‍ വിശദീകരിച്ചു.
സംഭവത്തില്‍ റെയില്‍വേയും പോലീസും സംയുക്തമായി അന്വേഷണം നടത്തിവരികയാണ്. അന്വേഷണം തുടരുകയാണെന്നും അധികൃതര്‍ അറിയിച്ചു.ഞായറാഴ്ച രാവിലെ ആറരയോടെയാണ് തൃശൂര്‍ റെയില്‍വേ സ്റ്റേഷന്റെ രണ്ടാം ഗേറ്റിന് സമീപമുള്ള ബൈക്ക് പാര്‍ക്കിങ് ഷെഡില്‍ തീപിടിത്തമുണ്ടായത്. ഷെഡില്‍ നിന്ന് പുക ഉയരുന്നത് കണ്ടതോടെയാണ് വിവരം പുറത്ത് വന്നത്. ഏകദേശം 200ലധികം ബൈക്കുകള്‍ പാര്‍ക്ക് ചെയ്തിരുന്നതായാണ് റിപ്പോര്‍ട്ട്.
ശക്തമായ കാറ്റ് വീശിയതിനെ തുടര്‍ന്ന് മിനിറ്റുകള്‍ക്കുള്ളില്‍ തീ വ്യാപിക്കുകയും സമീപത്തെ ഒരു മരത്തിലേക്കും നിര്‍ത്തിയിട്ടിരുന്ന എന്‍ജിനിലേക്കും പടരുകയും ചെയ്തു. തീപിടിത്തത്തിനിടെ പൊട്ടിത്തെറി ഉണ്ടായതിനാല്‍ ആളുകള്‍ക്ക് ഷെഡിന് സമീപത്തേക്ക് എത്താന്‍ കഴിയാതെ പോയി.
മൂന്ന് യൂണിറ്റ് അഗ്നിരക്ഷാസേന സംഘം സ്ഥലത്തെത്തി തീ നിയന്ത്രണവിധേയമാക്കി.
News
ബംഗ്ലാദേശ് പിന്മാറുന്നു; ടി20 ലോകകപ്പ് മത്സരങ്ങള്‍ ഇന്ത്യക്ക് പുറത്തേക്ക് മാറ്റാന്‍ ഐസിസി നീക്കം
ബംഗ്ലാദേശ് ടീമിന്റെ മത്സരങ്ങള്‍ നിഷ്പക്ഷ വേദിയിലേക്ക് മാറ്റണമെന്ന ആവശ്യത്തെ തുടര്‍ന്നാണ് ഷെഡ്യൂളില്‍ മാറ്റം പരിഗണിക്കുന്നത്.
ധാക്ക: ടി20 ലോകകപ്പ് മത്സരങ്ങള്‍ കളിക്കാന്‍ ഇന്ത്യയിലേക്കില്ലെന്ന ബംഗ്ലാദേശിന്റെ നിലപാടിന് പിന്നാലെ, ടൂര്‍ണമെന്റിന്റെ പുതിയ മത്സരക്രമം തയ്യാറാക്കാന്‍ ഐസിസി നടപടികള്‍ ആരംഭിച്ചതായി റിപ്പോര്‍ട്ട്. ബംഗ്ലാദേശ് ടീമിന്റെ മത്സരങ്ങള്‍ നിഷ്പക്ഷ വേദിയിലേക്ക് മാറ്റണമെന്ന ആവശ്യത്തെ തുടര്‍ന്നാണ് ഷെഡ്യൂളില്‍ മാറ്റം പരിഗണിക്കുന്നത്.
നിലവിലെ ഷെഡ്യൂള്‍ പ്രകാരം കൊല്‍ക്കത്തയില്‍ മൂന്ന് മത്സരങ്ങളും മുംബൈയില്‍ ഒരു മത്സരവും ഉള്‍പ്പെടെ നാല് മത്സരങ്ങളാണ് ബംഗ്ലാദേശിന് ഇന്ത്യയില്‍ നിശ്ചയിച്ചിട്ടുള്ളത്. എന്നാല്‍ ഈ മത്സരങ്ങള്‍ ശ്രീലങ്കയിലേക്ക് മാറ്റാനാണ് ഐസിസി ആലോചിക്കുന്നതെന്നാണ് ഇന്ത്യന്‍ എക്സ്പ്രസ് റിപ്പോര്‍ട്ട് ചെയ്യുന്നത്. ടൂര്‍ണമെന്റ് ആരംഭിക്കാന്‍ ഒരു മാസം മാത്രം ബാക്കി നില്‍ക്കെ പുതിയ ഷെഡ്യൂള്‍ തയ്യാറാക്കുന്നത് വലിയ വെല്ലുവിളിയാണെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു.
ഐസിസി ചെയര്മാന് ഖുര്‍ഷിദ് ഷാ ബംഗ്ലാദേശിന്റെ ആവശ്യത്തോട് അനുഭാവപൂര്‍ണമായ സമീപനം സ്വീകരിച്ചേക്കുമെന്ന സൂചനകളും പുറത്തുവരുന്നുണ്ട്. ഇന്ത്യ-പാകിസ്താന് മത്സരങ്ങള്‍ നിഷ്പക്ഷ വേദിയില്‍ നടത്തുന്നതുപോലെ ബംഗ്ലാദേശിന്റെ മത്സരങ്ങളും മാറ്റണമെന്നതാണ് ധാക്കയുടെ ആവശ്യം. ഐപിഎലില്‍ നിന്ന് ബംഗ്ലാദേശ് പേസ് ബൗളര്‍ മുസ്താഫിസുര്‍ റഹ്മാനെ ഒഴിവാക്കിയതോടെയാണ് വിവാദങ്ങള്‍ക്ക് തുടക്കം.
ബിസിസിഐയുടെ നിര്‍ദേശത്തെ തുടര്‍ന്ന് കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്സ് താരത്തെ ഒഴിവാക്കിയ നടപടി ബംഗ്ലാദേശ് ക്രിക്കറ്റ് ബോര്‍ഡിനെയും സര്‍ക്കാരിനെയും രോഷാകുലമാക്കി. പിന്നാലെ മുസ്താഫിസുറിന് ഐപിഎലില്‍ കളിക്കാനുള്ള എന്‍ഒസി ബംഗ്ലാദേശ് ക്രിക്കറ്റ് ബോര്‍ഡ് പിന്‍വലിച്ചു. ഇതോടെ, ഭാവിയില്‍ തീരുമാനം മാറിയാലും മുസ്താഫിസുറിന് ഐപിഎലില്‍ കളിക്കാനാകില്ല.
രാഷ്ട്രീയ സാഹചര്യങ്ങളും വിഷയം കൂടുതല്‍ സങ്കീര്‍ണ്ണമാക്കുന്നു. 2024ല്‍ ഷെയ്ഖ് ഹസീന സര്‍ക്കാരിനെ പുറത്താക്കിയ ജനകീയ പ്രക്ഷോഭത്തിന് ശേഷം ഇന്ത്യ-ബംഗ്ലാദേശ് ബന്ധം വഷളായി. ഹസീനയ്ക്ക് ഇന്ത്യ അഭയം നല്കിയതും, തുടര്‍ന്ന് ബംഗ്ലാദേശില്‍ ഇന്ത്യക്കാര്‍ക്ക് നേരെയുണ്ടായ ആക്രമണങ്ങളും ക്രിക്കറ്റ് വിവാദത്തിന് പശ്ചാത്തലമായി.
‘ ഞങ്ങള്‍ക്ക് കളിയേക്കാള്‍ വലുതാണ് ബംഗ്ലാദേശ് കളിക്കാരുടെ ആത്മാഭിമാനം. കരാറുണ്ടായിട്ടും ഒരു താരത്തിന് ഇന്ത്യയില്‍ കളിക്കാനാകുന്നില്ലെങ്കില്‍, ലോകകപ്പില്‍ ഇന്ത്യയില്‍ കളിക്കുന്നതും ഉചിതമല്ല,’ എന്നാണ് ബംഗ്ലാദേശ് സര്‍ക്കാരിന്റെ കായിക ഉപദേഷ്ടാവ് ആസിഫ് നസ്രുള് പ്രതികരിച്ചത്. ഐപിഎല്‍ സംപ്രേഷണം ബംഗ്ലാദേശില്‍ നിര്‍ത്തിവയ്ക്കുന്നതും സര്‍ക്കാര്‍ പരിഗണിക്കുന്നുണ്ട്.ഇതെല്ലാം കണക്കിലെടുത്ത് ഐസിസി എന്ത് തീരുമാനമെടുക്കുമെന്നതാണ് ഇപ്പോള്‍ ക്രിക്കറ്റ് ലോകം ഉറ്റുനോക്കുന്നത്.
india
ഡല്‍ഹി കലാപ കേസ് ഉമര്‍ ഖാലിദിനും ഷര്‍ജീല്‍ ഇമാമിനും ജാമ്യം നിഷേധിച്ചു
ഗുല്‍ഫിഷ ഫാത്തിമ, മീരാന്‍ ഹൈദര്‍, ശിഫാഉര്‍റഹ്മാന്‍, മുഹമ്മദ് സലീം ഖാന്, ശദാബ് അഹ്മദ് എന്നിവര്‍ക്കുള്‍പ്പെടെ നിരവധി പ്രതികള്‍ക്ക് ജാമ്യം അനുവദിച്ചു.
ഡല്‍ഹി കലാപവുമായി ബന്ധപ്പെട്ട ഗൂഢാലോചന കേസില്‍ ഉമര്‍ ഖാലിദിനും ഷര്‍ജീല്‍ ഇമാമിനും ജാമ്യം അനുവദിക്കാനാകില്ലെന്ന് കോടതി ഉത്തരവ്. അതേസമയം, ഗുല്‍ഫിഷ ഫാത്തിമ, മീരാന്‍ ഹൈദര്‍, ശിഫാഉര്‍റഹ്മാന്‍, മുഹമ്മദ് സലീം ഖാന്, ശദാബ് അഹ്മദ് എന്നിവര്‍ക്കുള്‍പ്പെടെ നിരവധി പ്രതികള്‍ക്ക് ജാമ്യം അനുവദിച്ചു.
ജസ്റ്റിസുമാരായ അരവിന്ദ് കുമാര്‍, അഞ്ജാരിയ എന്നിവര്‍ ഉള്‍പ്പെട്ട രണ്ടംഗ ബെഞ്ചിന്റേതാണ് നിര്‍ണായക വിധി. വിചാരണ വൈകുന്നതു മാത്രം ജാമ്യം അനുവദിക്കുന്നതിനുള്ള കാരണമാകില്ലെന്ന് കോടതി നിരീക്ഷിച്ചു. ഒരു വര്‍ഷത്തിന് ശേഷം ഉമര്‍ ഖാലിദിനും ഷര്‍ജീല്‍ ഇമാമിനും വീണ്ടും ജാമ്യാപേക്ഷയുമായി കോടതിയെ സമീപിക്കാമെന്നും ബെഞ്ച് വ്യക്തമാക്കി.
ഡല്‍ഹി കലാപവുമായി ബന്ധപ്പെട്ട ഗൂഢാലോചന കേസില്‍ 2020 സെപ്റ്റംബര്‍ മുതല്‍ ഉമര്‍ ഖാലിദ് ജയിലിലാണ്. ഇതിനിടെ, സഹോദരിയുടെ വിവാഹച്ചടങ്ങില്‍ പങ്കെടുക്കുന്നതിനായി ഡിസംബര്‍ 11ന് ഡല്‍ഹിയിലെ കര്‍ക്കദൂമ കോടതി ഉമര്‍ ഖാലിദിന് ഇടക്കാല ജാമ്യം അനുവദിച്ചിരുന്നു. സമൂഹമാധ്യമങ്ങള്‍ ഉപയോഗിക്കരുത്, സാക്ഷികളെ സ്വാധീനിക്കരുത് എന്നീ കര്‍ശന ഉപാധികളോടെയായിരുന്നു അന്നത്തെ ജാമ്യാനുമതി.
News
വിവാഹ വാഗ്ദാനം നിരസിച്ചതിന് ദലിത് യുവതിയെ കുത്തിക്കൊലപ്പെടുത്തി; പ്രതി വനത്തില്‍ തൂങ്ങിമരിച്ച നിലയില്‍
സംഭവം പ്രദേശത്ത് വലിയ പ്രതിഷേധത്തിനും സംഘര്‍ഷാവസ്ഥക്കും ഇടയാക്കി.
ബെംഗളൂരു: ഉത്തര കന്നഡ ജില്ലയിലെ യെല്ലാപുരയില്‍ വിവാഹ വാഗ്ദാനം നിരസിച്ചതിന് ദലിത് യുവതിയെ നടുറോഡിലിട്ട് കുത്തിക്കൊലപ്പെടുത്തിയ സംഭവത്തില്‍, പ്രതിയെ വനത്തിനുള്ളില്‍ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തി. സംഭവം പ്രദേശത്ത് വലിയ പ്രതിഷേധത്തിനും സംഘര്‍ഷാവസ്ഥക്കും ഇടയാക്കി.
ശനിയാഴ്ചയാണ് യെല്ലാപുര കാലമ്മ നഗര്‍ സ്വദേശിനിയായ രഞ്ജിത ബനസോഡെ (30) കൊല്ലപ്പെട്ടത്. ജോലികഴിഞ്ഞ് മടങ്ങുന്നതിനിടെയാണ് പിന്നാലെയെത്തിയ റഫീഖ് ഇമാംസാബ് യുവതിയെ കുത്തിക്കൊലപ്പെടുത്തിയതെന്നാണ് പൊലീസ് കേസ്.
ഇന്നലെയാണ് പ്രതിയായ റഫീഖ് ഇമാംസാബിനെ വനത്തിനുള്ളില്‍ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തിയത്. ഇരുവരും യെല്ലാപുര കാലമ്മ നഗര്‍ സ്വദേശികളാണ്. സ്കൂള്‍ കാലം മുതല്‍ ഇരുവരും പരിചയക്കാരായിരുന്നുവെന്നും പൊലീസ് പറഞ്ഞു.
മഹാരാഷ്ട്ര സോളാപൂര്‍ സ്വദേശി സച്ചിന് കട്ടേരയെ 12 വര്‍ഷം മുന്‍പ് വിവാഹം ചെയ്ത രഞ്ജിതയ്ക്ക് 10 വയസ്സുള്ള ഒരു മകനുണ്ട്. പിന്നീട് ദാമ്പത്യബന്ധം വേര്‍പിരിഞ്ഞതിനെ തുടര്‍ന്ന് രഞ്ജിത യെല്ലാപുരയിലെ സ്വന്തം വീട്ടിലേക്ക് മടങ്ങി. തുടര്‍ന്ന് സര്‍ക്കാര്‍ സ്കൂളില്‍ ഉച്ചക്കഞ്ഞി പദ്ധതിയില്‍ സഹായിയായി ജോലി ചെയ്യുകയായിരുന്നു.
റഫീഖ് നിരവധി തവണ വിവാഹാഭ്യര്‍ഥന നടത്തിയെങ്കിലും രഞ്ജിതയും കുടുംബവും അത് നിരസിച്ചിരുന്നു. ഇതിനെ തുടര്‍ന്നുണ്ടായ വിരോധമാണ് കൊലപാതകത്തിലേക്ക് നയിച്ചതെന്നാണ് പ്രാഥമിക നിഗമനം.
സംഭവത്തിന് പിന്നാലെ നഗരത്തില്‍ വലിയ പ്രതിഷേധം ഉയര്‍ന്നു. ലവ് ജിഹാദ് ആരോപിച്ച് ശ്രീരാമസേന അധ്യക്ഷന്‍ പ്രമോദ് മുത്തലിക് രംഗത്തെത്തിയിരുന്നു. ഇതിന് പിന്നാലെ ഞായറാഴ്ച യെല്ലാപുരയില്‍ ബന്ദിന് ആഹ്വാനം ചെയ്യുകയും ചെയ്തു.
ശ്രീരാമസേനയടക്കമുള്ള ഹിന്ദു സംഘടനകള്‍ യെല്ലാപുര പൊലീസ് സ്റ്റേഷന് ഉപരോധിച്ച് പ്രതിയെ ഉടന്‍ കസ്റ്റഡിയിലെടുക്കണമെന്ന് ആവശ്യപ്പെട്ടു. സംഘര്‍ഷാവസ്ഥയെ തുടര്‍ന്ന് പ്രദേശത്ത് പൊലീസ് സുരക്ഷ ശക്തമാക്കിയിരുന്നു. ഈ സാഹചര്യത്തിനിടെയാണ് പ്രതിയെ മരിച്ച നിലയില്‍ കണ്ടെത്തിയത്.
-
News2 days agoഗസ്സ ശോചനീയാവസ്ഥയില്‍ ആശങ്ക പ്രകടിപ്പിച്ച് മുസ്ലിം രാജ്യങ്ങള്‍
-
kerala2 days agoമുസ്ലിംലീഗിന് 324 തദ്ദേശ തലവന്മാര്; മുഴുവന്‍ ജില്ലകളിലും തലവന്മാര് സി.പി.എമ്മിനും കോണ്‍ഗ്രസ്സും മുസ്ലിംലീഗിനും മാത്രം
-
gulf3 days agoപിണറായി സര്‍ക്കാറിന്റെത് ബി.ജെ.പി അനുകൂല നിലപാട്: ഷാഫി പറമ്പില്‍ എം.പി
-
kerala2 days agoആന്റണി രാജുവിനെ മന്ത്രിയാക്കരുതെന്ന് നേരത്തെ ആവശ്യപ്പെട്ടിരുന്നു; വി.ഡി. സതീശന്
-
india2 days agoബുലന്ദ്ഷഹറിൽ ആറുവയസുകാരിയെ കൂട്ടബലാത്സംഗം ചെയ്ത് കൊലപ്പെടുത്തി; രണ്ട് പേർ അറസ്റ്റിൽ
-
News2 days agoഇറാനിൽ പ്രതിഷേധം രൂക്ഷം; മരണം പത്ത്, യു.എസ്–ഇറാൻ വാക്പോരും കടുക്കുന്നു
-
News20 hours agoവെനസ്വേലയിലെ ഇടക്കാല പ്രസിഡന്റായി ഡെൽസി റോഡ്രിഗസ്; സുപ്രീംകോടതി ഉത്തരവ്
-
kerala21 hours ago‘മൂന്നാം പിണറായി ഭരണത്തെ കുറിച്ച് ഇപ്പോള്‍ ആരും പറയുന്നില്ല; ഇനി പറയാതിരിക്കുകയാണ് നല്ലത്’; കെ സി വേണുഗോപാല്‍
