Connect with us

editorial

ശബരിമല: ഇടതുമുന്നണിക്ക് കുരുക്ക് മുറുകുന്നു

ശബരിമല അയ്യപ്പന്റെ സ്വര്‍ണ്ണം മോഷ്ടിക്കപ്പെട്ടുവെന്ന വാര്‍ത്താ പരമ്പരകളില്‍ ഏറ്റവും ഒടുവിലായി പുറത്തുവരുന്ന വിവരങ്ങള്‍ കേരളത്തെ ഞെട്ടിക്കുന്നതാണ്.

Published

on

ശബരിമല അയ്യപ്പന്റെ സ്വര്‍ണ്ണം മോഷ്ടിക്കപ്പെട്ടുവെന്ന വാര്‍ത്താ പരമ്പരകളില്‍ ഏറ്റവും ഒടുവിലായി പുറത്തുവരുന്ന വിവരങ്ങള്‍ കേരളത്തെ ഞെട്ടിക്കുന്നതാണ്. തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡ് മുന്‍ അംഗവും സി.പി.ഐ നേതാവുമായ കെ.പി ശങ്കരദാസിനെ പ്രത്യേക അന്വേഷണ സംഘം അറസ്റ്റ് ചെയ്തതോടെ, ഈ കേസ് കേവലമൊരു മോഷണത്തിനപ്പുറം രാഷ്ട്രീയവും ഭരണപരവുമായ വന്‍ അഴിമതിയായി പരിണമിച്ചിരിക്കുന്നു.

ശബരിമല സന്നിധാനത്തെ ശ്രീകോവില്‍, കട്ടിളപ്പാളി, ദ്വാരപാലക ശില്‍പങ്ങള്‍ എന്നിവ സ്വര്‍ണം പൂശുന്നതിനെന്ന പേരില്‍ പുറത്തേക്ക് കടത്തി സ്വര്‍ണം കവര്‍ന്ന കേസിലാണ് അറസ്റ്റ്. ഇതിനായി ഉപയോഗിച്ച സ്വര്‍ണത്തില്‍ കിലോക്കണക്കിന് കുറവുണ്ടായെന്നും വന്‍ ഗൂഢാലോചന നടന്നെന്നുമാണ് അന്വേഷണ സംഘത്തിന്റെ കണ്ടെത്തല്‍.

തിരുവനന്തപുരത്തെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സയില്‍ കഴിയവേ ആശുപത്രിയിലെത്തിയാണ് അന്വേഷണ സംഘം അറസ്റ്റ് രേഖപ്പെടുത്തിയത്. ശങ്കരദാസിനെ അറസ്റ്റ് ചെയ്യാത്തതില്‍ എസ്.ഐ.ടിയെ കഴിഞ്ഞ ദിവസങ്ങളില്‍ ഹൈക്കോടതി രൂക്ഷമായി വിമര്‍ശിച്ചിരുന്നു. പ്രതിയുടെ മകന്‍ ഐ.പി.എസ് ഉദ്യോഗസ്ഥനായതിനാലാണോ പൊലീസ് അറസ്റ്റ് വൈകിപ്പിക്കുന്നതെന്നായിരുന്നു കോടതിയുടെ ചോദ്യം. കേസ് രജിസ്റ്റര്‍ ചെയ്ത അന്നുമുതല്‍ ആ ശുപത്രിയില്‍ കഴിയുന്നത് അസംബന്ധമാണെന്നും ജസ്റ്റിസ് ബദറുദ്ദീന്‍ നിരീക്ഷിച്ചിരുന്നു. ഇതിനു പിന്നാലെയാണ് എസ്.ഐ.ടി അറസ്റ്റു രേഖപ്പെടുത്തിയത്.

ശങ്കരദാസിനെതിരായ ഹൈക്കോടതി പരാമര്‍ശങ്ങള്‍ നീക്കണമെന്നാവശ്യപ്പെട്ട് അദ്ദേഹം സമര്‍പ്പിച്ച ഹര്‍ജി കഴിഞ്ഞ ദിവസം കോടതി തള്ളിയിരുന്നു. ‘നിങ്ങള്‍ ദൈവത്തെ പോലും വെറുതെ വിട്ടില്ലല്ലോ’ എന്ന് കേസ് പരിഗണിക്കവേ കോടതി നടത്തിയ പരാമര്‍ശം വലിയ വാര്‍ത്തയായിരുന്നു. ശങ്കരദാസ് അ ബോധാവസ്ഥയിലാണെന്ന പ്രതിഭാഗം വാദത്തിന് വിരുദ്ധമായി അന്വേഷണ സംഘം കോടതിയില്‍ സമര്‍പ്പിച്ച മെഡിക്കല്‍ റിപ്പോര്‍ട്ടുകളുടെ അടിസ്ഥാനത്തിലാണ് തുടര്‍നടപടികള്‍ വേഗത്തിലായത്. ശങ്കരദാസിന്റെ അറസ്റ്റ് ഇടതു മുന്നണിയെ കൂടുതല്‍ പ്രതിസന്ധിയിലേക്ക് തള്ളിവിടുന്നതാണ്. കേസില്‍ അറസ്റ്റിലായവരില്‍ ഉണ്ണികൃഷ്ണന്‍ പോ റ്റിയും തന്ത്രിയും ഒഴികെ ബാക്കിയുള്ളവരെല്ലാം ഇടതുമു ന്നണിയുടെ പ്രധാന നേതാക്കളാണ്.
ലക്ഷക്കണക്കിന് തീര്‍ത്ഥാടകരുടെ വിശ്വാസത്തിന്റെ കേന്ദ്രമായ ശബരിമലയില്‍ നടന്ന കൊള്ളയില്‍ ഭരണമുന്നണിയിലെ പ്രമുഖ നേതാക്കള്‍ ഓരോരുത്തരായി പിടിയിലാകുന്നത് ഇടതുമുന്നണിയെ കടുത്ത പ്രതിരോധത്തിലാക്കുന്നു.

കേസില്‍ ഇതിനകം അറസ്റ്റിലായവരില്‍ ഭൂരിഭാഗവും ഇടതുപക്ഷവുമായി അടുത്ത ബന്ധമുള്ളവരോ മുന്നണിയിലെ ഉന്നത പദവികള്‍ അലങ്കരിച്ചവരോ ആണെന്നത് ഗൗരവകരമായ ചോദ്യങ്ങള്‍ ഉയര്‍ത്തുന്നു. ക്ഷേത്ര ഭരണത്തില്‍ രാഷ്ട്രീയ ഇടപെടലുകള്‍ പാടില്ലെന്ന വാദത്തിന് ഈ സംഭവങ്ങള്‍ കൂടുതല്‍ കരുത്തു പകരുന്നു. തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡ് അംഗമായിരിക്കെയാണ് ശങ്കരദാസ് ഈ ക്രമക്കേടുകളില്‍ പങ്കാളിയായതെന്ന കണ്ടെത്തല്‍ ഞെട്ടിപ്പിക്കുന്നതാണ്. വിശ്വാസികളുടെ പണവും വഴിപാടുകളും സംരക്ഷിക്കാന്‍ ബാധ്യസ്ഥരായവര്‍ എന്നെ വേലി ചാടി വിളവു തിന്നുന്ന കാഴ്ചയാണിവിടെ കാണുന്നത്.

തന്ത്രിയെയും മുന്‍ മേല്‍ശാന്തിയെയും പോലുള്ള ആത്മീയ സ്ഥാനീയര്‍ക്കൊപ്പം രാഷ്ട്രീയ നേതാക്കളും ഗൂഢാലോചനയില്‍ പങ്കാളികളായി എന്നത് കുറ്റകൃത്യത്തിന്റെ ആഴം വര്‍ധിപ്പിക്കുന്നു. സി.പി.ഐയെ സംബന്ധിച്ചിടത്തോളം ഈ അറസ്റ്റ് വലിയ തിരിച്ചടിയാണ്. അഴിമതിക്കെതിരെ വിട്ടുവീഴ്ചയില്ലാത്ത നിലപാട് സ്വീകരിക്കുന്നു എന്ന് അവകാശപ്പെടുന്ന ഒരു പാര്‍ട്ടിക്ക്, തങ്ങളുടെ മുതിര്‍ന്ന നേതാവ് ഇത്തരമൊരു കേസില്‍ പ്രതിയായത് ജനങ്ങളോട് വിശദീകരിക്കുക പ്രയാസകരമായിരിക്കും.

ഇടതുമുന്നണിക്ക് ശബരിമല വിഷയം നേരത്തെ തന്നെ രാഷ്ട്രീയമായി വലിയ വെല്ലുവിളികള്‍ ഉയര്‍ത്തിയി ട്ടുള്ളതാണ്. പുതിയ വെളിപ്പെടുത്തലുകള്‍ വിശ്വാസികള്‍ ക്കിടയില്‍ സര്‍ക്കാരിനോടുള്ള അതൃപ്തി വര്‍ധിപ്പിക്കാന്‍ മാത്രമേ സഹായിക്കു. ഈ കേസില്‍ കേവലം ഏതാനും വ്യക്തികളെ അറസ്റ്റ് ചെയ്തതുകൊണ്ട് മാത്രം നീതി നടപ്പാവില്ല. സുതാര്യമായ അന്വേഷണം അനിവാര്യമാണ്. സ്വര്‍ണ്ണം എങ്ങോട്ടാണ് കടത്തിയത്? ഇതിന് പിന്നില്‍ വലിയ റാക്കറ്റുകള്‍ പ്രവര്‍ത്തിച്ചിട്ടുണ്ടോ?

ദേവസ്വം ബോര്‍ഡിലെ പരിശോധനാ സംവിധാനങ്ങള്‍ എങ്ങനെ പരാജയപ്പെട്ടു? തുടങ്ങിയ ചോദ്യങ്ങള്‍ക്കെല്ലാം ഉത്തരം ലഭിക്കേണ്ടതുണ്ട്. നഷ്ടപ്പെട്ട സ്വര്‍ണ്ണം പൂര്‍ ണ്ണമായും വീണ്ടെടുക്കാനും അത് പുനര്‍നിര്‍മ്മിക്കാനും അടിയന്തര നടപടികളും വേണം. ശബരിമലയെ രാഷ്ട്രീയക്കാരുടെ വിഹാരരംഗമാക്കി മാറ്റുന്നതിന്റെ ദുരന്തഫലമാണ് ഇപ്പോള്‍ പുറത്തുവരുന്നത്. കുറ്റവാളികള്‍ എത്ര ഉന്നതരായാലും അവരെ നിയമത്തിന് മുന്നില്‍ കൊണ്ടുവന്ന് അര്‍ഹമായ ശിക്ഷ ഉറപ്പാക്കാന്‍ സര്‍ക്കാരിന് ബാധ്യതയുണ്ട്. എങ്കില്‍ മാത്രമേ തകര്‍ന്നുപോയ വിശ്വാസ്യത അല്‍പ്പമെങ്കിലും വീണ്ടെടുക്കാന്‍ അവര്‍ക്ക് സാധിക്കു.

editorial

ക്രിമിനലുകളുടെ സ്വന്തം സര്‍ക്കാര്‍

സ്‌കില്‍ഡ് ജോലികളില്‍ ഏര്‍പ്പെടുന്നവര്‍ക്ക് 620 രൂപയാണ് പുതുക്കിയ വേതനം.

Published

on

സംസ്ഥാനത്തെ ജയിലുകളില്‍ കഴിയുന്ന തടവുപുള്ളികളുടെ കൂലി സര്‍ക്കാര്‍ കുത്തനെ വര്‍ധിപ്പിച്ചിരിക്കുകയാണ്. പ്രതിദിന വേതനത്തില്‍ പത്ത് മടങ്ങ് വരെയാണ് വര്‍ധന വരുത്തിയത്. സ്‌കില്‍ഡ് ജോലികളില്‍ ഏര്‍പ്പെടുന്നവര്‍ക്ക് 620 രൂപയാണ് പുതുക്കിയ വേതനം. സെമി സ്‌കില്‍ഡ് ജോലികളില്‍ 560 രൂപയും അണ്‍ സ്‌കില്‍ഡ് ജോലികളില്‍ 530 രൂപയുമാണ് പരിഷ്‌കരിച്ച തുക. ക്രിമിനലുകളോടുള്ള ആഭിമുഖ്യവും കരുതലും തുറന്നുകാട്ടുന്ന പിണറായി സര്‍ക്കാറിന്റെ എണ്ണിയാലൊടുങ്ങാത്ത നടപടികളിലൊന്നായി മാത്രമേ, വ്യപകമായ വിമര്‍ശനങ്ങള്‍ക്കിടയാക്കിയ ഈ തലതിരിഞ്ഞ പരിഷ്‌കാരത്തെ സാമാന്യജനങ്ങള്‍ നോക്കിക്കാണുന്നുള്ളൂ.

കേരളത്തിന്റെ മനസാക്ഷിയെ തകര്‍ത്തു കളഞ്ഞ ടി.പി വധക്കേസിലെ പ്രതികള്‍ക്ക് ജയിലില്‍ ആകാവുന്ന സൗകര്യങ്ങളൊരുക്കിയും, ഹൈക്കോടതിയുടെ പോലും വിമര്‍ശനങ്ങള്‍ക്കിടവരുത്തുന്ന രീതിയില്‍ പരോളുകള്‍ അനുവദിച്ചും തലോടിക്കൊണ്ടിരിക്കുന്നത് കേരളം അല്‍ഭുതത്തോടെയും അതിലുപരി ആത്മരോഷത്തോടെയും വീക്ഷിക്കാന്‍ തുടങ്ങിയിട്ട് വര്‍ഷങ്ങള്‍ പിന്നിടുകയാണ്. ഉന്നത പൊലീസ് ഉദ്യോഗസ്ഥര്‍പോലും ജയില്‍പുള്ളികളുമായി ഒത്തുകളിക്കുന്ന വിവരം പുറത്തുവന്നുകൊണ്ടിരിക്കുമ്പോള്‍ അത് ആഭ്യന്തര വകുപ്പിന്റെ അറിവോടെയും സമ്മതത്തോടെയും കൂടി തന്നെയാണെന്ന് ജനങ്ങള്‍ ഉറച്ചുവിശ്വസിച്ചുകൊണ്ടിരിക്കുകയുമാണ്. ഈ സാഹചര്യത്തിലാണ് സംസ്ഥാനത്തിന്റെ ചരിത്രത്തില്‍ ഇന്നേവരെ ദര്‍ശിക്കാത്തവിധത്തിലുള്ള കൂലി വര്‍ധന തടവുകാര്‍ക്ക് പിണറായി സര്‍ക്കാര്‍ ഒരുക്കിക്കൊടുക്കുന്നത്.

വേതന വര്‍ധന ആവശ്യപ്പെട്ട് കഴിഞ്ഞ ഏതാനും വര്‍ഷങ്ങളായി ഐതിഹാസിക സമരങ്ങള്‍ക്ക് കേരളത്തിന്റെ ഭരണ സിരാകേന്ദ്രം സാക്ഷ്യംവഹിച്ചുകൊണ്ടിരിക്കുകയാണ്. എണ്ണമറ്റ സംഘടനകളും കൂട്ടായ്മകളും തങ്ങള്‍ക്കു ലഭിച്ചു കൊണ്ടിരിക്കുന്ന തുച്ഛമായ വേതനത്തെക്കുറിച്ച് വിളിച്ചു പറഞ്ഞപ്പോള്‍ പൊതുസമൂഹം മൂക്കത്തു വിരല്‍ വെച്ചുപോയതാണ്. തൊഴിലുറപ്പ് തൊഴിലാളിക്ക് 369 രൂപയും ആശാവര്‍ക്കര്‍മാര്‍ക്ക് 400 രൂപയും, കയര്‍ തൊഴിലാളിക്ക് 468 രൂപയും, പെട്രോള്‍ പമ്പ് ജീവനക്കാരന് 458 രൂപയും, കശുവണ്ടി തൊഴിലാളിക്ക് 538 രൂപയും വേതനം ലഭിക്കുന്ന നാട്ടിലാണ് ജയില്‍പുള്ളിക്ക് 620 രൂപ ദിവസക്കൂലി ലഭിക്കുന്നത്.

ഈ പറയപ്പെട്ട തൊഴിലാളികള്‍ തങ്ങളുടെ ഈ വരുമാനത്തില്‍ നിന്ന് തന്നെ ഭക്ഷണത്തിനും ചികിത്സയ്ക്കും പണം കണ്ടെത്തേണ്ടിവരുമ്പോള്‍ തടവുകാര്‍ക്ക് താമസവും ഭക്ഷണവും ചികിത്സയും പൂര്‍ണമായും സൗജന്യമാണ്. മുന്‍പ് അണ്‍ സ്‌കില്‍ഡ് ജോലികള്‍ ചെയ്യുന്നവര്‍ക്ക് 63 രൂപ ആ യിരുന്നു കൂലി. ഇത് 530 രൂപയായാണ് ഉയര്‍ത്തിയത്. 127 രൂപ വേതനമുള്ളത് 560 ഉം 152 രൂപയുള്ളത് 620 രൂപയും ആയാണ് ഉയര്‍ത്തിയത്. ശിക്ഷാതടവുകാര്‍ക്ക് ആണ് കൂലിയുള്ള ജോലിയുള്ളത്. നാല് സെന്‍ട്രല്‍ ജയിലുകളിലെ തടവുകാര്‍ക്ക് ആനുകൂല്യം ലഭിക്കും. പരിഷ്‌കാരത്തിലൂടെ മൂവാ യിരത്തിലധികം ജയില്‍പുള്ളികള്‍ക്കാണ് വേതനം കൂടുക. 2018 ല്‍ ആണ് തടവുപുള്ളികളുടെ വേതനം അവസാനമായി കൂട്ടിയത്.

നിലവില്‍ സംസ്ഥാനത്തെ ജയിലുകളില്‍ ആറ് വ്യത്യസ് വേതന ഘടനയാണ് നിലവിലുള്ളത്. രാജ്യത്തെ ജയിലുകളില്‍ പൊതുവെ സ്‌കില്‍ഡ്, സെമി സ്‌കില്‍ഡ്, അണ്‍ സ്‌കില്‍ഡ് എന്നിങ്ങനെ മൂന്ന് തരത്തിലുള്ള വേതന ഘടനയാണ് പ്രാബല്യത്തിലുള്ളത്. ജയില്‍ അന്തേവാസികളുടെ വേതന വര്‍ധനവ് കേവലം സാമ്പത്തിക വിഷയം മാത്രമല്ലെന്നും അവരുടെ അന്തസും പുനരധിവാസവും ഉറപ്പാക്കുന്ന് നിര്‍ണായക നടപടി കൂടിയാണെന്നുമാണ് ഇതുസംബ ന്ധിച്ച് ആഭ്യന്തരവകുപ്പ് പുറപ്പെടുവിച്ച ഉത്തരവില്‍ പറയുന്നത്. വിവിധ ഉല്‍പാദന നിര്‍മാണ പ്രവര്‍ത്തനങ്ങളില്‍ അന്തേവാസികള്‍ നടത്തുന്ന കഠിനാധ്വാനത്തിന് കാലാനുസൃതമായ മൂല്യം നല്‍കേണ്ടത് അനിവാര്യമാണെന്നും ജയില്‍ ചട്ടങ്ങള്‍ പ്രകാരം ജയില്‍ അന്തേവാസികള്‍ക്ക് ലഭിക്കുന്ന വേതനം കുടുംബത്തിന്റെ ആവശ്യങ്ങള്‍ക്കായും ജയിലിലെ കാന്റീന്‍ ആവശ്യങ്ങള്‍ക്കും മോചനവിഹിതമായും വിനിയോഗിക്കേണ്ടതാണെന്നും ഉത്തരവില്‍ പറയുന്നു.

നിലവില്‍ അധിക വേതനം ലഭിച്ചുവരുന്നുവെന്ന കാര്യം പരിഗണിച്ച് നെട്ടുകാല്‍ത്തേരി, ചീമേനി തുറന്ന ജയിലുകളില്‍ പരമ്പരാഗതമായി നടത്തിവരുന്ന റബ്ബര്‍ ടാപ്പിങ്, കല്ല് വെട്ട് തുടങ്ങിയ ജോലികളില്‍ ഏര്‍പ്പെടുന്ന അന്തേവാസികള്‍ക്ക് വാര്‍ഷിക ഉല്‍പാദനത്തെ അടിസ്ഥാനപ്പെടുത്തി ഓണക്കാലത്ത് സര്‍ക്കാര്‍ നിശ്ചയിക്കുന്ന നിരക്കില്‍ ഒരു ഇന്‍സെന്റീവ് കൂടി അതത് വര്‍ഷം അനുവദിക്കുമെന്നും ഉത്തരവില്‍ പറയുന്നുണ്ട്. സര്‍ക്കാറിന്റെ പദ്ധതികളെ ജനങ്ങളിലേക്കെത്തിക്കുന്ന ആശാവര്‍ക്കര്‍മാര്‍ വേതന വര്‍ധനവെന്ന ന്യായമായ ആവശ്യവുമായി സമരത്തിനിറങ്ങിയപ്പോള്‍ അതിനോട് പിണറായി സര്‍ക്കാര്‍ സ്വീകരിച്ച സമീപനം കേരളംകണ്ടതാണ്.

ജീവിതംമുഴുവന്‍ സര്‍ക്കാര്‍ പദ്ധതികള്‍ നടപ്പാക്കുന്നതിന് വേണ്ടി ഉഴിഞ്ഞുവെച്ച ഒരു വിഭാഗം തീര്‍ത്തും ന്യായമായ ആവശ്യമുന്നയിച്ച് ഒരുവര്‍ഷത്തോളം ഭരണസിരാകേന്ദ്രത്തിന്റെ മൂക്കിന് താഴെ സമരംചെയ്തിട്ടും കാണാതെ പോയവരാണ് 5 ജയില്‍പുള്ളികളുടെ കൂലിവര്‍ധനയില്‍ ഈ ശുശ്കാന്തി പ്രകടിപ്പിച്ചിരിക്കുന്നത്. ഈ നടപടിയിലൂടെ തന്നെ ഇടതു സര്‍ക്കാര്‍ ആര്‍ക്കൊപ്പമാണെന്ന സന്ദേശമാണ് സമൂഹത്തിന് ലഭിക്കുന്നത്.

 

Continue Reading

editorial

ആരിക്കാടിയിലെ ടോള്‍ അനീതി

അന്യായമായ ടോള്‍ പിരിവ് അനുവദിക്കില്ലെന്ന ഉറച്ച പ്രഖ്യാപനവുമായാണ് ജന പ്രതിനിധികളുടെ നേതൃത്വത്തില്‍ സമരംനടക്കുന്നത്.

Published

on

കേരളത്തില്‍ ദേശീയ പാതക്ക് തുടക്കമാകുന്ന തലപ്പാടി ചെര്‍ക്കള റീച്ചിലെ ആരിക്കാടി ടോള്‍ പ്ലാസക്കെതിരെ നാട്ടുകാര്‍ ആരംഭിച്ച പ്രക്ഷോഭം സംസ്ഥാനത്തിന്റെയാകെ ശ്രദ്ധയാകര്‍ശിച്ചിരിക്കുകയാണ്. കഴിഞ്ഞ ദിവസം ആക്ഷന്‍ കമ്മിറ്റി ചെയര്‍മാന്‍കൂടിയായ സ്ഥലം എം.എല്‍.എ എ.കെ.എം അഷ്‌റഫിനെയുള്‍പ്പെടെ അറസ്റ്റ് ചെയ്യപ്പെടാനിടയാക്കിയ പ്രതിഷേധത്തിനു പിന്നില്‍ ഒരുനാടിന്റെയാകെ നീതിനിഷേധത്തിനെതിരെയുള്ള പോരാട്ടത്തിന്റെ കഥയാണുള്ളത്. ജനങ്ങളുടെ യാത്രാ സ്വാതന്ത്യ്രത്തിന്റെ കടക്കല്‍ കത്തിവെച്ചുകൊണ്ട് കഴിഞ്ഞ ദിവസം ടോള്‍പിരിവ് ആരംഭിച്ചതോടെയാണ് നാട്ടുകാര്‍ പ്രതിഷേധവുമായി റോഡിലിറങ്ങിയ സാഹചര്യമുണ്ടായത്. അന്യായമായ ടോള്‍ പിരിവ് അനുവദിക്കില്ലെന്ന ഉറച്ച പ്രഖ്യാപനവുമായാണ് ജന പ്രതിനിധികളുടെ നേതൃത്വത്തില്‍ സമരംനടക്കുന്നത്.

സമരത്തെ തുടര്‍ന്ന് കാസര്‍കോട് മംഗളൂരു ദേശീയപാതയില്‍ ഗതാഗതം പൂര്‍ണമായും സ്തംഭിക്കുകയും ഉന്നത ഉദ്യോഗസ്ഥരടക്കം വന്‍ പൊലീസ് സന്നാഹം സ്ഥലത്ത് നിലയുറപ്പിക്കുന്ന സാഹചര്യവുമുണ്ടായിരിക്കുകയാണ്. ദേശീയ പാത 66 ലെ കേരളത്തിലെ ഒന്നാംറീച്ചായ തലപ്പാടി ചെര്‍ക്കള പാതയില്‍ 22 കിലോമീറ്ററിനിടെ രണ്ടുടോള്‍ പ്ലാസകള്‍ വരുന്നതാണ് ജനങ്ങളെ വലക്കുന്നത്. രണ്ടു ടോള്‍പ്ലാസകള്‍ക്കിടയില്‍ 60 കിലോമീറ്റര്‍ ദൈര്‍ഘ്യമുണ്ടാകണമെന്ന നിര്‍ദ്ദേശം ലംഘിച്ചുകൊണ്ടാണ് ദേശീയ പാത അതോറിറ്റിയുടെ ഭാഗത്തുനിന്ന് ഈ നീതിനിഷേധമുണ്ടായിരിക്കുന്നത്.

എം.എല്‍.എയുടെയും ജനപ്രതിനിധികളുടെയും നേതൃത്വത്തില്‍ ടോള്‍ പ്ലാസ അധികൃതരുമായി പ്രശ്നം ചര്‍ച്ച ചെയ്യുകയും ഹൈക്കോടതി കേസ് ജനുവരി 18ന് ഹൈക്കോടതി പരിഗണിക്കുന്നതിനാല്‍ അതുവരെയുള്ള സാവകാശം നല്‍കണമെന്ന് ആവശ്യപ്പെടുകയും ചെയ്തിരുന്നു. എന്നാല്‍ അധികൃതര്‍ ഇതിന് വിസമ്മതിക്കുകയും ടോള്‍ പിരിവുമായി മുന്നോട്ടുപോകാന്‍ തീരുമാനിക്കുകയും ചെയ്തതോടെയാണ് സമരം ആംരഭിച്ചിരിക്കുന്നത്. ഹെക്കോടതിയില്‍ കേസ് നിലനില്‍ക്കെ ആരിക്കാടി ടോള്‍ പ്ലാസയില്‍ ടോള്‍ പിരിവ് തുടങ്ങിയത് ദേശീയ പാത അതോറിറ്റിയുടെ ധിക്കാരപരമായ സമീപനത്തിന്റെ ഭാഗമാണ്.

ടോള്‍ പിരിവുമായി ബന്ധപ്പെട്ട കേസ് ഹൈക്കോടതി ഈ മാസം 18ന് പരിഗണിക്കാനിരിക്കെയാണ് ടോള്‍ പിരിവ് തിങ്കളാഴ്ച മുതല്‍ ആരംഭിക്കാന്‍ ദേശീയപാത അതോറിറ്റി സ്വകാര്യ കരാര്‍ കമ്പനിയായ സ്‌കെലാര്‍ക് ഇന്‍ഫ്രാ സ്ഥാപനത്തിന് നിര്‍ദ്ദേശം നല്‍കിയത്. ദേശീയപാത ചട്ടപ്രകാരം അടുത്തടുത്ത രണ്ട് ടോളുകള്‍ക്കിടയില്‍ 60 കിലോമീറ്റര്‍ ദൂരം എന്ന നിര്‍ദ്ദേശം ലംഘിക്കുന്ന നിലയി ലാണ് ഈ ടോള്‍ പ്ലാസ പ്രവര്‍ത്തനം ആരംഭിച്ചിരിക്കുന്നത്.

ആരിക്കാടി ടോള്‍ പ്ലാസയും നിലവിലുള്ള തലപ്പാടി ടോള്‍ പ്ലാസയും തമ്മില്‍ അകലം 22 കിലോമീറ്റര്‍ മാത്രമാണ്. ജനങ്ങളെ മാത്രമല്ല, നിയമവ്യവസ്തയെയും നോക്കു കുത്തിയാക്കിയാണ് അധികൃതരുടെ സമീപനം. ടോള്‍ പിരിവ് നടത്തുന്നതിനെതിരെ ആക്ഷന്‍ കമ്മിറ്റി കഴിഞ്ഞ ആ ഗസ്തില്‍ ഹൈക്കോടതിയില്‍ നല്‍കിയ ഹര്‍ജിയില്‍ വിധി വരുന്നത് വരെ ടോള്‍ പിരിവ് നടത്തില്ലെന്ന് കലക്ടറും ദേശീയപാത അതോറിറ്റി അധികൃതരും ആക്ഷന്‍ കമ്മിറ്റിയും തമ്മില്‍ ധാരണയുണ്ടായിരുന്നു.

എന്നാല്‍ കേസ് പലപ്പോഴായി നീട്ടിവെക്കപ്പെടുകയായിരുന്നു. നേരത്തെ മൂന്ന് തവണ ടോള്‍ പിരിവ് നടത്താനുള്ള ശ്രമം നാട്ടുകാരും ആക്ഷന്‍ കമ്മിറ്റിയും ജനപ്രതിനിധികളും തടഞ്ഞിരുന്നു. ടോള്‍ പ്ലാസക്ക് 5 കിലോമീറ്റര്‍ ചുറ്റളവിലു ള്ളവരുടെ വാഹനങ്ങള്‍ക്ക് യാത്ര സൗജന്യമാക്കുമെന്ന് നേരത്തെ ചര്‍ച്ചകള്‍ക്കിടയില്‍ അധികൃതര്‍ വ്യക്തമാക്കിയിരുന്നു. എന്നാല്‍ കടലും പുഴയും ആണ് ഇത്ര ചുറ്റളവില്‍ പെടുകയെന്നതിനാല്‍ അത് ഒരു തരത്തിലും ഈ പ്രദേശത്തെ യാത്രക്കാര്‍ക്ക് ഗുണം ചെയ്യില്ലെന്നാണ് ആക്ഷന്‍ കമ്മിറ്റി ഭാരവാഹികള്‍ പറയുന്നത്. കോടതി വിധിയുടെ പേരില്‍ ആരംഭിച്ചാല്‍ തന്നെ 10 കിലോമീറ്റര്‍ ചുറ്റളവില്‍ സൗജന്യം ലഭിക്കണം. ആരിക്കാടിയിലെ ടോള്‍ പ്ലാസ താല്‍ക്കാലികമാണെന്ന നിലപാടിലാണ് ദേശീയപാത അതോറിറ്റി. രണ്ടാം റീച്ചിലെ പെരിയ ചാലിങ്കാലിലെ ടോള്‍ പ്ലാസ നിര്‍മ്മാണം പൂര്‍ത്തിയാകുന്നത് വരെ മാത്രമാണ് ആരിക്കാടിയില്‍ ടോള്‍ പിരിവ് നടത്തുക എന്നതായിരുന്നു നേരത്തെ നല്‍കിയ വിശദീകരണം. എന്നാല്‍ ചാലിങ്കാല്‍ ടോള്‍ പ്ലാസ പ്രവര്‍ത്തനം വൈകുന്നത് തങ്ങളുടെ കുറ്റമല്ലെന്നും അതിന്റെ പേരില്‍ ഒരു വലിയ വിഭാഗം യാത്രക്കാര്‍ സാമ്പത്തിക ഭാരം വഹിക്കുന്നത് അംഗീകരിക്കാനാവില്ലെന്നുമാണ് സമരക്കാരുടെ നിലപാട്.

 

Continue Reading

editorial

സത്യത്തിലാരും തിരിച്ചറിയാത്ത ബാലന്‍

EDITORIAL

Published

on

കമ്മ്യൂണിസ്റ്റുകള്‍ എത്ര തരം? ഈ ചോദ്യത്തിന് കാക്കത്തൊള്ളായിരം എന്ന ഉത്തരമായിരിക്കും ലഭിക്കുക. എന്നാല്‍ ഈമാനുള്ള കമ്യൂണിസ്റ്റ് എന്നൊരു വിഭാഗം കേരളത്തില്‍ ഉയര്‍ന്നു വന്നിരിക്കുകയാണിപ്പോള്‍. സാക്ഷാല്‍ സഖാവ് ബാലനാണ് ഈമാനുള്ള കമ്യൂണിസ്റ്റാണെന്ന് സ്വയം വെളിപ്പെടുത്തി വന്നിരിക്കുന്നത്. കേരളത്തെ സംഘപരിവാറിന്റെ കാല്‍ക്കീഴില്‍ അര്‍പ്പിക്കാനായി ഓവര്‍ടൈം പണിയെടുക്കുന്നയാളെയാണോ ഈമാനുള്ള കമ്യൂണിസ്റ്റെന്നൊന്നും ചോദിക്കരുത്. പേര് പോലെ തന്നെ പലതിലും ഈ ബാല ചാപല്യം അദ്ദേഹം കാണിക്കും. വാ തുറന്നാല്‍ പച്ച വര്‍ഗീയത മാത്രം തുപ്പുന്ന കേരള തൊഗാഡിയ കള്ള് കച്ചവടക്കാരനുമാ യാണ് ഇപ്പോള്‍ ബാലന്‍ വര്‍ഗീയത ഛര്‍ദിക്കുന്ന കാര്യത്തില്‍ മത്സരിക്കുന്നത്. പുതുതലമുറക്ക് പരിചിതമല്ലാത്ത മാറാട് കലാപമൊക്കെയാണ് ഇപ്പോള്‍ കുത്തിപ്പൊക്കി ടിയാന്‍ കൊണ്ടുവരുന്നത്. മാറാടെന്ന് ഭയപ്പെടുത്തിയാല്‍ മുസ്ലിം ഇതര സമുദായങ്ങള്‍ കൂടെ നില്‍ക്കുമെന്നും ഇസ്ലാമോഫോബിയക്ക് ലോകത്ത് എല്ലായിടത്തും മാര്‍ക്കറ്റുള്ളത് പോലെ കേരളത്തിലും നല്ല വേരോട്ടമുണ്ടെന്നും കണ്ടെത്തിയാണ് ഈ കോമാളി വേഷം കെട്ടി സി.പി.എമ്മുകാര്‍ ഇപ്പോള്‍ ഓവര്‍ ടൈം പണി എടുക്കുന്നത്. കേരളത്തില്‍ യൂ.ഡി.എഫ് വന്നാല്‍ മാറാട് ആവര്‍ത്തിക്കും നാലും മൂന്നും ഏഴ് പേരെ തികച്ചെടുക്കാനില്ലാത്ത ജമാഅത്തെ ഇസ്ലാമി കേരളത്തിലെ ആഭ്യന്തര വകുപ്പ് കയ്യാളുമെന്നൊക്കെയാണ് ബാലനിസ്റ്റ് കമ്യൂണിസ്റ്റിന്റെ വാദം എന്നാല്‍ ബാലന്‍ മുക്കിയ കമ്യൂണിസ്റ്റ് ഭരണത്തിലെ ചില കലാപങ്ങളുണ്ട്. അത് സൗകര്യം പോലെ ബാല സഖാവ് വിഴുങ്ങുകയാണിപ്പോള്‍ കേരളം കണ്ട ഏറ്റവും വലിയ ന്യൂനപക്ഷ വേട്ടയായ ഭിമാപള്ളി വെടിവെപ്പും കേരളത്തിലെ ഏറ്റവും വലിയ സ്‌ഫോടനമായ കളമശ്ശേരി സ്‌ഫോടനവുമൊക്കെ ഈമാനുള്ള കമ്യൂണിസ്റ്റുകാരുടെ കാലത്ത് നടന്നതാണ്.

ബാലന്റെ ലക്ഷ്യം എന്തെന്നൊന്നും ചോദിക്കരുത്. ബംഗാളിലും ത്രിപുരയിലും കമ്യൂണിസ്റ്റുകള്‍ എന്താണോ സംഘപരിവാറിനു വേണ്ടി ചെയ്തത് അത് തന്നെയാണ് ഇവിടെയും ചെയ്യുന്നത്. കമ്യൂണിസ്റ്റുകാര്‍ വിതക്കുന്നു. സംഘികള്‍ കൊയ്യുന്നു. തിരുവനന്തപുരം കോര്‍പറേഷന്‍ ഇതിനൊരു ഉദാഹരണം മാത്രം. പ്രതിപക്ഷത്തെ ഇന്ത്യാ ജമാഅത്ത് എന്ന് വിളിച്ച് സാക്ഷാല്‍ മോദി മുന്നില്‍ നിന്നും നയിക്കുമ്പോള്‍ ചുരുങ്ങിയത് കേരളത്തിലെ പ്രതിപക്ഷത്തെ ജമാഅത്താക്കിയില്ലെല്‍ ബാലന്റെ നേതാവായ മുണ്ടുടുത്ത മോദി കോപിച്ചാലോ, പക്ഷേ ഒന്നുണ്ട് മതേതര കേരളത്തെ സര്‍ജറിക്ക് വിധേയമാക്കി സംഘപരിവാറിനാവശ്യമായ അവയവങ്ങള്‍ കീറിമു
റിച്ച് കൊടുക്കുന്ന പരിപാടി ബാലനും ഗോവിന്ദനും പിണറായിയുമടക്കം നിര്‍ത്തിയില്ലെങ്കില്‍ അവസാനം പോകുന്നയാള്‍ക്ക് ഓഫീസ് പൂട്ടുകയൊന്നും വേണ്ടി വരില്ല. കാരണം ഓഫിസടക്കം കാവിയണിയാന്‍ ഏറെ വൈകില്ല. പിണറായി എന്ന ബിംബത്തിനു ചുറ്റി തലകറങ്ങി പിച്ചും പേയും പറയുന്ന സി.പി.എം നേതാക്കള്‍ പുതിയ സംഭവമൊന്നുമല്ല. ഇതിന് അറുതി വരുമെന്ന് ആരും കരുതേണ്ട. കാരണം ഈ തിരഞ്ഞെടുപ്പില്‍ ബി.ജെ.പിയേക്കാളും വലിയ വര്‍ഗീയ പ്രചാരണവു മായാണ് സി.പി.എം ഇറങ്ങാന്‍ പോകുന്നത്. അതല്ലാതെ കഴിഞ്ഞ 10 വര്‍ഷത്തിനിടെ ചൂണ്ടിക്കാട്ടാന്‍ റീല്‍സും മുഖ്യന്റെ തള്ളുമല്ലാതെ ഒന്നുമില്ലെന്നതാണ് സത്യം. തിരുവനന്തപുരവും പാലക്കാടും കോഴിക്കോട്ടെ ബി.ജെ.പിയിലേക്ക് തിരിച്ചുവിട്ട സിറ്റുകളുമൊന്നും അത്ര അസ്വാഭാവികമായി സംഭവിച്ച തൊന്നുമല്ല. ലാവലിനും ഇ.ഡിയും ചുറ്റിലും കറങ്ങുമ്പോള്‍ കേരളം തളികയിലാക്കി സംഘ്പരിവാരത്തിന് കാഴ്ചവെക്കുന്നതിന്റെ നേര്‍ക്കാഴ്ചകളാണ്. ജമാഅത്തെ ഇസ്ലാമി എന്നത് കുത്തിക്കാന്‍ പാകമായ എണ്ണയാണെന്ന് ബാലനും പിണറായിക്കും ഗോവിന്ദനുമൊക്കെ നന്നായി അറിയാം. ഈ തീക്കൊള്ളികൊണ്ടുള്ള ചൊറിയല്‍ എവിടെ ചെന്ന് അവസാനിക്കുമെന്നും ഇവര്‍ക്കറിയാം. എന്നാലും ഭൂരിപക്ഷ ദ്രുവികരണത്തിന് ന്യൂനപക്ഷങ്ങളെ വര്‍ഗീയവാദികളാക്കുകയെന്ന ഏറ്റവും ലളിതമായി ചെയ്യാവുന്ന സര്‍ക്കസാണിപ്പോള്‍ ഇവര്‍ നടത്തിക്കൊണ്ടിരിക്കുന്നത്.
”’ബാലന്‍ പറഞ്ഞതാണ് ശരിയെന്ന് വിശ്വസിക്കുന്ന ആളുകള്‍, അവരിപ്പോഴും വിശ്വസിക്കുന്നത് ഇടതുപക്ഷത്താണ് താനെന്നാണ് ഈ അന്തം കമ്മി അണികള്‍ അവര്‍പോലുമറിയാതെ അതിതീവ്ര വലതുപക്ഷത്തേക്ക് എത്തിച്ചേര്‍ന്നിട്ട് കൊല്ലങ്ങളായത് പക്ഷേ അവര്‍ മാത്രാണ് ഇപ്പോഴും അറിയാത്തത്. ബാലന്റെ തിവ്ര വര്‍ഗിയ വാദങ്ങളെപോലും ഫ്രഷ് ആയി ന്യായീകരിക്കുന്നവന്റെ ഇപ്പോഴത്തെ മാനസിക ബോധമാണ് പരിശോധിക്കേണ്ടത്. ഉത്തരേന്ത്യയില്‍ തിരഞ്ഞെടുപ്പ് റാലികളില്‍ മാത്രം കേട്ട് ഭയന്നിരുന്ന തീവ്ര വര്‍ഗിയ വര്‍ത്തമാനങ്ങള്‍ കേരളത്തില്‍ സാധാരണ വാക്കുകളില്‍ പോലും ഇടത് നേതാക്കള്‍ പറയുന്നിടം വരെയെത്തിച്ചു പിണറായിയുടെ പത്ത് വര്‍ഷത്തെ ഭരണം എന്നതാണ് ഭയപ്പെടുത്തുന്ന വസ്തുത. ‘അവര്‍ ഇരുപത് ശതമാനമാണ് നമ്മള്‍ എണ്‍പതും’എന്നും അവര്‍ നമ്മുടെ സ്വത്തുക്കള്‍ കയ്യടക്കുമെന്നും കെട്ടുതാലി പൊട്ടിക്കുമെന്നും സിന്ദൂരം മായ്ക്കുമെന്നും അവര്‍ അധികാരത്തില്‍ വന്നാല്‍ കലാപങ്ങള്‍ ഉണ്ടാക്കുമെന്നും ഹിന്ദി ചാനലുകളില്‍ മാത്രം കേട്ടിരുന്നിടത്ത് നിന്നും അവര്‍ അധികാരത്തില്‍ വന്നാല്‍ ആഭ്യന്തരമെടുക്കുമെന്നും ‘കലാപമുണ്ടാക്കുമെന്നും’ കേരളത്തിലെ ഇടത് നേ താക്കള്‍ പറയുന്നിടത്തേക്ക് രാഷ്ട്രീയം മാറ്റി എന്നതാണ് ബാലനും ഗോവിന്ദനും പിണറായിയും ചേര്‍ന്ന മുക്കൂട്ട് സമിതിയുടെ സംഭാവന. ഇടത് പക്ഷമെന്നാല്‍ അതി തീവ്ര വലതു ഹിന്ദുത്വ പക്ഷമാണെന്ന അവസ്ഥയില്‍ നിന്നും ഇനി തിരുത്തിക്കേണ്ടത് അണികളെന്ന് പറയുന്ന അന്തംസാണ്. പിണറായി വിജയന്‍ ആണെങ്കില്‍ വെള്ളാപ്പള്ളിയേയും ചുമന്ന് നടന്ന് മുട്ടിന് മുട്ടിന് വര്‍ഗീയത പറയാന്‍ അവസരം ഉണ്ടാക്കി നല്‍കുകയാണ്. നിലവില്‍ തദ്ദേശത്തില്‍ കിട്ടിയത് മന സ്സിലാക്കിയില്ലെങ്കില്‍ ഇതിനേക്കാള്‍ വലുത് കേരളത്തിലെ ജനങ്ങള്‍ നല്‍കും. അതോടെ പിണറായിയെന്ന ബിംബത്തിന് ചുറ്റും കറങ്ങിയിരുന്ന തട്ടിപ്പ് സംഘത്തിനും അവസാനത്തെ ഇന്ത്യന്‍ കമ്യൂണിസ്റ്റ് ഭരണത്തിനും അറുതിയാവും.

 

Continue Reading

Trending