Connect with us

Sports

ഐ.സി.സി റാങ്കിങ്ങില്‍ പിഴവ്; കോഹ്ലിയുടെ ചരിത്ര നേട്ടം തിരുത്തി

പുതുക്കിയ റാങ്കിങ് പട്ടിക പുറത്തുവിട്ടപ്പോള്‍ ഐ.സി.സിക്ക് ഗുരുതര പിഴവ്.

Published

on

ദുബൈ: അഞ്ചുവര്‍ഷത്തെ ഇടവേളയ്ക്കുശേഷം ക്രിക്കറ്റ് ഇതിഹാസം വിരാട് കോഹ്ലി ഐ.സി.സി ഏകദിന ബാറ്റര്‍മാരുടെ റാങ്കിങ്ങില്‍ വീണ്ടും ഒന്നാം സ്ഥാനം തിരിച്ചുപിടിച്ചിരുന്നു. എന്നാല്‍ പുതുക്കിയ റാങ്കിങ് പട്ടിക പുറത്തുവിട്ടപ്പോള്‍ ഐ.സി.സിക്ക് ഗുരുതര പിഴവ്.

കോഹ്ലി 825 ദിവസം മാത്രം ഒന്നാം സ്ഥാനത്ത് തുടര്‍ന്നുവെന്നായിരുന്നു ഐ.സി.സി വാര്‍ത്താക്കുറിപ്പില്‍ പറഞ്ഞിരുന്നത്. ക്രിക്കറ്റ് ആരാധകരും വിദഗ്ധരും ഇത് ചൂണ്ടിക്കാട്ടിയതോടെ ഐ.സി.സി വിശദീകരണം തിരുത്തി. യഥാര്‍ഥത്തില്‍ 1547 ദിവസങ്ങളാണ് കോഹ്ലി ഏകദിന ബാറ്റര്‍മാരില്‍ ഒന്നാം സ്ഥാനത്ത് തുടര്‍ന്നത്. പുതുക്കിയ കണക്കുകള്‍ പ്രകാരം ഏറ്റവും കൂടുതല്‍ ദിവസം ഒന്നാം സ്ഥാനം നിലനിര്‍ത്തിയ താരങ്ങളുടെ പട്ടികയില്‍ കോഹ്ലി നിലവില്‍ മൂന്നാം സ്ഥാനത്താണ്.

വെസ്റ്റിന്‍ഡീസ് ഇതിഹാസങ്ങളായ വിവിയന്‍ റിച്ചാര്‍ഡ്സ് (2306 ദിവസം), ബ്രയാന്‍ ലാറ (2079 ദിവസം) എന്നിവരാണ് കോഹ്ലിക്കു മുന്നിലുള്ളവര്‍. ഏറ്റവും കൂടുതല്‍ ദിവസം ഏകദിന റാങ്കിങ്ങില്‍ ഒന്നാം സ്ഥാനത്ത് തുടര്‍ന്ന ഇന്ത്യന്‍ താരം എന്ന റെക്കോഡും കോഹ്ലിയുടെ പേരിലാണ്. ഇന്ത്യന്‍ മുന്‍ നായകന്‍ രോഹിത് ശര്‍മയെ പിന്തള്ളിയാണ് കോഹ്ലി ഒന്നാം സ്ഥാനം തിരിച്ചുപിടിച്ചത്. നിലവിലെ റാങ്കിങ്ങില്‍ ന്യൂസിലന്‍ഡിന്റെ ഡാരില്‍ മിച്ചല്‍ രണ്ടാം സ്ഥാനത്താണ്. കോഹ്ലി 785 റേറ്റിങ് പോയിന്റും മിച്ചലിന് 784 പോയിന്റും രോഹിത്തിന് 775 പോയിന്റുമാണ്. അഫ്ഗാനിസ്താന്റെ ഇബ്രാഹിം സ്റാന്‍ നാലാം സ്ഥാനത്തുണ്ട്. ശുഭ്മന്‍ ഗില്ലാണ് ആദ്യ അഞ്ചിലെ മറ്റൊരു ഇന്ത്യന്‍ താരം.

ശ്രേയസ് അയ്യര്‍ 10-ാം സ്ഥാനത്തും കെ.എല്‍. രാഹുല്‍ 11-ാം സ്ഥാനത്തുമാണ്. 2013 ഒക്ടോബറിലാണ് കോഹ്ലി ആദ്യമായി ഏകദിന ബാറ്റര്‍മാരുടെ റാങ്കിങ്ങില്‍ ഒന്നാമതെത്തിയത്. ട്വന്റി20യും ടെസ്റ്റ് ഫോര്‍മാറ്റുകളും വിടപറഞ്ഞ കോഹ്ലി ഇപ്പോള്‍ ഇന്ത്യക്കുവേണ്ടി ഏകദിനത്തില്‍ മാത്രമാണ് കളിക്കുന്നത്. റെക്കോഡുകള്‍ തകര്‍ത്തു മുന്നേറുന്ന കോഹ്ലി, ന്യൂസിലന്‍ഡിനെതിരായ ഏകദിനങ്ങളില്‍ ഏറ്റവും കൂടുതല്‍ റണ്‍സ് നേടിയ ഇന്ത്യന്‍ താരമെന്ന നേട്ടവും സ്വന്തമാക്കി.

42 മത്സരങ്ങളില്‍ നിന്നായി സചിന്‍ ടെണ്ടുല്‍ക്കര്‍ നേടിയ 1750 റണ്‍സ് എന്ന റെക്കോഡ് മറികടന്ന്, 35 മത്സരങ്ങളില്‍ നിന്നായി കോഹ്ലി 1773 റണ്‍സാണ് നേടിയത്. വഡോദരയില്‍ നടന്ന ആദ്യ ഏകദിനത്തില്‍, അന്താരാഷ്ട്ര ക്രിക്കറ്റില്‍ ഏറ്റവും വേഗത്തില്‍ 28,000 റണ്‍സ് പിന്നിടുന്ന ബാറ്റര്‍ എന്ന റെക്കോഡും കോഹ്ലി സ്വന്തമാക്കി. 624 ഇന്നിങ്സുകളില്‍ നിന്നാണ് കോഹ്ലി ഈ നാഴികക്കല്ല് കടന്നത്. സചിന്‍ ടെണ്ടുല്‍ക്കറിന് ഇത് നേടാന്‍ 644 ഇന്നിങ്സുകള്‍ വേണ്ടിവന്നു. അന്താരാഷ്ട്ര ക്രിക്കറ്റില്‍ 28,000 റണ്‍സ് നേടുന്ന മൂന്നാമത്തെ താരമാണ് വിരാട് കോഹ്ലി.

 

News

അണ്ടർ 19 ലോകകപ്പിൽ ഇന്ത്യക്ക് വിജയത്തുടക്കം

ആദ്യം ബാറ്റ് ചെയ്ത അമേരിക്കയെ ഹെനിൽ പട്ടേലിന്റെ അഞ്ച് വിക്കറ്റ് പ്രകടനത്തിന്റെ കരുത്തിൽ ഇന്ത്യ 107 റൺസിൽ ഒതുക്കിയിരുന്നു.

Published

on

ബുലവായോ: അണ്ടർ 19 ലോകകപ്പിൽ ഇന്ത്യയ്ക്ക് വിജയത്തുടക്കം. മഴമൂലം 96 റൺസായി ചുരുക്കിയ വിജയലക്ഷ്യം ഇന്ത്യ 17.2 ഓവറിൽ മറികടന്ന് ജയം സ്വന്തമാക്കി. ആദ്യം ബാറ്റ് ചെയ്ത അമേരിക്കയെ ഹെനിൽ പട്ടേലിന്റെ അഞ്ച് വിക്കറ്റ് പ്രകടനത്തിന്റെ കരുത്തിൽ ഇന്ത്യ 107 റൺസിൽ ഒതുക്കിയിരുന്നു.

ആദ്യം ബാറ്റ് ചെയ്ത അമേരിക്കയ്ക്ക് മികച്ച തുടക്കമല്ല ലഭിച്ചത്. ടീം സ്‌കോർ ഒന്നിൽ നിൽക്കെ ഓപണർ അമരീന്ദർ ഗില്ലിനെ ഹെനിൽ പട്ടേൽ പുറത്താക്കി. തുടർന്ന് വിക്കറ്റ് കീപ്പർ അർജുൻ മഹേഷിനൊപ്പം സാഹിൽ ഗാർഗ് നടത്തിയ ചെറുത്തുനിൽപ്പാണ് അമേരിക്കൻ സ്കോർബോർഡ് മുന്നോട്ട് നീങ്ങാൻ സഹായിച്ചത്. എങ്കിലും ആറ് അമേരിക്കൻ താരങ്ങൾ ഒറ്റയക്കത്തിൽ പുറത്തായി. 36 റൺസ് നേടിയ നിധീഷ് റെഡ്ഢിയാണ് അമേരിക്കയുടെ ടോപ് സ്‌കോറർ. ഇന്ത്യക്കായി ഹെനിൽ പട്ടേൽ അഞ്ചു വിക്കറ്റും വൈഭവ് സൂര്യവൻഷി, അംബരീഷ്, ഖിലൻ പട്ടേൽ, ദീപേഷ് ദേവേന്ദ്രൻ എന്നിവർ ഓരോ വിക്കറ്റും വീഴ്ത്തി.

ഇന്ത്യയുടെ മറുപടി ബാറ്റിങ്ങിന് മുന്നോടിയായി മഴ മൂലം മത്സരം കുറച്ച് സമയം തടസ്സപ്പെട്ടു. തുടക്കത്തിൽ തന്നെ ഇന്ത്യക്ക് വൈഭവിന്റെ വിക്കറ്റ് നഷ്ടമായി. രണ്ട് റൺസിൽ നിൽക്കെ റിത്വിക്ക് റെഡ്ഢിയാണ് വൈഭവിനെ ക്ലീൻ ബൗൾഡാക്കിയത്. പിന്നാലെ ഇറങ്ങിയ വേദാന്ത് ത്രിവേദിയും രണ്ട് റൺസിൽ മടങ്ങി. നാലാം ഓവറിന് ശേഷം വീണ്ടും മഴ പെയ്തതോടെ മത്സരം 37 ഓവറാക്കി ചുരുക്കുകയും വിജയലക്ഷ്യം 96 റൺസായി പുനർനിശ്ചയിക്കുകയും ചെയ്തു.

അഞ്ച് ഫോറും ഒരു സിക്സും അടക്കം 42 റൺസ് നേടിയ വിക്കറ്റ് കീപ്പർ അഭിഷേക് കുണ്ടുവിന്റെ മികച്ച ഇന്നിങ്സാണ് ഇന്ത്യയെ 17.2 ഓവറിൽ വിജയത്തിലെത്തിച്ചത്.

ഏഴ് ഓവറിൽ ഒരു മെയ്ഡൻ ഉൾപ്പെടെ 16 റൺസ് മാത്രം വഴങ്ങി അഞ്ച് വിക്കറ്റ് നേടിയ ഹെനിൽ പട്ടേലാണ് മത്സരത്തിലെ താരം. ജനുവരി 17ന് ബംഗ്ലാദേശിനെതിരെയാണ് ഇന്ത്യയുടെ അടുത്ത മത്സരം.

Continue Reading

News

സന്തോഷ് ട്രോഫി: കേരള ടീം പ്രഖ്യാപിച്ചു; ജി. സഞ്ജു ക്യാപ്റ്റൻ

അസ്സമിലാണ് ഫൈനൽ റൗണ്ട് മത്സരങ്ങൾ നടക്കുന്നത്.

Published

on

കൊച്ചി: സന്തോഷ് ട്രോഫിക്കുള്ള കേരള ടീമിനെ പ്രഖ്യാപിച്ചു. കേരള പൊലീസ് പ്രതിരോധ താരം ജി. സഞ്ജുവാണ് 22 അംഗ സംഘത്തിന്റെ ക്യാപ്റ്റൻ. ടീമിൽ ഒമ്പത് പുതുമുഖങ്ങളുണ്ട്.

അസ്സമിലാണ് ഫൈനൽ റൗണ്ട് മത്സരങ്ങൾ നടക്കുന്നത്. ഈമാസം 22ന് ഏഴുതവണ ചാമ്പ്യന്മാരായ പഞ്ചാബിനെതിരെയാണ് കേരളത്തിന്റെ ആദ്യ മത്സരം. 24ന് റെയിൽവേസ്, 26ന് ഒഡിഷ, 29ന് മേഘാലയ, 31ന് സർവിസസ് ടീമുകളുമായാണ് ഗ്രൂപ്പ് റൗണ്ട് മത്സരങ്ങൾ. കഴിഞ്ഞ സീസണിലെ റണ്ണേഴ്സപ്പായ കേരളം ഫൈനലിൽ പശ്ചിമ ബംഗാളിനോടാണ് തോറ്റത്.

അസ്സമിലെ തണുത്ത കാലാവസ്ഥയുമായി പൊരുത്തപ്പെടുന്നതിനായി കൽപറ്റ മരവയലിലെ എം.കെ. ജിനചന്ദ്രൻ സ്മാരക ജില്ലാ സ്റ്റേഡിയത്തിലായിരുന്നു ടീമിന്റെ പരിശീലനം. സമുദ്രനിരപ്പിൽ നിന്ന് ഉയരത്തിലുള്ള (ഹൈ ആൾട്ടിറ്റ്യൂഡ്) സ്റ്റേഡിയത്തിൽ കളിക്കുമ്പോഴുള്ള ബുദ്ധിമുട്ടുകൾ മറികടക്കാനാണ് ഇവിടെ പരിശീലനം നടത്തുന്നത്. അസ്സമിൽ മത്സരങ്ങൾ നടക്കുന്നതും ഹൈ ആൾട്ടിറ്റ്യൂഡ് സ്റ്റേഡിയത്തിലാണ്.

വയനാട് സ്വദേശി ഷഫീഖ് ഹസനാണ് ടീമിന്റെ മുഖ്യപരിശീലകൻ. വയനാട്ടിൽ 18 വരെ പരിശീലനം തുടരും. കണ്ണൂർ മുനിസിപ്പൽ സ്റ്റേഡിയത്തിൽ ഡിസംബർ ആറുമുതൽ ജനുവരി എട്ടുവരെ നടത്തിയ ക്യാമ്പിന് ശേഷമാണ് ടീം വയനാട്ടിലെത്തിയത്.

കേരള ടീം

ഗോൾകീപ്പർമാർ:
ടി.വി. അൽകേഷ് രാജ് (തൃശൂർ), എസ്. അജ്മൽ (പാലക്കാട്), എം. മുഹമ്മദ് ജസീൻ (മലപ്പുറം)

പ്രതിരോധ താരങ്ങൾ:
ജി. സഞ്ജു (എറണാകുളം), എം. മനോജ് (തിരുവനന്തപുരം), അജയ് അലക്സ് (എറണാകുളം), ബിബിൻ അജയൻ (എറണാകുളം), എസ്. സന്ദീപ് (മലപ്പുറം), അബ്ദുൽ ബാദിഷ് (മലപ്പുറം), തേജസ് കൃഷ്ണ (പാലക്കാട്)

മധ്യനിര താരങ്ങൾ:
എം.എം. അർജുൻ (തൃശൂർ), വി. അർജുൻ (കോഴിക്കോട്), ഒ.എം. ആസിഫ് (എറണാകുളം), എം. വിഘ്നേഷ് (തിരുവനന്തപുരം), എം.എൽ. അബൂബക്കർ ദിൽഷാദ് (കാസർകോട്)

മുന്നേറ്റ താരങ്ങൾ:
ടി. ഷിജിൻ (തിരുവനന്തപുരം), മുഹമ്മദ് അജ്സൽ (കോഴിക്കോട്), ഇ. സജീഷ് (പാലക്കാട്), പി.ടി. മുഹമ്മദ് റിയാസ് (പാലക്കാട്), എ.പി. മുഹമ്മദ് സിനാൻ (കണ്ണൂർ), കെ. മുഹമ്മദ് ആഷിഖ് (മലപ്പുറം), എൻ.എ. മുഹമ്മദ് അസ്ഹർ (തൃശൂർ)

ടീം ഒഫിഷ്യൽസ്

ഷഫീഖ് ഹസൻ (മുഖ്യപരിശീലകൻ), ഡി. എബിൻ റോസ് (സഹ പരിശീലകൻ), പി.കെ. ഷാജി (മാനേജർ), കെ.ടി. ചാക്കോ (ഗോൾകീപ്പർ പരിശീലകൻ), അഹ്മദ് നിഹാൽ റഷീദ് (ഫിസിയോ), കിരൺ നാരായണൻ (വിഡിയോ അനലിസ്റ്റ്)

Continue Reading

Sports

‘മധ്യ ഓവറുകളില്‍ വിക്കറ്റ് വീഴ്ത്താന്‍ കഴിയാതിരുന്നതാണ് തോല്‍വിക്ക് കാരണം’; ബൗളര്‍മാരെ കുറ്റപ്പെടുത്തി ശുഭ്മാന്‍ ഗില്‍

ന്യൂസിലന്‍ഡ് ഇന്നിംഗ്‌സിലെ മധ്യ ഓവറുകളില്‍ വിക്കറ്റെടുക്കാന്‍ നമുക്ക് കഴിഞ്ഞില്ല.

Published

on

രാജ്‌കോട്ട്: ന്യൂസിലന്‍ഡിനെതിരായ രണ്ടാം ഏകദിനത്തിലെ തോല്‍വിയില്‍ ബൗളര്‍മാരെ നേരിട്ട് കുറ്റപ്പെടുത്തി ക്യാപ്റ്റന്‍ ശുഭ്മാന്‍ ഗില്‍. മധ്യ ഓവറുകളില്‍ വിക്കറ്റ് വീഴ്ത്താന്‍ കഴിയാതിരുന്നതാണ് തോല്‍വിക്ക് കാരണമായതെന്ന് മത്സരശേഷം ഗില്‍ പറഞ്ഞു.

ന്യൂസിലന്‍ഡ് ഇന്നിംഗ്‌സിലെ മധ്യ ഓവറുകളില്‍ വിക്കറ്റെടുക്കാന്‍ നമുക്ക് കഴിഞ്ഞില്ല. അഞ്ച് ഫീല്‍ഡര്‍മാര്‍ സര്‍ക്കിളിനകത്ത് നില്‍ക്കുമ്പോള്‍ വിക്കറ്റുകള്‍ വീഴ്ത്തിയില്ലെങ്കില്‍ കളി ജയിക്കുക ബുദ്ധിമുട്ടാണ്. മത്സരത്തില്‍ ഇന്ത്യ 15-20 റണ്‍സ് അധികം നേടിയിരുന്നെങ്കിലും മധ്യ ഓവറുകളില്‍ വിക്കറ്റ് വീഴ്ത്തിയില്ലെങ്കില്‍ അതുകൊണ്ട് പ്രത്യേകിച്ച് കാര്യമുണ്ടാകുമായിരുന്നില്ല. മത്സരത്തിന്റെ ആദ്യ പത്തോവറില്‍ നമ്മള്‍ മനോഹരമായാണ് പന്തെറിഞ്ഞത്. അവരുടെ ഓപ്പണര്‍മാരെ പുറത്താക്കാനും അവരെ സമ്മര്‍ദ്ദത്തിലാക്കാനും നമുക്ക് കഴിഞ്ഞിരുന്നു. എന്നാല്‍ മധ്യ ഓവറുകളില്‍ അവര്‍ മനോഹരമായി ബാറ്റ് ചെയ്തതോടെയാണ് കളി നമ്മുടെ കൈവിട്ട് പോയതെന്ന് ശുഭ്മാന്‍ ഗില്‍ കുറ്റപ്പെടുത്തി.

രണ്ടാം ഇന്നിംഗ്‌സിലെ ആദ്യ 10-15 ഓവറില്‍ ബൗളര്‍മാര്‍ക്ക് ചെറിയ സഹായം കിട്ടിയിരുന്നു. എന്നാല്‍ 20-25 ഓവര്‍ കഴിഞ്ഞതോടെ ബൗര്‍മാര്‍ക്ക് കാര്യമായ സഹായമൊന്നും കിട്ടാതായി. ഫീല്‍ഡിംഗ് പിഴവുകള്‍ നമുക്ക് തിരിച്ചടിയായി. ആദ്യ മത്സരത്തിലും ഫീല്‍ഡിംഗില്‍ ഒട്ടേറെ പിഴവുകള്‍ നമ്മള്‍ വരുത്തിയിരുന്നു. വരും മത്സരങ്ങളില്‍ ഇത് മെച്ചപ്പെടുത്താനാണ് ശ്രമിക്കുകയെന്നും ഗില്‍ പറഞ്ഞു.

Continue Reading

Trending