Connect with us

editorial

കൈയ്യടി നേടി സര്‍ക്കാര്‍

പത്തുവര്‍ഷത്തിന് ശേഷം അധികാരത്തില്‍ തിരിച്ചെത്തിയ യു.ഡി.എഫ് സര്‍ക്കാറിന്റെ ഭരണാരംഭംതന്നെ നിറഞ്ഞ കൈയ്യടികളോടെയായിത്തീര്‍ന്നിരിക്കുകയാണ്.

Published

on

പത്തുവര്‍ഷത്തിന് ശേഷം അധികാരത്തില്‍ തിരിച്ചെത്തിയ യു.ഡി.എഫ് സര്‍ക്കാറിന്റെ ഭരണാരംഭംതന്നെ നിറഞ്ഞ കൈയ്യടികളോടെയായിത്തീര്‍ന്നിരിക്കുകയാണ്. ഏറെ പ്രതീക്ഷയോടെ സംസ്ഥാനത്തിന്റെ ഭരണം ഏല്‍പ്പിച്ച എല്ലാ വിഭാഗം ജനങ്ങളും ജനപ്രിയ തീരുമാനങ്ങളാല്‍ ആഹ്ലാദാരവം മുഴക്കുന്ന അന്തരീക്ഷമാണ് നാട്ടില്‍ സംജാതമായിരിക്കുന്നത്. മാസങ്ങള്‍ക്കുമുമ്പുവരെ തങ്ങളുടെ കണ്ണീരും ചോരയും ഉറ്റിവീണ മണ്ണില്‍ ഇന്നലെ ആനന്ദനൃത്തംചവിട്ടിയ ആശാവര്‍ക്കര്‍മാര്‍ ഭരണമാറ്റത്തിന്റെ ഏറ്റവും മികച്ച പ്രതീകമായിമാറുകയായിരുന്നു. അര്‍ഹതപ്പെട്ട അവകാശങ്ങള്‍ക്കുവേണ്ടി സമരം ചെയ്തതിന്റെ പേരില്‍ നരകയാതനകളേറ്റുവാങ്ങേണ്ടിവന്ന ഉദ്യോഗാര്‍ത്ഥികളടക്കം പുതിയ സര്‍ക്കാറിന്റെ തീരുമാനങ്ങളില്‍ ആനന്ദാശ്രു പൊഴിക്കുമ്പോള്‍ ഒരു പുതുയുഗപ്പിറവി വാഗ്ദാനം ചെയ്ത യു.ഡി.എഫ് ആത്മനിര്‍വൃതിയിലൂടെയാണ് ഭരണാ സിരാകേന്ദ്രത്തിലേക്ക് കാലെടുത്തുവെക്കുന്നത്.

ക്ഷേമപെന്‍ഷന്‍ വിതരണം ഈ മാസം 25 ന് ആരംഭിക്കാന്‍ നിര്‍ദേശിച്ച സര്‍ക്കാര്‍ ഇതിനായി 1070 കോടി രൂപ മാറ്റിവെക്കുകയും ചെയ്തിരിക്കുകയാണ്. യു.ഡി.എഫ് വന്നാല്‍ ക്ഷേമ പെന്‍ഷന്‍ മുടങ്ങുമെന്നതായിരുന്നു തിരഞ്ഞെടുപ്പുകാലത്തെ ഇടതുപക്ഷത്തിന്റെ ഏറ്റവും വലിയ പ്രചരണമെങ്കില്‍ തകര്‍ന്നുതരിപ്പണമായ സംസ്ഥാനത്തിന്റെ സാമ്പത്തിക സ്ഥിതി പോലും പരിഗണിക്കാതെ യു.ഡി.എഫ് എടുത്തിട്ടുള്ള ധീരോദാത്തമായ തീരുമാനത്തില്‍ ഒരു മധുരപ്രതികാരംകൂടിയുണ്ട്. കാലിയായ ഖജനാവുമായി ഭരണംതുടങ്ങേണ്ടിവരുന്ന ഈ സര്‍ക്കാറിന് പെന്‍ഷന്‍ വിതരണം സാധ്യമാവില്ലെന്ന ഉറപ്പിന്റെ പിന്‍ബലംകൂടിയുണ്ടായിരുന്നു ഇടതുപക്ഷത്തിന്റെ കാടടച്ചുള്ള പ്രചാരണത്തിനു പിന്നില്‍,
ഇന്ദിരാ ഗ്യാരന്റിയുടെ ഭാഗമായുള്ള അഞ്ചില്‍ രണ്ടു തീരുമാനങ്ങളും പ്രഥമ മന്ത്രിസഭാ യോഗത്തില്‍ തന്നെ പസാക്കുമ്പോള്‍ വിമര്‍ശകര്‍ പോലും അമ്പരക്കുകയാണ്.

കെ.എസ്.ആര്‍.ടി ബസുകളില്‍ സ്ത്രീകള്‍ക്ക് സൗജന്യ യാത്ര അനുവദിക്കുന്നതിനുള്ള നടപടികള്‍ അധിവേഗത്തിലാക്കിയ സര്‍ക്കാര്‍ ജെന്‍ഡര്‍ ടിക്കറ്റിങ് സംവിധാനം പുനഃസ്ഥാപിച്ചു കഴിഞ്ഞു. വയോജനങ്ങള്‍ക്കായുള്ള പ്രത്യേക വകുപ്പ് രൂപീകിരിക്കുമെന്നതാണ് മറ്റൊരു പ്രധാന തീരുമാനം. ഈ രംഗത്ത് ലോകത്ത് ഏറ്റവുംശ്രദ്ധേയമായ ചുവടുവെപ്പുകള്‍ നടത്തിയിട്ടുള്ള ജപ്പാന്റെ മാതൃക പഠിക്കുമെന്നുകൂടി മുഖ്യമന്ത്രി വ്യക്തമാക്കുമ്പോള്‍ ഇതൊന്നും വെറുംവാക്കല്ലെന്ന് ജനങ്ങള്‍ക്ക് ബോധ്യപ്പെടുന്നു എന്ന് മത്രമല്ല, രാജ്യത്താകെയുള്ള ഭരണകൂടങ്ങള്‍ യു.ഡി.എഫ് സര്‍ക്കാറിന്റെ നീക്കങ്ങളെ ഉറ്റുനോക്കുകയാണ്. ഉദ്യോഗാര്‍ത്ഥികളുടെ അഭ്യര്‍ത്ഥന പരിഗണിച്ച് 2026 ഓഗസ്റ്റ് 31ന് അവസാനിക്കുന്ന എല്ലാ പി.എസ്.സി റാങ്ക് ലിസ്റ്റുകളുടെയും കാലാവധി 2026 നവംബര്‍ 30 വരെ നീട്ടാന്‍ പി.എസ്.സിക്ക് ശുപാര്‍ശ ചെയ്യുന്ന നടപടി അഭ്യസ്ഥ വിദ്യരായ ചെറുപ്പക്കാര്‍ക്ക് നല്‍കിയിട്ടുള്ള പ്രതീക്ഷ ചെറുതല്ല.

പി.എസ്.സി റാങ്ക് ലിസ്റ്റില്‍ ഉള്‍പ്പെട്ടിട്ടും ബന്ധുനിയമനത്തിന്റെയും പിന്‍വാതില്‍ നിയമനത്തിന്റെയും ഫലമായി അവസരങ്ങള്‍ നിഷേധിക്കപ്പെടുമ്പോള്‍ അതിനെതിരെ ഉദ്യോഗാര്‍ത്ഥികള്‍ നടത്തിയിട്ടുള്ള സമരപോരാട്ടങ്ങളുടെ കാഴ്ച്ച കരളലിയിപ്പിക്കുന്നതായിരുന്നു. തീര്‍ത്തും ന്യായമായ ആവശ്യത്തിനുവേണ്ടിയുള്ള ഈ പോരാട്ടത്തെ ഇടതു സര്‍ക്കാര്‍ നേരിട്ടാതാകട്ടേ പ്രതികാരബുദ്ധിയോടുകൂടിയും. ഈ സാഹചര്യത്തില്‍ നിന്നാണ് ആശ്വാസത്തിന്റെ ദീര്‍ഘശ്വാസം നമ്മുടെ ചെറുപ്പക്കാര്‍ പുറത്തുവിട്ടുകൊണ്ടിരിക്കുന്നത്. കൂടാതെ യു.ഡി.എഫ് പ്രകടന പത്രികയിലെ വാഗ്ദാനങ്ങള്‍ നടപ്പിലാക്കാന്‍ വിവിധ വകുപ്പുകള്‍ക്ക് മുഖ്യന്ത്രി നിര്‍ദ്ദേശം നല്‍കിയിരിക്കുകയാണ്.

Advertisement

സര്‍ക്കാരിന്റെ കാലാവധി അവസാനിക്കുന്ന 2031 ന് മുന്‍പ് എല്ലാ വാഗ്ദാനങ്ങളും പാലിക്കാന്‍ ലക്ഷ്യമിട്ടുള്ള ‘വിഷന്‍ 2031’ പദ്ധതി നടപ്പാക്കും. ഇതിന്റെ ആദ്യഘട്ടമായി ജൂണ്‍ ഒന്ന് മുതല്‍ 100 ദിവസത്തെ കര്‍മ്മപരിപാടി ആരംഭിക്കും. വേഗത്തില്‍ തീര്‍പ്പാക്കാന്‍ കഴിയുന്ന വിഷയങ്ങള്‍ ഈ 100 ദിവസം കൊണ്ട് പരിഹരിക്കുമെന്നും മുഖ്യമന്ത്രി പറഞ്ഞു. സെക്രട്ടറിയേറ്റിന്റെ പ്രധാനകവാടങ്ങളിലൊന്നായ നോര്‍ത്ത് ഗേറ്റ് നീണ്ട പത്ത് വര്‍ഷത്തിന് ശേഷം തുറന്നത് ഈ സര്‍ക്കാര്‍ നല്‍കുന്ന വലിയൊരു സന്ദേശമാണ്. ഭരണകൂടങ്ങള്‍ വിമര്‍ശനത്തിനതീതമല്ലെന്നും ഏകാധിപത്യമല്ല സര്‍ക്കാറിനെ നയിക്കുന്നതെന്നുമുള്ള സന്ദേശം. ‘സമരകവാടം’ എന്നറിയപ്പെട്ടിരുന്ന ഗേറ്റ് ഒന്നാം പിണറായി സര്‍ക്കാര്‍ അധികാരത്തിലേറിയതിനു പിന്നാലെയാണ് ജനകീയ പ്രക്ഷോഭങ്ങളെ ഭയന്ന് അടച്ചുപൂട്ടിയത്. സുരക്ഷാപ്രശ്‌നം ചൂണ്ടികാട്ടിയായിരുന്നു നടപടി.

10 വര്‍ഷത്തെ ഇടതു ഭരണം സംസ്ഥാനത്തിന്റെ സമ്പദ് വ്യവസ്ഥക്ക് ഏല്‍പ്പിച്ച പരിക്ക് തുറന്നു കാട്ടുന്നതിന് വേണ്ടി സംസ്ഥാനത്തിന്റെ സാമ്പത്തിക സ്ഥിതിയെക്കുറിച്ച് ധവളപത്രം ഇറക്കാനും സര്‍ക്കാര്‍ തീരുമാനിച്ചിരിക്കുകയാണ്. ഖജനാവില്‍ പൂച്ചപ്പെറ്റുകിടക്കുമ്പോഴും സംസ്ഥാനത്തിന്റെ സാമ്പത്തിക സ്ഥിതി ജനങ്ങള്‍ക്കുമുന്നില്‍ തുറന്നുപറയാതെ വിടുവായത്തങ്ങളില്‍ അഭിരമിക്കുന്ന രീതിയായിരുന്നു ഇടതു സര്‍ക്കാറിന്റേത്. എന്നാല്‍ ഈ സര്‍ക്കാറിന് ഒന്നും മറച്ചുവെക്കാനില്ലെന്ന യാഥാര്‍ത്ഥ്യനാണ് ധവളപത്രത്തിലൂടെ യു.ഡി.എഫ് അടിവരയിടുന്നത്. അധികാരത്തിന്റെ അഹങ്കാരത്തില്‍ ഭരണകൂടവും അവരുടെ ആജ്ഞാനുവര്‍ത്തികളായ ഉദ്യോഗസ്ഥ വൃന്ദവും ചെയ്തുവെച്ച നിയമവിരുദ്ധവും മനുഷ്യത്വവിരുദ്ധവുമായ പ്രവൃത്തികളോരൊന്നും എണ്ണിയെണ്ണി വിചാരണക്ക് വിധേയമാക്കാനും ഭരണകൂടം തീരുമാനിച്ചിരിക്കുകയാണ്. ഏതായാലും യഥാര്‍ത്ഥ വഴിയിലൂടെ, പ്രതീക്ഷാ നിര്‍ഭരമായ തുടക്കമാണ് വി.ഡി സതീശന്‍ സര്‍ക്കാര്‍ സംസ്ഥാനത്ത് ആരംഭിച്ചിരിക്കുന്നത്.

editorial

മഞ്ഞക്കുറ്റി ചവറ്റുകൊട്ടയില്‍

EDITORIAL

Published

on

നിരവധി പാവപ്പെട്ട മനുഷ്യരുടെ ഹൃദയ നോവായിരുന്ന കെ റെയില്‍ മഞ്ഞക്കുറ്റികള്‍ യു.ഡി.എഫ് സര്‍ക്കാര്‍ ചവറ്റുകൊട്ടയിലേക്ക് എടുത്തെറിഞ്ഞിരിക്കുകയാണ്. ഒന്നാം പിണറായി സര്‍ക്കാര്‍ കൊണ്ടുവന്ന, സംസ്ഥാനത്തിന്റെ സാമ്പത്തിക സ്ഥിതിക്കോ, പാരിസ്ഥിതിക സവിശേഷതകള്‍ക്കോ ഒട്ടും അനുയോജ്യമല്ലാത്ത സില്‍വര്‍ ലൈന്‍ പദ്ധതി റദ്ദാക്കാന്‍ മന്ത്രിസഭാ യോഗം തീരുമാനിച്ചിരിക്കുന്നു. പ്രസ്തുത പദ്ധതിക്കായി ഭൂമി ഏറ്റെടുക്കുന്നതുമായി ബന്ധപ്പെട്ട് പുറപ്പെടുവിച്ചിട്ടുള്ള എല്ലാ വിജ്ഞാപനങ്ങളും റദ്ദാക്കാനും സില്‍വര്‍ലൈനുമായി ബന്ധപ്പെട്ടുള്ള കേസുകള്‍ അതിന്റെ സ്വഭാവമനുസരിച്ച് പിന്‍വലിക്കാനുള്ള ശുപാര്‍ശ കോടതിക്ക് മുമ്പാകെ സമര്‍പ്പിക്കാനും തീരുമാനിച്ചതായും പദ്ധതിയുടെ സ്ഥലമേറ്റെടുത്തുകൊണ്ട് സ്ഥാപിച്ചമഞ്ഞക്കുറ്റികള്‍ നീക്കംചെയ്യുന്നതിന് റവന്യു വകുപ്പിന് നിര്‍ദേശം നല്‍കിയതായും മുഖ്യമന്ത്രി അറിയിച്ചു. സില്‍വര്‍ ലൈനിന് വേണ്ടി മഞ്ഞക്കുറ്റി കുഴിച്ചിട്ട സ്ഥലങ്ങളിലുള്ള ആളുകള്‍ക്ക് സ്ഥലം വില്‍ക്കാനോ പണയ പ്പെടുത്താനോ പറ്റാത്ത പ്രതിസന്ധി വര്‍ഷങ്ങളായി നിലനില്‍ക്കുകയായിരുന്നു. പദ്ധതിയുമായി ബന്ധപ്പെട്ട തുടര്‍ നടപടികള്‍ ഉണ്ടാകുമോ എന്ന ആശങ്കയായിരുന്നു ജനങ്ങള്‍ക്ക്. പദ്ധതി ഉപേക്ഷിച്ച മട്ടായിട്ടും വിജ്ഞാപനം റദ്ദാക്കിയിരുന്നില്ല. കേന്ദ്രത്തിന്റെ ഭാഗത്തുനിന്ന് അനുമതി ലഭിച്ചാല്‍ പദ്ധതിയുമായി മുമ്പോട്ട് പോകാം എന്ന തീരുമാനത്തിലായിരുന്നു കഴിഞ്ഞ പിണറായി മന്ത്രിസഭ. ഇതാണ് ഇപ്പോള്‍ വി.ഡി സതീശന്‍ മന്ത്രിസഭ റദ്ദാക്കിയിരിക്കുന്നത്.
സില്‍വര്‍ ലൈന്‍ പദ്ധതിക്കെതിരെ, പദ്ധതി പ്രദേശങ്ങളിലെ ജനങ്ങളുടെ മാത്രമല്ല, കേരളത്തിന്റെയാകെ എതിര്‍പ്പുയര്‍ന്നിട്ടും അതില്‍നിന്നൊരിഞ്ച് പിറകോട്ടുപോകാന്‍ ഇടതു സര്‍ക്കാര്‍ തയാറായിരുന്നില്ല. രണ്ടാം പിണറായി സര്‍ക്കാറിന്റെ കാലത്തു നടന്ന ഉപതിരഞ്ഞെടുപ്പുകളില്‍ പദ്ധതി വലിയ ചര്‍ച്ചാവിഷയമാവുകയും സര്‍ക്കാറിന് അത് തിരിച്ചടിയാവുകയും ചെയ്തിട്ടും കെ റെയില്‍ വരും കെട്ടോ എന്നതുതന്നെയായിരുന്നു സര്‍ക്കാറിന്റെ നിലപാട്.

സമരങ്ങളെ അനുഭാവ പൂര്‍വം കൈകാര്യംചെയ്യുകയോ സമരക്കാരെ വിശ്വാസത്തിലെടുക്കുകയോ ചെയ്യുന്നതിന് പകരം ധിക്കാരവും ധാര്‍ഷ്ട്യവും മുഖമുദ്രയാക്കി അടിച്ചമര്‍ത്തല്‍ സമീപനമായിരുന്നു സര്‍ക്കാര്‍ സ്വീകരിച്ചിരുന്നത്. പദ്ധതി നടപ്പിലാക്കിയേ അടങ്ങൂ എന്ന വാശിയുമായി ഒന്നാം പിണറായി സര്‍ക്കാരിന്റെ കാലത്തുതന്നെ ഡിപിആര്‍ തയ്യാറാക്കല്‍ ഉള്‍പ്പെടെ നടപടികളുമായി മുന്നോട്ടുപോയി. ഇതിന്റെ ഭാഗമായി പഠനങ്ങള്‍ നടന്നു. 63,000 കോടി ചെലവില്‍ പദ്ധതി പൂര്‍ത്തിയാക്കാമെന്നായിരുന്നു സര്‍ക്കാര്‍ വാദം. ചെലവിന്റെ 80% ജപ്പാന്‍ ഇന്റര്‍ നാഷണല്‍ കോര്‍പ്പറേഷന്‍ ഏജന്‍സിയില്‍(ജൈക)നിന്ന് വായ്പയായും ബാക്കി തുക കേന്ദ്രസംസ്ഥാന സര്‍ക്കാരുകളുടെ വിഹിതമായും പദ്ധതിയിലേക്കെത്തുമെന്നായിരുന്നു ധാരണ. ആദ്യ പിണറായി സര്‍ക്കാരിന്റെ കാലത്തു തന്നെ കേന്ദ്രസര്‍ക്കാരിന് ഡി.പി.ആര്‍ സമര്‍പ്പിക്കപ്പെട്ടു. രണ്ടാം പിണറായി സര്‍ക്കാരാണ് സില്‍വര്‍ ലൈനിനു വേണ്ടി അതിശക്തമായി രംഗത്തിറങ്ങിയത്.
ഡി.പി.ആറിലെ വിവരങ്ങള്‍ അപൂര്‍ണമാണെന്നും പദ്ധതി കേരളത്തിലെ സാഹചര്യത്തിന് യോജിച്ചതല്ലെന്നും പ്രതിപക്ഷം ഈ ഘട്ടത്തില്‍ തന്നെ നിലപാടെടുത്തിരുന്നു. കേരളത്തെ മതില്‍കെട്ടി വിഭജിക്കുമെന്നും 20,000ത്തിലധികം കുടുംബങ്ങള്‍ വഴിയാധാരമാവുമെന്നും ആരോപിക്കപ്പെട്ടു. പദ്ധതിയുമായി ബന്ധപ്പെട്ട് പാരിസ്ഥിതിക ആശങ്കകളും ഉയര്‍ന്നു. പദ്ധതി സംസ്ഥാനത്തിന്റെ കടബാധ്യത വര്‍ധിപ്പിക്കുമെന്ന് സാമ്പത്തിക വിദഗ്ധരും മുന്നറിയിപ്പു നല്‍കി. യാത്രാനിരക്ക് സാധാരണക്കാര്‍ക്ക് പ്രാപ്യമാവുന്നതാണോ എന്ന സംശയവും ഉയര്‍ന്നിരുന്നു. ഇതിനൊപ്പം തന്നെ സംസ്ഥാനത്ത് സമരപരമ്പരകളും അരങ്ങേറി. കോഴിക്കോട്ട് കാട്ടിലപ്പീടികയിലും കോട്ടയം ചങ്ങനാശ്ശേരി മാടപ്പള്ളിയിലെ സമരങ്ങളും കേരളമാകെ ചര്‍ച്ചയായി. ഇതിനിടയിലും പദ്ധതിയുമായി മുന്നോട്ടെന്ന് സര്‍ക്കാര്‍ പലതവണ ആവര്‍ത്തിച്ചു പറഞ്ഞു. അപാകതകളുള്ള, അപൂര്‍ണമായ ഡി.പി.ആറുമായി ഭൂമിയെടുപ്പിന് സര്‍വേക്കായി കല്ലുകള്‍ സ്ഥാപിച്ചത് മറ്റൊരു സമര പരമ്പരയ്ക്ക് തുടക്കം കുറിച്ചു. സ്വകാര്യസ്ഥലങ്ങളില്‍ കല്ലുകള്‍ സ്ഥാപിക്കാനുള്ള സര്‍ക്കാര്‍ നീക്കത്തിനെതിരേ ജനരോഷമുയര്‍ന്നു. അടുക്കളപ്പുറത്ത് മഞ്ഞക്കുറ്റി സ്ഥാപിക്കാനുള്ള സര്‍ക്കാര്‍ ശ്രമത്തിനെതിരേ സമരക്കാര്‍ പ്രതിരോധമുയര്‍ത്തി. എന്നാല്‍ ഇതൊന്നും പിണറായി സര്‍ക്കാര്‍ ചെവിക്കൊണ്ടില്ലെന്നു മാത്രമല്ല, സമരക്കാരെ സര്‍ക്കാര്‍ അടിച്ചമര്‍ത്തുകയായിരുന്നു.

എന്തുവിലകൊടുത്തും പദ്ധതി നടപ്പാക്കുമെന്ന സര്‍ക്കാറിന്റെ കടുംപിടുത്തത്തിന് പിന്നില്‍ സംസ്ഥാനത്തിന്റെ വികസനമോ ജനങ്ങളുടെ സഞ്ചാര സ്വാതന്ത്ര്യമോ എന്നതൊന്നുമല്ലെന്ന് അന്നുതന്നെ വ്യക്തമായിരുന്നു. പദ്ധതിയുടെ പ്രാധാന്യത്തെക്കുറിച്ചുള്ള സി.പി.എമ്മിന്റെ വിശദീകരണങ്ങള്‍ വെറും കോമാളിത്തരമായാണ് സംസ്ഥാനം ദര്‍ശിച്ചത്. സര്‍ക്കാറിന്റെ പിടിവാശിയും പത്തുവര്‍ഷക്കാലം അധികാരത്തിലിരുന്നിട്ടും ഒരു വന്‍കിട പദ്ധതിപോലും സംസ്ഥാനത്ത് നടപ്പാക്കാന്‍ കഴിയാത്തതിന്റെ ജാള്യത മറച്ചുപിടിക്കുകയെന്നതുമായിരുന്നു ഇതിനുപിന്നില്‍ സുവ്യക്തമായിരുന്നു. കേരളത്തിന് വേഗതയേറിയതും ആധുനികവുമായ ഗതാഗത സൗകര്യങ്ങള്‍ തീര്‍ച്ചയായും വേണം. എന്നാല്‍, ഇത്രയും കടുത്ത സാമ്പത്തിക പ്രതിസന്ധിയുള്ള ഒരു സംസ്ഥാനത്തിന് ഈ പ്രത്യേക കെറെയില്‍ മാതൃകയാണോ അനുയോജ്യം എന്നതായിരുന്നു യഥാര്‍ത്ഥ ചോദ്യം. ആ ചോദ്യത്തിന് കൃത്യമായ ഉത്തരം നല്‍കാന്‍ ഈ ബഹളങ്ങള്‍ക്കിടിയിലും സര്‍ക്കാറിന് സാധിച്ചിരുന്നില്ല. സംസ്ഥാനത്തിന്റെ സാമ്പത്തിക, സാമൂഹിക, പാരിസ്ഥിതിക സാഹചര്യങ്ങള്‍ക്കനുഗുണമായ ബദല്‍ സംവിധാനത്തെക്കുറിച്ചുള്ള ആലോചനകളും ഈ സര്‍ക്കാര്‍ മുന്നോട്ടുവെക്കുന്നുണ്ടെന്ന് ശ്രദ്ധേയമാണ്.

 

Advertisement
Continue Reading

editorial

മറുപടിയില്ലാതെ സി.പി.എം

ധാര്‍ഷ്ട്യവും ധിക്കാരവും അസഹിഷ്ണുതയുമെല്ലാം കൈമുതലാക്കിയ ഒരു ഭരണകൂടത്തിനുണ്ടായ അനിവാര്യമായ പതനമാണിതെന്നത് പാര്‍ട്ടി അണികള്‍പോലും തുറന്നുസമ്മതിച്ചുകൊണ്ടിരിക്കുകയാണ്.

Published

on

By

നിയമസഭാ തിരഞ്ഞെടുപ്പിലേറ്റ ചരിത്രപരമായ തോല്‍വിയെക്കുറിച്ച് വിശദീകരിക്കാന്‍പോലും കഴിയാതെ സി.പി.എം തകര്‍ന്നുപോയതിന്റെ നഖചിത്രമായിരുന്നു പാര്‍ട്ടി സെക്രട്ടറി ഇന്നലെ നടത്തിയ വാര്‍ത്താസമ്മേളനം. ധാര്‍ഷ്ട്യവും ധിക്കാരവും അസഹിഷ്ണുതയുമെല്ലാം കൈമുതലാക്കിയ ഒരു ഭരണകൂടത്തിനുണ്ടായ അനിവാര്യമായ പതനമാണിതെന്നത് പാര്‍ട്ടി അണികള്‍പോലും തുറന്നുസമ്മതിച്ചുകൊണ്ടിരിക്കുകയാണ്. നേതാക്കളെന്നോ അണികളെന്നോ വ്യത്യാസമില്ലാതെ സാമൂഹ്യ മാധ്യമങ്ങലിലൂടെ സി.പി.എമ്മുകാര്‍ നടത്തിക്കൊണ്ടിരിക്കുന്ന മുറവിളികള്‍, പാര്‍ട്ടിക്കുണ്ടായ വീഴ്ച്ചയെക്കുറിച്ചും തെറ്റുതിരുത്തലിനെക്കുറിച്ചുമാണ്. എന്നാല്‍ ഫലം പുറത്തുവന്ന് ദിവസങ്ങള്‍ കഴിഞ്ഞിട്ടും എന്തുകൊണ്ട് നമ്മള്‍ തോറ്റു എന്ന് ഇപ്പോഴും ബോധ്യമാവാത്ത പാര്‍ട്ടി ശരിക്കും ഉറങ്ങുകയാണോ അതോ ഉറക്കം നടിക്കുകയാണോ എന്ന സംശയത്തിലാണ് സാമാന്യ ജനങ്ങളുള്ളത്. ഇതിലും കനത്തൊരു പ്രഹരം നല്‍കാനില്ലാത്തവിധം ശക്തമായ മുന്നറിയിപ്പ് നല്‍കിയിട്ടും മാധ്യമങ്ങളുടെ മുന്നില്‍ വന്ന് പൊട്ടന്‍കളിക്കുന്ന പാര്‍ട്ടി സെക്രട്ടറി ബംഗാളിനെയും ത്രിപുരയെയും നിരന്തരം ഓര്‍മിപ്പിക്കുകയാണെന്നതാണ് വാസ്തവം.

യഥാര്‍ത്ഥത്തില്‍ എന്തുകൊണ്ട് തോറ്റു എന്ന ചോദ്യത്തിന് പാര്‍ട്ടിയുടെയും പാര്‍ട്ടി സെക്രട്ടറിയുടെയും ഫേസ്ബുക്ക് പേജുകളില്‍ തന്നെ അണികള്‍ വിളിച്ചുപറയുന്നുണ്ട്. സെക്രട്ടറിയേറ്റും സംസ്ഥാന കമ്മിറ്റിയുമെല്ലാം ചേര്‍ന്ന് പിണറായി വിജയന് സ്തുതിപാടുന്നതിന് പകരം ആ കമന്റുകളൊന്ന് മനസ്സിരുത്തി വായിക്കാന്‍ നേതൃത്വം തയാറായാല്‍ തന്നെ തോല്‍വിയുടെ കാരണങ്ങള്‍ ബോധ്യപ്പെടും. പാര്‍ട്ടിക്കേറ്റ ചരിത്രത്തിലെ ഏറ്റവും വലിയ തോല്‍വിയുടെ ധാര്‍മ്മിക ഉത്തരവാദിത്തം ഏറ്റെടുത്ത് എം.വി ഗോവിന്ദന്‍ സെക്രട്ടറി സ്ഥാനം രാജിവെക്കണമെന്നാണ് ഭൂരിഭാഗം പേരും കമന്റുകളിലൂടെ ആവശ്യപ്പെടുന്നത്. നേതൃത്വത്തിന്റെ പിടിപ്പുകേടും ധാര്‍ഷ്ട്യവുമാണ് ഇത്രയും വലിയൊരു ഭരണവിരുദ്ധ വികാരം സംസ്ഥാനത്ത് ഉണ്ടാകാന്‍ കാരണമെന്നാണ് അണികളുടെ പ്രധാന വിമര്‍ശനം. പയ്യന്നൂരില്‍ നിന്ന് വിജയിച്ച വി. കുഞ്ഞികൃഷ്ണന്‍, തന്റെ പുസ്തകത്തിലൂടെ മാസങ്ങള്‍ക്ക് മുമ്പ് മുന്നറിയിപ്പ് നല്‍കിയതുപോലെ അണികള്‍ നേതൃത്വത്തെ തിരുത്തിയിട്ടും അതു ബോധ്യമായിട്ടില്ലെന്നുമാത്രമല്ല, ജനങ്ങളുടെ മനസ്സിനെയും മനോഭാവത്തെയും കുറിച്ച് സങ്കടപ്പെടുകയാണ് പാര്‍ട്ടിയുടെ സൈദ്ധാന്തികാചാര്യന്‍മാര്‍ ചെയ്തുകൊണ്ടിരിക്കുന്നത്.

അമ്പലപ്പുഴയിലെ ജി. സുധാകരന്റെ വിജയത്തിനുപുറമെ രക്തസാക്ഷികളുടെ ചെഞ്ചോരകൊണ്ട് ചെഞ്ചായംപൂശിയ തളിപ്പറമ്പില്‍ ടി.കെ ഗോവിന്ദനും പയ്യന്നൂരില്‍ വി. കുഞ്ഞികൃഷ്ണനുമൊന്നും ജനവിധി തേടിയത് നിയമസഭ കാണാനുള്ള ആഗ്രഹംകൊണ്ടിയിരുന്നില്ല. അതു തങ്ങള്‍ പ്രതീക്ഷിച്ചിട്ടുമില്ലെന്ന് തിരഞ്ഞെടുപ്പിന് മുമ്പും ശേഷവും ഇരുവരും വ്യക്തമാക്കിയിട്ടുള്ളതുമാണ്. അധികാരത്തിന്റെ ആലസ്യത്തില്‍ വഴിമാറിപ്പോയ പാര്‍ട്ടിയെയും സര്‍ക്കാറിനെയും അണികളെക്കൊണ്ട് തിരുത്തിക്കുക എന്നതുമാത്രമായിരുന്നു ഇരുവരുടെയും ലക്ഷ്യം. അവര്‍ ആ ദൗത്യം ഭംഗിയായി നിര്‍വഹിച്ചപ്പോള്‍ പാര്‍ട്ടിക്ക് അനിവാര്യമായ പരാജയം സംഭവിക്കുകയായിരുന്നു. ഉന്നയിക്കപ്പെട്ട ആരോപണങ്ങള്‍ക്ക് സമൂഹത്തിന് മനസ്സിലാകുന്ന ഭാഷയില്‍ മറുപടി പറയുന്നതിന് പകരം മടിയില്‍ കനമുള്ളവന്‍ വഴിയില്‍ ഭയക്കുന്നതുപോലെ ആരോപണം ഉന്നയിച്ചവരെ വ്യക്തിഹത്യ ചെയ്യാനും തേജോവധം ചെയ്യുവാനുമായിരുന്നു നേതൃത്വം തയാറായത്. പാര്‍ട്ടിസെക്രട്ടറിക്ക് പകരം ഭാര്യയെ കൊണ്ടുവന്നത് ചോദ്യം ചെയ്തയാള്‍ക്ക് കുലംകുത്തിപട്ടം ചാര്‍ത്തിനല്‍കിയപ്പോള്‍ പാര്‍ട്ടിരക്തസാക്ഷിയുടെ പേരില്‍ പിരിച്ചെടുത്ത പണം അടിച്ചുമാറ്റിയത് ചൂണ്ടിക്കാണച്ചതിന് കള്ളനാക്കിമാറ്റുകയുമായിരുന്നു. എന്നാല്‍ ആരാണു കള്ളനെന്നും ആരാണ് കുലംകുത്തിയെന്നും തുറന്നുപറയുകയാണ് ഇരുമണ്ഡലങ്ങളിലും അണികള്‍ ചെയ്തിരിക്കുന്നത്. എന്നിട്ടും തെറ്റു സമ്മതിക്കാന്‍ തയാറല്ലെന്നാണ് പാര്‍ട്ടിസെക്രട്ടറിയുടെ ഈ ഒളിച്ചുകളിയും വിഴുങ്ങിക്കളിയും വ്യക്തമാക്കുന്നത്.

സ്വപ്‌നത്തില്‍ പോലും പ്രതീക്ഷിക്കാത്ത തിരിച്ചടിയുണ്ടാകുമ്പോള്‍ അതില്‍നിന്ന് മുക്തമാകുന്നതുവരെ മൗനം അവലംഭിക്കുക്കയെന്നത് സാധാരണമാണ്. എന്നാല്‍ മുഖ്യമന്ത്രിയെന്ന നിലയില്‍ തിരഞ്ഞെടുപ്പ് പ്രചരണത്തിന് ഒറ്റക്ക് നേതൃത്വം നല്‍കുകയും സര്‍ക്കാറിന്റെ മുഖമായി സ്വയം അവതരിക്കുകയും പാര്‍ട്ടിയെയും മുന്നണിയെയുംകൊണ്ട് അങ്ങിനെ അവതരിപ്പിക്കുകയും ചെയ്ത പിണറായി വിജയന്‍ മൗനത്തിന്റെ മാളത്തില്‍ നിന്ന് ഇനിയും പുറത്തുവരാന്‍ തയാറാകാത്തത് സ്വതസിദ്ധമായ ധാര്‍ഷ്ട്യത്തിനും ധിക്കാരത്തിനും തടയിടാന്‍ ഈ ജനവിധിപോലും അപര്യാപ്തമാണെന്നതിന്റെ സൂചനയാണ്. ഏതായാലും ഇക്കഴിഞ്ഞ ഒരു പതിറ്റാണ്ടുകാലം അധികാര പ്രമത്തതയുടെ ദന്തഗോപുരത്തില്‍ അധിവസിച്ചുകൊണ്ട് ചെയ്തുകൂട്ടിയ മനുഷ്യത്വരഹിതമായ സമീപനങ്ങള്‍ അദ്ദേഹത്തെ വേട്ടയാടുന്നുണ്ടാകുമെന്നതുറപ്പാണ്. ജനാധിപത്യത്തോട് എന്തെങ്കിലും കടപ്പാട് അവശേഷിക്കുന്നുണ്ടെങ്കില്‍ പ്രതിപക്ഷത്തോട് മാത്രമല്ല, സാധാരണക്കാരായ ജനങ്ങളോടും കാണിച്ച ആ മൃഗീയമായ സമീപനത്തിന്റെ പേരില്‍ മാപ്പുപറയാനെങ്കിലും അദ്ദേഹം വാ തുറക്കേണ്ടതുണ്ട്. എന്തുകൊണ്ട് തോറ്റു എന്ന് അണികള്‍ തന്നെ കൃത്യമായി വിശദീകരിച്ചുകൊണ്ടിരിക്കുമ്പോള്‍ അതായിരിക്കും അദ്ദേഹത്തിന് ഉചിതം.

Advertisement
Continue Reading

editorial

അതിജീവനത്തിന്റെ വികസനരേഖ

കേരളത്തിന്റെ രാഷ്ട്രീയ ചക്രവാളത്തില്‍ പ്രതീക്ഷയുടെയും പ്രായോഗികതയുടെയും പുതിയൊരു ഉദയസൂര്യനെ അടയാളപ്പെടുത്തുകയാണ് ഐക്യജനാധിപത്യ മുന്നണി(യു.ഡി.എഫ്) പുറത്തിറക്കിയ പ്രകടനപത്രിക.

Published

on

By

കേരളത്തിന്റെ രാഷ്ട്രീയ ചക്രവാളത്തില്‍ പ്രതീക്ഷയുടെയും പ്രായോഗികതയുടെയും പുതിയൊരു ഉദയസൂര്യനെ അടയാളപ്പെടുത്തുകയാണ് ഐക്യജനാധിപത്യ മുന്നണി(യു.ഡി.എഫ്) പുറത്തിറക്കിയ പ്രകടനപത്രിക. വെറും വാഗ്ദാനങ്ങളുടെ പെരുമഴയല്ല, മറിച്ച് ഓരോ സാധാരണക്കാരന്റെയും ഉത്കണ്ഠകളെയും സ്വപ്‌നങ്ങളെയും തൊട്ടറിയുന്ന ‘വികസന രൂപരേഖ’യാണ് യു.ഡി.എഫ് പ്രകടനപത്രികയെന്ന് പറയാതെ വയ്യ. വറ്റിവരണ്ട ജനജീവിതത്തിലേക്ക് സാന്ത്വനത്തിന്റെ കുളിര്‍മഴ പെയ്യിക്കാനും, മുരടിച്ചുപോയ വികസന പ്രവര്‍ത്തനങ്ങള്‍ക്ക് വേഗം പകരാനുമുള്ള കൃത്യമായ ദിശാബോധം ഈ പത്രികയുടെ ഓരോ വരിയിലുമുണ്ട്.

തിരഞ്ഞെടുപ്പ് ഗോദയില്‍ വാഗ്ദാനങ്ങളുടെ പെരുമഴക്കാലമാണ്. എന്നാല്‍, വെറും വാക്കുകള്‍ക്കപ്പുറം ഒരു ജനതയുടെ അതിജീവനത്തിനുള്ള മാര്‍ഗരേഖയായി മാറുമ്പോഴാണ് ഒരു പ്രകടനപത്രിക അര്‍ത്ഥപൂര്‍ണ്ണമാകുന്നത്. കൊച്ചിയില്‍ തെലങ്കാന മുഖ്യമന്ത്രി രേവന്ത് റെഡ്ഡി പ്രകാശനം ചെയ്ത പ്രകടനപത്രിക, വരാനിരിക്കുന്ന അഞ്ച് വര്‍ഷങ്ങളില്‍ കേരളം എങ്ങോട്ട് സഞ്ചരിക്കണം എന്നതിനെക്കുറിച്ചുള്ള കൃത്യമായ ദിശാസൂചികയാണ്. ‘കരുതലും വികസനവും’ എന്ന ഇരട്ടലക്ഷ്യങ്ങളെ മുന്‍നിര്‍ത്തി തയ്യാറാക്കിയ പത്രികയില്‍, ആധുനികതയുടെ തിളക്കവും സാധാരണക്കാരന്റെ വിയര്‍പ്പിന്റെ മണവുമുണ്ട്. അക്ഷരങ്ങളില്‍ കോറിയിട്ട വെറും വാക്കുകളല്ല ഇത്, മറിച്ച് സാധാരണക്കാരന്റെ ആകുലതകള്‍ക്കുള്ള മരുന്നാണ്. യു.ഡി.എഫിന്റെ പ്രകടനപത്രികയിലെ ഓരോ വരിയും സ്പര്‍ശിക്കുന്നത് സമൂഹത്തിന്റെ താഴെത്തട്ടിലുള്ളവരുടെ ജീവിതത്തെയാണ്.

കര്‍ണാടകയിലെ കോണ്‍ഗ്രസ് സര്‍ക്കാര്‍ നടപ്പിലാക്കി വിജയിപ്പിച്ച ‘ശക്തി’ പദ്ധതിയുടെ മാതൃകയില്‍, കേരളത്തിലെ കെ.എസ്.ആര്‍.ടി.സി ബസുകളില്‍ സ്ത്രീകള്‍ക്ക് സൗജന്യ യാത്ര വാഗ്ദാനം ചെയ്തത് വിപ്ലവകരമായ നീക്കമാണ്. കോളജ് വിദ്യാര്‍ത്ഥിനികള്‍ക്ക് പ്രതിമാസം 1000 രൂപ ധനസഹായം നല്‍കുമെന്ന പ്രഖ്യാപനം ഉന്നതവിദ്യാഭ്യാസ രംഗത്ത് പെണ്‍കുട്ടികളുടെ പങ്കാളിത്തം വര്‍ദ്ധിപ്പിക്കാന്‍ സഹായിക്കും. സ്ത്രീ ശാക്തീകരണം എന്നത് പ്രസംഗങ്ങളിലല്ല, മറിച്ച് അവരുടെ ജീവല്‍പ്രശ്‌നങ്ങളിലുള്ള ഇടപെടലാണെന്ന് യു.ഡി.എഫ് അടിവരയിടുന്നു.

തകര്‍ന്നുതരിപ്പണമായ റബ്ബര്‍ കര്‍ഷകന് 300 രൂപ തറവില ഉറപ്പാക്കുമെന്ന പ്രഖ്യാപനം മലയോര മേഖലയ്ക്ക് വലിയ പ്രതീക്ഷയാണ് നല്‍കുന്നത്. നെല്ലിനും മറ്റ് കാര്‍ഷിക ഉല്‍പ്പന്നങ്ങള്‍ക്കും കൃത്യമായ വില ഉറപ്പാക്കുന്നതിലൂടെ കാര്‍ഷിക മേഖലയിലെ പ്രതിസന്ധിക്ക് അറുതിവരുത്താന്‍ സാധിക്കും. കാര്‍ഷിക സംസ്‌കാരത്തെ വീണ്ടെടുക്കാതെ കേരളത്തിന് മുന്നോട്ടുപോകാനാവില്ലെന്ന തിരിച്ചറിവ് യു.ഡി.എഫ് പ്രകടനപത്രികയിലുടനീളം കാണാം. മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിയുടെ സ്മരണാര്‍ത്ഥം പ്രഖ്യാപിച്ച 25 ലക്ഷം രൂപയുടെ സൗജന്യ ആരോഗ്യ ഇന്‍ഷുറന്‍സ് പദ്ധതി, ചികിത്സാച്ചെലവ് താങ്ങാനാവാതെ ഉഴറുന്ന ലക്ഷക്കണക്കിന് കുടുംബങ്ങള്‍ക്ക് ആശ്വാസമാകും.

Advertisement

ബി.പി.എല്‍ കുടുംബങ്ങള്‍ക്ക് സൗജന്യ ഡയാലിസിസ് നല്‍കുമെന്ന വാഗ്ദാനം ആരോഗ്യരംഗത്തെ ഏറ്റവും വലിയ കാരുണ്യപ്രവൃത്തിയാണ്. ക്ഷേമ പെന്‍ഷനുകള്‍ 3,000 രൂപയായി വര്‍ദ്ധിപ്പിക്കുകയും അത് കുടിശ്ശികയില്ലാതെ ഗുണഭോക്താക്കളുടെ കയ്യിലെത്തിക്കുമെന്ന് ഉറപ്പുനല്‍കുകയും ചെയ്യുന്നത് മുതിര്‍ന്ന പൗരന്മാരോടുള്ള നീതിയാണ്. മുതിര്‍ന്നവര്‍ക്കായി പ്രത്യേക വകുപ്പ് രൂപീകരിക്കുമെന്ന പ്രഖ്യാപനം ഭരണരംഗത്തെ പുതിയൊരു മാതൃകയാണ്. കേരളം ഇന്ന് കടന്നുപോകുന്നത് സാമ്പത്തികമായ പ്രതിസന്ധികളിലൂടെയാണ്. ഈ ഘട്ടത്തില്‍ ഖജനാവിന്റെ സ്ഥിതി കൂടി കണക്കിലെടുത്തുകൊണ്ടുള്ള പ്രായോഗികമായ പദ്ധതികളാണ് യു.ഡി.എഫ് മുന്നോട്ടുവെക്കുന്നത്. കടമെടുപ്പ് വികസനമല്ല, മറിച്ച് ഉല്‍പ്പാദനക്ഷമമായ മേഖലകളില്‍ നിക്ഷേപം നടത്തിക്കൊണ്ടുള്ള സുസ്ഥിര വികസനമാണ് ലക്ഷ്യം. ജനാധിപത്യത്തിന്റെ ഉത്സവമായ തിരഞ്ഞെടുപ്പില്‍, ശരിയായ ദിശ തിരഞ്ഞെടുക്കാന്‍ ഈ പ്രകടനപത്രിക ജനങ്ങള്‍ക്ക് കരുത്താകും. വികസനവും സമാധാനവും കൈകോര്‍ക്കുന്ന ഒരു പുതുയുഗ കേരള നിര്‍മ്മിതിക്ക് യു.ഡി.എഫ് പ്രകടനപത്രിക അടിത്തറയാകട്ടെ.

Continue Reading

Trending