പശ്ചിമ ബംഗാളില്‍ സുവേന്ദു അധികാരിയുടെ നേതൃത്വത്തിലുള്ള പുതിയ ബി.ജെ.പി സര്‍ക്കാര്‍ അധികാരമേറ്റയുടന്‍ സ്‌കൂളുകളിലും മദ്രസകളിലും ‘വന്ദേമാതരം’ ആലപിക്കുന്നത് നിര്‍ബന്ധമാക്കിക്കൊണ്ട് വിവാദ ഉത്തരവിറക്കി. സര്‍ക്കാര്‍ സഹായത്തോടെ പ്രവര്‍ത്തിക്കുന്നതും അംഗീകാരമുള്ളതുമായ എല്ലാ മദ്രസകളിലും സ്‌കൂളുകളിലും രാവിലെയുള്ള അസംബ്ലികളില്‍ ഇനിമുതല്‍ നിര്‍ബന്ധമായും ‘വന്ദേമാതരം’ ആലപിക്കണമെന്നാണ് വിദ്യാഭ്യാസ വകുപ്പിന്റെ പുതിയ തീരുമാനം.
ബി.ജെ.പി സര്‍ക്കാരിന്റെ ഈ നീക്കം വിദ്യര്‍ഥികള്‍ക്ക് മേലുള്ള അടിച്ചേല്‍പ്പിക്കലാണെന്നും, സ്‌കൂള്‍ അധ്യയനത്തെയും കുട്ടികളുടെ മാനസികാവസ്ഥയെയും ഇത് പ്രതികൂലമായി ബാധിക്കുമെന്ന ആശങ്കയിലുമാണ് അധ്യാപകരും രക്ഷിതാക്കളും. ക്ലാസുകള്‍ ആരംഭിക്കുന്നതിന് മുന്‍പ് എല്ലാ ദിവസവും വന്ദേമാതരത്തിന്റെ ആറ് ഖണ്ഡികകളും പൂര്‍ണ്ണമായി ആലപിക്കുന്നുണ്ടെന്ന് ഉറപ്പുവരുത്തണമെന്നാണ് വിദ്യാഭ്യാസ വകുപ്പ് സ്‌കൂളുകള്‍ക്ക് നല്‍കിയിരിക്കുന്ന കര്‍ശന നിര്‍ദേശം. മുന്‍ സര്‍ക്കാര്‍ അസംബ്ലികളില്‍ നിര്‍ബന്ധമാക്കിയിരുന്ന ‘ബാംഗ്ലാര്‍ മാട്ടി ബാംഗ്ലാര്‍ ജല്‍’ (ബംഗാളിന്റെ മണ്ണും ബംഗാളിന്റെ ജലവും) എന്ന സംസ്ഥാന ഗാനത്തിന് പുറമെയാണ് പുതിയ ഭാരം കുട്ടികളുടെ മേല്‍ അടിച്ചേല്‍പ്പിക്കുന്നത്.
‘ദേശീയ ഗാനം, സംസ്ഥാന ഗാനം എന്നിവയ്ക്ക് പുറമെ വന്ദേമാതരത്തിന്റെ ആറ് ചരണങ്ങള്‍ കൂടി മുഴുവനായി പാടുക എന്നത് പ്രായോഗികമല്ല. ഇത്രയും നേരം വിദ്യാര്‍ഥികളെ വെയിലത്ത് നിര്‍ത്തിക്കുന്നത് എളുപ്പമുള്ള കാര്യമല്ല. ഇത് ക്ലാസുകള്‍ തുടങ്ങുന്നത് വൈകാന്‍ കാരണമാകും.’ ബംഗാളിലെ സ്‌കൂള്‍ മേധാവികള്‍ വിമര്‍ശിച്ചു. എന്നാല്‍ നിലവിലെ ഈ പ്രായോഗിക ബുദ്ധിമുട്ടുകളെയോ സംസ്ഥാന ഗാനത്തിന്റെ ഭാവിയെയോ കുറിച്ച് കൃത്യമായ മറുപടി നല്‍കാന്‍ വിദ്യാഭ്യാസ വകുപ്പിലെ ഉദ്യോഗസ്ഥര്‍ക്ക് സാധിക്കുന്നില്ല. പുതിയ നിര്‍ദേശത്തില്‍ വന്ദേമാതരത്തെക്കുറിച്ച് മാത്രമേ പറയുന്നുള്ളൂ എന്ന് പറഞ്ഞ് കൈമലര്‍ത്തുകയാണ് അധികൃതര്‍.
വിദ്യാഭ്യാസ സ്ഥാപനങ്ങളെ കടുത്ത രാഷ്ട്രീയ അജണ്ടകള്‍ക്കായി ഉപയോഗിക്കുന്ന കേന്ദ്ര ആഭ്യന്തര മന്ത്രാലയത്തിന്റെ വിവാദ ഉത്തരവുകളുടെ തുടര്‍ച്ചയാണ് ബംഗാളിലെ ഈ പുതിയ നീക്കം. എല്ലാ സര്‍ക്കാര്‍ പരിപാടികളിലും സ്‌കൂളുകളിലും ദേശീയ ഗാനത്തിന് മുമ്പ് വന്ദേമാതരം ആലപിക്കണമെന്നും, പാടുമ്പോള്‍ എല്ലാവരും എഴുന്നേറ്റുനില്‍ക്കണമെന്നും കേന്ദ്രം ഉത്തരവിട്ടിരുന്നു.
ദേശീയ പതാക ഉയര്‍ത്തല്‍, രാഷ്ട്രപതിയുടെയും ഗവര്‍ണര്‍മാരുടെയും പ്രസംഗങ്ങള്‍ തുടങ്ങി നിരവധി ഔദ്യോഗിക അവസരങ്ങളില്‍ വന്ദേമാതരത്തിന്റെ ആറ് ചരണങ്ങളുള്ള, 3 മിനിറ്റും 10 സെക്കന്‍ഡും ദൈര്‍ഘ്യമുള്ള പതിപ്പ് പാടണമെന്നാണ് വ്യവസ്ഥ. ഏതെങ്കിലും വിധത്തില്‍ ഇതിനോട് അനാദരവ് കാട്ടിയാല്‍ മൂന്ന് വര്‍ഷം വരെ തടവുശിക്ഷ ലഭിക്കുമെന്ന കര്‍ശന നിയമവും ഇതിനോടകം ജനങ്ങള്‍ക്കിടയില്‍ വലിയ ഭീതി പടര്‍ത്തിയിട്ടുണ്ട്.
കുട്ടികളുടെ വിദ്യാഭ്യാസ നിലവാരം മെച്ചപ്പെടുത്തുന്നതിന് പകരം, അധികാരത്തിലേറിയ ഉടന്‍ തന്നെ വിദ്യാലയങ്ങളെയും മദ്രസകളെയും രാഷ്ട്രീയ പരീക്ഷണശാലകളാക്കി മാറ്റുന്ന ബി.ജെ.പി സര്‍ക്കാരിന്റെ നടപടിക്കെതിരെ സംസ്ഥാനത്ത് പരക്കെ പ്രതിഷേധം ശക്തമാവുകയാണ്.