News
ഇന്ധനവില വർധന: ഓട്ടോ–ടാക്സി ഡ്രൈവർമാർ ഡൽഹിയിൽ 3 ദിവസത്തെ പണിമുടക്കിലേക്ക്
മേയ് 21 മുതൽ 23 വരെ വാഹനങ്ങൾ നിരത്തിലിറക്കരുതെന്ന് ഡ്രൈവർ യൂണിയനുകൾ അഭ്യർത്ഥിച്ചു.
ഇന്ധനവില വർധനവിനെതിരെ പ്രതിഷേധിച്ച് ഡൽഹിയിലെ ഓട്ടോ–ടാക്സി ഡ്രൈവർമാർ പണിമുടക്കിലേക്ക്. വ്യാഴാഴ്ച മുതൽ മൂന്നു ദിവസത്തേക്കാണ് പണിമുടക്ക് പ്രഖ്യാപിച്ചിരിക്കുന്നത്. മേയ് 21 മുതൽ 23 വരെ വാഹനങ്ങൾ നിരത്തിലിറക്കരുതെന്ന് ഡ്രൈവർ യൂണിയനുകൾ അഭ്യർത്ഥിച്ചു.
ഓട്ടോ–ടാക്സി നിരക്കുകൾ പുതുക്കണമെന്ന ആവശ്യമാണ് പ്രധാനമായും മുന്നോട്ടുവെക്കുന്നത്. അഖിലേന്ത്യാ മോട്ടോർ ട്രാൻസ്പോർട്ട് കോൺഗ്രസിന്റെ നേതൃത്വത്തിലാണ് പണിമുടക്ക് നടക്കുന്നത്. ആപ്പ് അധിഷ്ഠിത ക്യാബ് സേവനദാതാക്കളായ ഒല, ഊബർ, റാപ്പിഡോ തുടങ്ങിയ കമ്പനികൾ അന്യായമായി പ്രവർത്തിക്കുന്നുവെന്നും ഡ്രൈവർമാരെ സാമ്പത്തികമായി ചൂഷണം ചെയ്യുന്നുവെന്നും യൂണിയനുകൾ ആരോപിച്ചു.
ഡൽഹി–എൻസിആർ മേഖലയിലെ ടാക്സി നിരക്കുകൾ കഴിഞ്ഞ 15 വർഷമായി പുതുക്കിയിട്ടില്ലെന്ന് ഡ്രൈവർമാർ ചൂണ്ടിക്കാട്ടുന്നു. അതേസമയം ഇന്ധനവില, വാഹന പരിപാലന ചെലവ്, ഇൻഷുറൻസ്, ഫിറ്റ്നസ് സർട്ടിഫിക്കറ്റ്, പെർമിറ്റ് ചാർജുകൾ എന്നിവ തുടർച്ചയായി ഉയരുന്നത് അവരുടെ വരുമാനത്തെ ഗൗരവമായി ബാധിക്കുന്നതായും അവർ പറയുന്നു.
വിലക്കയറ്റം തുടരുന്നതിനിടയിലും പഴയ നിരക്കിലാണ് സർവീസ് നടത്തേണ്ടി വരുന്നതെന്ന് യൂണിയൻ പറയുന്നു. ഇത് ഡ്രൈവർമാരുടെ ജീവിതോപാധിയെ സാരമായി ബാധിച്ചിരിക്കുകയാണെന്നും അവർ വ്യക്തമാക്കുന്നു.
സി.എൻ.ജി, പെട്രോൾ, ഡീസൽ വിലകളിലെ തുടർച്ചയായ വർധനവിനെ തുടർന്ന് കുടുംബം പുലർത്താൻ പോലും ബുദ്ധിമുട്ടാണെന്ന് ഡ്രൈവർമാർ പറയുന്നു. ഈ സാഹചര്യത്തിലാണ് ‘ചാലക് ശക്തി യൂണിയൻ’ ഉൾപ്പെടെയുള്ള സംഘടനകൾ ചേർന്ന് പണിമുടക്ക് പ്രഖ്യാപിച്ചിരിക്കുന്നത്.
News
പത്ത് വർഷത്തിന് ശേഷം സെക്രട്ടേറിയറ്റിലെ സമരഗേറ്റ് തുറന്നു
പൊതുജനങ്ങൾക്കും വിവിധ സംഘടനകൾക്കും സെക്രട്ടേറിയറ്റിന് മുന്നിൽ സമരം നടത്തുന്നതിനുള്ള സൗകര്യം മെച്ചപ്പെടുത്തുന്നതിന്റെ ഭാഗമായാണ് നടപടി.
തിരുവനന്തപുരം: പത്ത് വർഷമായി അടച്ചിട്ടിരുന്ന സെക്രട്ടേറിയറ്റിലെ സമരഗേറ്റ് വീണ്ടും തുറന്നു. കേരള സർക്കാർ സെക്രട്ടേറിയറ്റ് സമുച്ചയത്തിലെ പ്രതിഷേധങ്ങൾക്കും സമരങ്ങൾക്കും ഉപയോഗിച്ചിരുന്ന ഗേറ്റാണ് വീണ്ടും പ്രവർത്തനസജ്ജമാക്കിയത്.
പൊതുജനങ്ങൾക്കും വിവിധ സംഘടനകൾക്കും സെക്രട്ടേറിയറ്റിന് മുന്നിൽ സമരം നടത്തുന്നതിനുള്ള സൗകര്യം മെച്ചപ്പെടുത്തുന്നതിന്റെ ഭാഗമായാണ് നടപടി. മുൻ ഭരണകാലത്ത് സുരക്ഷാ കാരണങ്ങൾ ചൂണ്ടിക്കാട്ടിയാണ് ഗേറ്റ് അടച്ചിരുന്നത്. ഇപ്പോൾ പുതിയ ഭരണനേതൃത്വത്തിന്റെ തീരുമാനപ്രകാരമാണ് ഗേറ്റ് വീണ്ടും തുറന്നത്.
സമരഗേറ്റ് തുറന്നതോടെ സെക്രട്ടേറിയറ്റിന് മുന്നിലെ പ്രതിഷേധ പരിപാടികൾക്ക് കൂടുതൽ സൗകര്യം ലഭിക്കുമെന്ന് സംഘടനകൾ പ്രതികരിച്ചു. ജനാധിപത്യ പ്രതിഷേധങ്ങൾക്ക് നിയന്ത്രണം ഏർപ്പെടുത്തിയ നിലപാടിൽ നിന്ന് സർക്കാർ പിന്മാറിയതിന്റെ സൂചനയായാണ് ഈ തീരുമാനത്തെ വിലയിരുത്തുന്നത്.
News
ഇതാ, പഞ്ചമന്ത്രിമാരുടെ ചരിത്ര ചുവടുകൾ
ഇന്ത്യൻ യൂണിയൻ മുസ്ലിം ലീഗിന്റെ അഞ്ചു മന്ത്രിമാർ ദൈവ നാമത്തിൽ സത്യപ്രതിജ്ഞ ചെയ്തു.
ലുക്മാൻ മമ്പാട്
മെയ് 18ന്റെ സൂര്യൻ ഉദിക്കും മുമ്പ് തന്നെ അനന്തപുരിയാകെ വി.ഡി.എസ് സർക്കാറിന്റെ സത്യ പ്രതിജ്ഞക്കായെത്തിയവരെ കൊണ്ട് നിറഞ്ഞിരുന്നു. രാവിലെ എട്ടോടെ തന്നെ പാണക്കാട് ഹാളിലേക്ക് നേതാക്കളെത്തി തുടങ്ങി. എട്ടരയായപ്പോൾ നിയുക്ത മന്ത്രിമാർ ഉൾപ്പെടെയുള്ള എം.എൽ.എമാർ ഹാജർ. ബൈറ്റ് എടുക്കാൻ മീഡിയകളുടെ ബഹളം. ദേശീയ ഓർഗനൈസിങ് സെക്രട്ടറി ഇ.ടി മുഹമ്മദ് ബഷീർ, ദേശീയ വൈസ് പ്രസിഡന്റ് കെ.പി.എ മജീദ്, സെക്രട്ടറി അഡ്വ. ഹാരിസ് ബീരാൻ എം.പി, എന്നിവർ ജനറൽ സെക്രട്ടറി പി.എം.എ സലാം ഉൾടെയുള്ള സംസ്ഥാന ഭാരവാഹികളോടും നൂറുകണക്കിന് പ്രവർത്തകരോടുമൊപ്പം സന്തോഷം പങ്കിടുമ്പോൾ ഒമ്പത്തോടെ നിയുക്ത മന്ത്രി പി.കെ കുഞ്ഞാലിക്കുട്ടിക്കും പി.വി അബ്ദുൽ വഹാബ് എം.പിക്കും ഒപ്പം പാണക്കാട് സയ്യിദ് സാദിക്കലി ശിഹാബ് തങ്ങൾ പാണക്കാട് ഹാളിലെ ആവേശതിരയിലൂടെ വേദിയിലേക്ക്. തങ്ങളും ഉന്നതധികാര സമിതി അംഗങ്ങളും നിയുക്ത മന്ത്രിമാരുമായി ഏതാനും മിനുട്ടിന്റെ കൂടിയാലോചന. സത്യ പ്രതിജ്ഞയുടെ അവസാന വട്ട വിലയിരുത്തൽ. പി.കെ കുഞ്ഞാലികുട്ടി ഉൾപ്പെടെയുള്ള ഉന്നതധികാര സമിതി അംഗങ്ങളും പാണക്കാട്ടെ സയ്യിദുമാരായ അബ്ബാസലി ശിഹാബ് തങ്ങൾ, റഷീദലി ശിഹാബ് തങ്ങൾ, മുനവ്വറലി ശിഹാബ് തങ്ങൾ, ബഷീറലി ശിഹാബ് തങ്ങൾ തുടങ്ങിയവർ വേദിയിലെ മുൻ നിരയിൽ. പിന്നിൽ നിയുക്ത മന്ത്രിമാരും സംസ്ഥാന ഭാരവാഹികൾ ഉൾപ്പെടെയുള്ള പ്രധാന നേതാക്കളും.
സംസ്ഥാന ജനറൽ സെക്രട്ടറി പി.എം.എ സലാമിന്റെ ആറ്റിക്കുറിക്കിയ ആമുഖ ഭാഷണം. ശേഷം, ദേശീയ ജനറൽ സെക്രട്ടറി കൂടിയായ നിയുക്ത മന്ത്രി പി.കെ കുഞ്ഞാലി കുട്ടിയുടെ അഞ്ചു മന്ത്രിമാർക്കും വേണ്ടിയുള്ള സമ്മതം ചോദിക്കൽ. നായകൻ സയ്യിദ് സാദിക്കലി ശിഹാബ് തങ്ങളെ ക്ഷണിക്കുമ്പോൾ പിൻ ഡ്രോപ്പ് സൈലന്റ്. പത്താണ്ടിന് ശേഷം ഭരണം ലഭിച്ച സന്തോഷത്തെക്കാൾ അതിന്റെ ഉത്തരവാദിത്വം ഓർമ്മപെടുത്തുന്ന വാക്കുകൾ. പ്രാർത്ഥന നിർഭരമായി മുന്നേറാൻ നിയുക്ത മന്ത്രിമാരോടുള്ള ആഹ്വാനം. തുടർന്ന് സാദിക്കലി തങ്ങളുടെ ഭക്തി നിർഭരമായ പ്രാർത്ഥന. ഈ ലോകത്തും ഇഹലോകത്തും വിജയവും രക്ഷയും ഉണ്ടാവട്ടെ. നാട്ടിൽ ജാതി മതങ്ങൾക്കിടയിൽ മൈത്രിയും സ്നേഹവും ശക്തിപ്പെടട്ടെ. എല്ലാവർക്കും ഐശ്വര്യവും സമൃദ്ധിയും വർധിക്കട്ടെ… ഒമ്പതരയോടെ പോലീസ് എസ്കോട്ടിനു പിന്നിൽ കാറുകൾ അണിനിരന്നു. പതിവിന് വിപരീതമായി, പി.കെ കുഞ്ഞാലികുട്ടി പിൻ സീറ്റിലേക്ക് മാറി സയ്യിദ് സാദിക്കലി തങ്ങളെ മുന്നിലിരുത്തി കാർ സെൻട്രൽ സ്റ്റേഡിയത്തിലേക്ക്. പിന്നിൽ മുതിർന്നവരും ഇളയവരുമായ പാണക്കാട്ടെ സയ്യിദുമാരുടെയും ദേശീയ സംസ്ഥാന നേതാക്കളുടെയും കാറുകൾ. അനന്തപുരിയിലൂടെ ന്യൂനപക്ഷ രാഷ്ട്രീയത്തിന്റെ തലയെടുപ്പുള്ള മനോഹര കാഴ്ച സത്യപ്രതിജ്ഞാ വേദിയുടെ പുരുഷാ രാരവവും കടന്നു മുന്നോട്ട്… ഇന്ത്യൻ യൂണിയൻ മുസ്ലിം ലീഗിന്റെ അഞ്ചു മന്ത്രിമാർ ദൈവ നാമത്തിൽ സത്യപ്രതിജ്ഞ ചെയ്തു; കാലം സാക്ഷി…
Health
വെറുമൊരു ‘ഉദരരോഗമല്ല’; ചെറുപ്പക്കാരിൽ വർദ്ധിച്ചുവരുന്ന ഇൻഫ്ലമേറ്ററി ബവൽ ഡിസീസ്
ഡോ. അരുൺ .പി.ടി
സീനിയർ സ്പെഷ്യലിസ്റ്റ് ഗ്യാസ്ട്രോ എൻ്ററോളജി
ആസ്റ്റർ മിംസ് മദർ ഹോസ്പിറ്റൽ അരീക്കോട്
സാധാരണയായി കണ്ടുവരുന്ന ദഹനക്കേടോ, ഭക്ഷ്യവിഷബാധയോ ആയി തെറ്റിദ്ധരിക്കപ്പെട്ട് ഒടുവിൽ ഗുരുതരമായ അവസ്ഥയിലെത്തുന്ന ഒരു രോഗാവസ്ഥ ഇന്ന് ചെറുപ്പക്കാരിൽ വൻതോതിൽ വർദ്ധിച്ചുവരികയാണ്. അതാണ് ഇൻഫ്ലമേറ്ററി ബവൽ ഡിസീസ് (Inflammatory Bowel Disease). ദഹനവ്യവസ്ഥയെ ബാധിക്കുന്നതും വിട്ടുമാറാത്തതുമായ വീക്കമാണ് (Chronic Inflammation) ഈ രോഗത്തിന്റെ പ്രത്യേകത.
പ്രധാനമായും രണ്ട് തരത്തിലാണ് IBD കാണപ്പെടുന്നത്:
>>അൾസറേറ്റീവ് കൊളൈറ്റിസ് (Ulcerative Colitis): ഇത് വൻകുടലിന്റെ ആന്തരിക ചർമ്മത്തെ മാത്രം ബാധിക്കുന്ന വ്രണങ്ങളാണ്.
>>ക്രോൺസ് ഡിസീസ് (Crohn’s Disease): ഇത് ദഹനവ്യൂഹത്തിന്റെ ഏത് ഭാഗത്തെയും ബാധിക്കാം.
ഒരുകാലത്ത് പാശ്ചാത്യ രാജ്യങ്ങളിൽ മാത്രം കൂടുതലായി കണ്ടുവന്നിരുന്ന ഈ രോഗം, ഇന്ന് ഇന്ത്യയിൽ ഇരുപത് മുതൽ നാൽപ്പത് വരെ പ്രായം വരുന്ന ചെറുപ്പക്കാരെയാണ് കൂടുതലായി ബാധിക്കുന്നത്.
പ്രാരംഭ ലക്ഷണങ്ങളും അപകടസൂചനകളും
IBD-യുടെ ലക്ഷണങ്ങൾ പലപ്പോഴും പ്രാരംഭഘട്ടത്തിൽ ഇറിറ്റബിൾ ബവൽ സിൻഡ്രോം (IBS) പോലെയുള്ള സാധാരണ ഉദരരോഗങ്ങളായി തെറ്റിദ്ധരിക്കപ്പെടാറുണ്ട്. താഴെ പറയുന്ന ലക്ഷണങ്ങൾ വിട്ടുമാറാതെ നിൽക്കുകയാണെങ്കിൽ വിദഗ്ധ പരിശോധന അനിവാര്യമാണ്:
>>വിട്ടുമാറാത്ത വയറിളക്കം: ആഴ്ചകളോളം നീണ്ടുനിൽക്കുന്നതും, പലപ്പോഴും മലത്തോടൊപ്പം രക്തവും പഴുപ്പും കലർന്നു പോകുന്നതുമായ അവസ്ഥ.
>>വയറുവേദനയും അസ്വസ്ഥതയും: അടിവയറ്റിൽ കഠിനമായ വേദന, മലവിസർജ്ജനത്തിന് ശേഷവും വയറ്റിൽ അനുഭവപ്പെടുന്ന ഭാരം.
>>കാരണമില്ലാത്ത ശരീരഭാരം കുറയുക: കൃത്യമായ ഭക്ഷണരീതി പിന്തുടർന്നിട്ടും പെട്ടെന്ന് ശരീരഭാരം കുറയുകയും ശരീരപുഷ്ടി നഷ്ടപ്പെടുകയും ചെയ്യുക.
>>അമിതമായ ക്ഷീണവും വിളർച്ചയും: പോഷകങ്ങൾ കൃത്യമായി ആഗിരണം ചെയ്യപ്പെടാത്തതു മൂലമുണ്ടാകുന്ന വിളർച്ചയും (Anemia) വിട്ടുമാറാത്ത തളർച്ചയും.
>>വിട്ടുമാറാത്ത നേരിയ പനി: ശരീരത്തിനുള്ളിലെ വീക്കം കാരണം ഇടയ്ക്കിടെ ഉണ്ടാകുന്ന താപനില വ്യതിയാനം.
>>മലദ്വാരത്തിലെ അസ്വസ്ഥതകൾ: മലദ്വാരത്തിന് ചുറ്റുമുണ്ടാകുന്ന വേദന, മുറിവുകൾ (Fissures) അല്ലെങ്കിൽ പഴുപ്പ് വരുന്നത് (Fistulas).
രോഗകാരണങ്ങളും സാധ്യതകളും
ചെറുപ്പക്കാരിലെ IBD-യുടെ കൃത്യമായ കാരണം ഇപ്പോഴും അജ്ഞാതമാണെങ്കിലും, ജനിതക-പരിസ്ഥിതി ഘടകങ്ങളുടെ സങ്കീർണ്ണമായ ഇടപെടലുകളാണ് ഇതിലേക്ക് നയിക്കുന്നത്:
>>പ്രതിരോധസംവിധാനത്തിലെ വ്യതിയാനങ്ങൾ (Autoimmune Response): ശരീരത്തിലെ പ്രതിരോധ സംവിധാനം ദഹനവ്യവസ്ഥയിലെ കോശങ്ങളെ ബാക്ടീരിയകളോ വൈറസുകളോ ആയി തെറ്റിദ്ധരിച്ച് ആക്രമിക്കുന്ന അവസ്ഥ.
>>മാറിയ ഭക്ഷണരീതികൾ: അമിതമായി സംസ്കരിച്ച ഭക്ഷണങ്ങൾ (Ultra-processed foods), പാക്കറ്റ് ഭക്ഷണങ്ങൾ, നാരുകൾ (Fiber) കുറഞ്ഞതും കൊഴുപ്പ് കൂടിയതുമായ പാശ്ചാത്യ ഭക്ഷണരീതികൾ കുടലിലെ ബാക്ടീരിയകളുടെ (Gut Microbiome) സന്തുലിതാവസ്ഥ തെറ്റിക്കുന്നു.
>>മാനസിക സമ്മർദ്ദം (Chronic Stress): കരിയറും പഠനവുമായി ബന്ധപ്പെട്ട് ചെറുപ്പക്കാരിലുണ്ടാകുന്ന കടുത്ത മാനസിക സമ്മർദ്ദം ദഹനവ്യവസ്ഥയുടെ ആരോഗ്യത്തെ ദോഷകരമായി ബാധിക്കുന്നു.
>>വേദനസംഹാരികളുടെ ദുരുപയോഗം: വിട്ടുമാറാത്ത തലവേദനയ്ക്കും മറ്റു തരത്തിലുള്ള വേദനകൾക്കും ഡോക്ടറുടെ നിർദ്ദേശമില്ലാതെ സ്ഥിരമായി എൻ.എസ്.എ.ഐ.ഡി (NSAIDs) വിഭാഗത്തിൽപ്പെട്ട വേദനസംഹാരികൾ കഴിക്കുന്നത് കുടലിലെ വ്രണങ്ങൾ വർദ്ധിപ്പിക്കും.
മുൻകൂട്ടിയുള്ള രോഗനിർണ്ണയത്തിന്റെ പ്രാധാന്യം
ഐ.ബി.ഡി. കൃത്യസമയത്ത് കണ്ടെത്തി ചികിത്സിച്ചില്ലെങ്കിൽ അത് കുടലിൽ കടുത്ത തടസ്സങ്ങൾ (Strictures) ഉണ്ടാകുന്നതിനും, സുഷിരങ്ങൾ വീഴുന്നതിനും (Perforation) കാരണമാകാം. ദീർഘകാലം ചികിത്സിക്കാതെ കിടക്കുന്ന അൾസറേറ്റീവ് കൊളൈറ്റിസ് പിൽക്കാലത്ത് വൻകുടലിലെ അർബുദത്തിന് (Colon Cancer) വരെ കാരണമാകാൻ സാധ്യതയുണ്ട്.
രോഗനിർണ്ണയ പരിശോധനകൾ: വിട്ടുമാറാത്ത ഉദരരോഗ ലക്ഷണങ്ങൾ കണ്ടാൽ എൻഡോസ്കോപ്പി (Endoscopy), കൊളോണോസ്കോപ്പി (Colonoscopy), ബയോപ്സി, മലപരിശോധന (Fecal Calprotectin), രക്തത്തിലെ വീക്കത്തിന്റെ അളവ് അറിയാനുള്ള സി.ആർ.പി (CRP), ഇ.എസ്.ആർ (ESR) പരിശോധനകൾ എന്നിവയിലൂടെ രോഗം കൃത്യമായി സ്ഥിരീകരിക്കാൻ സാധിക്കും.
ശ്രദ്ധിക്കേണ്ട നിർദ്ദേശങ്ങൾ:
ഇൻഫ്ലമേറ്ററി ബവൽ ഡിസീസ് പൂർണ്ണമായി ഭേദമാക്കാൻ കഴിഞ്ഞില്ലെങ്കിലും കൃത്യമായ മരുന്നുകളിലൂടെയും ജീവിതശൈലി ക്രമീകരണങ്ങളിലൂടെയും രോഗാവസ്ഥയെ പൂർണ്ണ നിയന്ത്രണത്തിൽ കൊണ്ടുവരാൻ സാധിക്കും.
>>ഭക്ഷണക്രമത്തിൽ മാറ്റം വരുത്തുക: ഒരേസമയം കൂടുതൽ ഭക്ഷണം കഴിക്കുന്നതിന് പകരം ചെറിയ അളവിൽ പലതവണകളായി കഴിക്കുക. എരിവ്, പുളി, വറുത്തതും പൊരിച്ചതുമായ ഭക്ഷണങ്ങൾ, കാപ്പി, അമിതമായി മധുരമുള്ള പാനീയങ്ങൾ എന്നിവ ഒഴിവാക്കുക. അതോടൊപ്പം ധാരാളം വെള്ളം കുടിക്കുക.
>>ഡയറി ജേണൽ സൂക്ഷിക്കുക: ഏതെല്ലാം ഭക്ഷണങ്ങൾ കഴിക്കുമ്പോഴാണ് വയറിന് അസ്വസ്ഥത കൂടുന്നത് എന്ന് സ്വയം നിരീക്ഷിച്ച് അവ ഭക്ഷണക്രമത്തിൽ നിന്ന് ഒഴിവാക്കുക (Trigger foods).
>>സമ്മർദ്ദം കുറയ്ക്കുക: കുടലും തലച്ചോറും തമ്മിൽ നേരിട്ട് ബന്ധമുള്ളതിനാൽ (Gut-Brain Axis) യോഗ, ധ്യാനം, കൃത്യമായ ഉറക്കം എന്നിവയിലൂടെ മാനസിക സമ്മർദ്ദം കുറയ്ക്കുന്നത്തിനും രോഗം വഷളാകാതിരിക്കാനും സഹായിക്കും.
>>സ്വയംചികിത്സ അരുത്: വയറുവേദനയ്ക്കും വയറിളക്കത്തിനും സ്വയം മെഡിക്കൽ സ്റ്റോറുകളിൽ നിന്ന് ഗുളികകൾ വാങ്ങി കഴിക്കുന്നത് രോഗം കൂടുതൽ സങ്കീർണ്ണമാക്കും. അതിനാൽ ഗ്യാസ്ട്രോഎൻട്രോളജിസ്റ്റിന്റെ മേൽനോട്ടത്തിൽ കൃത്യമായ ചികിത്സ തേടുക.
-
GULF3 days agoയൂസുഫലിയുടെ ഇടപെടല്‍: ഇടവളേയ്ക്കുശേഷം അബുദാബി ഇസ്ലാമിക് സെന്റര്‍ വീണ്ടും സജീവമാകുന്നു
-
india3 days agoജനസംഖ്യ കൂട്ടാന്‍ പദ്ധതിയുമായി ആന്ധ്രപ്രദേശ്; കുട്ടികള്‍ മൂന്നായാല്‍ 30,000, നാലാമന് 40,000, പ്രഖ്യാപനവുമായി ചന്ദ്രബാബു നായിഡു
-
kerala2 days agoസത്യപ്രതിജ്ഞാ ചടങ്ങ്: സെന്‍ട്രല്‍ സ്റ്റേഡിയത്തില്‍ ഒരുക്കങ്ങള്‍ അവസാനഘട്ടത്തില്‍
-
kerala1 day agoമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്ത് പി.കെ കുഞ്ഞാലിക്കുട്ടി
-
main stories1 day agoനവ കേരളത്തിന്റെ പുതുനേതൃത്വം
-
kerala1 day agoസത്യപ്രതിജ്ഞ ചടങ്ങ് പൂര്‍ത്തിയായി; മുഖ്യമന്ത്രി ഉള്‍പ്പടെ 21 അംഗ മന്ത്രിസഭ അധികാരമേറ്റു
-
kerala1 day agoകേരളത്തിൻ്റെ 13ാമത് മുഖ്യമന്ത്രിയായി വി ഡി സതീശൻ സത്യപ്രതിജ്ഞ ചെയ്തു
-
kerala1 day agoമുഖ്യമന്ത്രിയും മന്ത്രിമാരും സെക്രട്ടേറിയറ്റിലെ ഓഫീസുകളിലെത്തി ചുമതലയേറ്റു

