Connect with us

Views

തൊഴിലാളിപാര്‍ട്ടിയുടെ ബി.എം.ഡബ്ലിയു യാത്ര

Published

on

‘അങ്ങനെ നോക്കിയാല്‍ ഇന്നത്തെ കാലത്ത് വാഹനങ്ങളെല്ലാം ആഢംബരങ്ങളല്ലേ. ആര്‍ക്കെങ്കിലും വാഹനത്തിലല്ലാതെ സഞ്ചരിക്കാന്‍ കഴിയുമോ. പഴയകാലത്തെ കാറില്‍ യാത്ര ചെയ്യണമെന്നാണോ നിങ്ങള്‍ പറയുന്നത് ?.’ സി.പി.എം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്റേതാണ് കോഴിക്കോട്ട് മാധ്യമപ്രവര്‍ത്തകരോടുള്ള ഈ ചോദ്യം. കേട്ടാല്‍ തികച്ചും ന്യായമെന്നുതോന്നാവുന്ന ഈ പ്രസ്താവനക്ക് കാരണമായത്, ബി.ജെ.പിക്കും യു.ഡി.എഫിനുമെതിരായ ഇടതുമുന്നണിയുടെ ജനജാഗ്രതായാത്രയുടെ ഭാഗമായി കോടിയേരി സഞ്ചരിച്ച ബി.എം.ഡബ്ലിയു കാറിനെ ചുറ്റിപ്പറ്റിയാണ്. കഴിഞ്ഞ 21ന് കാസര്‍കോട് നിന്ന് ആരംഭിച്ച മുന്നണി ജാഥയുടെ ഒരുക്കങ്ങള്‍ ദിവസങ്ങള്‍ക്കു മുമ്പേ തയ്യാറാക്കിയിരിക്കെ, എന്തുകൊണ്ടാണ് പെട്ടെന്നൊരു ഉള്‍വിളിയില്‍ അത്യാഢംബരകാറില്‍ കോടിയേരിക്ക് ജാഥ നടത്തേണ്ടിവന്നത് എന്ന ചോദ്യം പ്രസക്തമാകുന്നു. കോഴിക്കോട് ജില്ലയിലെ കൊടുവള്ളിയില്‍ സ്വീകരണവേദിയിലേക്ക് പോകാനാണ് കോടിയേരി ആഢംബരകാര്‍ ഉപയോഗിച്ചതായി ചിത്രസഹിതം മാധ്യമങ്ങള്‍ ചൂണ്ടിക്കാട്ടിയത്. എന്നാല്‍ വെറും ആഢംബരകാര്‍ എന്നതിലുപരി പ്രസ്തുത കാറിന്റെ ഉടമയാരെന്നതാണ് സി.പി.എമ്മിനെയും കോടിയേരിയെയും ന്യായീകരിക്കാനാവാത്ത വിധം വെട്ടിലാക്കിയിരിക്കുന്നത്.

സി.പി.എമ്മിന്റെ ഭരണഘടനയുടെ പാര്‍ട്ടിഅംഗങ്ങളുടെ ചുമതലകള്‍ എന്ന ഒന്‍പതാം വകുപ്പിലെ നാലാം ഖണ്ഡികയില്‍ ഇങ്ങനെ പറയുന്നു: പാര്‍ട്ടി അംഗം ലോകതൊഴിലാളി വര്‍ഗസിദ്ധാന്തം മുറുകെ പിടിക്കുകയും കമ്യൂണിസത്തില്‍ അടിയുറച്ച് വിശ്വസിച്ച് അതിനനുസൃതമായ രീതിയില്‍ പെരുമാറുകയും ചെയ്യണം. ഈ അവസരത്തില്‍ സി.പി.എമ്മിന്റെ ഒരു സംസ്ഥാന സെക്രട്ടറിക്ക് തന്നെ ഇത്തരമൊരു തെറ്റ് അബദ്ധത്തില്‍ പിണഞ്ഞതാകാമെന്ന് പറയേണ്ടിവരുന്നത് തികഞ്ഞ നാണക്കേടാണ്. പാര്‍ട്ടി ഇക്കാര്യത്തെക്കുറിച്ച് പരിശോധിക്കുമെന്ന് പറയുന്ന കോടിയേരിവിചാരണക്ക് മുമ്പുതന്നെ വിധി പുറപ്പെടുവിച്ചതിന് പിന്നിലെന്തായിരുന്നു? കോടിയേരിക്ക് സംഭവിച്ച വെറുമൊരു കൈപ്പിഴ അല്ല നാല്‍പതുലക്ഷം രൂപ വിലവരുന്ന ബി.എം.ഡബ്ലിയു മിനികൂപ്പര്‍ കാറിലെ യാത്ര എന്ന് മുസ്്‌ലിംലീഗ് നേതാവ് എം.സി മായിന്‍ഹാജിയാണ് വാര്‍ത്താസമ്മേളനത്തിലൂടെ മാലോകരെ അറിയിച്ചത്. കള്ളക്കടത്ത് കേസിലെ പ്രതിയും കൊടുവള്ളിയിലെ സി.പി.എം സ്വതന്ത്ര എം.എല്‍.എയുടെ സഹോദരനും സി.പി.എം പിന്തുണയുള്ള നഗരസഭാ അംഗവുമായ ഫൈസല്‍ കാരാട്ടിന്റെ ഭാര്യയാണ് മിനി കൂപ്പറിന്റെ ഉടമസ്ഥ എന്ന സത്യമാണ് പുറത്തായിരിക്കുന്നത്്. മാത്രമല്ല, വെറുമൊരു കാര്‍സേവനം നല്‍കുക മാത്രമല്ല ; കോടിയേരി നായകനായ ജാഥക്ക് വാരിക്കോരി സഹായിച്ചതും ഇക്കൂട്ടരാണെന്നാണ് പുറത്തുവരുന്ന വാര്‍ത്തകള്‍. കരിപ്പൂര്‍ വിമാനത്താവളം വഴി രണ്ടായിരം കോടിയുടെ സ്വര്‍ണം കടത്തിയ കോഫേപോസ കേസില്‍ പ്രതിയാണ് കാരാട്ട് ഫൈസല്‍ എന്നാണ് വ്യക്തമായിട്ടുള്ളത്. ആദ്യം ഇക്കാര്യം ഫൈസല്‍ നിഷേധിച്ചെങ്കിലും കൂട്ടുപ്രതി ഷഹബാസ് നല്‍കിയ വെളിപ്പെടുത്തലനുസരിച്ച് കേന്ദ്രറവന്യൂ ഇന്റലിജന്‍സ് വിഭാഗം അന്വേഷിച്ചുവരുന്ന കേസിലെ ഏഴാം പ്രതിയാണ് ഫൈസല്‍ . ഇദ്ദേഹം ഈ കേസില്‍ ജയിലില്‍ റിമാന്റില്‍ കഴിഞ്ഞിട്ടുണ്ടെന്നും വെളിപ്പെടുത്തപ്പെട്ടിട്ടുണ്ട്.

ഇനി ഫൈസലിന്റെ യാത്രയെ തള്ളിപ്പറയുമ്പോള്‍ തന്നെ, കോടിയേരിയെയും സി.പി.എമ്മിനെയും തിരിഞ്ഞുകൊത്തുന്ന ഒരു ചിത്രവും സമൂഹമാധ്യമങ്ങളില്‍ വൈറലായിട്ടുണ്ട്. ജാഥക്കിടെ കോടിയേരി സഖാവിന് കീഴ് സഖാക്കള്‍ നല്‍കിയ ഉച്ചയൂണില്‍ വിഭവസമൃദ്ധമായ തീന്‍മേശയില്‍ വെച്ചിരിക്കുന്ന കൊക്കകോളയുടെ നിറഞ്ഞ കുപ്പിയാണ് ഈ തൊഴിലാളിവര്‍ഗപാര്‍ട്ടിയുടെ പൊയ്മുഖം പൂര്‍വാധികം വെളിച്ചത്താക്കിയിരിക്കുന്നത്. കോള ബഹിഷ്‌കരിക്കാനും കോളക്കെതിരായി ആഗോളസമരത്തിനും ആഹ്വാനം ചെയ്ത പ്രസ്ഥാനമാണ് കോടിയേരിയുടേതെന്ന് ഓര്‍ക്കണം. പല്ലിളിച്ചുകാട്ടുന്ന ഈ നഗ്നസത്യങ്ങളെ അഡ്രസ് ചെയ്യുന്നതിന് പകരം സത്യം പൊതുജനത്തിന് മുമ്പാകെ തുറന്നുകാട്ടിയതിന് മുസ്്‌ലിംലീഗിനെതിരെ ഒളിയമ്പ് എയ്യാനായിരുന്നു സി.പി.എം നേതാവിന്റെ പരിശ്രമം.

കാരാട്ട് ഫൈസല്‍ ഒരു കേസിലും പ്രതിയല്ലെന്നായിരുന്നു ജില്ലാ സെക്രട്ടറി പി.മോഹനന്റെ ആദ്യന്യായീകരണം എന്നതുതന്നെ താന്‍ കിണ്ണം കട്ടിട്ടില്ലെന്ന് മുന്‍കൂറായി വിളിച്ചുപറഞ്ഞ കള്ളനെയാണ് ഓര്‍മിപ്പിച്ചത്. വിദേശവിനിമയ സംരക്ഷണവും കള്ളക്കടത്ത് തടയലും നിയമ (കോഫേപോസ) കേസില്‍ വിചാരണ തുടങ്ങാനിരിക്കവെയാണ് ഫൈസല്‍ സംസ്ഥാന ഭരണകക്ഷിയുടെ ആനുകൂല്യം പറ്റാന്‍ സി.പി.എമ്മുമായി സഹകരിച്ചുവരുന്നത്. ഇയാള്‍ക്ക് സി.പി.എമ്മുമായുള്ളത് പുതിയ ബന്ധമല്ലെന്നതിനും നിരവധി തെളിവുകളുണ്ട്. യു.ഡി.എഫ് സ്ഥാനാര്‍ഥിക്കെതിരെ പാര്‍ട്ടി അംഗങ്ങളെ തഴഞ്ഞ് കാരാട്ട് റസാഖിന് കഴിഞ്ഞ നിയമസഭാതിരഞ്ഞെടുപ്പില്‍ സീറ്റ് നല്‍കിയ സി.പി.എമ്മിന് കിട്ടിയ പണച്ചാക്കാണ് കാരാട്ട് കുടുംബം. താനൂരിലും നിലമ്പൂരിലുമൊക്കെ സമാനമായ പണച്ചാക്കുകളെ ഇറക്കിയാണ് ജനാധിപത്യത്തിന് കളങ്കമായി സി.പി.എം നേടിയ ബാലറ്റ് വിജയങ്ങള്‍. അതിലൊരാളാണ് അമൂല്യമായ കാടും മലയും കയ്യേറി ആഢംബരപാര്‍ക്ക് കെട്ടിയ സി.പി.എന്റെ നവസഹതേരാളി.

വര്‍ഗീയതയും അതിദേശീയതയും കൊണ്ട് രാജ്യത്തെ ഇരുട്ടിലേക്ക് ആനയിക്കുന്ന കേന്ദ്രഭരണകക്ഷിയുടെ കേരളത്തിലെ ഇടം സ്വരുക്കൂട്ടിക്കൊടുക്കാന്‍ പരോക്ഷമായി പ്രയത്‌നിക്കുന്ന സി.പി.എമ്മിനെ സംബന്ധിച്ച് ഇത്തരം വെറുക്കപ്പെട്ടവര്‍ ശരണമാകുന്നത് വെറും ജാഗ്രതക്കുറവായി കാണാന്‍ വയ്യ. ഹിന്ദുത്വവര്‍ഗീയതക്കെതിരെ ജനങ്ങളെ ജാഗ്രവത്താക്കാനെന്ന പേരിലുള്ള ഈ പണക്കൊഴുപ്പുമേളക്ക് കോടികള്‍ ഒഴുക്കാന്‍ സഹായിച്ചവരുടെ പേരുകള്‍ തുറന്നുപറയുകയാണ് പാര്‍ട്ടി പരിശോധിക്കുമെന്ന കോടിയേരിയുടെ ന്യായത്തില്‍ അല്‍പമെങ്കിലും കഴമ്പുണ്ടെങ്കില്‍ ചെയ്യേണ്ടത്. ഈ തൊഴിലാളിവര്‍ഗപാര്‍ട്ടിയുടെ മൊത്തം ആസ്തി 200 കോടിക്കടുത്താണ്. രാജ്യത്ത് പ്രധാനകക്ഷികളായ ബി.ജെ.പിയും കോണ്‍ഗ്രസും കഴിഞ്ഞാല്‍ സമ്പന്നപാര്‍ട്ടികളില്‍ മൂന്നാംസ്ഥാനം.

കോടീശ്വരന്മാരായ സാന്റിയാഗോ മാര്‍ട്ടിന്‍മാരെയും തോമസ്ചാണ്ടിമാരെയും ഫാരിസുമാരെയും രാധാകൃഷ്ണന്മാരെയും അന്‍വര്‍-അബ്ദുറഹിമാന്‍-കാരാട്ടുമാരെയും തോളിലേറ്റി നടക്കുമ്പോള്‍ അഴിമതിക്കെതിരെ കുരിശേന്തിനടക്കുന്ന തൊണ്ണൂറ്റഞ്ചുകാരന് പാര്‍ട്ടിയുടെ പിന്നാമ്പുറത്ത് പുകലയും ചവച്ച് ഇരിക്കേണ്ടിവരുന്നു. പാര്‍ട്ടി ചര്‍ച്ചാമുറികളില്‍ വിളമ്പിയ പരിപ്പുവടയിലും കട്ടന്‍ചായയിലും നിന്ന് കോടികള്‍ വിലമതിക്കുന്ന ബെന്‍സിലേക്കും കൂപ്പറുകളിലേക്കും ഓഡിയിലേക്കും മാറി കാലത്തിന്റെ ചുവരെഴുത്ത് പഠിക്കാനല്ല ശ്രമമെങ്കില്‍, മുപ്പത്തിനാലുകൊല്ലം അടക്കിഭരിച്ച പശ്ചിമബംഗാളില്‍ ടാറ്റക്കുവേണ്ടി വെടിവെച്ചുകൊന്ന പാവപ്പെട്ട കര്‍ഷകരുടെ പ്രേതങ്ങളെപോലെ കേരളത്തിലെ സഖാക്കളും സി.പി.എമ്മിന്റെ അവശേഷിക്കുന്ന അധികാരപീഠങ്ങളെയും അറബിക്കടലിലെറിയുന്ന കാലം അതിവിദൂരമല്ല.

Continue Reading
Advertisement
Click to comment

Leave a Reply

Your email address will not be published. Required fields are marked *

kerala

സംസ്ഥാനത്ത് ഡ്രൈവിങ് ടെസ്റ്റ് മുടങ്ങി; പ്രതിഷേധവുമായി ഡ്രൈവിങ് സ്‌കൂളുകള്‍

ഡ്രൈവിങ് ടെസ്റ്റ് പരിഷ്‌കരണത്തിനെതിരെ പ്രതിഷേധവുമായി ഡ്രൈവിങ് സ്‌കൂളുകള്‍. ആള്‍ കേരള ഡ്രൈവിങ് സ്‌കൂള്‍ വര്‍ക്കേഴ്‌സ് യൂണിയന്‍ ആണ് ഡ്രൈവിങ് ടെസ്റ്റ് ഗ്രൗണ്ട് അടച്ചുപൂട്ടി പ്രതിഷേധിച്ചത്.

Published

on

മലപ്പുറം: ഡ്രൈവിങ് ടെസ്റ്റ് പരിഷ്‌കരണത്തിനെതിരെ പ്രതിഷേധവുമായി ഡ്രൈവിങ് സ്‌കൂളുകള്‍. ആള്‍ കേരള ഡ്രൈവിങ് സ്‌കൂള്‍ വര്‍ക്കേഴ്‌സ് യൂണിയന്‍ ആണ് ഡ്രൈവിങ് ടെസ്റ്റ് ഗ്രൗണ്ട് അടച്ചുപൂട്ടി പ്രതിഷേധിച്ചത്. സൗകര്യങ്ങള്‍ ഒരുക്കാതെയുള്ള പരിഷ്‌കരണം പ്രായോഗികമല്ലന്നാണ് സംഘടനകളുടെ വാദം. ഉദ്യോഗസ്ഥരെ ഗ്രൗണ്ടിലേക്ക് പ്രവേശിപ്പിക്കില്ലെന്ന കടുത്ത നിലപാടിലാണ് പ്രതിഷേധക്കാര്‍. എറണാകുളം കാക്കനാട് ഡ്രൈവിങ് സ്‌കൂളുകളും കോഴിക്കോടും സമാന രീതിയില്‍ ഡ്രൈവിങ് സ്‌കൂള്‍ വര്‍ക്കേഴ്‌സ് യൂണിയന്‍ പ്രതിഷേധിക്കുന്നുണ്ട്.

ഒറ്റ ദിവസം കൊണ്ട് സര്‍ക്കുലര്‍ ഇറക്കി കൊണ്ടുള്ള പരിഷ്‌കാരം അപ്രായോഗികമെന്നും ഡ്രൈവിങ് ടെസ്റ്റുകളുടെ എണ്ണം പഴയപടിയാക്കണം എന്നുള്‍പ്പെടെയുള്ള ആവശ്യങ്ങളാണ് സമരക്കാര്‍ ഉന്നയിച്ചത്. ഡ്രൈവിങ് ടെസ്റ്റുകള്‍ തടയുമെന്നും ആര്‍.ടി ഒഫീസുമായി ബന്ധപ്പെട്ട കാര്യങ്ങളുമായി സഹകരിക്കില്ലെന്നും സംഘടനകള്‍ അറിയിച്ചു. അനിശ്ചിതകാല സമരമാണ് ഐഎന്‍ടിയുസി, സിഐടിയു, ബിഎംഎസ് സംഘടനകള്‍ പ്രഖ്യാപിച്ചിട്ടുള്ളത്. ഗ്രൗണ്ടുകള്‍ സജ്ജമാകാത്തതിനാല്‍ ഡ്രൈവിങ് ടെസ്റ്റ് പരിഷ്‌കരണത്തില്‍ ഇളവിന് ഗതാഗത മന്ത്രി ഗണേഷ് കുമാര്‍ നിര്‍ദേശിച്ചിരുന്നു.

Continue Reading

kerala

ആലപ്പുഴ ജില്ലയിൽ രണ്ടിടത്തുകൂടി പക്ഷിപ്പനി എന്ന് സംശയം; ഇറച്ചി, മുട്ട വില്പനയ്ക്ക് നിരോധനം ഏപ്രിൽ 26 വരെ തുടരും

മുട്ടാർ, അമ്പലപ്പുഴ വടക്ക് പഞ്ചായത്തുകളിലാണ് പക്ഷിപ്പനി ബാധ സംശയം.

Published

on

ആലപ്പുഴ ജില്ലയിൽ രണ്ടിടത്തുകൂടി പക്ഷിപ്പനി എന്ന് സംശയം. മുട്ടാർ, അമ്പലപ്പുഴ വടക്ക് പഞ്ചായത്തുകളിലാണ് പക്ഷിപ്പനി ബാധ സംശയം. സാമ്പിൾ ശേഖരിച്ച് ഭോപ്പാലിലെ ലാബിലേക്ക് അയച്ചു.

എടത്വ, ചെറുതന പഞ്ചായത്തുകളിൽ ആണ് നേരത്തെ രോഗം സ്ഥിരീകരിച്ചത്. 17,480 താറാവുകളെ കൊന്ന് മറവ് ചെയ്തു. 34 തദ്ദേശസ്ഥാപനങ്ങളിൽ താറാവ്, കോഴി എന്നിവയുടെ ഇറച്ചി, മുട്ട വില്പനയ്ക്ക് നിരോധനം ഏപ്രിൽ 26 വരെ തുടരും.

പക്ഷിപ്പനിയുടെ സാഹചര്യത്തിൽ തമിഴ്നാട് ജാഗ്രത നിർദ്ദേശം നൽകി. അതിർത്തികളിൽ പരിശോധന ശക്തമാക്കും. കേരളത്തിൽ നിന്നുള്ള വളർത്തു പക്ഷികളും മുട്ടകളുടെയും കയറ്റി വരുന്ന വാഹനങ്ങൾ തിരിച്ചയയ്ക്കും.

12 ചെക്ക് പോസ്റ്റുകളിലും മൃഗസംരക്ഷണ വകുപ്പിനെ നിയോഗിച്ചു. കേരളത്തിൽ നിന്ന് കോയമ്പത്തൂരിലേക്ക് വരുന്ന വാഹനങ്ങൾ അണുവിമുക്തമാക്കും. തമിഴ്നാട്ടിൽ ഇതുവരെ പക്ഷിപ്പനി കണ്ടെത്തിയിട്ടില്ല.

Continue Reading

Interviews

സംസ്ഥാനത്ത് സ്വർണവില വീണ്ടും സർവകാല റെക്കോഡിൽ

പവന് 400 രൂപ കൂടി 54,520 രൂപയും ഗ്രാമിന് 50 രൂപ കൂടി 6815 രൂപയുമാണ് ഇന്നത്തെ വില.

Published

on

സംസ്ഥാനത്ത് സ്വർണവില വീണ്ടും സർവകാല റെക്കോഡിൽ. പവന് 400 രൂപ കൂടി 54,520 രൂപയും ഗ്രാമിന് 50 രൂപ കൂടി 6815 രൂപയുമാണ് ഇന്നത്തെ വില. ഈ മാസം മാത്രം പവന് കൂടിയത് 3,640 രൂപ.

രാജ്യാന്തര വിപണിയിൽ സ്വർണവില ഔൺസിന് 2,400 ഡോളറിന് മുകളിലത്തിയതിന് ശേഷം നേരിയ ഇടിവ് രേഖപ്പെടുത്തി. മധ്യേഷ്യയിലെ രാഷ്ട്രീയ അനിശ്ചിതത്തിന്റെ പശ്ചാത്തലത്തിൽ സുരക്ഷിത ആസ്തികളിലേക്ക് നിക്ഷേപകർ തിരിഞ്ഞതാണ് വിലക്കയറ്റത്തിന് കാരണം. മാർച്ച്-ഏപ്രിൽ മാസങ്ങളിൽ സ്വർണത്തിന്റെ രാജ്യാന്തര വിലയിലുണ്ടായത് 26 ശതമാനം വർധനവാണ്.

Continue Reading

Trending