കണ്ണൂര്‍: ഒന്നരവയസുള്ള സ്വന്തം കുഞ്ഞിനെ കടല്‍ഭിത്തിയില്‍ എറിഞ്ഞുകൊന്ന കേസില്‍ തയ്യില്‍ സ്വദേശിനിയായ ശരണ്യക്ക് ജീവപര്യന്തം തടവും ഒരു ലക്ഷം രൂപ പിഴയും വിധിച്ചു. തളിപ്പറമ്പ് അഡീഷനല്‍ സെഷന്‍സ് കോടതിയുടേതാണ് വിധി. അഡീഷനല്‍ സെഷന്‍സ് ജഡ്ജി കെ.എന്‍. പ്രശാന്താണ് ശിക്ഷ വിധിച്ചത്. 2020 ഫെബ്രുവരി 17നാണ് ശരണ്യ സ്വന്തം കുഞ്ഞായ വിയാനെ കൊലപ്പെടുത്തിയത്. ആണ്‍സുഹൃത്ത് നിധിനൊപ്പം ജീവിക്കാനാണ് കുട്ടിയെ കൊന്നതെന്ന് ശരണ്യ കുറ്റസമ്മത മൊഴി നല്‍കിയിരുന്നു. കേസില്‍ ശരണ്യ കുറ്റക്കാരിയാണെന്ന് കോടതി തിങ്കളാഴ്ച കണ്ടെത്തിയതിന് പിന്നാലെയാണ് ശിക്ഷ പ്രഖ്യാപിച്ചത്. പിഴ അടച്ചാല്‍ തുക ഭര്‍ത്താവിന് നല്‍കണമെന്നും കോടതി വിധിച്ചു.
ഒരമ്മയുടെ ഭാഗത്തുനിന്നും ഉണ്ടാകാന്‍ പാടില്ലാത്ത പ്രവൃത്തിയാണിതെന്നും, ഒന്നുമറിയാത്ത കുഞ്ഞാണ് കൊല്ലപ്പെട്ടതെന്നും കോടതി നിരീക്ഷിച്ചു. വിധി സമൂഹത്തിന് പാഠമാകണമെന്ന് കോടതി പറഞ്ഞു. അതേസമയം, കേസിലെ രണ്ടാം പ്രതിയായ ശരണ്യയുടെ സുഹൃത്ത് നിധിനെ കോടതി വിട്ടയച്ചു. കൊലപാതകത്തില്‍ നിധിനുമേല്‍ ഗൂഢാലോചന തെളിയിക്കാന്‍ പ്രോസിക്യൂഷന് സാധിച്ചില്ലെന്നായിരുന്നു കോടതിയുടെ കണ്ടെത്തല്‍. നിധിനൊപ്പം ജീവിക്കാനായി മകനെ ഒഴിവാക്കാന്‍ രാത്രി കടലില്‍ എറിഞ്ഞതെന്നായിരുന്നു കേസ്. വീട്ടില്‍ ഉറങ്ങിക്കിടന്നിരുന്ന ഒന്നരവയസുകാരനെ കാണാതായതിനെ തുടര്‍ന്ന് നടത്തിയ തിരച്ചിലിലാണ് കടപ്പുറത്ത് മൃതദേഹം കണ്ടെത്തിയത്.
കേസില്‍ പൊലീസ് അറസ്റ്റ് നടത്തിയതിന് ശേഷം 90-ാം ദിവസമാണ് കണ്ണൂര്‍ ഫസ്റ്റ് ക്ലാസ് മജിസ്‌ട്രേറ്റ് കോടതിയില്‍ കുറ്റപത്രം സമര്‍പ്പിച്ചത്. 47 സാക്ഷികളെയാണ് കേസില്‍ വിസ്തരിച്ചത്. മാസങ്ങള്‍ നീണ്ട നിയമനടപടികള്‍ക്കും വിചാരണക്കും ശേഷമാണ് വിധി. ദൃക്‌സാക്ഷികളില്ലാത്ത കേസില്‍ സാഹചര്യ തെളിവുകളാണ് പ്രോസിക്യൂഷന്‍ ആശ്രയിച്ചത്. എന്നാല്‍ രണ്ടാം പ്രതി നിധിനെതിരെ മതിയായ തെളിവുകള്‍ ശേഖരിക്കാന്‍ പൊലീസിനായില്ലെന്ന് കോടതി വിലയിരുത്തി. പൊലീസ് സദാചാരഗുണ്ടകളെ പോലെ പെരുമാറിയെന്നും കോടതി വിമര്‍ശിച്ചു.
ശരണ്യയും നിധിനും തമ്മിലുള്ള ഫോണ്‍കോളുകളുടെയും സംസാരത്തിന്റെയും തെളിവുകള്‍ പൊലീസ് ഹാജരാക്കിയിരുന്നെങ്കിലും, ഇത് കുട്ടിയെ കൊല്ലാനുള്ള ഗൂഢാലോചനയ്ക്കുള്ള തെളിവായി കണക്കാക്കാനാകില്ലെന്ന് കോടതി വ്യക്തമാക്കി. നിധിന്റെ ചില രേഖകള്‍ ശരണ്യയുടെ കൈവശമുണ്ടായിരുന്നതും, അവ തിരികെ വാങ്ങാന്‍ ഇയാള്‍ ശരണ്യയുടെ വീട്ടിലെത്തിയതും, തുടര്‍ന്ന് ഒന്നര മണിക്കൂറോളം സംസാരിച്ചുനിന്നതിന്റെ സി.സി.ടി.വി ദൃശ്യങ്ങള്‍ ഉള്‍പ്പെടെയുള്ള തെളിവുകളും കോടതിയില്‍ ഹാജരാക്കിയിരുന്നു. എന്നാല്‍ ഇവ ബന്ധം തെളിയിക്കുമെങ്കിലും ഗൂഢാലോചന തെളിയിക്കുന്നില്ലെന്നായിരുന്നു കോടതിയുടെ വിലയിരുത്തല്‍.