കൊച്ചി: നടിയെ ആക്രമിച്ച കേസിൽ അതിജീവിതയുടെ അഭിഭാഷകയുടെ പ്രവർത്തനത്തിനെതിരെ വിചാരണ കോടതി അതിരൂക്ഷ വിമർശനം. കോടതിയലക്ഷ്യ ഹർജികൾ പരിഗണിക്കുന്നതിനിടെയാണ് കോടതിയുടെ പ്രതികരണം.
വിചാരണ കാലയളവിൽ പത്ത് ദിവസത്തിൽ താഴെ മാത്രമാണ് അഭിഭാഷക കോടതിയിൽ ഹാജരായതെന്ന് കോടതി ചൂണ്ടിക്കാട്ടി. ഹാജരായ ദിവസങ്ങളിലും അരമണിക്കൂറോളം മാത്രമാണ് കോടതിയിൽ ഉണ്ടായിരുന്നതെന്നും ആ സമയങ്ങളിൽ ഉറങ്ങുന്നതാണ് പതിവെന്നും കോടതി പറഞ്ഞു. വിശ്രമസ്ഥലമെന്ന രീതിയിലാണ് കോടതിയെ സമീപിച്ചതെന്നും, പിന്നീട് കോടതി കാര്യങ്ങൾ കേട്ടില്ലെന്നും പരിഗണിച്ചില്ലെന്നും ആരോപിക്കുന്നത് അംഗീകരിക്കാനാകില്ലെന്നും കോടതി വ്യക്തമാക്കി. ഇന്ന് നടക്കുന്ന നടപടികളിലും അതിജീവിതയുടെ അഭിഭാഷക ഹാജരായിരുന്നില്ല.
അതേസമയം, നടിയെ ആക്രമിച്ച കേസിൽ അപ്പീൽ നൽകുന്നതുമായി ബന്ധപ്പെട്ട് സർക്കാരിന് നിയമോപദേശം ലഭിച്ചിട്ടുണ്ട്. വിചാരണ കോടതിയുടെ വിധി പൂർണമായും അംഗീകരിക്കാനാകില്ലെന്നും ദിലീപ് ഉൾപ്പെടെയുള്ള പ്രതികളെ വെറുതെവിട്ട നടപടിക്കെതിരെ ഹൈക്കോടതിയിൽ അപ്പീൽ നൽകണമെന്നും സ്പെഷ്യൽ പബ്ലിക് പ്രോസിക്യൂട്ടർ സർക്കാരിന് നൽകിയ നിയമോപദേശത്തിൽ പറയുന്നു.
ശിക്ഷിക്കപ്പെട്ട പ്രതികൾക്ക് ലഭിച്ചത് ഏറ്റവും കുറഞ്ഞ ശിക്ഷയാണെന്നും, ദിലീപിനെതിരെയുള്ള നിർണായക തെളിവുകൾ വിചാരണ കോടതി പരിഗണിക്കാതെ തള്ളിയതത് നിയമപരമായി നിലനിൽക്കില്ലെന്നും നിയമോപദേശത്തിൽ ചൂണ്ടിക്കാട്ടുന്നു. നീണ്ട വിധിന്യായത്തിൽ പ്രതികളെ സംരക്ഷിക്കുന്ന തരത്തിലുള്ള അനാവശ്യ ന്യായീകരണങ്ങൾ ഉൾപ്പെടുത്തിയിട്ടുണ്ടെന്നും, നീതി ഉറപ്പാക്കാൻ മേൽക്കോടതിയുടെ ഇടപെടൽ അനിവാര്യമാണെന്നും പ്രോസിക്യൂഷൻ വ്യക്തമാക്കി.