kerala

നടി ആക്രമിക്കപ്പെട്ട കേസ്: പാസ്പോർട്ട് തിരികെ തേടി ദിലീപ്; ഹർജി ഇന്ന് പരിഗണിക്കും

By webdesk18

December 18, 2025

നടി ആക്രമിക്കപ്പെട്ട കേസിൽ അന്വേഷണവിധേയമായി കോടതിയിൽ സമർപ്പിച്ച പാസ്പോർട്ട് തിരികെ നൽകണമെന്ന് ആവശ്യപ്പെട്ട് നടൻ ദിലീപ് സമർപ്പിച്ച ഹർജി ഇന്ന് പരിഗണിക്കും. എറണാകുളം പ്രിൻസിപ്പൽ സെഷൻസ് കോടതിയാണ് ഹർജി പരിഗണിക്കുക. കേസിൽ കുറ്റവിമുക്തനായതിന് പിന്നാലെയാണ് ദിലീപ് പാസ്പോർട്ട് തിരികെ ആവശ്യപ്പെട്ട് കോടതിയെ സമീപിച്ചത്.

ശിക്ഷാവിധി പ്രഖ്യാപിച്ച ദിവസവും ഹർജി കോടതിയുടെ പരിഗണനയ്ക്ക് എത്തിയിരുന്നെങ്കിലും ഡിസംബർ 18ന് പരിഗണിക്കാമെന്നായിരുന്നു കോടതിയുടെ തീരുമാനം. ഹൈക്കോടതിയിൽ പ്രോസിക്യൂഷൻ അപ്പീൽ നൽകാനിരിക്കുന്ന സാഹചര്യത്തിൽ ഹർജിയെ പ്രോസിക്യൂഷൻ എതിര്‍ക്കാനാണ് സാധ്യത. തൊഴിൽ ആവശ്യങ്ങൾക്കായി വിദേശയാത്ര അനിവാര്യമാണെന്നതടക്കമുള്ള വാദങ്ങളാണ് ദിലീപ് കോടതിയിൽ ഉന്നയിക്കാൻ സാധ്യത. മുൻപ് ഹൈക്കോടതിയുടെ പ്രത്യേക അനുമതിയോടെയാണ് ദിലീപ് വിദേശത്തേക്ക് യാത്ര ചെയ്തിരുന്നത്.

അതേസമയം, അതിജീവിത നൽകിയ സൈബർ ആക്രമണ പരാതിയിൽ നടിയെ ആക്രമിച്ച കേസിലെ രണ്ടാം പ്രതിയായ മാർട്ടിൻ ആന്റണിക്കെതിരെ പൊലീസ് കേസെടുത്തു. തൃശൂർ സിറ്റി പൊലീസാണ് കേസ് രജിസ്റ്റർ ചെയ്തത്. അതിജീവിതയുടെ പേര് വെളിപ്പെടുത്തുകയും സമൂഹമാധ്യമങ്ങളിലൂടെ അധിക്ഷേപിക്കുകയും ചെയ്തെന്നാണ് എഫ്‌ഐആറിൽ പറയുന്നത്. അധിക്ഷേപ വിഡിയോ പങ്കുവെച്ചവരെയും കേസിൽ പ്രതികളാക്കുമെന്ന് പൊലീസ് അറിയിച്ചു.