ദുഃഖം അനുഭവപ്പെടുന്നതും അത്തരം സന്ദർഭങ്ങളിൽ ശരീരം പ്രതികരിക്കുന്ന രീതികളും ഓരോ വ്യക്തിയിലും വ്യത്യസ്തമാണ്. എന്നാൽ ചില ശാരീരിക–മാനസിക പ്രതികരണങ്ങൾ മിക്കവരിലും സമാനമായി കാണപ്പെടുന്നു. അത്തരത്തിലൊരു അവസ്ഥയാണ് ഗ്രീഫ് അറ്റാക്ക്. ഇത് എന്താണെന്നും പ്രതിസന്ധി ഘട്ടങ്ങളിൽ ഇതിനെ എങ്ങനെ കൈകാര്യം ചെയ്യാമെന്നും മനസിലാക്കുന്നത് മാനസിക ആരോഗ്യത്തിന് ഏറെ പ്രധാനമാണ്.
എന്താണ് ഗ്രീഫ് അറ്റാക്ക്? ചില ഓർമ്മകൾ, സ്ഥലങ്ങൾ, മണങ്ങൾ, ചിന്തകൾ എന്നിവ അപ്രതീക്ഷിതമായി ആഴത്തിലുള്ള ദുഃഖം ഉണർത്താം. പ്രിയപ്പെട്ടവരെ നഷ്ടപ്പെട്ടവരിൽ ഇത്തരം അനുഭവങ്ങൾ കൂടുതലായി കാണപ്പെടുന്നു. പെട്ടെന്നുണ്ടാകുന്ന ഈ ദുഃഖതിരമാലകൾ ഉത്കണ്ഠ, മാനസിക പിരിമുറുക്കം, ചിലപ്പോൾ ശരീരവേദന വരെ സൃഷ്ടിക്കാം. ഭയം, നിയന്ത്രണം നഷ്ടപ്പെടുന്നതുപോലുള്ള തോന്നൽ എന്നിവയും ഇതോടൊപ്പം വരാം. ഈ അവസ്ഥയെയാണ് ഗ്രീഫ് അറ്റാക്ക് എന്ന് വിളിക്കുന്നത്. ശരിയായ പരിശീലനത്തിലൂടെ ഇത്തരം വൈകാരിക പ്രതികരണങ്ങൾ കൈകാര്യം ചെയ്യാൻ സാധിക്കും.
ഗ്രീഫ് അറ്റാക്ക് വന്നാൽ എന്ത് ചെയ്യണം?
1. തിരിച്ചറിയുക: ഇത് ഒരു ഗ്രീഫ് അറ്റാക്കാണെന്ന് മനസിലാക്കുക. ഈ ദുഃഖവും പരിഭ്രാന്തിയും താൽക്കാലികമാണെന്നും കടന്നുപോകുമെന്നും സ്വയം ഓർമ്മിപ്പിക്കുക.
2. ശ്വസന വ്യായാമം: 4–7–8 ശ്വസന രീതി പരീക്ഷിക്കുക — 4 സെക്കൻഡ് ശ്വസിക്കുക, 7 സെക്കൻഡ് പിടിച്ചുവയ്ക്കുക, 8 സെക്കൻഡ് നിശ്വസിക്കുക. നാഡീവ്യവസ്ഥ ശാന്തമാക്കാൻ ഇത് സഹായിക്കും.
3. ശരീരചലനം: ശാന്തമായ സ്ഥലത്ത് ഇരിക്കുകയോ കിടക്കുകയോ ചെയ്യുക. ശരീരം മരവിച്ചതായി തോന്നുന്നുവെങ്കിൽ നടക്കുകയോ കൈകാലുകൾ ചലിപ്പിക്കുകയോ ചെയ്യാം. സ്വയം കെട്ടിപ്പിടിക്കുന്നതും ആശ്വാസം നൽകും.
4. ഇന്ദ്രിയങ്ങളെ സജീവമാക്കുക: തണുത്ത വെള്ളം കുടിക്കുക, ഐസ് ക്യൂബ് പിടിക്കുക, ലാവെൻഡർ അല്ലെങ്കിൽ പെപ്പർമിന്റ് പോലുള്ള സുഗന്ധങ്ങൾ മണക്കുക.
5. വികാരങ്ങൾ പ്രകടിപ്പിക്കുക: കരയാൻ മടിക്കേണ്ട. ദുഃഖം പുറത്തുവിടാനുള്ള സ്വാഭാവിക മാർഗമാണിത്. ജേണലിൽ ചിന്തകൾ എഴുതുന്നതും സഹായകരമാണ്.
6. ആശ്വാസ വാക്യങ്ങൾ: “ഞാൻ സുരക്ഷിതയാണ്”, “ഇതും കടന്നുപോകും”, “എനിക്ക് ദുഃഖിക്കാൻ അവകാശമുണ്ട്” തുടങ്ങിയ വാക്യങ്ങൾ ആവർത്തിക്കുക. വിശ്വാസികളാണെങ്കിൽ പ്രാർത്ഥനയും ആശ്വാസകരമാകും.
7. പിന്തുണ തേടുക: വിശ്വസ്തനായ സുഹൃത്ത്, കുടുംബാംഗം അല്ലെങ്കിൽ തെറാപ്പിസ്റ്റ് എന്നിവരുമായി സംസാരിക്കുക.
8. സ്വയം പരിചരണം: വിശ്രമിക്കുക, വെള്ളം കുടിക്കുക, സംഗീതം കേൾക്കുക, ചൂടുവെള്ളത്തിൽ കുളിക്കുക, വായന, ധ്യാനം, ലഘു വ്യായാമം എന്നിവ ചെയ്യുക.
കാലക്രമേണ ഗ്രീഫ് അറ്റാക്കുകളുടെ തീവ്രത കുറയുകയും നിയന്ത്രിക്കാവുന്നതായി മാറുകയും ചെയ്യും. എന്നാൽ ഇവ പതിവായി സംഭവിക്കുകയോ ദൈനംദിന ജീവിതത്തെ ബാധിക്കുകയോ ചെയ്യുന്നുവെങ്കിൽ മാനസികാരോഗ്യ വിദഗ്ധരുടെ സഹായം തേടേണ്ടതാണെന്ന് വിദഗ്ധർ മുന്നറിയിപ്പ് നൽകുന്നു.