News

ടീസര്‍ റിലീസിന് പിന്നാലെ പിന്മാറ്റം: ദൃശ്യം 3 ഹിന്ദി പതിപ്പില്‍ അക്ഷയ് ഖന്ന ഇല്ല

By webdesk17

December 27, 2025

മലയാളത്തിലെ സൂപ്പര്‍ഹിറ്റ് ചിത്രപരമ്പരയായ ദൃശ്യം 3യുടെ ഹിന്ദി റീമേക്കില്‍ നിന്ന് ബോളിവുഡ് താരം അക്ഷയ് ഖന്ന പിന്മാറി. ആവശ്യപ്പെട്ട പ്രതിഫലം നല്‍കിയില്ലെന്നതിനെ തുടര്‍ന്നാണ് താരം ചിത്രത്തില്‍ നിന്ന് പിന്മാറിയതെന്നാണ് റിപ്പോര്‍ട്ടുകള്‍.

ചിത്രത്തിന്റെ റിലീസ് തീയതി പ്രഖ്യാപിച്ചുകൊണ്ടുള്ള ടീസര്‍ പുറത്തിറങ്ങി ദിവസങ്ങള്‍ക്കുള്ളിലാണ് അക്ഷയ് ഖന്നയുടെ പിന്മാറ്റം. മലയാളത്തില്‍ മുരളി ഗോപി അവതരിപ്പിച്ച നിര്‍ണായകമായ പോലീസ് ഉദ്യോഗസ്ഥന്റെ വേഷമാണ് ഹിന്ദിയില്‍ അക്ഷയ് ഖന്ന കൈകാര്യം ചെയ്യാനിരുന്നത്. മൂന്നാം ഭാഗത്തിലും ഈ കഥാപാത്രത്തിന് പ്രധാന പ്രാധാന്യമുണ്ടെന്നാണ് റിപ്പോര്‍ട്ടുകള്‍.

21 കോടി രൂപയാണ് ഖന്ന നിര്‍മ്മാതാക്കളായ പനോരമ സ്റ്റുഡിയോസിനോട് പ്രതിഫലമായി ആവശ്യപ്പെട്ടത്. ചാവ, ദുരന്തര്‍ എന്നീ ബ്ലോക്ക്ബസ്റ്റര്‍ ചിത്രങ്ങള്‍ക്ക് ശേഷം തന്റെ താരമൂല്യം ഉയര്‍ന്നതാണ് കൂടുതല്‍ പ്രതിഫലം ആവശ്യപ്പെടാന്‍ കാരണമെന്ന് സൂചന. കൂടാതെ ദുരന്തര്‍ ചിത്രത്തിലെ പോലെ ദൃശ്യം 3 ലും വിഗ് ഉപയോഗിക്കണമെന്ന നിര്‍മ്മാതാക്കളുടെ നിര്‍ദ്ദേശവും താരം നിരസിച്ചതായും റിപ്പോര്‍ട്ടുകളുണ്ട്.

അതേസമയം, ജീത്തു ജോസഫ്-മോഹന്‍ലാല്‍ കൂട്ടുകെട്ടിലെ ഒറിജിനല്‍ മലയാളം ദൃശ്യം 3യുടെ ചിത്രീകരണം പൂര്‍ത്തിയായിട്ടുണ്ട്. ചിത്രം ഏപ്രില്‍ മാസം വിഷു റിലീസായി തിയറ്ററുകളിലെത്തുമെന്നാണ് പ്രതീക്ഷ. ഹിന്ദി പതിപ്പ് ഒക്ടോബര്‍ 2 ഗാന്ധി ജയന്തി ദിനത്തില്‍ റിലീസ് ചെയ്യാനാണ് നിലവിലെ തീരുമാനം.