ആലപ്പുഴ പൂച്ചാക്കല്‍ ചുരമന വടക്കേ കൈനിക്കരയില്‍ ട്യൂഷന്‍ കഴിഞ്ഞ് വീട്ടിലെത്തിയ ഒമ്പതാം ക്ലാസ് വിദ്യാര്‍ത്ഥിക്ക് മോഷ്ടാവിന്റെ ക്രൂരമര്‍ദ്ദനം. ആക്രമിയെ കടിച്ചുവീഴ്ത്തിയ വളര്‍ത്തുനായയുടെ ഇടപെടലാണ് കുട്ടിയുടെ ജീവന്‍ രക്ഷിച്ചത്. ചുരമന വടക്കേ കൈനിക്കരയില്‍ പരേതനായ ബാബുവിന്റെ മകന്‍ ഫെബിന്‍ (14) ആണ് മര്‍ദ്ദനമേറ്റത്. തിങ്കളാഴ്ച രാവിലെ ഒന്‍പത് മണിയോടെയായിരുന്നു സംഭവം. തൈക്കാട്ടുശേരി എസ്എംഎസ്‌ജെ ഹൈസ്‌കൂളിലെ ഒമ്പതാം ക്ലാസ് വിദ്യാര്‍ത്ഥിയാണ് ഫെബിന്‍. അമ്മ ഫിയ ജോലിക്ക് പോയ സമയത്ത് ട്യൂഷന്‍ കഴിഞ്ഞ് വീട്ടിലെത്തിയ ഫെബിന്‍ വാതില്‍ തുറന്നുകിടക്കുന്നതും ഒരാള്‍ അലമാര കുത്തിത്തുറക്കുന്നതും കണ്ടു. ശബ്ദമുണ്ടാക്കിയതോടെ മോഷ്ടാവ് ഫെബിനെ തള്ളിയിട്ടു.
തുടര്‍ന്ന് പുറത്തേക്ക് ഓടാന്‍ ശ്രമിച്ച കുട്ടിയെ പിടികൂടിയ മോഷ്ടാവ് കസേരയും ക്രിക്കറ്റ് ബാറ്റും ഉപയോഗിച്ച് ക്രൂരമായി മര്‍ദ്ദിച്ചു. 14 കാരന്റെ ദേഹത്ത് കയറിയിരുന്ന് ഇടിക്കുകയും കത്തി വീശുകയും ചെയ്ത മോഷ്ടാവിന്റെ ആക്രമണത്തില്‍ ക്രിക്കറ്റ് ബാറ്റ് ഒടിഞ്ഞുപോയി. ഗുരുതരമായി പരുക്കേറ്റ ഫെബിന്‍ മോഷ്ടാവിന്റെ പിടിയില്‍ നിന്ന് രക്ഷപ്പെട്ട് വീടിന് പുറത്തേക്ക് ഓടിയപ്പോള്‍ പിന്നാലെ എത്തിയ പ്രതിയെ വളര്‍ത്തുനായ വളഞ്ഞിട്ടു കടിച്ചു. നായയുടെ ആക്രമണത്തില്‍ പതറിയ മോഷ്ടാവ് പിന്നീട് നായയെ അടിച്ച് അവശനാക്കിയ ശേഷമാണ് രക്ഷപ്പെട്ടത്. മുണ്ടും മുഖംമൂടിയും ധരിച്ചിരുന്ന ഇയാള്‍ ശരീരത്തില്‍ എണ്ണ പുരട്ടിയിരുന്നതായി ഫെബിന്‍ പൊലീസിനോട് പറഞ്ഞു. മുട്ടിലിഴഞ്ഞ് വീടിന് പുറത്തേക്ക് എത്തിയ ഫെബിനെ അയല്‍വാസികള്‍ തൈക്കാട്ടുശേരി സിഎച്ച്‌സിയിലും തുടര്‍ന്ന് കൊച്ചിയിലെ സ്വകാര്യ ആശുപത്രിയിലും എത്തിച്ചു.
ബാറ്റ് കൊണ്ടുള്ള അടിയേറ്റ് ഫെബിന്റെ ഇടത് കാലിന് പൊട്ടലുണ്ട്. സംഭവസ്ഥലത്തെത്തിയ ജില്ലാ പൊലീസ് മേധാവി എം.പി. മോഹനചന്ദ്രന്റെ നേതൃത്വത്തിലുള്ള സംഘം അന്വേഷണം ആരംഭിച്ചു. മോഷ്ടാവിന് നായയുടെ കടിയേറ്റതിനാല്‍ ചികിത്സ തേടാന്‍ സാധ്യതയുള്ള ആശുപത്രികള്‍ക്ക് പൊലീസ് വിവരം കൈമാറിയിട്ടുണ്ട്. സമീപത്തെ സിസിടിവി ദൃശ്യങ്ങള്‍ പരിശോധിച്ചെങ്കിലും വ്യക്തമായ ദൃശ്യങ്ങള്‍ ലഭിച്ചില്ല. വിരലടയാള വിദഗ്ധരും ഡോഗ് സ്‌ക്വാഡും സ്ഥലത്തെത്തി പരിശോധന നടത്തി.