കറാക്കസ്: വെനസ്വേലയുടെ വൈസ് പ്രസിഡന്റ് ഡെൽസി റോഡ്രിഗസിനെ രാജ്യത്തിന്റെ ഇടക്കാല പ്രസിഡന്റായി സുപ്രീംകോടതി നിയമിച്ചു. ഭരണഘടനയിലെ 233, 234 വകുപ്പുകൾ പ്രകാരമാണ് അധികാര കൈമാറ്റം. പ്രസിഡന്റിന്റെ അഭാവത്തിൽ എക്സിക്യൂട്ടീവ് അധികാരം വൈസ് പ്രസിഡന്റിനായിരിക്കുമെന്ന വ്യവസ്ഥയുടെ അടിസ്ഥാനത്തിലാണ് കോടതി നടപടി.
യു.എസ് നടത്തിയ കടന്നുകയറ്റത്തിനിടെ പ്രസിഡന്റ് നിക്കോളാസ് മദുറോയെയും ഭാര്യ സീലിയ ഫ്ലോറസിനെയും ബന്ദികളാക്കി ന്യൂയോർക്കിലേക്ക് കൊണ്ടുപോയ സാഹചര്യത്തിലാണ് സുപ്രീംകോടതിയുടെ ഇടപെടൽ. മദുറോ പിടിക്കപ്പെട്ടതിന് മണിക്കൂറുകൾക്കുള്ളിൽ തന്നെ ഡെൽസി റോഡ്രിഗസ് വെനസ്വേലയുടെ ദേശീയ പ്രതിരോധ കൗൺസിലിന്റെ യോഗത്തിൽ അധ്യക്ഷത വഹിച്ചതായി അന്താരാഷ്ട്ര മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു.
2018 മുതൽ മദുറോ മന്ത്രിസഭയിൽ വൈസ് പ്രസിഡന്റായി തുടരുന്ന ഡെൽസി റോഡ്രിഗസ്, പ്രസിഡന്റ് പരമ്പരയിലെ അടുത്ത സ്ഥാനത്തായിരുന്നു. രാജ്യത്തിന്റെ എണ്ണ അധിഷ്ഠിത സമ്പദ്‌വ്യവസ്ഥയും രഹസ്യാന്വേഷണ വിഭാഗങ്ങളും അവരുടെ മേൽനോട്ടത്തിലായിരുന്നു. വൈസ് പ്രസിഡന്റ് പദവിക്കൊപ്പം ധനകാര്യം, എണ്ണ വകുപ്പുകളുടെ മന്ത്രികൂടിയാണ് അവർ.
മദുറോ പിടിക്കപ്പെട്ടതിന് പിന്നാലെ ഡെൽസി റോഡ്രിഗസ് തനോടും സ്റ്റേറ്റ് സെക്രട്ടറി മാർക്കോ റൂബിയോയോടും സംസാരിച്ചതായും വാഷിങ്ടണുമായി സഹകരിക്കാൻ തയ്യാറാണെന്ന് അവർ സമ്മതിച്ചുവെന്നും യു.എസ് പ്രസിഡന്റ് ഡോണൾഡ് ട്രംപ് അവകാശപ്പെട്ടു. എന്നാൽ റോഡ്രിഗസിന്റെ ഔദ്യോഗിക പ്രസ്താവനകളിൽ വിട്ടുവീഴ്ചയുമായി ബന്ധപ്പെട്ട യാതൊരു സൂചനയും നൽകിയിട്ടില്ല.
വിദേശകാര്യ മന്ത്രിയായിരുന്ന കാലത്ത് ഐക്യരാഷ്ട്രസഭ ഉൾപ്പെടെയുള്ള അന്താരാഷ്ട്ര വേദികളിൽ വെനസ്വേലയെ പ്രതിനിധീകരിച്ച ഡെൽസി റോഡ്രിഗസ്, അമേരിക്കൻ നേതൃത്വത്തിൽ മറ്റ് രാജ്യങ്ങൾ വെനസ്വേലയെ ദുർബലപ്പെടുത്താൻ ശ്രമിക്കുന്നുവെന്ന് യു.എൻ പൊതുസഭയിൽ തുറന്നടിച്ചിരുന്നു. നിയമനിർമ്മാണം, വിദേശനയം, ആശയവിനിമയം, സാമ്പത്തികം തുടങ്ങിയ മേഖലകളിൽ രണ്ടു പതിറ്റാണ്ടിലേറെയായി അവർ പ്രവർത്തിച്ചു വരുന്നു.
1969 മേയ് 18ന് കറാക്കസിൽ ജനിച്ച ഡെൽസി റോഡ്രിഗസ്, 1970കളിൽ ലിഗ സോഷ്യലിസ്റ്റ് പാർട്ടി രൂപീകരിച്ച ഗറില്ല പോരാളിയായ ജോർജ്ജ് അന്റോണിയോ റോഡ്രിഗസിന്റെ മകളാണ്. സഹോദരൻ ജോർജ്ജ് റോഡ്രിഗസ് നിലവിൽ ദേശീയ അസംബ്ലിയുടെ പ്രസിഡന്റാണ്. 2013ൽ കമ്മ്യൂണിക്കേഷൻ ആൻഡ് ഇൻഫർമേഷൻ മന്ത്രിയായിരുന്ന അവർ 2014 മുതൽ 2017 വരെ വിദേശകാര്യ മന്ത്രിയായി സേവനമനുഷ്ഠിച്ചു. 2017–18 കാലത്ത് ദേശീയ ഭരണഘടനാ അസംബ്ലിയുടെ അധ്യക്ഷയുമായിരുന്നു. വെനസ്വേലയിലെ സെൻട്രൽ യൂണിവേഴ്സിറ്റിയിൽ നിന്ന് 1993ൽ ബിരുദം നേടി; വിദ്യാർത്ഥി പ്രസ്ഥാനങ്ങളിൽ സജീവമായിരുന്നു.
ഇതിനിടെ, ശനിയാഴ്ച കറാക്കസിലെ വിവിധ ഭാഗങ്ങളിൽ സർക്കാർ അനുകൂല റാലികൾ നടന്നു. പ്രതിഷേധക്കാർ അമേരിക്കൻ പതാകകൾ കത്തിക്കുകയും ചെയ്തു. എന്നാൽ യു.എസ് ആക്രമണ ഭീഷണി തുടരുന്നതിനാൽ രാജ്യത്ത് ഭീതിയുടെ അന്തരീക്ഷം നിലനിൽക്കുകയാണ്.