Connect with us

News

വിറ്റാമിന്‍ കുറവ് അവഗണിക്കരുത്; ശരീരം നല്‍കുന്ന ചില സൂചനകള്‍

ശരിയായ ഭക്ഷണക്രമത്തിലൂടെ പല പ്രശ്‌നങ്ങളും ഒരു പരിധിവരെ പരിഹരിക്കാന്‍ കഴിയും. ഇലക്കറികള്‍, പഴങ്ങള്‍, മുട്ട, പാല്‍ ഉല്‍പ്പന്നങ്ങള്‍, നട്‌സ് എന്നിവ ദൈനംദിന ഭക്ഷണത്തില്‍ ഉള്‍പ്പെടുത്തുന്നത് വിറ്റാമിന്‍ കുറവ് ഒഴിവാക്കാന്‍ സഹായിക്കും.

Published

on

തിരക്കേറിയ ജീവിതശൈലിയില്‍ സ്വന്തം ആരോഗ്യത്തെ അവഗണിക്കുന്നവരാണ് ഇന്ന് കൂടുതല്‍. എന്നാല്‍ ശരീരത്തിന് ആവശ്യമായ വിറ്റാമിനുകളും ധാതുക്കളും ലഭിക്കാതെ വരുമ്പോള്‍ ശരീരം തന്നെ ചില മുന്നറിയിപ്പുകള്‍ നല്‍കാന്‍ തുടങ്ങും. വിട്ടുമാറാത്ത ക്ഷീണം മുതല്‍ ചര്‍മ്മത്തിലും മുടിയിലുമുള്ള മാറ്റങ്ങള്‍ വരെ പലതും വിറ്റാമിന്‍ കുറവിന്റെ സൂചനകളാകാം. മതിയായ ഉറക്കം ലഭിച്ചിട്ടും പകല്‍ സമയങ്ങളില്‍ അമിതമായ ക്ഷീണവും തളര്‍ച്ചയും അനുഭവപ്പെടുന്നുണ്ടെങ്കില്‍ അത് വിറ്റാമിന്‍ ഡി, ബി12 അല്ലെങ്കില്‍ അയണ്‍ എന്നിവയുടെ കുറവാകാന്‍ സാധ്യതയുണ്ട്. ശരീരത്തിന് ആവശ്യമായ ഊര്‍ജം ലഭിക്കാത്തതാണ് ഇതിന് കാരണം. അതുപോലെ തന്നെ കാരണമില്ലാതെ ദേഷ്യം വരിക, മൂഡ് സ്വിങ്‌സ് ഉണ്ടാകുക, വിഷാദാവസ്ഥ അനുഭവപ്പെടുക എന്നിവയും വിറ്റാമിന്‍ ഡിയുടെ അഭാവവുമായി ബന്ധപ്പെട്ടിരിക്കും.

സൂര്യപ്രകാശത്തില്‍ നിന്ന് ലഭിക്കുന്ന ഈ വിറ്റാമിന്‍ തലച്ചോറിന്റെ പ്രവര്‍ത്തനങ്ങളെ നിയന്ത്രിക്കുന്നതില്‍ നിര്‍ണായക പങ്ക് വഹിക്കുന്നു. ചര്‍മ്മം അമിതമായി വരണ്ടുപോകുക, മുടിയുടെ തിളക്കം നഷ്ടപ്പെടുക, മുടി കൊഴിച്ചില്‍ വര്‍ധിക്കുക, അകാല നര ഉണ്ടാകുക എന്നിവയും വിറ്റാമിന്‍ കുറവിന്റെ ലക്ഷണങ്ങളാണ്. പ്രത്യേകിച്ച് വിറ്റാമിന്‍ എ, സി, ഇ എന്നിവയുടെ കുറവ് ചര്‍മ്മാരോഗ്യത്തെ ബാധിക്കും. കൊളാജന്‍ നിര്‍മ്മാണത്തിന് അത്യാവശ്യമായ വിറ്റാമിന്‍ സി കുറഞ്ഞാല്‍ ചര്‍മ്മത്തിന്റെ ആരോഗ്യം ദുര്‍ബലമാകും. മുടിയിലെ മാറ്റങ്ങള്‍ വിറ്റാമിന്‍ ബി12ന്റെ കുറവിനെയും സൂചിപ്പിക്കാറുണ്ട്. കഠിനമായ വ്യായാമത്തിന് ശേഷം പേശികള്‍ക്ക് സുഖപ്പെടാന്‍ കൂടുതല്‍ സമയം എടുക്കുന്നതും പേശിവേദന തുടര്‍ന്നുനില്‍ക്കുന്നതും വിറ്റാമിന്‍ ഡി, ബി12 എന്നിവയുടെ അഭാവം മൂലമാകാം.

അതേസമയം ചെറിയ മുറിവുകള്‍ പോലും ഉണങ്ങാന്‍ താമസിക്കുന്നുണ്ടെങ്കില്‍ അത് വിറ്റാമിന്‍ സിയുടെ കുറവാകാനുള്ള സാധ്യതയും നിഷേധിക്കാനാവില്ല. നഖങ്ങള്‍ എളുപ്പത്തില്‍ പൊട്ടിപ്പോകുക, വിള്ളലുകള്‍ രൂപപ്പെടുക തുടങ്ങിയവ വിറ്റാമിന്‍ ബി7 (ബയോട്ടിന്‍), അയണ്‍ എന്നിവയുടെ കുറവിന്റെ പ്രധാന ലക്ഷണങ്ങളാണ്. നഖങ്ങളുടെ ആരോഗ്യം നിലനിര്‍ത്താന്‍ മാംസം, മുട്ട, പച്ചക്കറികള്‍ എന്നിവ ഭക്ഷണത്തില്‍ ഉള്‍പ്പെടുത്തേണ്ടത് അത്യാവശ്യമാണ്. കൂടാതെ പെട്ടെന്ന് തണുപ്പോ പനിയോ പിടിപെടുന്നത്, ചെറിയ രോഗങ്ങള്‍ പോലും ആവര്‍ത്തിക്കുന്നത് എന്നിവ ശരീരത്തിന്റെ രോഗപ്രതിരോധ ശേഷി കുറഞ്ഞതിന്റെ സൂചനകളാണ്. വിറ്റാമിന്‍ സി, ഡി എന്നിവയുടെ കുറവാണ് പലപ്പോഴും ഇതിന് കാരണം. വായ്പുണ്ണ് പതിവായി ഉണ്ടാകുക, ചുണ്ടിന്റെ വശങ്ങളില്‍ വിള്ളലുകള്‍ രൂപപ്പെടുക എന്നിവയും വിറ്റാമിന്‍ ബി ഗ്രൂപ്പിന്റെയും അയണിന്റെയും കുറവിനെ സൂചിപ്പിക്കുന്നു. ശരിയായ രീതിയില്‍ വെള്ളം കുടിക്കാത്തതും ഈ പ്രശ്‌നങ്ങള്‍ വര്‍ധിപ്പിക്കാം. ഈ ലക്ഷണങ്ങളെ ഒരിക്കലും അവഗണിക്കരുതെന്നാണ് ആരോഗ്യ വിദഗ്ധരുടെ മുന്നറിയിപ്പ്.

ശരിയായ ഭക്ഷണക്രമത്തിലൂടെ പല പ്രശ്‌നങ്ങളും ഒരു പരിധിവരെ പരിഹരിക്കാന്‍ കഴിയും. ഇലക്കറികള്‍, പഴങ്ങള്‍, മുട്ട, പാല്‍ ഉല്‍പ്പന്നങ്ങള്‍, നട്‌സ് എന്നിവ ദൈനംദിന ഭക്ഷണത്തില്‍ ഉള്‍പ്പെടുത്തുന്നത് വിറ്റാമിന്‍ കുറവ് ഒഴിവാക്കാന്‍ സഹായിക്കും. ദിവസവും കുറച്ചുസമയം വെയില്‍ കൊള്ളുന്നത് വിറ്റാമിന്‍ ഡി ലഭിക്കാന്‍ ഗുണകരമാണ്. വിറ്റാമിനുകള്‍ ധാരാളമായി അടങ്ങിയിരിക്കുന്ന ഭക്ഷണങ്ങളില്‍ പ്രധാന സ്ഥാനമാണ് മുട്ടയ്ക്ക്. വിറ്റാമിന്‍ ബി12 സമൃദ്ധമായി അടങ്ങിയിരിക്കുന്ന മുട്ട പ്രോട്ടീനുകളുടെ കലവറ കൂടിയാണ്. വിറ്റാമിന്‍ എ, ബി5, ബി6, ബി12, ഡി, ഇ, കെ, ഫോളേറ്റ്, ഫോസ്ഫറസ്, കാല്‍സ്യം, സിങ്ക് തുടങ്ങിയവ അടങ്ങിയ മുട്ട രോഗപ്രതിരോധശേഷി വര്‍ധിപ്പിക്കാന്‍ സഹായിക്കും. മുട്ടയില്‍ ഉള്ള കോളിന്‍ എന്ന പോഷകം തലച്ചോറിന്റെ വികസനത്തിനും ഓര്‍മ്മശക്തി വര്‍ധിപ്പിക്കുന്നതിനും ഗുണകരമാണ്. സള്‍ഫര്‍ സമൃദ്ധമായ ഭക്ഷണമായതിനാല്‍ എല്ലുകളുടെ ആരോഗ്യത്തിനും മുട്ട ഡയറ്റില്‍ ഉള്‍പ്പെടുത്തുന്നത് നല്ലതാണ്.

പാല്‍ ഉല്‍പ്പന്നങ്ങളിലും വിറ്റാമിന്‍ ബി12 അടങ്ങിയിട്ടുണ്ട്. യോഗര്‍ട്ട്, ചീസ് തുടങ്ങിയവ കഴിക്കുന്നത് ഇതിന്റെ അഭാവം പരിഹരിക്കാന്‍ സഹായിക്കും. മത്സ്യം ഭക്ഷണത്തില്‍ ഉള്‍പ്പെടുത്തുന്നതും വിറ്റാമിന്‍ ബി12 ലഭിക്കാന്‍ ഗുണകരമാണ്. എന്നാല്‍ ഈ ലക്ഷണങ്ങള്‍ തുടര്‍ന്നുനില്‍ക്കുകയാണെങ്കില്‍ സ്വയം ചികിത്സയ്ക്ക് മുതിരാതെ ഡോക്ടറെ സമീപിക്കണമെന്ന് ആരോഗ്യ വിദഗ്ധര്‍ മുന്നറിയിപ്പ് നല്‍കുന്നു. രക്തപരിശോധനയിലൂടെ ശരീരത്തില്‍ ഏത് വിറ്റാമിനാണ് കുറവെന്ന് കണ്ടെത്തി കൃത്യമായ ചികിത്സ തേടുന്നതാണ് ഏറ്റവും സുരക്ഷിതമായ മാര്‍ഗം.
(ശ്രദ്ധിക്കുക: ആരോഗ്യ വിദഗ്ധന്റെയോ ന്യൂട്രീഷനിസ്റ്റിന്റെയോ ഉപദേശം തേടിയ ശേഷം മാത്രം ഭക്ഷണക്രമത്തില്‍ മാറ്റം വരുത്തുക.)

kerala

‘ശ്രീനിയുമായി 43 കൊല്ലം നീണ്ട സൗഹൃദം,നഷ്ടപ്പെട്ടത് എന്റെ ധൈര്യം’ -മുകേഷ്

മമ്മൂക്കയുടെ അടുത്ത്‌ ഞങ്ങള്‍ ഒരുമിച്ചാണ് കഥ പറഞ്ഞത്. അദ്ദേഹം പൈസ വാങ്ങാതെ അഭിനയിച്ചു.

Published

on

എറണാംകുളം: നടന്‍ ശ്രീനിവാസന്റെ വിയോഗത്തില്‍ അനുശോചിച്ച് നടനും എംഎല്‍എയുമായ മുകേഷ്. ശ്രീനിവാസനുമായി 43 കൊല്ലം നീണ്ട സൗഹൃദം. ഞാനും ശ്രീനിയും ഒരുപാട് സിനിമയില്‍ അഭിനയിച്ചു. അദ്ദേഹത്തെ കുറിച്ച് പറയണമെന്ന ഒരു സാഹചര്യം വേണമെന്ന് എന്ന് ആഗ്രഹിച്ചിരുന്നു. അത് ഇങ്ങനെ ഒരു സാഹചര്യത്തില്‍ ആയെന്നത് ദുഖകരം. അദ്ദേഹം ചിരിക്കുന്നത് പോലും എന്‍ജോയ് ചെയ്താണ് എന്നദ്ദേഹം പറഞ്ഞു.

ഇതുവരെ സൗഹൃദത്തില്‍ ഒരു നീരസവും ഉണ്ടായിട്ടില്ല. എല്ലാം വെട്ടിത്തുറന്ന് പറയുന്ന സ്വഭാവമാണ് അദ്ദേഹത്തിന്. നല്ല കഥയ്ക്ക് വേണ്ടി ഒരുവിട്ടുവീഴ്ച്ചയും ചെയ്യില്ല. ഓടരുതമ്മാവാ ആളറിയാം എന്ന സിനിമയില്‍ ശ്രീനി എനിക്ക് വേണ്ടി ഫൈറ്റ് ചെയ്തിരുന്നു. ഓര്‍ക്കാന്‍ നിരവധി കാര്യങ്ങള്‍ ഉണ്ട്. ഞങ്ങള്‍ ഒരുമിച്ച് നിര്‍മിച്ച ചിത്രമാണ് ‘കഥ പറയുമ്പോള്‍’ സൗഹൃദത്തിന്റെ സന്ദേശം കൊടുത്ത കഥയാണ്.

മമ്മൂക്കയുടെ അടുത്ത്‌ ഞങ്ങള്‍ ഒരുമിച്ചാണ് കഥ പറഞ്ഞത്. അദ്ദേഹം പൈസ വാങ്ങാതെ അഭിനയിച്ചു. രണ്ടു ദിവസം മുന്‍പേയും ശ്രീനിവാസന്‍ വിളിച്ചിരുന്നു. ഇന്ന് രാവിലെ ഇത് കേള്‍ക്കുമ്പോള്‍ ഇത് തീരാ നഷ്ടമാണ്. ഒരുപാട് ഓര്‍മ്മകള്‍ തന്നിട്ട് വിട വാങ്ങിയെന്നും മുകേഷ് അനുശോചിച്ചു.

 

Continue Reading

kerala

സ്നേഹത്തോടെ ഉപദേശിക്കാനും പരിഭവം തോന്നാത്തവിധം വഴക്കു പറയാനും ഇനി ശ്രീനിയേട്ടന്‍ ഇല്ല’; ദിലീപ്

എന്നും ഹൃദയത്തോട് ചേര്‍ത്ത് നിര്‍ത്തിയയാള്‍,മലയാള സിനിമയില്‍ ശ്രീനിയേട്ടന്റെ സാന്നിധ്യം ഇല്ലാത്ത ശൂന്യത വളരെ വലുതായിരിക്കുമെന്ന് അദ്ദേഹം പറഞ്ഞു.

Published

on

നടന്‍ ശ്രീനിവാസന്റെ വിയോഗത്തില്‍ അനുശോചിച്ച് ദിലീപ്. സ്നേഹത്തോടെ ഉപദേശിക്കാനും പരിഭവം തോന്നാത്തവിധം വഴക്കു പറയാനും ഇനി ശ്രീനിയേട്ടന്‍ ഇല്ലയെന്ന് ദിലീപ് ഫെയ്ബുക്കില്‍ കുറിച്ചു. എന്നും ഹൃദയത്തോട് ചേര്‍ത്ത് നിര്‍ത്തിയയാള്‍,മലയാള സിനിമയില്‍ ശ്രീനിയേട്ടന്റെ സാന്നിധ്യം ഇല്ലാത്ത ശൂന്യത വളരെ വലുതായിരിക്കുമെന്ന് അദ്ദേഹം പറഞ്ഞു.

പ്രിയപ്പെട്ട ശ്രീനിയേട്ടന് വിട,

സ്‌നേഹത്തോടെ ഉപദേശിക്കാനും, പരിഭവം തോന്നാത്തവിധം വഴക്ക് പറയാനും ഇനി ശ്രീനിയേട്ടന്‍ ഇല്ല. എന്നും ഹൃദയത്തോട് ചേര്‍ത്ത് നിര്‍ത്തിയ ഒരാള്‍ ഇനി ഇല്ല എന്നറിയുമ്പോള്‍ വാക്കുകള്‍ മുറിയുന്നു…. സ്വന്തം പ്രവര്‍ത്തന മേഖലയില്‍ ഇത്രയേറെ മികവ് തെളിയിച്ച മറ്റൊരാള്‍ ഉണ്ടോ എന്ന് തന്നെ സംശയം. എന്റെ ജീവിതത്തിലും, മലയാള സിനിമയിലും ശ്രീനിയേട്ടന്റെ സാന്നിധ്യം ഇല്ലാത്ത ശൂന്യത വളരെ വലുതായിരിക്കും.ആദരാഞ്ജലികള്‍’- ദിലീപ് കുറിച്ചു.

 

Continue Reading

Film

‘തൊട്ടതെല്ലാം പൊന്നാക്കിയ ബഹുമുഖ പ്രതിഭ’: ശ്രീനിവാസന്റെ നിര്യാണത്തില്‍ വി.ഡി. സതീശന്‍

വലിയ ലോകത്തെ ചെറിയ മനുഷ്യരുടെ ജീവിതവും ചെറിയ ലോകത്തെ വലിയ മനുഷ്യരുടെ ജീവിതവും അസാധാരണമായ ശൈലിയില്‍ പകര്‍ത്തി എഴുതിയ അതുല്യ കലാകാരനായിരുന്നു ശ്രീനിവാസനെന്ന് അദ്ദേഹം പറഞ്ഞു.

Published

on

കോഴിക്കോട്: നടനും തിരക്കഥാകൃത്തും സംവിധായകനുമായ ശ്രീനിവാസന്റെ നിര്യാണത്തില്‍ അനുശോചിച്ച് പ്രതിപക്ഷ നേതാവ് വി.ഡി. സതീശന്‍. വലിയ ലോകത്തെ ചെറിയ മനുഷ്യരുടെ ജീവിതവും ചെറിയ ലോകത്തെ വലിയ മനുഷ്യരുടെ ജീവിതവും അസാധാരണമായ ശൈലിയില്‍ പകര്‍ത്തി എഴുതിയ അതുല്യ കലാകാരനായിരുന്നു ശ്രീനിവാസനെന്ന് അദ്ദേഹം പറഞ്ഞു.

മലയാള സിനിമയില്‍ തൊട്ടതെല്ലാം പൊന്നാക്കിയ ബഹുമുഖ പ്രതിഭയായിരുന്നു ശ്രീനിവാസന്‍. അഞ്ച് പതിറ്റാണ്ട് നീണ്ട സിനിമാ ജീവിതം മറ്റാര്‍ക്കും എത്തിപ്പിടിക്കാന്‍ കഴിയാത്ത നേട്ടങ്ങളോടെയാണ് അവസാനിക്കുന്നതെന്നും, അതാണ് അദ്ദേഹത്തിന്റെ എഴുത്തിന്റെ ആഴവും അഭിനയത്തിന്റെ പരപ്പും തെളിയിക്കുന്നതെന്നും വി.ഡി. സതീശന്‍ അഭിപ്രായപ്പെട്ടു.

പ്രിയദര്‍ശന്‍ സംവിധാനം ചെയ്ത ചതിയാണ് തന്നെ തിരക്കഥാകൃത്താക്കിയതെന്ന് ശ്രീനിവാസന്‍ പതിവ് ശൈലിയില്‍ സരസമായി പറഞ്ഞിരുന്നുവെങ്കിലും, അത് മലയാള സിനിമയുടെ ഭാഗ്യമായിരുന്നെന്ന് കാലം തെളിയിച്ചുവെന്ന് അദ്ദേഹം പറഞ്ഞു. ഊതി കാച്ചിയെടുത്ത പൊന്നുപോലെ ശ്രീനിവാസന്‍ എഴുതിയതും അഭിനയിച്ച് ഫലിപ്പിച്ചതുമായ കഥാപാത്രങ്ങള്‍ മലയാളി സമൂഹത്തോട് ചേര്‍ന്ന് നില്‍ക്കുന്നവരായിരുന്നു. അതുവരെ നിലനിന്നിരുന്ന നായക സങ്കല്‍പ്പത്തെ പൊളിച്ചെഴുതിയ കഥാപാത്രങ്ങളായതിനാലാണ് അവ കാലാതിവര്‍ത്തികളായതെന്നും, തലയണമന്ത്രം, വടക്കുനോക്കിയന്ത്രം, ചിന്താവിഷ്ടയായ ശ്യാമള തുടങ്ങിയ ചിത്രങ്ങള്‍ ക്ലാസിക്കുകളായി മാറിയതെന്നും അദ്ദേഹം പറഞ്ഞു.

അസാധാരണ മനക്കരുത്തിന്റെയും പോരാട്ടവീര്യത്തിന്റെയും പ്രതീകമായിരുന്നു ശ്രീനിവാസന്‍. ഒരു ശരാശരി മലയാളിയുടെ ജീവിതത്തിന്റെ വിവിധ തലങ്ങള്‍ ഹൃദയസ്പര്‍ശിയായി അദ്ദേഹം എഴുതുകയും അഭിനയിച്ച് ഫലിപ്പിക്കുകയും ചെയ്തു. പ്രണയവും വിരഹവും നിസഹായതയും സൗഹൃദവും നിശിതമായ ആക്ഷേപഹാസ്യവും അപ്രിയ സത്യങ്ങളും നിറഞ്ഞ അദ്ദേഹത്തിന്റെ സൃഷ്ടികള്‍ കേരള സമൂഹത്തിന് വലിയ സന്ദേശങ്ങളാണ് നല്‍കിയതെന്നും വി.ഡി. സതീശന്‍ പറഞ്ഞു.

”ശ്രീനിവാസന്‍ എഴുതിയതും പറഞ്ഞതും തിരശീലയില്‍ കാണിച്ചതും ഒരു ദിവസം ഒരിക്കലെങ്കിലും ഓര്‍ക്കാത്ത മലയാളിയുണ്ടാകില്ല. ദേശപ്രായജാതിമതരാഷ്ട്രീയ വ്യത്യാസങ്ങളില്ലാതെ എല്ലാവരെയും സ്പര്‍ശിച്ച പ്രതിഭയായിരുന്നു അദ്ദേഹം. എറണാകുളത്ത് മടങ്ങിയെത്തുമ്പോള്‍ നേരില്‍ കാണണമെന്ന് കരുതിയതാണ്. അതിന് കാത്തുനില്‍ക്കാതെ ശ്രീനിയേട്ടന്‍ പോയി,” അദ്ദേഹം അനുശോചന സന്ദേശത്തില്‍ പറഞ്ഞു.

നടനും തിരക്കഥാകൃത്തും സംവിധായകനുമായ ശ്രീനിവാസന്‍ ഇന്ന് രാവിലെയാണ് അന്തരിച്ചത്. തൃപ്പൂണിത്തുറ താലൂക്ക് ആശുപത്രിയില്‍ വെച്ചായിരുന്നു അന്ത്യം. അസുഖം മൂര്‍ഛിച്ചതിനെ തുടര്‍ന്ന് രാവിലെ ആശുപത്രിയില്‍ എത്തിക്കുകയായിരുന്നു. കണ്ണൂര്‍ സ്വദേശിയായ ശ്രീനിവാസന്‍ കൊച്ചി ഉദയംപേരൂരിലായിരുന്നു താമസം.

 

Continue Reading

Trending