ഇന്ത്യാമഹാരാജ്യത്തിന്റെ അഭിമാന സ്തംഭങ്ങളിലൊന്നായ അഭിപ്രായ പ്രകടന സ്വാതന്ത്ര്യം അഭൂതപൂര്‍വമായ ആപത്ഘട്ടത്തെ അഭിമുഖീകരിക്കുകയാണെന്ന് സുതരാം വ്യക്തമാക്കുന്നതാണ് കഴിഞ്ഞദിവസം രാജ്യത്തെ പ്രമുഖ മനുഷ്യാവകാശപ്രവര്‍ത്തകരെയും മാധ്യമ പ്രവര്‍ത്തകരെയും പ്രത്യേകിച്ചൊരു കാരണവുമില്ലാതെ തുറുങ്കിലടക്കാന്‍ കാട്ടിയ ഭരണകൂട ഭീകരത. മഹാരാഷ്ട്ര, ഡല്‍ഹി, ഹരിയാന സംസ്ഥാനങ്ങളിലെ അഞ്ച് നഗരങ്ങളില്‍ നിന്നാണ് പ്രമുഖരുടെ വീടുകളിലേക്ക് പൊലീസ് അസമയത്ത് കടന്നുചെന്ന് കസ്റ്റഡിയിലെടുത്തത്. മുംബൈയില്‍ നിന്ന് വെര്‍ണന്‍ ഗോണ്‍സാല്‍വസ്, അരുണ്‍ ഫെരേര, ഡല്‍ഹിയില്‍നിന്ന് ഗൗതം നവലാഖ, ഫരീദാബാദില്‍നിന്ന് സുധഭരദ്വാജ്, പ്രമുഖ തെലുങ്കു കവി എഴുപത്തെട്ടുകാരനായ വരവരറാവു എന്നിവരെയാണ് സംസ്ഥാന പൊലീസ് കേന്ദ്ര സര്‍ക്കാരിന്റെ നിര്‍ദേശപ്രകാരം കസ്റ്റഡിയിലെടുത്തിരിക്കുന്നത്. ഇവരെ യു.എ.പി.എ കരിനിയമം ചുമത്തി കോടതികളില്‍ ഹാജരാക്കിയെങ്കിലും പലരുടെയും കാര്യത്തില്‍ പൊലീസിന് വ്യക്തമായ കാരണം ബോധിപ്പിക്കാന്‍ കഴിയാത്തതിനാല്‍ കോടതി റിമാന്‍ഡ് തടഞ്ഞിരിക്കുകയാണ്. ഈ വര്‍ഷം ജനുവരി ഒന്നിന് പൂനെയിലെ ഭീമകൊരേഗാവിലുണ്ടായ ദലിത്-മറാത്ത കലാപത്തിന് പ്രേരകമായവരെന്ന നിലക്കായിരുന്നു അറസ്റ്റ്. ഇന്നലെ പ്രതികള്‍ക്കുവേണ്ടി നല്‍കിയ ഹര്‍ജി പ്രകാരം അഞ്ചു പേരെയും സെപ്തംബര്‍ ആറുവരെ അവരവരുടെ വീടുകളില്‍ തടങ്കലില്‍വെക്കാന്‍ സുപ്രീംകോടതി ഉത്തരവിട്ടിരിക്കുകയാണ്. കേന്ദ്ര സര്‍ക്കാരിന് കിട്ടിയ കനത്ത തിരിച്ചടിയാണീ വിധി. എഴുത്തുകാരി അരുന്ധതി റോയി വിശേഷിപ്പിച്ചതുപോലെ ഇത് കേന്ദ്രത്തിലെ മോദി ഭരണകൂടത്തിന്റെ കസേരക്കുകീഴിലെ മണ്ണിളകിയിരിക്കുന്നുവെന്നതിന്റെ പ്രത്യക്ഷമായ ഉദാഹരണമാണ്. രാജ്യത്തെ എല്ലാ ബുദ്ധിജീവികളെയും തുറുങ്കിലിലടക്കൂ എന്ന കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ഗാന്ധിയുടെ പരിഹാസത്തില്‍ രാജ്യത്തെ ജനതയയുടെ ഭീതിയാണ് പ്രതിഫലിപ്പിച്ചിരിക്കുന്നത്.

അറസ്റ്റിനു പുറമെ ഹൈദരാബാദിലെ വരവരറാവുവിന്റെ മകളുടെയും മരുമകന്‍ കുര്‍മിനാഥ് സത്യനാരായണയുടെയും, മുംബൈയില്‍ സൂസണ്‍ എബ്രഹാമിന്റെയും ഝാര്‍ഖണ്ഡിലെ ഫാ. സ്റ്റാന്‍ സ്വാമിയുടെയും ഗോവയില്‍ പ്രകാശ് അംബേദ്കറുടെ ബന്ധു ആനന്ദ് തെല്‍ബുംതെയുടെയും വസതികളിലും ഏതാണ്ട് ഒരേസമയം പൊലീസ് മണിക്കൂറുകള്‍ റെയ്ഡ് നടത്തുകയുമുണ്ടായി. സംഭവത്തെ അപലപിച്ച് ആംനസ്റ്റിയും ഓക്‌സ്ഫാമും രംഗത്തെത്തിയിട്ടുണ്ട്. സ്വാമി അഗ്നിവേശ്, അരുന്ധതി റോയ്, ഡോ. അംബേദ്കറുടെ പൗത്രന്‍ പ്രകാശ് അംബേദ്കര്‍, ടീസ്്റ്റ സെതല്‍വാദ്, ഹരീഷ് അയ്യര്‍, ശബ്‌നം ഹാഷ്മി, അഡ്മിറല്‍ രാംദാസ്, ജിഗ്നേഷ്‌മേവാനി തുടങ്ങിയവര്‍ സംയുക്ത പ്രസ്താവന നടത്തി. ഇത്രയും ഹീനമായതും ജനാധിപത്യത്തെ അപഹസിക്കുന്നതുമായ നടപടിക്കും നീക്കത്തിനും കേന്ദ്ര സര്‍ക്കാര്‍ മുന്നിട്ടിറങ്ങിയതിന്റെ കാരണം വിമര്‍ശനത്തെയും ധൈഷണികതയെയും ഭരണകൂടം ആകമാനം ഭയപ്പെടുന്നുവെന്നതാണ്. വരാനിരിക്കുന്ന ലോക്‌സഭാ ബലപരീക്ഷണത്തിന്റെ നാളുകളില്‍ ബി.ജെ.പിയുടെ ജനപിന്തുണക്ക് തടയിടാന്‍ പൗരാവകാശ പ്രവര്‍ത്തകര്‍ പരിശ്രമിക്കുന്നുവെന്ന് തിരിച്ചറിഞ്ഞാണ് ഈ ഭരണകൂട നടപടികള്‍. ദിവസങ്ങള്‍ക്കുമുമ്പ് മതേതര ചിന്തകന്‍ സ്വാമി അഗ്നിവേശിനെയും ജെ.എന്‍.യു വിദ്യാര്‍ത്ഥി നേതാവ് ഉമര്‍ ഖാലിദിനെയും വധിക്കാന്‍ ശ്രമിച്ചവര്‍ക്ക് പിന്തിരിയേണ്ടിവന്നതിനാലാകണം ഭരണകൂടത്തിന്റെ പിന്തുണയോടെയുള്ള ഈ കാളക്കൂറ്റപ്രകടനം. തന്നെ നടുറോഡിലിട്ട് മര്‍ദിച്ചവര്‍ക്കു പിന്നില്‍ പ്രധാനമന്ത്രി നരേന്ദ്രമോദിയും ബി.ജെ.പി അധ്യക്ഷന്‍ അമിത്ഷായുമാണെന്ന്് സ്വാമി അഗ്നിവേശ് പറയുകയുണ്ടായി. മോദി ഭരണത്തിന്റെ തെറ്റുകളെ വിമര്‍ശിച്ചതിന്റെ പേരില്‍ കേരളത്തില്‍ എം.ടിക്കും കമലിനും ഹരീഷിനും മറ്റും നേരിടേണ്ടിവന്ന ഭീഷണിയും പരിഹാസവും നാം മറന്നിട്ടില്ല. ഇതൊരു കിരാതമായ അവസ്ഥ തന്നെയാണ്. സോക്രട്ടീസിനെയും കോപ്പര്‍നിക്കസിനെയും പോലെ സത്യം വിളിച്ചുപറഞ്ഞതിന് രാഷ്ട്രപിതാവിനെപോലും തോക്കിനിരയാക്കിയ ലജ്ജാകരമായ ചരിത്ര പശ്ചാത്തലമുണ്ട് ഇന്ത്യന്‍ ഹിന്ദുത്വ തീവ്രവാദത്തിന്. ഗാന്ധിജിയുടെ ഭാഷയില്‍ ഭീരുത്വമാണിത്. ഒരു ചിന്തകനെ കൊലപ്പെടുത്തിയാല്‍ ആ ചിന്താധാര മരിക്കുന്നില്ലെന്നും അത്തരം ചിന്തകള്‍ക്ക് പൂര്‍വാധികം വേരോട്ടം ലഭിക്കുമെന്നുമുള്ള ബുദ്ധി ഇക്കൂട്ടര്‍ക്ക് ഉണ്ടാകുന്നേയില്ല. ലോകത്ത് ജനാധിപത്യത്തിന്റെയും സ്വതന്ത്ര ചിന്തയുടെയും കളിത്തൊട്ടിലായാണ് ഇന്ത്യ അഭിമാനത്തോടെ തലയുയര്‍ത്തിനില്‍ക്കുന്നത്. നിര്‍ഭാഗ്യത്തിന്, അതിന് നേര്‍വിപരീതമായ പ്രവര്‍ത്തനങ്ങളാണ് കഴിഞ്ഞ ഏതാനും കൊല്ലമായി രാജ്യത്ത്, വിശിഷ്യാ ഹിന്ദി-പശുബെല്‍റ്റിലാകെ അരങ്ങേറിക്കൊണ്ടിരിക്കുന്നതെന്നത് ലജ്ജാവഹമായ യാഥാര്‍ത്ഥ്യമാണ്. ഇന്നലെ സ്വാതന്ത്ര്യദാഹികളും ഗാന്ധിയന്മാരുമാണെങ്കില്‍, ഇന്ന് മത ന്യൂനപക്ഷങ്ങളും ദലിതുകളും എഴുത്തുകാരുമാണ് ഹിന്ദുത്വ വര്‍ഗീയതയുടെ കൊലക്കത്തിക്ക് ഇരയാകുന്നത്. ഈ കുടിലതക്ക് ഉടനടി തടയിട്ടില്ലെങ്കില്‍ അത് ആര്‍.എസ്.എസ്സുകാരൊഴികെയുള്ള എല്ലാവരും എന്ന നിലയിലേക്ക് വഴിമാറുന്ന കാലം വിദൂരമല്ല.
നവലാഖയുടെ അറസ്റ്റിനുകാരണം ആരാഞ്ഞ ഡല്‍ഹി ഹൈക്കോടതിയോട് കൈ മലര്‍ത്തിയ പൊലീസിലൂടെ വ്യക്തമാകുന്നത് മുകളില്‍ നിന്നുള്ള നിര്‍ദേശം അറസ്റ്റിനു പിന്നിലുണ്ടെന്നാണ്. ഇദ്ദേഹത്തിനെതിരായ വാറണ്ട് തനി മറാത്തിയിലായിരുന്നു. വരവരറാവുവിനെ രാത്രി ചെന്ന് അറസ്റ്റ് ചെയ്യുന്നത് പേരു വെളിപ്പെടുത്താത്ത സാധാരണ വേഷത്തിലുള്ള ചിലരായിരുന്നു. കര്‍ണാടകയിലെ മാധ്യമ പ്രവര്‍ത്തക ഗൗരിലങ്കേഷിനെയും എം.എം കല്‍ബുര്‍ഗിയെയും മഹാരാഷ്ട്രയിലെ ഗോവിന്ദ് പന്‍സാരെയും ധാബോല്‍ക്കറെയും മറ്റും കൊലപ്പെടുത്തിയ കാവിക്കരങ്ങള്‍ തന്നെയാണ് കാക്കിയുടെ രൂപത്തില്‍ ഇവിടെ പുനര്‍ജനിച്ചിരിക്കുന്നത്. അങ്ങനെയല്ലെങ്കില്‍, ദലിത്-മറാഠാ കലാപക്കേസിലെ വിവരം ശേഖരിക്കാനാണെന്ന് ആദ്യം പറയുകയും പിന്നീട് ഗൗരവം കൂട്ടാനായി പ്രധാനമന്ത്രിയെ വധിക്കാന്‍ പദ്ധതിയിട്ടതിനാലാണെന്ന് മാറ്റിപ്പറയുകയും ചെയ്യേണ്ടിവരുമായിരുന്നില്ല അന്വേഷണ ഏജന്‍സികള്‍ക്ക്. ബുദ്ധിജീവികളെ ഉന്മൂലനം ചെയ്യണമെന്ന് പരസ്യമായി ആവശ്യപ്പെട്ട കര്‍ണാടക എം.എല്‍.എയെയും പശു സംരക്ഷക കശ്മലന്മാരെയും പൂമാലയിട്ട് സ്വീകരിക്കുന്നവരാണ് രാജ്യത്തെ ഹിന്ദു രാഷ്ട്രമായി പ്രഖ്യാപിക്കണമെന്ന് ആവശ്യപ്പെടുന്നതും. ഇത്തരക്കാരെ ബുദ്ധിജീവകളും എഴുത്തുകാരും മാത്രമല്ല, സാമാന്യജനം പോലും കൈക്കില തൊടാതെ ചവറുകൂനയിലേക്ക് വലിച്ചെറിയുന്നതിന്റെ കാരണം തിരിച്ചറിയാനുള്ള ബുദ്ധിയെങ്കിലും ബി.ജെ.പി-ആര്‍.എസ്.എസ് നേതൃത്വത്തിന് സാമാന്യമായെങ്കിലും ഉണ്ടാവണം.