india
മറുപടി നല്കാന് ഭരണാധികാരികള്‍ക്ക് ബാധ്യതയുണ്ട്: വാര്‍ത്താസമ്മേളനങ്ങളില്‍ പങ്കെടുക്കാത്തതില്‍ പ്രധാനമന്ത്രിക്കെതിരെ രൂക്ഷവിമര്‍ശനവുമായി എഡിറ്റേഴ്സ് ഗില്‍ഡ്
സോഷ്യല്‍ മീഡിയ വഴിയുള്ള ഏകപക്ഷീയമായ ആശയവിനിമയങ്ങള്‍ ഒരിക്കലും സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തിന് പകരമാകില്ല.’ – എഡിറ്റേഴ്സ് ഗില്‍ഡ്
പ്രധാനമന്ത്രി നരേന്ദ്ര മോദി മുന്‍കൂട്ടി നിശ്ചയിക്കാത്ത വാര്‍ത്താസമ്മേളനങ്ങളില്‍ നിന്ന് ബോധപൂര്‍വ്വം വിട്ടുനില്‍ക്കുന്നതിനെ ന്യായീകരിച്ച വിദേശകാര്യ മന്ത്രാലയത്തിന് എഡിറ്റേഴ്സ് ഗില്‍ഡ് ഓഫ് ഇന്ത്യയുടെ കടുത്ത വിമര്‍ശനം. മന്ത്രാലയത്തിലെ മുതിര്‍ന്ന ഉദ്യോഗസ്ഥന് ഉന്നയിച്ച വാദങ്ങള്‍ അങ്ങേയറ്റം ബാലിശവും ജനാധിപത്യ വിരുദ്ധവുമാണെന്ന് എഡിറ്റേഴ്സ് ഗില്‍ഡ് പ്രസ്താവനയില്‍ കുറ്റപ്പെടുത്തി.
പ്രധാനമന്ത്രിയുടെ ന്യൂസിലന്‍ഡ് സന്ദര്‍ശന വേളയില്‍ നടന്ന വാര്‍ത്താസമ്മേളനത്തിലാണ് വിവാദങ്ങള്‍ക്ക് ആസ്പദമായ സംഭവം ഉണ്ടായത്. പ്രധാനമന്ത്രി എന്തുകൊണ്ട് വാര്‍ത്താസമ്മേളനങ്ങളെ അഭിമുഖീകരിക്കുന്നില്ലെന്ന മാധ്യമപ്രവര്‍ത്തകരുടെ ചോദ്യത്തിന്, നരേന്ദ്ര മോദി ഒരു ‘പക്കാ ഇന്ത്യന്‍ രാഷ്ട്രീയക്കാരന്’ ആണെന്നും വോട്ടര്‍മാരുമായി നേരിട്ട് സംവദിക്കാനാണ് അദ്ദേഹം താല്പര്യപ്പെടുന്നതെന്നുമാണ് മന്ത്രാലയ വക്താവ് വിശദീകരിച്ചത്.ഇന്ത്യയിലെ ഭൂരിഭാഗം വോട്ടര്‍മാരും ഗ്രാമീണരാണെന്നും അതിനാല്‍ മാധ്യമങ്ങള്‍ എന്ന ‘ഇടനിലക്കാര്‍’ വഴി അവരോട് സംസാരിക്കാന്‍ പ്രധാനമന്ത്രി ആഗ്രഹിക്കുന്നില്ലെന്നുമുള്ള വിചിത്ര വാദവും ഉദ്യോഗസ്ഥന് ഉയര്‍ത്തുകയുണ്ടായി. ഇത്തരം നേരിട്ടുള്ള സമ്പര്‍ക്കമാണ് ജനങ്ങള്‍ ആഗ്രഹിക്കുന്നത് എന്നായിരുന്നു മന്ത്രാലയത്തിന്റെ അവകാശവാദം.
എഡിറ്റേഴ്സ് ഗില്‍ഡ് പ്രസിഡന്റ് സഞ്ജയ് കപൂര്‍, ജനറല്‍ സെക്രട്ടറി രാഘവന് ശ്രീനിവാസന്, ട്രഷറര്‍ തെരേസ റഹ്മാന് എന്നിവര്‍ സംയുക്തമായി ഒപ്പിട്ട പ്രസ്താവനയിലാണ് സംഘടന തങ്ങളുടെ ശക്തമായ നിലപാട് വ്യക്തമാക്കിയത്.
‘ജനാധിപത്യ സംവിധാനത്തില്‍ തിരഞ്ഞെടുക്കപ്പെട്ട ഭരണാധികാരികള്‍ക്ക് സ്വതന്ത്ര മാധ്യമങ്ങളിലൂടെ ജനങ്ങളോട് മറുപടി പറയാന്‍ നിയമപരമായ ബാധ്യതയുണ്ട്. സോഷ്യല്‍ മീഡിയ വഴിയുള്ള ഏകപക്ഷീയമായ ആശയവിനിമയങ്ങള്‍ ഒരിക്കലും സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തിന് പകരമാകില്ല.’ – എഡിറ്റേഴ്സ് ഗില്‍ഡ്
വിദേശകാര്യ മന്ത്രാലയത്തിന്റെ വാദങ്ങളെ പൂര്‍ണ്ണമായി തള്ളിയ ഗില്‍ഡ്, നഗര-ഗ്രാമ ഭേദമന്യേ ജനങ്ങളെ ബാധിക്കുന്ന രാഷ്ട്രീയ-സാമ്പത്തിക പ്രതിസന്ധികളില്‍ മാധ്യമങ്ങളുടെ ചോദ്യങ്ങള്‍ക്ക് മറുപടി നല്കാന് ഭരണാധികാരികള്‍ ബാധ്യസ്ഥരാണെന്ന് ചൂണ്ടിക്കാട്ടി. ഇത്തരം ബാലിശമായ ന്യായീകരണങ്ങള്‍ രാജ്യത്തെ മാധ്യമ സ്വാതന്ത്ര്യത്തിന് മേല്‍ കരിനിഴല്‍ വീഴ്ത്തുമെന്നും ഗില്‍ഡ് മുന്നറിയിപ്പ് നല്കി.
പ്രധാനമന്ത്രി വാര്‍ത്താസമ്മേളനങ്ങളില്‍ നിന്ന് വിട്ടുനില്‍ക്കുന്നത് അന്താരാഷ്ട്ര മാധ്യമങ്ങളിലും വലിയ ചര്‍ച്ചയായിട്ടുണ്ട്. മുന്‍പ് മോദിയോട് ഇതേക്കുറിച്ച് ചോദ്യം ഉന്നയിച്ച നോര്‍വീജിയന്‍ മാധ്യമപ്രവര്‍ത്തക ഹെല്ലെ ലിങ് ഈ വിഷയത്തില്‍ അന്താരാഷ്ട്ര മാധ്യമങ്ങള്‍ പുലര്‍ത്തുന്ന ജാഗ്രതയെ സ്വാഗതം ചെയ്തു. മാധ്യമ സ്വാതന്ത്ര്യമുള്ള രാജ്യങ്ങളിലെ റിപ്പോര്‍ട്ടര്‍മാര്‍ക്ക് ഇത്തരം ചോദ്യങ്ങള്‍ ഉന്നയിക്കാന്‍ കടമയുണ്ടെന്ന് അവര്‍ വ്യക്തമാക്കി.മന്ത്രാലയത്തിന്റെ വിശദീകരണത്തിനെതിരെ രാജ്യത്തിനകത്തും രാഷ്ട്രീയ പ്രതിഷേധം ശക്തമാണ്. ഇത്തരം ന്യായീകരണങ്ങള്‍ ജനാധിപത്യപരമായി അംഗീകരിക്കാനാവില്ലെന്ന് കോണ്‍ഗ്രസ് നേതാവ് പവന് ഖേര പ്രതികരിച്ചപ്പോള്‍, ഇന്ത്യന്‍ മാധ്യമങ്ങളെ രാജ്യാന്തര തലത്തില്‍ പരിഹാസ്യമാക്കുന്ന നടപടിയാണിതെന്ന് കോണ്‍ഗ്രസ് വക്താവ് സുപ്രിയ ശ്രീനാഥ് വിമര്‍ശിച്ചു.മോദിയുടെ മെല്‍ബണ്‍ സന്ദര്‍ശനത്തിനിടെ നടന്ന പ്രവാസി സംഗമത്തെ ഓസ്ട്രേലിയന്‍ മാധ്യമമായ സ്കൈ ന്യൂസും രൂക്ഷമായി വിമര്‍ശിച്ചിരുന്നു. ഇത് നയതന്ത്രമല്ല, മറിച്ച് വെറും രാഷ്ട്രീയക്കളിയാണെന്നായിരുന്നു അവരുടെ കണ്ടെത്തല്‍. 2019-ല്‍ അമേരിക്കയില്‍ വച്ച് ഡൊണാള്‍ഡ് ട്രംപിന്റെ തിരഞ്ഞെടുപ്പ് പ്രചാരണത്തിന് സമാനമായി മോദി പങ്കെടുത്ത ‘ഹൗഡി മോദി’ പരിപാടിയോടാണ് അന്താരാഷ്ട്ര മാധ്യമങ്ങള്‍ ഇതിനെ ഉപമിച്ചത്. അന്ന് മറ്റൊരു രാജ്യത്തിന്റെ ആഭ്യന്തര രാഷ്ട്രീയത്തില്‍ പരസ്യമായി ഇടപെട്ടതിന് മോദിക്കെതിരെ കടുത്ത വിമര്‍ശനം ഉയര്‍ന്നിരുന്നു.
india
ഉമര്‍ ഖാലിദിന്റെ തടവ് നെല്‍സണ്‍ മണ്ടേലയുടെ ജയില്‍വാസത്തിന് സമാനം: മോചനമാവശ്യപ്പെട്ട് ന്യൂയോര്‍ക്ക് സിറ്റി മേയര്‍ സൊഹ്റാന് മംദാനി
ന്യൂയോര്‍ക്ക് സിറ്റി മേയര്‍ സൊഹ്റാന് മംദാനി, ഇന്ത്യന്‍ സാമൂഹിക പ്രവര്ത്തകന് ഉമര്‍ ഖാലിദിനെ മോചിപ്പിക്കണമെന്ന് ആവശ്യപ്പെട്ടു. ദക്ഷിണാഫ്രിക്കന്‍ വര്‍ണ്ണവിവേചന വിരുദ്ധ നേതാവ് നെല്‍സണ്‍ മണ്ടേലയ്ക്കെതിരെ പണ്ട് ചുമത്തപ്പെട്ട ഭീകരവാദ കുറ്റങ്ങളോടാണ് ഉമര്‍ ഖാലിദിന്റെ നീണ്ട തടവുശിക്ഷയെ അദ്ദേഹം ഉപമിച്ചത്.
അന്താരാഷ്ട്ര നെല്‍സണ്‍ മണ്ടേല ദിനത്തിന് മുന്നോടിയായി ന്യൂയോര്‍ക്ക് സിറ്റിയില്‍ നടന്ന ‘നെല്‍സണ്‍ മണ്ടേല ഗ്ലോബല്‍ ലീഡര്‍ഷിപ്പ് ഫോറ’ത്തില്‍ സംസാരിക്കവെയാണ്, ആറ് വര്‍ഷത്തോളമായി തടവില്‍ കഴിയുന്ന ഉമര്‍ ഖാലിദ് ഇപ്പോഴും ജയിലില്‍ തുടരുന്നതിനെ മംദാനി ചോദ്യം ചെയ്തത്.
‘ഉമര്‍ ഖാലിദ് ഡല്‍ഹിയിലെ തടവറയില്‍ ആറാം വര്‍ഷത്തിലേക്ക് കടക്കുന്നതുവരെ നമ്മള് എന്തിനാണ് കാത്തിരിക്കുന്നത്? പണ്ട് മണ്ടേലയ്ക്കെതിരെ ചുമത്തപ്പെട്ട അതേ വ്യാജ ഭീകരവാദ കുറ്റങ്ങള്‍ ചുമത്തപ്പെട്ട ഒരു രാഷ്ട്രീയ തടവുകാരനാണദ്ദേഹം,’ മംദാനി തന്റെ പ്രസംഗത്തില്‍ പറഞ്ഞു. മണ്ടേലയുടെ പാരമ്പര്യത്തെക്കുറിച്ച് പരാമര്‍ശിച്ച മംദാനി, ലോകമെമ്പാടുമുള്ള അനീതിക്കെതിരെ പോരാടുന്ന ആളുകള്‍ക്ക് ദക്ഷിണാഫ്രിക്കന്‍ നേതാവിന്റെ സമരം ഇപ്പോഴും പ്രചോദനമാണെന്ന് കൂട്ടിച്ചേര്‍ത്തു.
‘നീതിക്കുവേണ്ടിയുള്ള ഓരോ പ്രതിഷേധങ്ങളിലും, ജനാധിപത്യത്തിനായുള്ള ഓരോ ആഹ്വാനങ്ങളിലും, ന്യായമായ ആവശ്യങ്ങള്‍ക്കായുള്ള ഓരോ മാര്‍ച്ചുകളിലും മണ്ടേല ജീവിക്കുന്നു,’ സമകാലിക പൗരാവകാശ പോരാട്ടങ്ങളെയും രാഷ്ട്രീയ സ്വാതന്ത്ര്യത്തിനായുള്ള പ്രസ്ഥാനങ്ങളെയും മണ്ടേലയുടെ പാരമ്പര്യവുമായി ബന്ധിപ്പിച്ചുകൊണ്ട് അദ്ദേഹം സദസ്സിനോട് പറഞ്ഞു.
2020 ഫെബ്രുവരിയിലുണ്ടായ വടക്കുകിഴക്കന്‍ ഡല്‍ഹി കലാപക്കേസിലെ ഗൂഢാലോചനയുമായി ബന്ധപ്പെട്ട്, ജവഹര്‍ലാല്‍ നെഹ്റു യൂണിവേഴ്സിറ്റിയിലെ മുന്‍ വിദ്യാര്‍ത്ഥി നേതാവായ ഉമര്‍ ഖാലിദ് 2020 സെപ്റ്റംബര്‍ മുതല്‍ യു.എ.പി.എ നിയമപ്രകാരം ജയിലിലാണ്. തനിക്കെതിരെയുള്ള ആരോപണങ്ങള്‍ ഖാലിദ് നിഷേധിച്ചിട്ടുണ്ട്.
വിചാരണയില്ലാതെയുള്ള അദ്ദേഹത്തിന്റെ നീണ്ട തടങ്കലിനെ ആംനസ്റ്റി ഇന്റര്‍നാഷണല്‍ ഉള്‍പ്പെടെയുള്ള മനുഷ്യാവകാശ സംഘടനകള്‍ വിമര്‍ശിക്കുകയും, നിഷ്പക്ഷവും വേഗത്തിലുള്ളതുമായ നിയമനടപടികള്‍ ആവശ്യപ്പെടുകയും ചെയ്തിട്ടുണ്ട്. എന്നാല്‍, കേസ് നിയമപരമായ നടപടിക്രമങ്ങള്‍ പാലിച്ചാണ് മുന്നോട്ട് പോകുന്നതെന്നും ഇത് ദേശീയ സുരക്ഷയുമായി ബന്ധപ്പെട്ടതാണെന്നുമാണ് ഇന്ത്യന്‍ അധികൃതരുടെ നിലപാട്.
മംദാനിയുടെ ഈ പരാമര്‍ശം ഉമര്‍ ഖാലിദിന്റെ കേസിലേക്ക് വീണ്ടും അന്താരാഷ്ട്ര ശ്രദ്ധ ആകര്‍ഷിച്ചിരിക്കുകയാണ്. ഇന്ത്യയിലെ ഭീകരവിരുദ്ധ നിയമങ്ങളുടെ ഉപയോഗം, രാഷ്ട്രീയ വിയോജിപ്പുകള്‍, പൗരാവകാശങ്ങള്‍ എന്നിവയെക്കുറിച്ചുള്ള ചര്‍ച്ചകള്‍ക്ക് ഇത് വീണ്ടും വഴിതുറന്നേക്കും. അതേസമയം, ഇന്ത്യന്‍ നീതിന്യായ വ്യവസ്ഥയ്ക്ക് മേലുള്ള വിദേശ വിമര്‍ശനങ്ങളെ ഇന്ത്യ എപ്പോഴും തള്ളിക്കളഞ്ഞിട്ടുണ്ട്. നിയമവാഴ്ചയ്ക്ക് കീഴില്‍ സ്വതന്ത്രമായാണ് നിയമനടപടികള്‍ നടക്കുന്നതെന്നാണ് ഇന്ത്യന്‍ സര്‍ക്കാരിന്റെ ശക്തമായ നിലപാട്.
india
യുപിയില്‍ ദൈവത്തിന് ‘ഹെല്‍ത്ത് ചെക്കപ്പ് നടത്തി ഡോക്ടര്‍മാര്‍; പ്രതിഷ്ഠയെ സ്റ്റെതസ്കോപ്പ് വെച്ച് പരിശോധിക്കുന്ന ദൃശ്യങ്ങള്‍ പുറത്ത്
സ്റ്റെതസ്കോപ്പ് ഉപയോഗിച്ച് ഡോക്ടര്‍മാര്‍ പ്രതിഷ്ഠയെ മാറിമാറി പരിശോധിക്കുന്നതിന്റെ ദൃശ്യങ്ങള്‍ സമൂഹമാധ്യമങ്ങളിലും വലിയ രീതിയില്‍ ചര്‍ച്ചയായിട്ടുണ്ട്.
ഉത്തര്‍പ്രദേശില്‍ ക്ഷേത്രത്തിലെ ദൈവത്തിന് ആരോഗ്യപരിശോധന (ഹെല്‍ത്ത് ചെക്കപ്പ്) നടത്തി ഡോക്ടര്‍മാര്‍. പത്തോളം വരുന്ന പ്രൊഫഷണല്‍ ഡോക്ടര്‍മാരുടെ സംഘമാണ് ക്ഷേത്രത്തിലെത്തി പ്രതിഷ്ഠയ്ക്ക് മേല്‍ സ്റ്റെതസ്കോപ്പ് ഉള്‍പ്പെടെയുള്ള ഉപകരണങ്ങള്‍ വെച്ച് പരിശോധന നടത്തിയത്.
സ്റ്റെതസ്കോപ്പ് ഉപയോഗിച്ച് ഡോക്ടര്‍മാര്‍ പ്രതിഷ്ഠയെ മാറിമാറി പരിശോധിക്കുന്നതിന്റെ ദൃശ്യങ്ങള്‍ സമൂഹമാധ്യമങ്ങളിലും വലിയ രീതിയില്‍ ചര്‍ച്ചയായിട്ടുണ്ട്.
ക്ഷേത്രത്തില്‍ വര്‍ഷം തോറും നടത്തിവരാറുള്ള പരമ്പരാഗതമായ ഒരു ആചാരത്തിന്റെ ഭാഗമാണിതെന്നാണ് ക്ഷേത്ര അധികൃതര്‍ നല്കുന്ന വിശദീകരണം. ഈ പ്രത്യേക ആചാരമനുസരിച്ച് ഭഗവാന് ‘അസുഖം ബാധിക്കുന്ന’ സമയമാണിതെന്നും, അതുകൊണ്ടാണ് ഡോക്ടര്‍മാരുടെ സംഘം നേരിട്ടെത്തി പരിശോധന നടത്തിയതെന്നുമാണ് ക്ഷേത്രത്തിന്റെ വാദം.
അന്ധവിശ്വാസങ്ങളെ പ്രോത്സാഹിപ്പിക്കുന്നതാണോ ഇത്തരം നടപടികള്‍ എന്ന തരത്തില്‍ വലിയ രീതിയിലുള്ള വിമര്‍ശനങ്ങളും സോഷ്യല്‍ മീഡിയയില്‍ ഇതിനോടകം ഉയര്‍ന്നു കഴിഞ്ഞു. എങ്കിലും പരമ്പരാഗതമായ ആചാരങ്ങളെയും വിശ്വാസങ്ങളെയും മുറുകെപ്പിടിക്കുന്നതിന്റെ ഭാഗമായാണ് തങ്ങള്‍ ഇത് ചെയ്യുന്നതെന്ന നിലപാടില്‍ തന്നെയാണ് ക്ഷേത്രവുമായി ബന്ധപ്പെട്ടവര്‍.
india
ജീവന് വിലപ്പെട്ടത്! സോനം വാങ്ചുക്കിനെ ദിവസവും സര്‍ക്കാര്‍ ഡോക്ടര്‍ പരിശോധിക്കണം; കേന്ദ്രത്തിന് നിര്‍ദേശവുമായി ഡല്‍ഹി ഹൈക്കോടതി
വാങ്ചുക്കിന്റെ ജീവന് നിലനിര്‍ത്താന്‍ ആവശ്യമായ എല്ലാ ഇടപെടലുകളും സര്‍ക്കാര്‍ നടത്തണമെന്ന് കോടതി ഉത്തരവിട്ടു.
നീറ്റ് പ്രവേശന പരീക്ഷാ ക്രമക്കേടുകളില്‍ പ്രതിഷേധിച്ച് കേന്ദ്ര വിദ്യാഭ്യാസ മന്ത്രി ധര്‍മേന്ദ്ര പ്രധാന്റെ രാജി ആവശ്യപ്പെട്ട് അനിശ്ചിതകാല നിരാഹാരസമരം തുടരുന്ന പ്രമുഖ വിദ്യാഭ്യാസ, പരിസ്ഥിതി പ്രവര്ത്തകന് സോനം വാങ്ചുക്കിന്റെ ആരോഗ്യ സുരക്ഷ ഉറപ്പാക്കാന്‍ കേന്ദ്ര സര്‍ക്കാരിന് ഡല്‍ഹി ഹൈക്കോടതിയുടെ കര്‍ശന നിര്‍ദേശം. വാങ്ചുക്കിന്റെ ജീവന് നിലനിര്‍ത്താന്‍ ആവശ്യമായ എല്ലാ ഇടപെടലുകളും സര്‍ക്കാര്‍ നടത്തണമെന്ന് കോടതി ഉത്തരവിട്ടു.
59-കാരനായ വാങ്ചുക്കിന്റെ ആരോഗ്യനില മോശമാകുന്ന സാഹചര്യത്തില്‍ അടിയന്തര ചികിത്സ ഉറപ്പാക്കണമെന്ന് ആവശ്യപ്പെട്ട് സമര്‍പ്പിക്കപ്പെട്ട പൊതുതാല്പര്യ ഹരജി പരിഗണിക്കവെയാണ് കോടതി നിര്‍ണായക ഇടപെടല്‍ നടത്തിയത്. ഏതൊരു പൗരന്റെയും ജീവന് വിലപ്പെട്ടതാണെന്നും അത് രക്ഷിക്കാന്‍ സര്‍ക്കാര്‍ എല്ലാ ശ്രമങ്ങളും നടത്തണമെന്നും കോടതി വ്യക്തമാക്കി.
സമരത്തെ തുടര്‍ന്ന് വാങ്ചുക്കിന്റെ ആരോഗ്യനിലയില്‍ ആശങ്ക ഉയര്‍ന്നതായും ശരീരഭാരം ഗണ്യമായി കുറഞ്ഞതായും ഡോക്ടര്‍മാര്‍ മുന്നറിയിപ്പ് നല്‍കിയിരുന്നു. ആരോഗ്യനില പരിശോധനകളുമായി ബന്ധപ്പെട്ട് സോളിസിറ്റര്‍ ജനറല്‍ തുഷാര്‍ മേത്തയോട് കോടതി വിശദീകരണം തേടി. നിലവില്‍ ദിവസേന ആരോഗ്യ പരിശോധനകള്‍ നടത്തുന്നുണ്ടെന്നും, ചിലപ്പോള്‍ സര്‍ക്കാര്‍ ഡോക്ടര്‍മാരും മറ്റു ചിലപ്പോള്‍ സ്വകാര്യ ഡോക്ടര്‍മാരുമാണ് പരിശോധനയ്ക്ക് എത്തുന്നതെന്നും സോളിസിറ്റര്‍ ജനറല്‍ കോടതിയെ അറിയിച്ചു.
ഇതേത്തുടര്‍ന്നാണ്, വാങ്ചുക്കിന്റെ ആരോഗ്യനില സര്‍ക്കാര്‍ നിയോഗിക്കുന്ന ഡോക്ടര്‍ തന്നെ ദിവസേന പരിശോധിക്കണമെന്ന് ഡല്‍ഹി ഹൈക്കോടതി കേന്ദ്ര സര്‍ക്കാരിനും ഡല്‍ഹി സര്‍ക്കാരിനും നിര്‍ദേശം നല്‍കിയത്. വാങ്ചുക്കിന്റെ ജീവന് സംരക്ഷിക്കാന്‍ ആവശ്യമായ എല്ലാ മെഡിക്കല്‍ ഇടപെടലുകളും ഉറപ്പാക്കണം. ‘ജീവന് അതീവ വിലപ്പെട്ടതാണ്’ എന്ന് നിരീക്ഷിച്ച കോടതി, സമരം തുടരാനുള്ള അദ്ദേഹത്തിന്റെ അവകാശം മാനിക്കുമ്പോഴും ആരോഗ്യപരിപാലനത്തില്‍ യാതൊരു വിധ വീഴ്ചയും ഉണ്ടാകരുതെന്നും കൂട്ടിച്ചേര്‍ത്തു. അതേസമയം, ആരോഗ്യനില മോശമായെങ്കിലും സമരം അവസാനിപ്പിക്കില്ലെന്ന് വാങ്ചുക് വ്യക്തമാക്കിയിട്ടുണ്ട്.
ദേശീയ പ്രവേശന പരീക്ഷകളിലെ ക്രമക്കേടുകള്‍ക്കെതിരെ കോക്രോച് ജനതാ പാര്‍ട്ടിയുടെ നേതൃത്വത്തില്‍ ജൂണ്‍ 28 മുതല്‍ ഡല്‍ഹിയിലെ ജന്തര്‍ മന്തറിലാണ് സോനം വാങ്ചുക് അനിശ്ചിതകാല നിരാഹാരസമരം തുടരുന്നത്.
-
kerala2 days agoമുസ്ലിം യൂത്ത് ലീഗ് യുവസഭകള്‍; ഉദ്ഘാടനം ആനക്കയം പഞ്ചായത്തില്‍ നാളെ
-
kerala2 days agoകപ്പല്‍ നിര്‍മാണ മേഖലയിലേക്ക് ചുവടുവെച്ച് ടാറ്റാ ഗ്രൂപ്പ്; കേരളത്തില്‍ വന്‍ നിക്ഷേപത്തിന് ഒരുങ്ങുന്നു; പ്രഖ്യാപനവുമായി വി.ഡി. സതീശന്
-
News2 days ago‘മുജ്തബ ഖമനയി 90 ശതമാനവും ഇല്ലാതായി’; യുഎസ് ആക്രമണത്തിന് പിന്നാലെ അവകാശവാദവുമായി ട്രംപ്
-
News2 days agoഇലക്ട്രിക് സ്കൂട്ടർ : കര്‍ശന നിര്‍ദ്ദേശങ്ങളുമായി അബുദാബി പൊലീസ്
-
india2 days agoപാസ്സ്പോര്‍ട്ട് സേവനം: അല്‍ഹിന്ദിന് ലഭിച്ച കരാറിന് വിലക്ക്
-
kerala1 day agoകാസർകോട് ജനറൽ ആശുപത്രിയിലെ കുട്ടിയുടെ മരണം: സമഗ്ര അന്വേഷണം നടത്തി കുടുംബത്തിന് നീതി ഉറപ്പാക്കണം:കല്ലട്ര മാഹിൻ എം.എൽ.എ
-
india1 day agoജീവന് വിലപ്പെട്ടത്! സോനം വാങ്ചുക്കിനെ ദിവസവും സര്‍ക്കാര്‍ ഡോക്ടര്‍ പരിശോധിക്കണം; കേന്ദ്രത്തിന് നിര്‍ദേശവുമായി ഡല്‍ഹി ഹൈക്കോടതി
-
main stories1 day agoചേലക്കാട് ഉസ്താദ്: ഓര്‍മ്മകളില്‍ പെയ്യുന്ന സ്നേഹസുഗന്ധം

