entertainment

‘അനുവാദമില്ലാതെ എന്റെ ചിത്രം ഉപയോഗിച്ച് വിദ്യാഭ്യാസ തട്ടിപ്പ്’; ജാഗ്രത പുലര്‍ത്തണമെന്ന് ഗായത്രി അരുണ്‍

By Akhila

January 22, 2026

അനുവാദമില്ലാതെ തന്റെ ചിത്രം ഉപയോഗിച്ച് വിദ്യാഭ്യാസ തട്ടിപ്പ് നടത്തിയതായി നടി ഗായത്രി അരുണ്‍. കൊച്ചിയില്‍ പ്രവര്‍ത്തിക്കുന്ന സ്വകാര്യ വിദ്യാഭ്യാസ സ്ഥാപനത്തിനെതിരെയാണ് നടി പരാതി നല്‍കിയത്. അനുവാദമില്ലാതെ വിദ്യാഭ്യാസ സ്ഥാപനം തന്റെ ചിത്രം ഉപയോഗിക്കുകയും 300-ഓളം കുട്ടികള്‍ ഈ സ്ഥാപനത്തിന്റെ ചതിയില്‍പ്പെട്ടതായും ഇന്‍സ്റ്റഗ്രാമില്‍ പങ്കുവെച്ച വീഡിയോയില്‍ ഗായത്രി പറഞ്ഞു.

”2024 സെപ്റ്റംബര്‍ മൂന്നാം തീയതി കൊച്ചിയിലുള്ള ഒരു ഓണ്‍ലൈന്‍ ഇന്‍സ്റ്റിറ്റ്യൂട്ടിന്റെ ഉദ്ഘാടനത്തില്‍ ഞാന്‍ പങ്കെടുത്തിരുന്നു. മറ്റു പല പ്രമുഖരും ചടങ്ങില്‍ ഉണ്ടായിരുന്നു. കഴിഞ്ഞ കുറേനാളുകളായി എനിക്ക് ഈ സ്ഥാപനത്തിനെതിരെ പല മെസ്സേജുകള്‍ വരുന്നുണ്ട്. പൈസയടച്ച് പറ്റിക്കപ്പെട്ടു എന്നുപറഞ്ഞ് പല കുട്ടികളും സ്‌ക്രീന്‍ഷോട്ട് ഉള്‍പ്പെടെ അയച്ചു തരുന്നുണ്ട്. എന്റെ ഫോട്ടോയാണ് അനുവാദമില്ലാതെ ബിസിനസിനായി ഉപയോഗിക്കുന്നത്. വാട്സാപ്പില്‍ എന്റെ ചിത്രമാണ് പ്രൊഫൈല്‍ പിക്ചറായി ഉപയോഗിക്കുന്നത്. ഇതെന്റെ അറിവോടുകൂടിയല്ല. അതുകൊണ്ടുതന്നെ നിയമപരമായി അവര്‍ക്ക് നോട്ടീസ് അയച്ചിരിക്കുകയാണ്.

പലപ്പോഴും പിആര്‍ ഏജന്‍സികള്‍ വഴിയാണ് നമുക്ക് ഉദ്ഘാടനങ്ങള്‍ വരുക. വിദ്യഭ്യാസസ്ഥാപനമാണെങ്കില്‍ എല്ലാ സര്‍ട്ടിഫിക്കേഷനുമുണ്ടോയെന്ന് അന്വേഷിക്കും. അങ്ങനെയുണ്ടെന്നുള്ള അറിവോടുകൂടിയാണ് ഞാന്‍ ഉദ്ഘാടനത്തില്‍ പങ്കെടുത്തത്. അതിന് മുമ്പും ശേഷവും എനിക്ക് ആരുമായും യാതൊരു തരത്തിലും ബന്ധവുമില്ല. വ്യക്തിപരമായി അവരെ അറിയില്ല. എന്റെ സമ്മതമില്ലാതെയാണ് അന്ന് ഉദ്ഘാടനത്തിനെടുത്ത ചിത്രം പബ്ലിസിറ്റിക്കായി ഉപയോഗിക്കുന്നത്. പല കുഞ്ഞുങ്ങളും മാതാപിതാക്കളും ഇന്‍സ്റ്റിറ്റ്യൂട്ടില്‍ ചേരാന്‍ വേണ്ടി പൈസ അടച്ചു. പിന്നീട് ബന്ധപ്പെടുമ്പോള്‍ ഒരു വിവരവുമില്ല. ഞാന്‍ ഇവരുടെ ഗൂഗിള്‍ അക്കൗണ്ട് നോക്കിയപ്പോള്‍ പറ്റിക്കപ്പെട്ട ഒരുപാട് ആളുകളുടെ റിവ്യൂകള്‍ ഉണ്ടായിരുന്നു. എന്റെ അറിവ് ശരിയാണെങ്കില്‍ ഏകദേശം 300-ലധികം കുട്ടികളാണ് ഇവരുടെ തട്ടിപ്പിന് ഇരയായിരിക്കുന്നത്. എത്രയും വേഗം നിയമപരമായി മുന്നോട്ടു പോവുക എന്നതാണ് നിങ്ങള്‍ ചെയ്യേണ്ടത്”, ഗായത്രി വീഡിയോയില്‍ പറഞ്ഞു.