മാഡ്രിഡ്: എ.എസ് മൊണാക്കോയുടെ 18-കാരന്‍ സ്‌ട്രൈക്കര്‍ കെയ്‌ലിയന്‍ എംബാപ്പെ ലോട്ടിന്‍ റയല്‍ മാഡ്രിഡിലേക്ക്. ഫ്രഞ്ച് ലീഗിലും ചാമ്പ്യന്‍സ് ലീഗിലും മിന്നും പ്രകടനം കാഴ്ചവെക്കുന്ന എംബാപ്പെയെ അടുത്ത ട്രാന്‍സ്ഫര്‍ കാലയളവില്‍ ബര്‍ണേബുവിലെത്തിക്കാനുള്ള റയലിന്റെ ശ്രമം വിജയം കാണുന്നുവെവന്നാണ് റിപ്പോര്‍ട്ടുകള്‍. ഫ്രഞ്ച് താരത്തിന്റെ കുടുംബവുമായി റയല്‍ കോച്ച് സൈനദിന് സിദാന്‍ ബന്ധപ്പെട്ടതായും ട്രാന്‍സ്ഫര്‍ സംബന്ധിച്ച് ചര്‍ച്ച നടത്തിയതായും ‘മാര്‍സ’ റിപ്പോര്‍ട്ട് ചെയ്തു. 100 ദശലക്ഷം യൂറോ ആയിരിക്കും ട്രാന്‍സ്ഫര്‍ തുക എന്നാണ് സൂചന. ഒരു കൗമാര താരത്തെ സംബന്ധിച്ചിടത്തോളം റെക്കോര്‍ഡ് തുകയാവുമിത്.

മാഞ്ചസ്റ്റര്‍ യുനൈറ്റഡും ബാര്‍സലോണയുമടക്കം നിരവധി ക്ലബ്ബുകള്‍ എംബാപ്പെക്കു വേണ്ടി രംഗത്തുള്ളപ്പോഴാണ് റയല്‍ വന്‍തുക എറിഞ്ഞിരിക്കുന്നത്. കഴിഞ്ഞയാഴ്ച 90 ദശലക്ഷം യൂറോ എന്ന മാഞ്ചസ്റ്ററിന്റെ വാഗ്ദാനം മൊണാക്കോ തള്ളിയിരുന്നു. പി.എസ്.ജി, ചെല്‍സി, മാഞ്ചസ്റ്റര്‍ സിറ്റി ടീമുകളും താരത്തിനായി ശ്രമം നടത്തിയിരുന്നു. കഴിഞ്ഞ സീസണില്‍ എംബാപ്പെയെ സ്വന്തമാക്കുന്നതിനായി അദ്ദേഹത്തിന്റെ വീട്ടില്‍ സന്ദര്‍ശം നടത്തിയിരുന്നതായി ആര്‍സനല്‍ കോച്ച് ആര്‍സീന്‍ വെങര്‍ ഈയിടെ വെളിപ്പെടുത്തിയിരുന്നു.