താനായിരുന്നുവെങ്കിൽ രാജസ്ഥാൻ റോയൽസ് ടീം ക്യാപ്റ്റനായി സഞ്ജു സാംസണെ നിയമിക്കില്ലായിരുന്നുവെന്ന് ഗൗതം ഗംഭീർ. ‘സഞ്ജുവിനെ നായക സ്ഥാനം ഏൽപ്പിച്ചത് അൽപ്പം നേരത്തെയായിപ്പോയി. ഞാനായിരുന്നുവെങ്കിൽ ഒരു വർഷം ജോസ് ബട്‌ലറെ ക്യാപ്റ്റനായി നിയമിക്കുകയും, പിന്നീട് നായക സ്ഥാനം സാംസണിലേക്ക് കൈമാറുകയും ചെയ്യുമായിരുന്നു.’ മുൻ ഇന്ത്യൻ ഓപ്പണറും ബി.ജെ.പിയുടെ പാർലമെന്റ് അംഗവുമായ ഗംഭീർ പറയുന്നു.

2021 ഐ.പി.എൽ സീസണിൽ രാജസ്ഥാൻ റോയൽസിന്റെ ക്യാപ്റ്റനായി മലയാളി താരം സഞ്ജു സാംസണെ കഴിഞ്ഞ ദിവസമാണ് ഉടമകൾ പ്രഖ്യാപിച്ചത്. കഴിഞ്ഞ സീസണിൽ ടീമിനെ നയിച്ച ഓസ്‌ട്രേലിയൻ താരം സ്റ്റീവ് സ്മിത്തിനെ മാറ്റിയാണ് സഞ്ജുവിന്് ക്യാപ്റ്റൻ സ്ഥാനം നൽകിയത്. സ്റ്റീവ് സ്മിത്തിനെ രാജസ്ഥാൻ ടീമിൽ നിന്ന് ഒഴിവാക്കുകയും ചെയ്തിരുന്നു. ഇതിനോട് വിയോജിച്ച് രംഗത്ത് വന്നിരിക്കുകയാണിപ്പോൾ ഗൗതം ഗംഭീർ.

‘ക്യാപ്റ്റനാകുമ്പോൾ നേരിടേണ്ടി വരുന്ന ഉത്തരവാദിത്വം സഞ്ജുവിന്റെ സ്വാഭാവിക മികവിനെ ബാധിച്ചേക്കാം. സഞ്ജുവിനെ ക്യാപ്റ്റനാക്കിയ തീരുമാനം രാജസ്ഥാൻ റോയൽസിന് തിരിച്ചടിയാകാൻ സാദ്ധ്യതയുണ്ട്. മുംബൈ ഇന്ത്യൻസ് രോഹിത് ശർമ്മയെ ക്യാപ്റ്റനാക്കിയത് പോലെ തന്നെ രാജസ്ഥാന്റെ ഈ നീക്കവും പ്രവർത്തിക്കുമോ എന്ന് കണ്ടറിയണം’ ഗംഭീർ പറഞ്ഞു.

അതേസമയം രാജസ്ഥാൻ റോയൽസിനെ നയിക്കാനുള്ള പുതിയ ഉത്തരവാദിത്വം ബഹുമതിയായാണ് കാണുന്നതെന്നാണ് സഞ്ജു പ്രതികരിച്ചത്.
ക്യാപ്റ്റനെന്ന നിലയിൽ ടീമിനൊപ്പമുള്ള പുതിയ വെല്ലുവിളികൾക്കായി ആകാംക്ഷയോടെ കാത്തിരിക്കുകയാണെന്നും സഞ്ജു പറഞ്ഞിരുന്നു.