News

ഗസ്സ സമാധാന ബോർഡ്: ട്രംപ് നിർദേശിച്ച പട്ടികയിൽ അതൃപ്തി അറിയിച്ച് ഇസ്രാഈല്‍

By sreenitha

January 18, 2026

തെല്‍ അവീവ്: ഗസ്സ സമാധാന ബോര്‍ഡിലേക്ക് യു.എസ്. പ്രസിഡന്റ് ഡോണള്‍ഡ് ട്രംപ് നിര്‍ദേശിച്ച വ്യക്തികളുടെ പട്ടികയില്‍ കടുത്ത അതൃപ്തി പ്രകടിപ്പിച്ച് ഇസ്രാഈല്‍. ഗസ്സ എക്സിക്യൂട്ടീവ് സമിതി രൂപീകരണം ഇസ്രാഈല്‍ലുമായി ഏകോപിപ്പിച്ചിട്ടില്ലെന്നും, നിലവിലെ സമിതി ഇസ്രാഈലിന്റെ നയങ്ങള്‍ക്ക് വിരുദ്ധമാണെന്നും ഇസ്രാഈല്‍ വാദിക്കുന്നു.

ഈ വിഷയത്തില്‍ യു.എസ്. സ്റ്റേറ്റ് സെക്രട്ടറി മാര്‍ക്കോ റൂബിയോവുമായി ഉടന്‍ ബന്ധപ്പെടണമെന്ന് ഇസ്രാഈല്‍ വിദേശകാര്യ മന്ത്രാലയത്തിന് പ്രധാനമന്ത്രി ബിന്യമിന്‍ നെതന്യാഹു നിര്‍ദേശം നല്‍കി. കൂടുതല്‍ വിശദീകരണങ്ങള്‍ നല്‍കാതെയാണ് ഇസ്രായേല്‍ ഔദ്യോഗികമായി എതിര്‍പ്പ് അറിയിച്ചത്.

ഗസ്സ സമാധാന ബോര്‍ഡിലേക്ക് സ്റ്റേറ്റ് സെക്രട്ടറി മാര്‍ക്കോ റൂബിയോ, യു.കെ. മുന്‍ പ്രധാനമന്ത്രി ടോണി ബ്ലെയര്‍, ട്രംപിന്റെ മരുമകനും ഉപദേഷ്ടാവുമായ ജാരഡ് കുഷ്നര്‍, പ്രത്യേക പശ്ചിമേഷ്യന്‍ പ്രതിനിധി സ്റ്റീവ് വിറ്റ്‌കോഫ് എന്നിവരെയാണ് ട്രംപ് നിര്‍ദേശിച്ചത്. ട്രംപ് തന്നെയാണ് സമിതിയുടെ ചെയര്‍മാന്‍.

അപ്പോളോ ഗ്ലോബല്‍ മാനേജ്മെന്റ് സി.ഇ.ഒ. മാര്‍ക്ക് റോവന്‍, ലോക ബാങ്ക് പ്രസിഡന്റ് കൂടിയായ ഇന്ത്യന്‍ വംശജനായ അജയ് ബംഗ, ട്രംപിന്റെ ഡെപ്യൂട്ടി ദേശീയ സുരക്ഷാ ഉപദേഷ്ടാവ് റോബര്‍ട്ട് ഗബ്രിയേല്‍ എന്നിവരും സമിതിയിലെ അംഗങ്ങളാണ്.

ഗസ്സയിലെ വെടിനിര്‍ത്തലില്‍ മധ്യസ്ഥത വഹിച്ച ഖത്തറിലെ ഒരു നയതന്ത്രജ്ഞനും ഈജിപ്തിലെ ഒരു ഇന്റലിജന്‍സ് മേധാവിയും സമിതിയില്‍ ഉള്‍പ്പെടും. കൂടാതെ യു.എ.ഇയില്‍ നിന്നുള്ള ഒരു കാബിനറ്റ് മന്ത്രിയും തുര്‍ക്കി വിദേശകാര്യ മന്ത്രിയും അംഗങ്ങളായിരിക്കും.

സമിതിയില്‍ ഒരു ഇസ്രാഈല്‍ പ്രതിനിധിയെയും ഉള്‍പ്പെടുത്തിയിട്ടില്ലെന്നതാണ് നെതന്യാഹുവിനെ ചൊടിപ്പിച്ചതെന്നാണ് വിലയിരുത്തല്‍. നെതന്യാഹുവിന്റെ അതൃപ്തിക്ക് പിന്നാലെ ദേശീയ സുരക്ഷാ മന്ത്രി ഇറ്റാമര്‍ ബെന്‍ ഗ്വിറും പ്രധാനമന്ത്രിയെ പിന്തുണച്ച് രംഗത്തെത്തി.