Connect with us

News

സംസ്ഥാനത്ത് കുത്തനെ ഉയര്‍ന്ന് സ്വര്‍ണവില

പവന് 1,400 രൂപയുടെ വര്‍ധനവാണ് രേഖപ്പെടുത്തിയത്.

Published

on

കൊച്ചി: ആഗോള രാഷ്ട്രീയ-സാമ്പത്തിക അനിശ്ചിതത്വങ്ങളുടെ പശ്ചാത്തലത്തില്‍ സംസ്ഥാനത്ത് സ്വര്‍ണവില വീണ്ടും കുതിച്ചു. ഗ്രാമിന് 175 രൂപയുടെ വര്‍ധനവാണ് രേഖപ്പെടുത്തിയത്. ഇതോടെ ഗ്രാമിന്റെ വില 13,355 രൂപയായി. പവന്റെ വിലയില്‍ 1,400 രൂപ ഉയര്‍ന്ന് 1,06,840 രൂപയിലെത്തി. 18 കാരറ്റ് സ്വര്‍ണത്തിന്റെ വില 140 രൂപ വര്‍ധിച്ച് 11,060 രൂപയായി.

അന്താരാഷ്ട്ര വിപണിയിലും സ്വര്‍ണവിലയില്‍ ശക്തമായ ഉയര്‍ച്ചയാണ് ഉണ്ടായത്. സ്‌പോട്ട് ഗോള്‍ഡിന്റെ വില 1.5 ശതമാനം ഉയര്‍ന്ന് ഔണ്‍സിന് 4,663.37 ഡോളറിലെത്തി. യു.എസ്. ഗോള്‍ഡ് ഫ്യൂച്ചര്‍ നിരക്കില്‍ 1.6 ശതമാനം വര്‍ധനയുണ്ടായി, ഇതോടെ ഔണ്‍സിന് വില 4,669.90 ഡോളറായി.

ഗ്രീന്‍ലാന്‍ഡുമായി ബന്ധപ്പെട്ട വിഷയങ്ങളില്‍ യൂറോപ്യന്‍ രാജ്യങ്ങള്‍ക്ക് മേല്‍ അധിക നികുതി ഏര്‍പ്പെടുത്താനുള്ള മുന്‍ യു.എസ്. പ്രസിഡന്റ് ഡോണള്‍ഡ് ട്രംപിന്റെ തീരുമാനമാണ് സ്വര്‍ണവില ഉയരുന്നതിനുള്ള പ്രധാന കാരണമായി വിലയിരുത്തപ്പെടുന്നത്. ഗ്രീന്‍ലാന്‍ഡ് ഒരു ആഗോള രാഷ്ട്രീയ വിഷയമായി മാറുന്നുവെന്ന വിലയിരുത്തല്‍ നിക്ഷേപകരെ വലിയ തോതില്‍ സ്വര്‍ണത്തിലേക്ക് ആകര്‍ഷിക്കുന്നുണ്ട്. ഇതാണ് വിലക്കയറ്റത്തിന് മുഖ്യ കാരണമായി മാറുന്നത്.

അതേസമയം, ഇന്ത്യന്‍ ഓഹരി വിപണികള്‍ നഷ്ടത്തോടെയാണ് വ്യാപാരം ആരംഭിച്ചത്. ബോംബെ സൂചിക സെന്‍സെക്സില്‍ 400 പോയിന്റിന്റെ ഇടിവാണ് രേഖപ്പെടുത്തിയത്. ദേശീയ സൂചികയായ നിഫ്റ്റിയില്‍ 134 പോയിന്റ് നഷ്ടമുണ്ടായി. 25,558 പോയിന്റിലാണ് നിഫ്റ്റിയില്‍ വ്യാപാരം പുരോഗമിക്കുന്നത്. ഇന്ത്യയ്‌ക്കൊപ്പം മറ്റ് ആഗോള ഓഹരി വിപണികളും നഷ്ടത്തിലാണ് വ്യാപാരം നടത്തുന്നത്.

kerala

രാഹുല്‍ ഗാന്ധി ഇന്ന് കൊച്ചിയില്‍; വിജയോത്സവം ഉദ്ഘാടനം ചെയ്യും

മഹാപഞ്ചായത്ത് എന്ന പേരില്‍ മറൈന്‍ ഡ്രൈവില്‍ നടക്കുന്ന പരിപാടി ലോക്‌സഭാ പ്രതിപക്ഷ നേതാവ് രാഹുല്‍ ഗാന്ധി ഉദ്ഘാടനം ചെയ്യും.

Published

on

കൊച്ചി: തദ്ദേശ തെരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസ് സ്ഥാനാര്‍ഥികളായി മത്സരിച്ച മുഴുവന്‍ പേരെയും ഉള്‍പ്പെടുത്തി കെപിസിസി സംഘടിപ്പിക്കുന്ന വിജയോത്സവം ഇന്ന് കൊച്ചിയില്‍ നടക്കും. മഹാപഞ്ചായത്ത് എന്ന പേരില്‍ മറൈന്‍ ഡ്രൈവില്‍ നടക്കുന്ന പരിപാടി ലോക്‌സഭാ പ്രതിപക്ഷ നേതാവ് രാഹുല്‍ ഗാന്ധി ഉദ്ഘാടനം ചെയ്യും. ഉച്ചക്ക് രണ്ടിന് നടക്കുന്ന പരിപാടിയില്‍ പതിനയ്യായിരം പേര്‍ പങ്കെടുക്കും. നിയമസഭാ തെരഞ്ഞെടുപ്പ് പ്രചാരണത്തിന് കോണ്‍ഗ്രസ് പ്രവര്‍ത്തകരെ ഒരുക്കുന്നതിന്റെ ഭാഗമായാണ് മഹാപഞ്ചായത്ത് സംഘടിപ്പിച്ചിട്ടുള്ളത്.

 

Continue Reading

kerala

ലൈംഗിക അതിക്രമ ആരോപണം: കോഴിക്കോട് യുവാവിന്റെ ആത്മഹത്യ; യുവതിക്കെതിരെ പരാതി നല്‍കാനൊരുങ്ങി കുടുംബം

ഗോവിന്ദപുരം സ്വദേശി ദീപക്കിനെ ഇന്നലെ രാവിലെ വീട്ടില്‍ തൂങ്ങിയ നിലയില്‍ കണ്ടെത്തുകയായിരുന്നു.

Published

on

കോഴിക്കോട്: ബസ്സില്‍ വച്ച് ലൈംഗിക അതിക്രമം നടത്തിയെന്ന ആരോപണത്തിന് പിന്നാലെ കോഴിക്കോട് ഗോവിന്ദപുരം സ്വദേശി ജീവനൊടുക്കിയ സംഭവത്തില്‍ യുവതിക്കെതിരെ ഇന്ന് കുടുംബം പരാതി നല്‍കിയേക്കും. ഗോവിന്ദപുരം സ്വദേശി ദീപക്കിനെ ഇന്നലെ രാവിലെ വീട്ടില്‍ തൂങ്ങിയ നിലയില്‍ കണ്ടെത്തുകയായിരുന്നു.

ബസില്‍ വച്ച് ദീപക് ശരീരത്തില്‍ സ്പര്‍ശിച്ചുവെന്നാരോപിച്ച് ഒരു ഇന്‍സ്റ്റഗ്രാം ഇന്‍ഫ്ലൂവന്‍സര്‍ വീഡിയോ പങ്കുവെച്ചിരുന്നു. ഈ ആരോപണത്തിന് പിന്നാലെ ദീപക്കിനെതിരെ സാമൂഹ്യമാധ്യമങ്ങളില്‍ കടുത്ത വിമര്‍ശനവും സൈബര്‍ ആക്രമണവും ശക്തമായി. ദീപക്കിന്റെ മരണത്തിന് ശേഷം യുവതിക്കെതിരെയും സൈബര്‍ ആക്രമണം വര്‍ധിച്ചിട്ടുണ്ട്.

സംഭവത്തില്‍ യുവതിക്കെതിരെ ആത്മഹത്യാ പ്രേരണ കുറ്റം ചുമത്തണമെന്നാവശ്യപ്പെട്ട് രാഹുല്‍ ഈശ്വര്‍ ഡിജിപിക്ക് പരാതി നല്‍കിയിട്ടുണ്ട്. ബസില്‍ വച്ച് അതിക്രമം നേരിട്ടുവെന്ന് വ്യക്തമാക്കുന്ന വീഡിയോ ആദ്യം യുവതി പങ്കുവെച്ചിരുന്നെങ്കിലും പിന്നീട് അത് ഡിലീറ്റ് ചെയ്ത് മറ്റൊരു വിശദീകരണ വീഡിയോ കൂടി പുറത്തുവിട്ടിരുന്നു.

കഴിഞ്ഞ ദിവസം പുറത്തുവന്ന വിശദീകരണ വീഡിയോ കണ്ടതിന് ശേഷമാണ് ദീപക് കൂടുതല്‍ മാനസിക വിഷമത്തിലായത് എന്നാണ് കുടുംബത്തിന്റെ ആരോപണം. ഇതിന് പിന്നാലെ ഇന്നലെ പുലര്‍ച്ചെ ഗോവിന്ദപുരത്തെ വീട്ടില്‍ തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തുകയായിരുന്നു.

കോഴിക്കോട് മെഡിക്കല്‍ കോളേജില്‍ പോസ്റ്റ്‌മോര്‍ട്ടം നടത്തിയ മൃതദേഹം മാങ്കാവ് ശ്മശാനത്തില്‍ സംസ്‌കരിച്ചു. സംഭവത്തില്‍ പോലീസ് വിശദമായ അന്വേഷണം ആരംഭിച്ചിട്ടുണ്ട്.

Continue Reading

News

മൊറോക്കോയെ കീഴടക്കി സെനഗലിന് ആഫ്രിക്കന്‍ നേഷന്‍സ് കപ്പ് കിരീടം

എക്‌സ്ട്രാ ടൈമിന്റെ ആദ്യ പകുതിയില്‍ പെപേ ഗൂയേ നേടിയ ഏക ഗോളാണ് സെനഗലിന് കിരീടം സമ്മാനിച്ചത്.

Published

on

മൊറോക്കോ: ആതിഥേയരായ മൊറോക്കോയെ ഫൈനലില്‍ തോല്‍പ്പിച്ച് ആഫ്രിക്കന്‍ നേഷന്‍സ് കപ്പില്‍ സെനഗല്‍ ചാമ്പ്യന്മാരായി. എക്‌സ്ട്രാ ടൈമിന്റെ ആദ്യ പകുതിയില്‍ പെപേ ഗൂയേ നേടിയ ഏക ഗോളാണ് സെനഗലിന് കിരീടം സമ്മാനിച്ചത്.

നാടകീയ മുഹൂര്‍ത്തങ്ങള്‍ നിറഞ്ഞ ഫൈനലില്‍, കളി അവസാനിക്കാനിരിക്കെ മൊറോക്കോക്ക് ലഭിച്ച പെനല്‍റ്റി റയല്‍ മഡ്രിഡ് താരം ബ്രാഹിം ഡയസ് പാഴാക്കിയതാണ് മത്സരത്തിന്റെ ഗതി നിര്‍ണയിച്ചത്. ഇതോടെ അമ്പത് വര്‍ഷമായി കാത്തിരുന്ന കിരീട സ്വപ്നം സ്വന്തം മണ്ണില്‍ തന്നെ മൊറോക്കോയ്ക്ക് കണ്ണീരായി.

114-ാം മിനിറ്റിലാണ് മൊറോക്കോക്ക് പെനല്‍റ്റി ലഭിച്ചത്. എല്‍ ഹാജി മാലിക് ദിയൂഫ് ബോക്‌സിനുള്ളില്‍ ബ്രാഹിം ഡയസിനെ വീഴ്ത്തിയതിനെ തുടര്‍ന്ന് നീണ്ട വാര്‍ പരിശോധനയ്ക്കും സെനഗലിന്റെ കളി ബഹിഷ്‌കരണ നീക്കത്തിനും ശേഷമാണ് റഫറി പെനല്‍റ്റി വിധിച്ചത്. പെനല്‍റ്റി അനുവദിച്ചതോടെ സെനഗല്‍ കോച്ച് പെപേ തിയാവ് താരങ്ങളോട് ഡ്രസിങ് റൂമിലേക്ക് പോകാന്‍ ആവശ്യപ്പെട്ടെങ്കിലും സാദിയോ മാനേ ഉള്‍പ്പെടെയുള്ള മുതിര്‍ന്ന താരങ്ങള്‍ ഇടപെട്ടതോടെ കളി തുടര്‍ന്നു.

ആദ്യ കിരീടത്തിന്റെ സ്വപ്നവുമായി പെനല്‍റ്റി എടുക്കാന്‍ എത്തിയ ബ്രാഹിം ഡയസ് പനേങ്ക ശൈലിയില്‍ ശ്രമിച്ച കിക്ക് സെനഗല്‍ ഗോള്‍കീപ്പര്‍ എഡ്വേര്‍ഡ് മെന്‍ഡി അനായാസം പിടിച്ചെടുത്തു.

തുടര്‍ന്ന് എക്‌സ്ട്രാ ടൈമിന്റെ ആദ്യ പകുതിയുടെ നാലാം മിനിറ്റില്‍ തന്നെ പെപേ ഗൂയേ സെനഗലിന് നിര്‍ണായക ഗോള്‍ നേടി. പിന്നീട് തിരിച്ചടിക്കാന്‍ മൊറോക്കോ ശക്തമായി ശ്രമിച്ചെങ്കിലും ഫലമുണ്ടായില്ല. ഇതോടെ തുടര്‍ച്ചയായ രണ്ടാം ആഫ്രിക്കന്‍ നേഷന്‍സ് കപ്പ് കിരീടമാണ് സെനഗല്‍ സ്വന്തമാക്കിയത്.

Continue Reading

Trending