കൊച്ചി: ഇന്ന് മൂന്നുതവണയായി കുതിച്ചുയർന്ന സ്വർണവില വൈകീട്ട് അഞ്ചുമണിയോടെ താഴ്ന്നു. രാവിലെയും ഉച്ചയ്ക്കും വൈകീട്ടുമായി പവന് 3,160 രൂപ വർധിച്ച ശേഷം അഞ്ചുമണിയോടെ 540 രൂപയാണ് കുറഞ്ഞത്. ഇതോടെ ഒരു പവൻ സ്വർണത്തിന്റെ വില 1,09,840 രൂപയായി. ഗ്രാമിന് ഇന്ന് മൊത്തം 395 രൂപ കുറഞ്ഞ് 13,730 രൂപയിലാണ് വ്യാപാരം.
ഇന്നലെ വൈകുന്നേരം ഒരു പവൻ സ്വർണത്തിന്റെ വില 1,07,240 രൂപയായിരുന്നു. ഇന്ന് രാവിലെ 760 രൂപ വർധിച്ച് 1,08,000 രൂപയായി. തുടർന്ന് ഉച്ചക്ക് മുമ്പ് 800 രൂപ കൂടി ഉയർന്ന് 1,08,800 രൂപയെത്തി. ഉച്ചക്ക് ശേഷം ഗ്രാമിന് 200 രൂപ വർധിച്ചതോടെ ഒരു ഗ്രാം 13,800 രൂപയും പവൻ 1,600 രൂപ കൂടി 1,10,400 രൂപയുമായി സർവകാല റെക്കോഡിൽ എത്തുകയായിരുന്നു. എന്നാൽ വൈകീട്ട് വിലയിൽ ഇടിവുണ്ടായി.
യൂറോപ്യൻ രാജ്യങ്ങൾക്കുമേൽ അധിക നികുതി ചുമത്തുമെന്ന യു.എസ്. പ്രസിഡന്റ് ഡോണൾഡ് ട്രംപിന്റെ പ്രഖ്യാപനമാണ് അന്താരാഷ്ട്ര വിപണിയിൽ സ്വർണവിലയെ സ്വാധീനിച്ചതെന്ന് വ്യാപാരികൾ പറയുന്നു. സ്‌പോട്ട് ഗോൾഡ് വില ട്രോയ് ഔൺസിന് 4,746.43 ഡോളറായി ഉയർന്നു.
തിങ്കളാഴ്ചയും സ്വർണവിലയിൽ രണ്ടുതവണ മാറ്റമുണ്ടായിരുന്നു. രാവിലെ പവന് 1,06,840 രൂപയുണ്ടായിരുന്ന വില പിന്നീട് 400 രൂപ വർധിച്ച് 1,07,240 രൂപയിലെത്തിയിരുന്നു.