നാളെ വൈകുന്നേരം മൂന്നു മണിക്കു ഹാദിയയെ സുപ്രീംകോടതിയില്‍ ഹാജരാകും. ദില്ലിയിലെത്തിയ ഹാദിയയും രക്ഷിതാക്കളും കേരള ഹൗസിലാണ് താമസിക്കുന്നത്. ഇവര്‍ക്ക് കേരള പോലീസിന്റേയും ദില്ലി പോലീസിന്റേയും പ്രത്യേക സുരക്ഷ ഒരുക്കിയിട്ടുണ്ട്.

ഇന്നലെ രാത്രി 9.30ന് ദില്ലിയില്‍ വിമാനമിറങ്ങിയ ഹാദിയെ പോലീസ് സുരക്ഷയോടെ 11 മണിയോടെ കേരള ഹൗസിലെത്തിച്ചു. ജെ.എന്‍.യുവിലെ ഒരു വിഭാഗം വിദ്യാര്‍ത്ഥികള്‍ ഹാദിയ്ക്ക് പിന്തുണയുമായി അര്‍ദ്ധ രാത്രിയിലും കേരളഹൗസിന് മുമ്പിലെത്തി.

ദില്ലി അന്താരാഷ്ട്ര വിമാനത്താവളത്തില്‍ രാത്രി 9.30ന് വിമാനമിറങ്ങിയ ഹാദിയുടെ സുരക്ഷ വിമാനത്താവളത്തിനുള്ളില്‍ വച്ച് തന്നെ ദില്ലി പോലീസ് ഏറ്റെടുത്തു. ഹാദിയെ വി.ഐപി ഗേറ്റ് വഴി പുറത്ത് കൊണ്ട് വരുമെന്ന് അറിയിച്ചതിനെ തുടര്‍ന്ന് മാധ്യമങ്ങളും കേരളത്തില്‍ നിന്നും നേരത്തെ തന്നെ ദില്ലിയിലെത്തിയ പോലീസ് സംഘവും കാത്ത് നിന്നു.

എന്നാല്‍ മറ്റൊരു ഗേറ്റിലൂടെ മാധ്യമങ്ങളെ വെട്ടിച്ച് ഹാദിയെ പുറത്ത് എത്തിച്ച സുരക്ഷാ ഉദ്യോഗസ്ഥര്‍ കേരള ഹൗസിലേയ്ക്ക് കൊണ്ട് പോയി. കേരള ഹൗസിലെ മുന്‍ ഗേറ്റില്‍ ഹാദിയെ കാണാന്‍ കാത്ത് നിന്നവരെ നിരാശരാക്കി പിന്‍ഗേറ്റിലൂടെ ഉള്ളിലെത്തിച്ചു.